TopTop
Begin typing your search above and press return to search.

കുമ്മനം എന്ന ഇന്ദ്രജാലക്കാരനെ അറിയാതെ പോയ കടകംപള്ളി

കുമ്മനം എന്ന ഇന്ദ്രജാലക്കാരനെ അറിയാതെ പോയ കടകംപള്ളി

കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പുതിയ തര്‍ക്കം പ്രസ്തുത ചടങ്ങില്‍ പ്രധാനവേദിയില്‍ നിന്നും ആദ്യം ഒഴിവാക്കപ്പെട്ട മെട്രോമാന്‍ ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ഇരിപ്പടം തരപ്പെടുത്തിയത് ആരെന്നതു സംബന്ധിച്ചുള്ളതാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഒരു കൂട്ടര്‍. അതല്ല, താന്‍ അയച്ച കത്തിന്റെ അടിസ്ഥാനിത്തിലാണ് ഇതെന്ന് ബിജെപി കേരള അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം സംഘപരിവാറുകാരും(ഒരു വിഭാഗം എന്ന് പറയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മറ്റാര്‍ക്കും ശരിക്കങ്ങു മനസ്സിലായില്ലെങ്കിലും കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് കാര്യം പിടികിട്ടും എന്നുറപ്പ്).

കേരള ബിജെപിയിലെ കുതികാല്‍ വെട്ടും പോരും പഴയ ജനസംഘ് കാലഘട്ടത്തിലേ ഉണ്ടായിരുന്നു. മാരാര്‍ജി എന്ന് ഇപ്പോള്‍ കേരള സംഘികള്‍ പാടി നടക്കുന്ന ആ പഴയ മാരാര്‍ജി ഉണ്ടായിരുന്നില്ലെങ്കില്‍ പരസ്പരം പോരടിച്ചു തീരാന്‍ പോന്ന അത്രയേ ഉണ്ടായിരുന്നുള്ളു കാലത്തിനൊത്തു പശുവായും കാളയായും ഒക്കെ അവതാരമെടുത്തുവെന്നു സ്വയം സങ്കല്പിക്കുന്ന ഈ നിറം മാറി ഓന്ത് സേന. കോഴിക്കോട് സമ്മേളനം കഴിഞ്ഞു മടങ്ങിയ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ദുരൂഹ മരണം മാത്രമല്ലല്ലോ സംഘി ബുദ്ധിയിലെ ചേരുവകകള്‍! ശാന്തി കിട്ടാതെ(വിശ്വാസികളെങ്കില്‍) ആ ആത്മാവും അലയുന്നുണ്ടാവില്ലേ ഇപ്പോഴും?

ഇത്തരം ചോദ്യങ്ങള്‍ പിന്നീട് ഒരിക്കല്‍ ആവാം എന്ന് കരുതുന്നു. പ്രജാപതി എന്ന് സ്വയം ഓമനപ്പേരിട്ട്, മറ്റുള്ളവരുടെ വായിലൂടെ അത് പുറത്തേക്കു കൊണ്ടുവരാന്‍ ഏറെ ബദ്ധപ്പെടുന്ന ഒരാള്‍ ഭരാണാധികാരിയായുള്ള ഈ കാലത്ത്(ഇരുമ്പുലക്ക വിഴുങ്ങല്‍ ആയാല്‍ പോലും നടക്കുന്ന ഒരു കാലത്ത്, അതും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രികൂടിയുള്ള ഈ കാലത്ത്) 'ഞാനാണ് ആദ്യം കണ്ടതെന്ന' കുമ്മനത്തിന്റെ എട്ടുകാലി മമ്മൂഞ്ഞു കളിയെക്കുറിച്ചു പറയുമ്പോള്‍ മോദിഭദ്രമെന്നു പറയപ്പെടുന്ന സംഘി പുരാണത്തിലേക്കു അധികം കടക്കുന്നത് ഉചിതമാകില്ല. ആവര്‍ത്തന വിരസമാകും എന്നതുകൊണ്ട് മാത്രമല്ല; ഉചിതമായ കാര്യങ്ങള്‍ ഉചിതമായ സമയത്തു പറയുന്നതാവില്ലേ നല്ലതു എന്നതുകൊണ്ടുകൂടിയാണ്.

തിരിച്ചു നടക്കാം കുമ്മനത്തിന്റെ ഔദാര്യങ്ങളിലേക്ക്. മെട്രോമാന്‍ ശ്രീധരനെയും കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും തഴഞ്ഞ പ്രധാന മന്ത്രിയുടെ ഓഫിസിനെ നിലയ്ക്ക് നിര്‍ത്തിയ ഈ കുമ്മനംജി ആളൊരു ചില്ലറക്കാരനല്ല എന്ന് മനസിലാക്കാന്‍ മാത്രം കോമണ്‍സെന്‍സില്ലാത്തവര്‍ കേരളത്തില്‍ ഉണ്ടെന്നതാണ് ഏറെ വിചിത്രം. ഇന്ദ്രജാലക്കാരെപ്പോലും അത്ഭുതപ്പെടുത്തുന്ന മഹാജാല വേഗതയിലൂടെ, ഒരിക്കല്‍ അപ്രത്യക്ഷരായ ശ്രീധരനെയും രമേശിനെയും തിരികെ വേദിയിലെത്തിച്ച ആ മഹാമാന്ത്രികന് മുന്‍പില്‍ ശിരസ് നമിക്കുന്നതിനു പകരം പൊന്നുരുക്കുന്നിടത്തു പൂച്ചക്ക് എന്ത് കാര്യം എന്ന് ചോദിക്കുന്ന ഒരു മഹാ മന്ത്രിയോട് ആര്‍ക്കാണ് ഈര്‍ഷ്യ തോന്നാതിരിക്കുക. അല്ലെങ്കിലും ഈ കടകംപള്ളി ഇങ്ങനെയാണ്. മായാജാലത്തില്‍ തീരെ വശമില്ലാത്തവരെ എന്തിനാണ് മന്ത്രതന്ത്രാതികള്‍ ഉള്ള ദേവസ്വം വകുപ്പ് കെട്ടി ഏല്‍പ്പിച്ചത് എന്ന് കുമ്മാനാദികള്‍ അത്ഭുതപ്പെട്ടു പോയാല്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.

