TopTop
Begin typing your search above and press return to search.

വൈകി വന്ന അ‌വസരം; 'വരവറിയിച്ച്' കൃണാൽ പാണ്ഡ്യ

വൈകി വന്ന അ‌വസരം; വരവറിയിച്ച് കൃണാൽ പാണ്ഡ്യ

വെസ്റ്റ്‌ ഇന്‍ഡീസിന് എതിരായ പരമ്പരയിലെ ആദ്യ ടി-20 മത്സരത്തിൽ വരവറിയിച്ച് ബറോഡ താരം കൃണാൽ പാണ്ഡ്യ. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ കൃണാലിന് കന്നി മത്സരത്തിൽ തന്നെ ടീമിനായി വിജയറൺ കുറിക്കാനുള്ള ഭാഗ്യവും ലഭിച്ചു. നാല് ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടുകൊടുത്ത് കീറൺ പൊള്ളാർഡിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ, ബാറ്റിംഗില്‍ ഒമ്പത് പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു. എന്നാൽ, ഈ പ്രകടനം യാദൃശ്ചികമായി സംഭവിച്ചതല്ല. ഒരു ട്വന്റി-20 പ്ലെയറെന്ന നിലയിൽ കൃണാലെന്ന 'മൾട്ടി പർപ്പസ്' ടാലന്റിന്റെ മിന്നലാട്ടം തന്നെയാണ്. യഥാർത്ഥത്തിൽ, 27-ാം വയസിൽ അ‌ന്താരാഷ്ട്ര ടി-20യിൽ അ‌രങ്ങേറുമ്പോൾ കൃണാലിനത് വൈകിവന്ന അ‌വസരമാണെന്നു തന്നെ പറയേണ്ടിവരും.

കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉജ്ജ്വലമായ പ്രകടനമാണ് കൃണാൽ പുറത്തെടുക്കുന്നത്. 39 ഐപിഎൽ മത്സരങ്ങളിൽ 30.78 ശരാശരിയിൽ 708 റൺസാണ് കൃണാലിന്റെ സമ്പാദ്യം. കൃണാലിന്റെ ബാറ്റിങ്ങിലെ സ്ഥിരത മുപ്പതിന് മുകളിലുള്ള ശരാശരി വ്യക്തമാക്കുന്നെങ്കിൽ റൺസ് നേടുന്നതിലെ വേഗത ഈ മധ്യനിരക്കാരനെ 20 ഓവർ ക്രിക്കറ്റിലെ അ‌പകടകാരിയായ ബാറ്റ്സ്മാനാക്കുന്നു. വെറും 460 പന്തിൽ നിന്നാണ് കൃണാൽ 708 റൺസ് എടുത്തിട്ടുള്ളത്. സ്ടൈ്രക്ക് റേറ്റ് -153.91!

ഒരു അ‌ർധസെഞ്ച്വറിയേ സമ്പാദ്യമായുള്ളൂവെങ്കിലും 2017 ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യന്‍സിന് ഒരു റൺ ജയം സമ്മാനിച്ച 47 റൺസ് ഉൾപ്പെടെ ഒട്ടേറെ നിർണായക പ്രകടനങ്ങൾ കൃണാലിൽ നിന്നുണ്ടായിട്ടുണ്ട്. ഐപിഎല്ലിൽ ഇതുവരെ പത്തു തവണ പുറത്താകാതെ നിന്ന കൃണാൽ മികച്ചൊരു ഫിനിഷർ കൂടിയാണ്. വിൻഡീസിനെതിരായ മത്സരത്തിൽ ദിനേശ് കാർത്തിക്കിനൊപ്പം പുറത്താകാതെ നിന്ന് തന്റെ ഫിനിഷർ ഇമേജ് കൃണാൽ ഒരിക്കൽക്കൂടി അ‌രക്കിട്ടുറപ്പിക്കുകയും ചെയ്തു.

പതിനാറാം ഓവറിൽ കൃണാൽ ക്രീസിലെത്തുമ്പോൾ ഇന്ത്യ അ‌ഞ്ചു വിക്കറ്റ് ശേഷിക്കേ വിജയത്തിന് 27 റൺസ് അ‌കലെയായിരുന്നു. 30 പന്തിൽ 27 റൺസെടുക്കു ട്വന്റി-20യിൽ ബാലികേറാമലയൊന്നുമല്ലെങ്കിലും ഞായറാഴ്ചത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്ഥിതി അ‌ത്ര മെച്ചമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. ബാറ്റിങിൽ 109 റൺസേ എടുക്കാനായുള്ളൂവെങ്കിലും വിൻഡീസ് ബൗളർമാർ ഉജ്ജ്വലമായി പന്തെറിഞ്ഞപ്പോൾ ഇന്ത്യ ഒരു ഘട്ടത്തിൽ നാലിന് 45 എന്ന നിലയിൽ തകർന്നിരുന്നു. പിന്നീട് ദിനേശ് കാർത്തിക്-മനീഷ് പാണ്ഡെ സഖ്യത്തിന്റെ അ‌ഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് (45 പന്തിൽ 38 റൺസ്) ടീമിന് തുണയായത്. എന്നാൽ പതിനഞ്ചാം ഓവറിലെ അ‌വസാന പന്തിൽ മനീഷ് പാണ്ഡെ (24 പന്തിൽ 19) വീണതോടെ വിൻഡീസിന് തിരിച്ചുവരവിനുള്ള അ‌വരമൊരുങ്ങിയിരുന്നു.

ഇന്ത്യൻ നിരയിലെ അ‌വസാന അ‌ംഗീകൃത ബാറ്റ്സ്മാൻമാരായ ദിനേശ് കാർത്തിക്കും കൃണാൽ പാണ്ഡ്യയും ക്രീസിലുള്ളപ്പോൾ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ വിൻഡീസിന് മത്സരത്തിലേക്ക് തിരിച്ചുവരാമായിരുന്നു. കന്നി മത്സരത്തിന്റെ സമ്മർദവുമായെത്തുന്ന കൃണാലിനെ വീഴ്ത്താനാകുമെന്ന് വിൻഡീസ് ക്യാപ്റ്റൻ ബ്രാത്ത്വെയ്റ്റ് കണക്കുകൂട്ടിയുമിരിക്കും. എന്നാൽ, സന്ദർശകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്ന പ്രകടനമാണ് ഈ ബറോഡക്കാരൻ പുറത്തെടുത്തത്. വെറും ഒമ്പത് പന്തിൽ നിന്ന് മൂന്ന് ബൗണ്ടറി ഉൾപ്പെടെ 21 റൺസെടുത്ത കൃണാൽ 13 പന്ത് ശേഷിക്കേ ടീമിനെ വിജയത്തിലെത്തിച്ചു. സമ്മർദഘട്ടങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാനുള്ള കൃണാലിന്റെ മികവാണ് ഇവിടെ പ്രകടമായത്.

ലോ സ്കോറിങ് ഗെയിമിൽ ഏറ്റവും വലിയ സ്ടൈ്രക്ക് റേറ്റും കൃണാൽ തന്റെ പേരിലാക്കി. 233.33 ആണ് മത്സരത്തിൽ കൃണാലിന്റെ സ്ടൈ്രക്ക് റേറ്റ്. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (6 പന്തിൽ 6) മാത്രമാണ് 100 എങ്കിലും സ്ടൈക്ക് റേറ്റുള്ളത്! ബൗളിങ്ങിൽ കൃണാലിന്റെ തുടക്കം അ‌ത്ര നന്നായിരുന്നില്ല. ആദ്യ ഓവറിൽ ഐപിഎല്ലിലെ തന്റെ സഹതാരം കീറൺ പൊള്ളാർഡിനെതിരെ തുടർച്ചയായി രണ്ട് വൈഡുകളെറിഞ്ഞ കൃണാൽ തൊട്ടടുത്ത പന്തിൽ ഒരു സിക്സും വഴങ്ങി. വിൻഡീസിന് 10 റൺസ് നൽകിയാണ് കൃണാൽ അ‌ന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ ഓവർ അ‌വസാനിപ്പിച്ചത്. എന്നാൽ, തുടക്കത്തിലെ പാളിച്ചകളിൽ നിന്നും പാഠമുൾക്കൊണ്ട താരം പിന്നീട് ഉജ്ജ്വലമായി പന്തെറിഞ്ഞു. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തിൽ തന്നെ പൊള്ളാർഡിനെ പുറത്താക്കിയ കൃണാൽ പിന്നീടുള്ള മൂന്നോറവിൽ വിട്ടുകൊടുത്തത് വെറും അ‌ഞ്ചു റൺസ് മാത്രം.

ബാറ്റിങ് ഓൾറൗണ്ടറോ ബൗളിങ് ഓർഡറോ എന്നു പറയാനാകാത്ത വിധം മികച്ച രീതിയിൽ കളിക്കുന്ന താരമാണ് കൃണാൽ. മികച്ചൊരു സ്പിന്നറും പ്രഹരശേഷിയുള്ള ബാറ്റ്സ്മാനും. സാഹചര്യങ്ങൾക്കൊത്ത് തന്റെ കളിയിൽ മാറ്റങ്ങൾ വരുത്താനുള്ള കഴിവാണ് കൃണാൽ പാണ്ഡ്യയെ കുഞ്ഞൻ ക്രിക്കറ്റിലെ മികച്ച താരമാക്കിമാറ്റുന്നത്. ധോണിയുടെ അ‌ഭാവത്തിൽ ഫിനിഷറുടെ റോളിലും തിളങ്ങാനാകുമെന്നത് അ‌വസാന ഇലവനിൽ കൃണാലിന് കൂടുതൽ സാധ്യതകൾ നൽകും. എന്നാൽ ഇടയ്ക്കിടെ പിടികൂടുന്ന പരിക്കുകളാണ് കൃണാലിന്റെ കരിയറിലെ വെല്ലുവിളി. പരിക്കുകളിൽ നിന്നൊഴിവായി ഫോം നിലനിർത്താനായാൽ വരുന്ന ലോകകപ്പിൽ ടീം ഇന്ത്യക്ക് മുതൽക്കൂട്ടാകും ഈ ഇടംകൈയൻ.


Next Story

Related Stories