TopTop
Begin typing your search above and press return to search.

കെ.എസ്.ആര്‍.ടി.സിയോട് ടെക്കികള്‍ക്ക് പറയാനുള്ളത്

കെ.എസ്.ആര്‍.ടി.സിയോട് ടെക്കികള്‍ക്ക് പറയാനുള്ളത്

കേരളത്തിലെ മുഴുവന്‍ സാഹചര്യത്തിലും ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ പ്രയോജനപ്പെടുത്താം എങ്കിലും തിരുവനന്തപുരത്തെ ടെക്‌നോപാര്‍കിന്റെ സാഹചര്യത്തില്‍ ആണ് ഈ ലേഖനം കേന്ദ്രീകരിക്കുന്നത്. ടെക്കികള്‍ എന്നാല്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ ആണ്. ഏഷ്യയിലെ ഏറ്റവും വലിയ വിവരസാങ്കേതിക പാര്‍ക്ക് ആണ് ടെക്‌നോ പാര്‍ക്ക്. 45,000 പേര്‍ ഇവിടെ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. അവര്‍ എങ്ങനെ തൊഴില്‍ സ്ഥലത്തിലേക്കു വരുന്നു എന്നതിനുള്ള സമഗ്രമായ കണക്കുകള്‍ ലഭ്യമല്ല. എന്നാലും ഉദ്ദേശം 5000-ത്തോളം പേര്‍ കാറുകളിലും 10,000 പേര്‍ ബൈക്കുകളിലും വരുന്നു എന്ന് കണക്കാക്കിയാല്‍ തന്നെ ഏകദേശം 30000 പേര്‍ ബാക്കി ഉണ്ട്. വോള്‍വോ സര്‍വീസുകള്‍ ഉണ്ടെങ്കിലും അവയില്‍ അതിഭീകരമായ തിരക്കോ, അല്ലെങ്കില്‍ ഗതാഗത കുരുക്ക് മൂലം താളം തെറ്റിയ സമയക്രമമോ ആണുള്ളത്. ബസ് സംവിധാനങ്ങളുടെ കുറവാണു പലപ്പോഴും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്, എന്നതാണ് വാസ്തവം. ഇന്ധനനഷ്ടം പോക്കറ്റുകള്‍ക്ക് മാത്രമല്ല, രാജ്യത്തിന് കൂടി ആണെന്ന് കണക്കാക്കുമ്പോള്‍, ഇവിടെ കെ എസ് ആര്‍ ടി സി യുടെ വരവ് ടെക്കികളുടെ യാത്രാചെലവ് വളരെ അധികം കുറയ്ക്കും, പരിസ്ഥിതിക്കും ആശ്വാസം.

30,000 പേരില്‍ പകുതിപ്പേരെ എങ്കിലും പൊതു ബസ് സംവിധാനം ഉപയോഗിക്കുന്നവരാക്കി മാറ്റാന്‍ കഴിഞ്ഞാല്‍; ഒരു ദിവസം അവര്‍ യാത്രക്കായി ചിലവടിടുന്നത് ഉദ്ദേശം 30 രൂപ എന്ന് കരുതുക. പ്രവര്‍ത്തി ദിനങ്ങളില്‍ ഏകദേശം അഞ്ചു ലക്ഷം രൂപ അധിക വരുമാനം കെ എസ് ആര്‍ ടി സി ക്ക് ഉണ്ടാകും. ഇത് ഉണ്ടാക്കുന്നതിനു അധികം പണിപ്പെടെണ്ടതില്ല എന്നതാണ് സത്യം. ഈ വളരെ ആകര്‍ഷകമായ അവസരത്തിലേക്ക് കെ എസ് ആര്‍ ടി സി കണ്ണുകള്‍ തുറക്കണം എന്നാണ് ഈ അവസരത്തില്‍ പറയാനുള്ളത്.

വസ്തുതകള്‍ നിര്‍ദേശങ്ങള്‍

1) ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ എ സി വോള്‍വോ ബസുകളില്‍ മാത്രം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വിചിത്ര ജീവികള്‍ ഒന്നുമല്ല. ഇങ്ങോട്ട് സാധാരണ ബസ് ഉണ്ടായാലും ഇഷ്ടം പോലെ ആളുകള്‍ കയറും.