എട്ടുകാലി മമ്മൂഞ്ഞ് എന്നപ്രയോഗത്തിനു പകരം പൂച്ചയെ കൊണ്ടുവന്ന കടകംപള്ളി അറിയേണ്ട മറ്റൊരു കാര്യം തട്ടാന്റെ ആലയയിലെ പൂച്ചയെക്കുറിച്ചാണു പറഞ്ഞതെന്നും ഇതില്‍ ഒരു ജാതി പ്രശനം ഉണ്ടെന്നും കൂടിയാണ്. ഇനിയിപ്പോള്‍ അങ്ങനെ സംഭവിച്ചില്ലെങ്കിലും കന്നുകാലി കശാപ്പ് നിരോധനത്തിനുശേഷം അലങ്കാര മത്സ്യത്തില്‍ കൂടി കൈവെച്ച സംഘികള്‍ ഇനിയിപ്പോള്‍ വീടുകളില്‍ പൂച്ചയെ പോറ്റാന്‍ പറ്റില്ലെന്നുകൂടി പറഞ്ഞുകളയും. പൂച്ചയുടെ പ്രധാന ഭക്ഷണം ഗണപതിയുടെ വാഹനമായ എലിയായ്കയാല്‍ അതും ഉടനെ സംഭവിച്ചു കൂടായ്കയില്ല.

കടകംപള്ളി സ്വന്തം രക്ഷ എഴുതിപ്പിച്ചു കെട്ടട്ടെ. ദേവസ്വം മന്ത്രിയല്ലേ അതൊക്കെ എളുപ്പം സാധ്യമാകുന്നതേ ഉള്ളു.

പ്രശ്‌നം ഇവിടെ ഇപ്പോള്‍ ഇതൊന്നുമല്ല. ആരാണ് മെട്രോമാനെയും പ്രതിപക്ഷ നേതാവിനെയും അപ്രത്യക്ഷനാക്കി പ്രത്യക്ഷനാക്കി എന്നത് തന്നെയാണ്. രണ്ടായാലും അതിന്റെ ക്രെഡിറ്റ് കുമ്മനം അവകാശപ്പെടുന്ന സ്ഥിതിക്ക് തത്കാലം അതങ്ങനെ തന്നെ നില്‍ക്കട്ടെ. അമിത് ഷായുടെ ഇംഗിതം അറിഞ്ഞോ അറിയാതെയോ തിരുവനന്തപുരത്തു പുതുക്കി പണിയുന്ന ബിജെപി ആസ്ഥാന മന്ദിരത്തിന്(മാരാര്‍ജി ഭവന്) വേണ്ടി തയ്യാറാക്കിയ രൂപ രേഖയില്‍ വെറുതെയൊന്നുമല്ല മുഖ്യമന്ത്രിക്കായി ഒരു മുറി വിഭാവനം ചെയ്തിരിക്കുന്നത്. ഉപഗുപ്തനെ കാത്തു കാത്തു മടുത്ത വാസവദത്ത തോഴിയോട് മൊഴിഞ്ഞ പോലെ ' സമയമായില്ലപോലും സമയമായില്ലപോലും ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴി ' എന്നൊന്നും പാടി കാത്തിരിക്കാന്‍ കുമ്മന്‍ജി ഒരുക്കമല്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യത മണത്ത വട്ടിയൂര്‍ക്കാവില്‍ നിന്ന് തന്നെ ജനവിധി തേടിയതു മുരളിയെ കോണ്‍ഗ്രസ് കാലുവാരുമെന്നും അങ്ങനെവന്നാല്‍ കേരള നിയസഭയിലെ ആദ്യ താമര അവിടെ നിന്നും വിരിയും എന്നും കരുതിയാരുന്നു. പക്ഷെ ഭാഗ്യം കടാക്ഷിച്ചതു പാവം രാജഗോപാലിനെ ആയിപ്പോയി. സമയമായില്ലെങ്കിലും അല്പം നേരത്തെ തന്നെ ഒരു റിഹേഴ്‌സല്‍ ആയിക്കൂടെ എന്ന് കുമ്മന്‍ജി കരുതിയെങ്കില്‍ എന്തിനു അയാളെ കുറ്റം പറയണം. അല്ലെങ്കില്‍ തന്നെ മുഖ്യമന്ത്രി കസേര ആരെയാണ് കൊതിപ്പിക്കാത്തത് ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories