Top

ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ഒരു യുവതി കൂടി/വീഡിയോ

ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ഒരു യുവതി കൂടി/വീഡിയോ

അഴിമുഖം പ്രതിനിധി

മാന്‍ഹട്ടനിലെ തിരക്കേറിയ ഒരു രാത്രിശാലയില്‍ ക്രിസ്റ്റീന ആന്‍ഡേഴ്‌സണ്‍ മറ്റുള്ളവരുമായി സംസാരത്തില്‍ മുഴുകിയിരിക്കവെയാണ് തന്റെ മിനിസ്‌കേര്‍ട്ടിന് അടിയിലൂടെ ആരുടെയോ വിരലുകള്‍ ഇഴയുന്നതായി അവര്‍ക്ക് തോന്നിയത്. ദ്യേഷത്തോടെ കൈ തട്ടിമാറ്റിയ അവര്‍ അയാളുടെ മുഖത്തേക്ക് നോക്കി. അത് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നുവെന്ന് അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്. അയാളുടെ മുടിയും കൂട്ടുപുരികവും ആദ്യ നോട്ടത്തില്‍ തന്നെ തന്നില്‍ അറപ്പുളവാക്കിയതായി അവര്‍ പറയുന്നു. തനിക്ക് 20 വയസുള്ളപ്പോള്‍, 1990കളിലായിരുന്നു സംഭവമെന്ന് അവര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

30 സെക്കന്റില്‍ താഴെ മാത്രം നീണ്ടുനിന്ന ഈ സംഭവം തന്നില്‍ വെറുപ്പും അത്ഭുതവും സൃഷ്ടിക്കുകയും കോപാകുലരായ താനും കൂട്ടുകാരും റസ്റ്റോറന്റ് വിട്ടുപോവകയും ചെയ്യുകയായിരുന്നു. ആ സമയത്ത് താന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായും റസ്റ്റോറന്റുകളില്‍ ഹോസ്റ്റസായും ജോലി നോക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. അക്കാലത്ത് തന്നെ ടാബ്ലോയിഡുകളില്‍ ഇടം നേടിയിരുന്ന ട്രംപ് ന്യൂയോര്‍ക്കിലെ ക്ലബുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ഇതിനെ കുറിച്ച് ആന്‍ഡേഴ്‌സണ്‍ തന്നോട് പറഞ്ഞിരുന്നതായി അവരുടെ സുഹൃത്ത് കെല്ലി സ്റ്റെഡ്മാന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ട്രംപിന്റെ ഭാഗത്തുനിന്നുള്ള പെരുമാറ്റം എത്ര ദയനീയമാണെന്നോര്‍ത്ത് തങ്ങള്‍ ചിരിച്ചതായും അവര്‍ ഓര്‍ക്കുന്നു. 2007 മാര്‍ച്ചില്‍ ഒരു വിരുന്നിനിടയില്‍ ഈ സംഭവത്തെക്കുറിച്ച് ആന്‍ഡേഴ്‌സണ്‍ തന്നോട് പറഞ്ഞിരുന്നതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫര്‍ ബ്രാഡ് ട്രെന്റ് പറയുന്നു. വൃത്തികെട്ട വയസ്സന്മാരില്‍ നിന്നും തങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന പീഢനങ്ങളെ കുറിച്ച് യുവതികള്‍ വിരുന്നിനിടയില്‍ വിവരിക്കുകയായിരുന്നുവെന്നും ബ്രാന്റ് കൂട്ടിച്ചേര്‍ത്തു.റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗീക അതിക്രമ ആരോപണവുമായി രംഗത്തെത്തിയ നിരവധി സ്ത്രീകളില്‍ ഒരാളാണ് ആന്‍ഡേഴ്‌സണ്‍. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആദ്യം ആന്‍ഡേഴ്‌സണ്‍ തയ്യാറായിരുന്നില്ലെങ്കിലും ഈ വിവരം ലഭിച്ച വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകന്‍ അവരെ സമീപിക്കുകയായിരുന്നു. വിവരം പൊതുജനത്തെ അറിയിക്കണോ എന്ന കാര്യത്തില്‍ അവര്‍ക്ക് പിന്നെയും സംശയമായിരുന്നു. എന്നാല്‍ തന്റെ പ്രശസ്തി ഏത് സ്ത്രീയുടെയും സ്വകാര്യഭാഗങ്ങില്‍ സ്പര്‍ശിക്കാന്‍ തനിക്ക് സ്വാതന്ത്ര്യം തരുന്നതായി 'ആക്സസ് ഹോളിവുഡ്' അവതാരകന്‍ ബില്ലി ബുഷിനോട് ട്രംപ് വീമ്പിളക്കുന്ന 2005ലെ വീഡിയോ പോസ്റ്റ് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് തന്റെ അനുഭവം പങ്കുവയ്ക്കാന്‍ ആന്‍ഡേഴ്‌സണ്‍ തയ്യാറായത്.

എന്നാല്‍ സ്വയം സൃഷ്ടിച്ച കഥകളാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നതെന്നും വീഡിയോയില്‍ ഉള്ള സംഭാഷണങ്ങള്‍ പൊള്ളയായ വാചകങ്ങള്‍ മാത്രമാണെന്നും അവ വെറും തമാശകള്‍ മാത്രമാണെന്നുമാണ് ട്രംപിന്റെ പ്രചാരണ വിഭാഗം വാദിക്കുന്നത്.

എന്നാല്‍ അതൊരു ലൈംഗീക ആക്രമണമായിരുന്നുവെന്നും ഇത്രകാലം ഇത് മറച്ചുവെയ്ക്കാന്‍ താന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു. പക്ഷെ നിങ്ങളുടെ ശരീരത്തില്‍ ഒരാള്‍ അനുചിതമായി സ്പര്‍ശിക്കുമ്പോള്‍ അത് മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'യഥാര്‍ത്ഥത്തില്‍ എല്ലാ സ്ത്രീകളും ഇത്തരം സംഭവങ്ങള്‍ തുറന്നുപറയാനും അധികാരികള്‍ക്ക് പരാതി കൊടുക്കാനും തയ്യാറാവണം. ഇത്തരം പെരുമാറ്റങ്ങള്‍ വളരെ മോശമാണ്.'


Next Story

Related Stories