TopTop
Begin typing your search above and press return to search.

കുടജാദ്രിയുടെ നിറങ്ങള്‍

കുടജാദ്രിയുടെ നിറങ്ങള്‍

എഴുത്തും ചിത്രങ്ങളും - പ്രകാശ് മഹാദേവഗ്രാമം

സ്‌കൂള്‍ കുട്ടികളുടെ ഡ്രോയിങ്ങ് ബുക്കുകളിലെ ചിത്രങ്ങള്‍ പോലെയാണ് കൊങ്കണിലെ തീവണ്ടിപ്പാതകള്‍. ചുറ്റിലും വയലുകള്‍, പുഴകള്‍, കാടുകള്‍, പഴമവിട്ടുമാറാത്ത വീടുകള്‍. മേഘങ്ങള്‍, ആകാശം, കടല്‍... അങ്ങനെ. വലിയൊരു മരത്തിനു കീഴെ മണ്‍പുറ്റ് പോലെയുള്ള ചെറിയ കെട്ടിടമായിരുന്നു അടുത്തകാലം വരെ ബൈന്തൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഇപ്പോള്‍ മൂകാംബിക റോഡ് സ്റ്റേഷന്‍ എന്നാണ് പേര്. പുതിയ പേരിനൊപ്പം സൗകര്യങ്ങളും വര്‍ദ്ധിച്ചു. കൊങ്കണിലൂടെ പോകുന്ന മിക്ക തീവണ്ടികള്‍ക്കും ഇവിടെ ഇപ്പോള്‍ സ്റ്റോപ്പുണ്ട്. ബൈന്തൂരില്‍ നിന്ന് കൊല്ലൂരിലേക്ക് ഓട്ടോറിക്ഷക്ക് 400 രൂപയും ഓമ്‌നി വാനിന് 600 രൂപയുമാണ് വാടക. പകല്‍ നേരങ്ങളില്‍ ധാരാളം ലോക്കല്‍ ബസ്സുകളുണ്ട്. മലകളും കാടുകളും അതിരുടുന്ന വഴിയിലൂടെ കൊല്ലൂരിലേക്കുള്ള യാത്ര സുഖകരമാണ്. കൊല്ലൂരിന് വിശേഷണങ്ങള്‍ ആവശ്യമില്ല. യാത്രികനെയും വിശ്വാസിയെയും ഒരുപോലെ സന്തോഷിപ്പിക്കുന്നതാണ് കൊല്ലൂര്‍ ഗ്രാമത്തിന്റെ പ്രകൃതി. കുടജാദ്രിയുടെ താഴ്‌വരയിലാണ് കൊല്ലൂര്‍ ഗ്രാമം. തീവണ്ടിമുറി സമ്മാനിച്ച തീവ്രഗന്ധത്തെ മായ്ച്ചു കളയുന്ന തണുപ്പ് തളംകെട്ടിയ സൗപര്‍ണ്ണികയില്‍ നിന്നാണ് പലപ്പോഴും ഒരു കുടജാദ്രി യാത്ര ആരംഭിക്കുന്നത്. എല്ലാം ഒരു വിശ്വാസമാണ്... സൗപര്‍ണ്ണികയുടെ കൈവഴികളിലേക്കാണ് കൊല്ലൂരിലെ ഹോട്ടലുകളില്‍ നിന്നും ലോഡ്ജ്കളില്‍ നിന്നുമുള്ള മലിനജലം വന്ന് വീഴുന്നത്. കാടിന്റെ മഹാമൗനത്തെ നിരന്തം ഭഞ്ജിക്കുന്ന സൗപര്‍ണ്ണിക ഇന്ന് ഏറെ മലിനമാണ്.

ഈ വര്‍ഷം രണ്ട് യാത്രകളാണ് കുടജാദ്രിയിലേക്ക് നടത്തിയത്, ഫെബ്രുവരിയിലും ജൂണിലും. കൂടെ ഇന്ത്യാവിഷനിലെ ഉണ്ണികൃഷ്ണനും കൈരളിയിലെ ബിജുവും ഫോട്ടോഗ്രാഫര്‍ രാകേഷും. കുടജാദ്രിയിലേക്ക് എന്റെ യാത്ര 16- ാമത്തെ തവണയാണ്. 14 പ്രാവശ്യവും നടന്നാണ് കയറിയത്. സൗപര്‍ണ്ണികയുടെ തീരങ്ങളില്‍ താഴ്‌വരയുടെ കുളിര്‍മയില്‍ മൂകയായി കല്ലമ്പലത്തില്‍ ഇരിക്കുന്ന അംബികയില്‍ നിന്നായിരുന്നു യാത്രകളുടെ തുടക്കം. കുടജാദ്രിയിലേക്കുള്ള യാത്ര രണ്ടുവിധം. നടന്നു പോകുന്നവര്‍ സാഗറിലേക്ക് പോകുന്ന ബസ്സ് കയറി കാരക്കാട്ട് ഇറങ്ങി യാത്ര തുടരുന്നു. ദുര്‍ഘടമായ കാട്ടുപാതകളിലൂടെ പ്രകൃതിയുമായി ചേര്‍ന്നുള്ള യാത്ര രസകരമാണ്. ചരല്‍വഴിക്ക് അതിരിടുന്നത് പകലും ഇരുട്ടൊളിപ്പിച്ച കാടാണ്. വന്‍മരങ്ങള്‍ കടന്ന് വെളിച്ചം വീഴുന്നത് അപൂര്‍വ്വം. രാവിലെകളില്‍ മഞ്ഞിന്റെ പാടയുണ്ടാകും. ചുറ്റിലും പലതരം ചിത്രശലഭങ്ങള്‍, തുമ്പികള്‍, പക്ഷികള്‍.

ചരല്‍ വഴി തീരുന്നിടത്ത് സമയക്ലിപ്തകളില്ലാത്ത യാത്രക്കാരെയും കാത്ത് വര്‍ഷങ്ങളായി തങ്കപ്പേട്ടനുണ്ട്, അദ്ദേഹത്തിന്റെ പീടികയും. തങ്കപ്പന്‍ ചെങ്ങന്നൂര്‍ക്കാരനാണ്. തങ്കപ്പന്‍ കുടിയേറുമ്പോള്‍ ഈ കാട്ടില്‍ വേറെ ആളുകളൊന്നുമൊണ്ടായിരുന്നില്ല, ഇന്ന് ചുറ്റിലും കുറച്ച് വീടുകളുണ്ട്, ഒരു അങ്കണവാടിയുണ്ട്. ചാണകം മെഴുകിയ നിലവും ഓട് മേഞ്ഞമേല്‍ക്കൂരയുമുള്ള പീടികക്കകത്ത് ഏത് നേരത്തും തണുപ്പാണ്. യാത്രക്കാരുടെ ക്ഷീണം അറിയുന്നത് കൊണ്ടാകാം അദ്ദേഹം ഇഡ്ഡലിയും സാമ്പറും പുട്ടും കടലക്കറിയും റോബസ്റ്റപഴവും വിളമ്പും. തിരിച്ച് നടന്നിറങ്ങുന്നവര്‍ക്ക് ഓര്‍ഡര്‍ ചെയ്താല്‍ നാടന്‍ കോഴിക്കറിയും ചോറും തയ്യാറാക്കി വെക്കും.

തങ്കപ്പന്റെ പീടികക്ക് മുന്നില്‍ നിന്നാല്‍ കാണാം വന്‍മതില്‍ പോലെ ഉയര്‍ന്ന് നില്ക്കുന്ന കുടജാദ്രിയുടെ ശിഖരങ്ങള്‍, ഗിരിശൃംഗങ്ങള്‍, കയറ്റിറക്കങ്ങളില്‍ പിടഞ്ഞ് പോകാത്ത തലയെടുപ്പുള്ള മലമുടികള്‍. യാത്രക്കാരനെ പിന്നെയും പിന്നെയും തിരികെ വിളിക്കുന്ന ദൂരത്തെക്കുറിച്ച് വ്യാകുലപ്പെടാത്ത ആദിമവഴികള്‍. പച്ചപ്പും ആകാശവും മഞ്ഞും മഴയും താണിറങ്ങുന്ന മലമുടികള്‍. കുടജാദ്രിലേക്കുള്ള കയറ്റം, സ്വബോധത്തിലേക്കും ആത്മവീഥികളിലേക്കും ആരോഹണാവരോണങ്ങളിലേക്കുമുള്ള മടക്കത്തിന്റെ തുടക്കമാവും.

ഋതു 1 - ശരത്കാലം

ഈ വര്‍ഷം ഫെബ്രുവരി പത്തിനാണ് കുടജാദ്രിയിലേക്കുള്ള ആദ്യ ജീപ്പ് യാത്ര നടത്തിയത്. രണ്ട് യാത്രകളിലും കൂടെയുണ്ടായിരുന്നത് ഉണ്ണികൃഷ്ണനാണ്. മഞ്ഞ് കാലം കഴിഞ്ഞതെ ഉള്ളു, ശരത് കാലത്തിന്റെ തുടക്കവും. ഗ്രാമീണറോഡ് തീരുന്നിടത്താണ് ചെക്ക് പോസ്റ്റ്, അത് കഴിഞ്ഞാല്‍ വനപാത തുടങ്ങുകയായി. ചരല്‍ റോഡ് പൊടി നിറഞ്ഞ് ചുവപ്പ് നിറമായിരിക്കുന്നു. കുടജാദ്രി കാലത്തെ അടയാളപ്പെടുത്തുന്നത് നിറങ്ങള്‍ കൊണ്ടാണ്. ഋതു ഭേദങ്ങള്‍ക്കനുസരിച്ച് കുടജാദ്രിയുടെ നിറം മാറിക്കൊണ്ടിരിക്കും. മഞ്ഞ, പച്ച നീല, വെളുപ്പ് അങ്ങനെ. 2400 രൂപയാണ് കുടജാദ്രിയില്‍ പോയി തിരിച്ച് വരുന്നതിനുള്ള ജീപ്പ് വാടക. ഒരു രാത്രി അവിടെ ഹാള്‍ട്ട് ചെയ്യാന്‍ 600 രൂപകൂടി അധികം കൊടുക്കണം. അതിജീവനത്തിന്റെ സമാനതകളില്ലാത്ത മാതൃകളാണ് കുടജാദ്രിയിലെ ജീപ്പ് ഡ്രൈവര്‍മാര്‍. 80- ഓളംപേര്‍ സ്ഥിരമായും അല്ലാതെയും ഈ തൊഴില്‍ ചെയ്യുന്നുണ്ട്.

ജീപ്പിന്റെ മുരുടന്‍ ചക്രങ്ങള്‍ തീര്‍ത്ത വഴികളിലൂടെയുള്ള നെടുങ്കന്‍ കയറ്റങ്ങള്‍, ചെമ്മണ്‍ പാതകള്‍, പുല്‍മേടുകള്‍, വഴിയരികിലായി കുറച്ച് ആളുകളെയും കന്നുകാലികളെയും കണ്ടു. വീടുകളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. ആകെ കണ്ടത് പച്ചനിറമുള്ള പൂട്ടി കിടക്കുന്ന ഒരു പീടികയാണ്. ഇരുട്ടിലൂടെയുള്ള മടക്കയാത്രയില്‍ പീടിക തുറന്നിരിക്കുന്നത് കണ്ടു. ചുറ്റിലും നല്ല വെളിച്ചമുണ്ട്. സാധനങ്ങള്‍ വാങ്ങിക്കാനെത്തിയ ചെറിയൊരു ആള്‍ക്കൂട്ടവും. നടന്നു കയറുമ്പോള്‍ കാഴ്ചകളുടെ മാസ്മരികതകൊണ്ടും ജീപ്പില്‍ പോകുന്നവര്‍ സാഹസികതയുടെ ലഹരികൊണ്ടും ഉന്മാദിയാവും. ജീവിതായോധനത്തിന്റെ ഭാഗമായി ജീപ്പ് ഡ്രൈവര്‍മാര്‍ ഈ ദുര്‍ഘടപാതകളെ മെരുക്കിയെടുത്ത് കഴിഞ്ഞു. പാതി മലയാളികളാണ് മിക്ക ഡ്രൈവര്‍മാരും. യാത്രയില്‍ അവര്‍ കുടജാദ്രി കാഴ്ചകള്‍ വര്‍ണ്ണിച്ച് ഗൃഹാതുരമായ നാടിന്റെ ഓര്‍മ്മകള്‍ തിരയും.

വഴിച്ചാലുകളിലൂടെ വരയാടിനെ പോലെയാണ് ഇപ്പോള്‍ ജീപ്പിന്റെ സഞ്ചാരം. ഉച്ചയോടടുപ്പിച്ചാണ് കുടജാദ്രിയില്‍ എത്തിയത്. കുടജാദ്രിയിലെ മലമടക്കുകള്‍ മഞ്ഞനിറമണിയാന്‍ തുടങ്ങിയിരുന്നു. തണുത്ത കാറ്റിന്റെ ഓളങ്ങള്‍, കുടജാദ്രിയില്‍ പതിവ് ആള്‍തിരക്കില്ല. രാത്രി താമസത്തിനായി ഗസ്റ്റ് ഹൗസിലും താഴെയുള്ള രണ്ട് വീടുകളിലും അന്വേഷിച്ചെങ്കിലും ആരേയും കണ്ടില്ല. വെള്ളവും ഭക്ഷണവും കരുതാത്തതുകൊണ്ട് ഏറെ ബുദ്ധിമുട്ടി. സാധാരണ ചായയും ലഘു പലഹാരങ്ങളും കിട്ടാറുള്ള പീടികയും അടച്ചിട്ടിരിക്കുകയാണ്. മലമുടികളിലേക്ക് കയറുന്ന പാതയുടെ തുടക്കത്തിലാണ് കുടജാദ്രിയിലെ ആദ്യക്ഷേത്രം. ദേവി ബാണാസുരനെ ശൂലം കയറ്റി കൊന്നുവെന്നു വിശ്വസിക്കുന്ന തറ. രണ്ട് ക്ഷേത്രങ്ങളിലും യാത്രക്കാരെ വിളിച്ച് കയറ്റുന്ന പൂജാരികളെ കണ്ടില്ല. ചരല്‍ പാതയിലൂടെ ഉരുളന്‍ കല്ലുകളും പച്ചപ്പും തണലും വിരിച്ച മെലിഞ്ഞ വഴികളിലൂടെ, ശങ്കരന്‍ അറിവിന്റെ കൊടുമുടികള്‍ കയറിയ സര്‍വ്വജ്ഞപീഠത്തിലേക്ക്. അരികില്‍ മഹാഗര്‍ത്തങ്ങള്‍ മരണത്തിന്റെയും ജീവിതത്തിന്റെയും അകലങ്ങളെ ഓര്‍മ്മപ്പെടുത്തി നിശബ്ദമായി നിന്നു.

ഗണപതി ഗുഹയിലേക്കുള്ള വഴിയില്‍ കച്ചവടക്കാരനെ കണ്ടത് ഏറെ സന്തോഷമായി. നെട്ടുരില്‍ നിന്നും ബൈക്കിലാണ് അയാള്‍ സാധനങ്ങളും വെള്ളവും ഈ മലമടക്കുകളില്‍ എത്തിക്കുന്നത്. ഞങ്ങളെക്കൂടാതെ ആന്റി നക്‌സല്‍ സ്‌ക്വാഡിലെ ചെറുപ്പക്കാരായ കുറച്ച് പട്ടാളക്കാരും എത്തി. തണുത്ത നാരങ്ങവെള്ളവും മോരും വത്തക്കയും കക്കിരിക്കയും പൈനാപ്പിളും ദാഹവും ക്ഷീണവും അകറ്റി. ഒന്നും രണ്ടുമായി തോക്കേന്തിയ പട്ടാളക്കാര്‍ കാടുകളിലേക്ക് തിരച്ചിലിനിറങ്ങി. പശ്ചിമഘട്ടത്തിലുള്‍പ്പെടുന്ന ദക്ഷിണകാനറിയിലെ ഈ വനപ്രദേശം നക്‌സലൈറ്റുകളുടെ ഭീഷണിയിലാണെന്ന് കച്ചവടക്കാരന്‍ പറഞ്ഞു. 'എവിടെ നിന്ന് വരുന്നു' എന്ന് മാത്രമാണ് പട്ടാളക്കാര്‍ ഞങ്ങളോട് ചോദിച്ചത്. ഉത്തരത്തിന് കാത്ത് നില്ക്കാതെ അവര്‍ കാടുകളിലേക്ക് മറഞ്ഞു. തിരച്ചിലിനുശേഷം സന്ധ്യയോടെ അവര്‍ ഷിമോഗയിലെ ഷെല്‍ട്ടറുകളിലേക്ക് മടങ്ങുമെന്ന് കച്ചവടക്കാരന്‍ പറഞ്ഞു. സര്‍വ്വജ്ഞപീഠം തെളിഞ്ഞു കാണാന്‍ തുടങ്ങി. കല്ലുകള്‍ ഉയരങ്ങളില്‍ കോട്ടപോലെ നിന്നു. അജ്ഞതയില്‍ നിന്ന് അറിവിലേക്കും അറിവില്‍ നിന്ന് അജ്ഞതയിലേക്കുമുള്ള ദൂരം ദുര്‍ഘടമാണെന്ന് പഠിപ്പിക്കുന്ന സര്‍വ്വജ്ഞപീഠം അരികെ. എന്റെ ക്യാമറ ക്ലിക്ക് ചെയ്ത് കൊണ്ടിരുന്നു. കൈയ്യെത്തും ദൂരത്ത് മേഘങ്ങള്‍, ആകാശം, കോട, താണ് പറക്കുന്ന പക്ഷികള്‍.

സമയത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തലുമായി അരികെ ജീപ്പ് ഡ്രൈവര്‍. മലകള്‍ ഇരുളാന്‍ തുടങ്ങി. കോടമഞ്ഞ് പടരാന്‍ തുടങ്ങി. മലമടക്കുകളില്‍ കാറ്റിന്റെ സീല്‍ക്കാരങ്ങള്‍. ഉയരങ്ങള്‍ക്ക് കീഴെ അഗാധമായ താഴ്ചയും കയറ്റങ്ങള്‍ക്കപ്പുറം ഇറക്കവുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന പ്രകൃതിയുടെ പാഠശാല. അദ്വൈതിയും അനുഭവങ്ങളും ദൈവങ്ങളും നിഷ്‌കര്‍ഷിക്കുന്ന അതേ അറിവുകള്‍.

ഋതു 2 - വര്‍ഷകാലം

ജൂണ്‍ 23, മഴ തിമിര്‍ത്ത് പെയ്യാന്‍ തുടങ്ങിയിട്ടില്ല. കൊല്ലൂരില്‍ ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ചെറിയൊരു ചാറ്റല്‍ മഴ പെയ്തു. നേരത്തെ വിളിച്ച് പറഞ്ഞിരുന്ന ഡ്രൈവര്‍ പ്രകാശ് ഞങ്ങളെ കാത്ത് നിന്നിരുന്നു. റോഡുകള്‍ ടാര്‍ ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. കുടജാദ്രിയിലേക്കുള്ള വഴിയില്‍ രണ്ട് ഗ്രാമങ്ങള്‍ ഉണ്ട്. നാഗോടിയും നെട്ടൂരും. ദക്ഷിണകാനറയുടെ കാര്‍ഷിക സംസ്‌കാരം നിഴലിക്കുന്ന കാഴ്ചകളാണ് നാഗോടിയിലേത്, കവുങ്ങും നെല്ലും വാഴയും. നാഗോടിയില്‍ കുടിയേറിയ മലയാളികര്‍ഷകര്‍ ഏറെയുണ്ട്. അടുത്തഗ്രാമമായ നെട്ടൂരിലാണ് വഴിയിലെ ചെറിയ അങ്ങാടി ഉള്ളത്. അവിടെ നിന്നാണ് ഞങ്ങള്‍ കോഴിയിറച്ചിയും, പച്ചക്കറികളും പഴങ്ങളും വെള്ളവും വാങ്ങിയത്. മിക്ക കടകളിലും സ്ത്രീകളാണ് കച്ചവടം ചെയ്യുന്നത്. നെട്ടൂരിലെ സ്ത്രീകള്‍ സുന്ദരികളാണ്. ചെറിയ അങ്ങാടിയാണെങ്കിലും അവിടെ മദ്യഷാപ്പ്, ഹോട്ടലുകള്‍, പലചരക്ക് കടകള്‍, പച്ചക്കറികടകള്‍, സ്റ്റേഷനറി കടകള്‍, ഇറച്ചിക്കട തുടങ്ങിയവയുണ്ട്.

വനപാത തുടങ്ങുന്നിടത്ത് ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരന്‍ ഗണപതി ഞങ്ങളെ കാത്ത് നിന്നിരുന്നു. ചെളിക്കണ്ടം പോലെ വനപാത. നല്ല കോടയുണ്ട്, ചാറ്റല്‍മഴയും. മഞ്ഞിന്റെ തിരശ്ശീലക്കുള്ളിലൂടെ മേഘസഞ്ചാരം പോലെ ഒരു യാത്ര. ഇടക്ക് പുല്‍മേടിനരികെ ജീപ്പ് നിറുത്തി. ഉണ്ണികൃഷ്ണന്‍ കൊണ്ടുവന്ന ബക്കാര്‍ഡി കാന്താരിമുളക് കൂട്ടി ചെറുനാരങ്ങ പിഴിഞ്ഞ് നുകര്‍ന്നു. തണുപ്പ് ആളാന്‍ തുടങ്ങിയിരുന്നു. കോടമഞ്ഞ് പുതച്ച് കിടക്കുകയാണ് കുടജാദ്രി. ഉച്ചവെയില്‍ തുമ്പികള്‍ കൂട്ടത്തോടെ ഞങ്ങളെ ചുറ്റി പറന്ന്‌പോയി. ഇളം വെയിലേക്ക് പറന്നെത്തുന്ന ചിത്രശലഭങ്ങളെപോലെ ഞങ്ങള്‍ കുടജാദ്രിയെതൊട്ടു. കൈക്കുടന്നയിലെന്നപോലെ, പടര്‍ന്നെത്തിയ കോടമഞ്ഞ് ഞങ്ങളെ ഒളിപ്പിച്ചു. ഗസ്റ്റ് ഹൗസിന്റെ പോര്‍ച്ചില്‍ ജീപ്പ് കയറ്റിയിട്ട് ബാഗുകള്‍ മുറിയില്‍ കൊണ്ടുവെച്ചു. ക്ഷേത്രത്തിന്റെ അരികിലൂടെ താഴേക്കിറങ്ങി. രണ്ട് ക്ഷേത്രങ്ങളിലും പൂജാരികള്‍ ഉണ്ട്, യാത്രക്കാരുണ്ട്. പീടിക തുറന്നിട്ടുണ്ട്. കടുപ്പത്തിലുള്ള ചൂട് ചായ കുടിച്ച് തണുപ്പിനെ കുടഞ്ഞെറിഞ്ഞു. സിഗരറ്റും ബിസ്‌ക്കറ്റും വാങ്ങി.