2)ടെക്‌നോപാര്‍കില്‍ ആളുകള്‍ കൂടുതലും വരുന്നത്, രാവിലെ 8 മുതല്‍ 11 വരെയും, പോകുന്നത് വൈകുന്നേരം 4 മുതല്‍ 8 വരെയും ആണ്. ഈ സമയത്ത് അല്ലാതെ ബസില്‍ ജനത്തിരക്ക് ഉണ്ടാവില്ല. അല്ലാത്ത സമയങ്ങളില്‍ ബസുകള്‍ പോകുന്നത് ഗുണം ചെയ്യാനുള്ള സാധ്യത കുറവാണ്.


3) കഴക്കൂട്ടം – കോവളം ബൈപാസ്സില്‍, ടെക്‌നോപാര്‍ക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇന്‍ഫോസിസ്, യു എസ് ടി ഗ്ലോബല്‍ എന്നിവയുടെ കാമ്പസുകള്‍ ഉണ്ട്. അവിടേക്കും തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ ബസ് ആവശ്യമാണ്. കഴക്കൂട്ടം ബസ് സ്‌റ്റോപ്പില്‍ നിന്ന് തുടങ്ങാവുന്ന ബസുകള്‍ 8:30, 9:00, 9:30, 10::00 എന്നീ സമയങ്ങളില്‍ ഉണ്ടെങ്കില്‍, വെഞ്ഞാറമൂട്ടില്‍ നിന്നും നിറഞ്ഞു വരുന്ന ബസുകളില്‍ ഇടിച്ചു കയറുന്ന ദുരവസ്ഥക്ക് ശമനം ഉണ്ടാകും

4) വെള്ളിയാഴ്ച വൈകുന്നേരവും തിങ്കാളാഴ്ച രാവിലെയും ദീര്‍ഘദൂര സര്‍വിസുകള്‍ ടെക്‌നോപാര്‍ക്ക് വഴി പോകുന്നത് എന്ത് കൊണ്ടും ഗുണം ചെയ്യും. ആലപ്പുഴ വഴി എറണാകുളത്തേക്കും, കോട്ടയം-പാലാ വഴി തൊടുപുഴയിലെക്കും പുതുതായി ബസ് വേണം; നിലവിലുള്ള കോട്ടയം-പിറവം സൂപ്പര്‍ എക്‌സ്പ്രസ്സ് വെള്ളിയാഴ്ചയില്‍ ടെക്‌നോപാര്‍ക്ക് വഴിയാക്കണം.

5) എല്ലാ ദിവസവും ഒമ്പത് മണിക്ക് മുന്‍പായി, ടെക്‌നോപാര്‍ക്കില്‍ എത്തി ചേരാന്‍ പറ്റുന്ന രീതിയില്‍ തിരുവനന്തപുരത്തേക്ക് അടൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ലിമിറ്റഡ് സ്‌റ്റോപ്പ് സര്‍വീസുകള്‍ ക്രമീകരിച്ചാല്‍ നന്നായിരിക്കും. ഇപ്പോള്‍ പലരും വെഞ്ഞാറമൂട്ടില്‍ അര മണിക്കൂര്‍ കാത്തു നിന്നാണ് ടെക്‌നോപാര്‍ക്കില്‍ എത്തുന്നത്. ഒരു ആറ് മണിയോടെ ഇവിടെ നിന്ന് തിരിച്ചും ബസ് ഉണ്ടാവണം.

6) ഇനിയും പല ഭാഗങ്ങളില്‍ നിന്നും ടെക്‌നോപാര്‍ക്കിലേക്ക് സര്‍വീസുകള്‍ തുടങ്ങാവുന്നതാണ്. ഉദാഹരണമായി ചിറയിന്‍കീഴ്, പൂജപ്പുര, കോവളം/ വിഴിഞ്ഞം (ബൈപാസ് വഴി) പേയാട്, വട്ടിയൂര്‍ക്കാവ്, കൊച്ചു വേളി റെയില്‍വേ സ്‌റ്റേഷന്‍ അങ്ങനെ പല മേഖലകള്‍ ഉണ്ട്. പുതിയ വോള്‍വോ സര്‍വീസുകള്‍ വിഴിഞ്ഞം – ബാലരാമപുരം- നെയ്യാറ്റിന്‍കര (ബൈപാസ് വഴി), വെഞ്ഞാറമൂട്- ബൈപാസ്- കിഴക്കേക്കോട്ട എന്നിങ്ങനെയും തുടങ്ങാവുന്നതാണ്.

7) ടെക്‌നോപാര്‍കില്‍ ജോലി ചെയ്യുന്ന കൂടിയ ശമ്പളം വാങ്ങുന്ന ചുരുക്കം പേരാണ് മിക്കവാറും കാര്‍ ഉപയോഗിക്കുന്നത്; ബാക്കിയുള്ള സാധാരണ ആളുകള്‍ ബസ്, ട്രെയിന്‍, ഓട്ടോ മുതലായ സംവിധാനങ്ങളും ഉപയോഗിക്കുന്നു. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന പലരും (അടിച്ചു തൂക്കുന്നവര്‍, കാവല്‍ക്കാര്‍, കാര്‍ തുടയ്ക്കുന്നവര്‍, പാചകം ചെയ്യുന്നവര്‍.. എന്നിങ്ങനെ) ഒരു കിലോമീറ്ററില്‍ കൂടുതല്‍ നടന്നാണ് ജോലിക്ക് എത്തുന്നത്. തീര്‍ച്ചയായും ഒരു ജനപക്ഷ ഗതാഗത സംവിധാനം ഇടപെടേണ്ട സ്ഥലം ആണിത്.

ഇവയൊക്കെ പരിഗണിക്കുമ്പോഴും ഏറ്റവും ആദ്യം തുടങ്ങേണ്ടത്;

8) രാവിലെയും വൈകുന്നേരവും ഓരോ 10 മിനിറ്റ് കൂടുമ്പോഴും, ആറ്റിങ്ങല്‍ ഭാഗത്തേക്കും ശ്രീകാര്യം ഭാഗത്തേക്കും ഉള്ള ഫാസ്റ്റ് സര്‍വീസുകള്‍, വോള്‍വോ സര്‍വീസുകള്‍ ടെക്‌നോപാര്‍ക്ക് വഴി തിരിച്ചു വിടുക എന്നതാണ്. ഒരു കിലോമീറ്ററില്‍ അധികം യാത്രയും ഏകദേശം 10 മിനിറ്റ് സമയവും കൂടുതല്‍ എടുത്തേക്കാം, പക്ഷെ അത് കൊണ്ട് ഉണ്ടാവുന്ന സാമ്പത്തിക നേട്ടം കെ എസ് ആര്‍ ടി സി ക്ക് ചില്ലറയല്ല, ടെക്കികള്‍ക്ക് യാത്രാദുരിതത്തില്‍ നിന്നും വലിയ ആശ്വാസവും ലഭിക്കും.

ഈ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പല തവണ പെടുത്തിയിട്ടുള്ള താണെങ്കിലും വളരെ നിഷേധാത്മകമായ മറുപടികളാണ് കിട്ടിയത് (സുതാര്യ കേരളം റഫറന്‍സ് നമ്പര്‍ 19471/2013, 28296/2013, GOVKL/E/2011/00094). ജനപ്രതിനിധികളുടെയും തൊഴിലാളികളുടെയും പുതിയ എം ഡി യുടെയും ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയുടെയും മുന്നില്‍ ഈ ആവശ്യം ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ പേരില്‍ സമര്‍പ്പിക്കുന്നു. കെ എസ് ആര്‍ ടി സി യുടെ ഉയര്‍ച്ചക്ക് എല്ലാ അഭിവാദ്യങ്ങളും.

അടിക്കുറിപ്പ്: ജീവനക്കാരുടെ ആവശ്യങ്ങള്‍ കേട്ട പോലെ, ഈയിടെ ഡി ടി ഓ ശ്രീ ശരത് മുന്‍കൈ എടുത്തു നടപ്പിലാക്കിയ കഴക്കൂട്ടം- ടെക്‌നോപാര്‍ക്ക് സര്‍കുലര്‍ സര്‍വീസ് ഉണ്ടാക്കി തന്ന ആശ്വാസം വളരെ വലുതാണ്.


Next Story

Related Stories