മഞ്ഞിന്റെ ഗന്ധമാണ് കുടജാദ്രിക്ക്, വെളുത്ത നിറവും. ഇങ്ങനെ ഒരു കാഴ്ച ആദ്യമാണ്. കാഴ്ചകള്‍ കൊണ്ട് വല്ലാതെ മോഹിപ്പിക്കുകയാണ് കുടജാദ്രി. സര്‍വ്വജ്ഞപീഠത്തിലേക്കുള്ള വഴിയില്‍ കച്ചവടക്കാരനില്ല, പട്ടാളക്കാരും. ഞങ്ങളുടെ കൂടെ കുറച്ച് യാത്രക്കാര്‍ കൂടി. മഞ്ഞ് മായ്ച്ച് കൊണ്ട് ഞങ്ങള്‍ മുന്നിലായി നടന്നു. തണുപ്പ് സൂചികുത്തുംപോലെ വളരാന്‍ തുടങ്ങിയപ്പോള്‍ തിരിച്ചിറങ്ങി. കുടജാദ്രിയിലുള്ള പീടികയില്‍ യാത്രക്കാരുടെ തിരക്കുണ്ട്. ഞങ്ങള്‍ പീടിക വരാന്തിലിരുന്നു. ബാഗ് തുറന്ന് ക്യാമറയെടുത്ത് കുറെ ചിത്രങ്ങള്‍ പകര്‍ത്തി. ക്ഷേത്രങ്ങളും വഴികളും മനുഷ്യരും മാഞ്ഞ് പോവുകയാണ്. വെള്ളാങ്കൊടി പോലെ മഞ്ഞിന്റെ ധാരാളിത്തം. ഗസ്റ്റ് ഹൗസിന്റെ അടുക്കളയില്‍ ഞങ്ങള്‍ നെട്ടൂരില്‍ നിന്നും വാങ്ങിയ കോഴിയിറച്ചി വെളിച്ചെണ്ണയും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകം തക്കാളിയും ഉള്ളിയും ചേര്‍ത്ത് കര്‍ണ്ണാടക രുചിയില്‍ തയ്യാറായിരുന്നു. കൂടെ ചോറും സാമ്പാറും രസവും അച്ചാറും കാബേജ് വറവും. നിലത്തിട്ട പായയില്‍ ഞങ്ങളിരുന്നു. ബക്കാര്‍ഡിയുടെ ലഹരി പതയാന്‍ തുടങ്ങി. കക്കിരിക്കയും കാരറ്റും പച്ചമുളകും ഉള്ളിയും ചേര്‍ന്ന സലാഡ് റെഡി. നീലച്ചടയന്റെ തീവ്രഗന്ധം ഉന്മാദിയാക്കി. ഗസ്റ്റ് ഹൗസിന് മീതെ മഞ്ഞ് പുതപ്പിട്ടു. മുറ്റത്ത് ട്രക്കിങ്ങിനെത്തിയ ചെറുപ്പക്കാരുടെ ക്യാമ്പ്ഫയര്‍. നീലനിറത്തിന്റെ ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണ് - ഈ രാത്രിക്ക്. നിറയെ ചില്ലുജാലകങ്ങള്‍ ഉള്ള മുറിയില്‍ കിഷോരി അമോങ്കര്‍ പാടാന്‍ തുടങ്ങി. മഞ്ഞും നിലാവും ഇണചേരുന്ന ഈ രാത്രിയെ എങ്ങനെയാണ് അടയാളപ്പെടുത്തുക. മഞ്ഞ് പാടങ്ങളുടെ കാവല്‍ക്കാരായി രാത്രിയെ പ്രണയിച്ച്‌കൊണ്ട് നാല് ജന്മങ്ങള്‍.

'ഈ ഒരു രാത്രിമതി, ഓര്‍മ്മകള്‍ മതി, ഒരു ജന്മം നടന്നു തീര്‍ക്കാന്‍' ആരാണ് ഇങ്ങനെ പറഞ്ഞത്.


Next Story

Related Stories