TopTop
Begin typing your search above and press return to search.

'പിണറായിയോ വിഎം സുധീരനോ അല്ല, ഇത് കുമ്മനംഡാ'

പിണറായിയോ വിഎം സുധീരനോ അല്ല, ഇത് കുമ്മനംഡാ

ഡി. ധനസുമോദ്

പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കർ ആയി തെരെഞ്ഞെടുത്ത ദിവസം ഏറ്റവും കൂടുതൽ വിഷമിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആയിരുന്നു. പ്രതികരണം തേടിവന്ന മാധ്യമ പ്രതിനിധികളെ ഒഴിവാക്കി 'അത്യാവശ്യം ഒരു സ്ഥലം വരെ ഒന്നു പോകാൻ' കാറിൽ കയറി. ചോദ്യങ്ങൾക്കു മുന്നിൽ വെള്ളം കുടിച്ചത് വക്താവ് ജെ. പദ്മകുമാർ ആയിരുന്നു. തിരിച്ചും മറിച്ചും മാധ്യമങ്ങൾ ചോദിച്ചത് ബിജെപി അംഗം ഒ.രാജഗോപാൽ ഇടതുപക്ഷ സ്ഥാനാർഥി ആയ ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തതിനെ കുറിച്ചായിരുന്നു. പേരിൽ ശ്രീരാമനും കൃഷ്ണനും ഉണ്ടെന്നതൊക്കെ പറഞ്ഞു നിൽക്കാൻ പറ്റിയ ന്യായീകരണം ആയിരുന്നില്ല.

ബിജെപിയുടെ വോട്ട് യുഡിഎഫിന് വേണ്ടെന്ന് രമേശ് ചെന്നിത്തല പരസ്യമായി പറഞ്ഞതിനാൽ അദ്ദേഹത്തിന്റെ ധാർഷ്ട്യത്തിനെതിരെ പാർട്ടി അനുമതിയോടെയാണ് രാജഗോപാൽ വോട്ട് ചെയ്തത് എന്ന് പറയാൻ പോലും ഇട കിട്ടിയില്ല. പാർട്ടിയോട് ആലോചിക്കാതെ ആണ് വോട്ട് ചെയ്തത് എന്നു നിയമസഭാ മന്ദിരത്തിൽ വച്ചു തന്നെ പുള്ളി പറഞ്ഞു കളഞ്ഞു. ആകെ ഉള്ളത് ഒരു എം എൽ എ. അദ്ദേഹം രാഷ്ട്രീയമായി എന്തു നിലപാട് എടുക്കണം എന്നു പോലും ചർച്ച ചെയ്യാത്ത പാർട്ടി അധ്യക്ഷൻ എന്ന രീതിയിൽ ദുർബലനായ ഒരാളെ ആണ് അന്ന് കുമ്മനം രാജശേഖരനിൽ കണ്ടത്.

അഴിമതി വർദ്ധിച്ചപ്പോൾ ഉമ്മൻചാണ്ടി ഇല്ലാത്ത വിജിലൻസ് ഒഴിയണം എന്നു വരെ കുമ്മനം ആവശ്യപ്പെട്ടു കളഞ്ഞു. തുടക്കക്കാരൻ ആണ് രാഷ്ട്രീയ പരിചയം ഇല്ലാത്തതു കൊണ്ടാണ് എന്നൊക്കെ പറഞ്ഞു ന്യൂസ് എഡിറ്റർ/ബ്യുറോ ചീഫുമാരെ സോപ്പിട്ടു പത്രങ്ങളിൽ നിന്നും മണ്ടത്തരം ഒഴിവാക്കി. പക്ഷെ ടിവി ചാനലുകളിലെ ആക്ഷേപഹാസ്യ അവതാരകർ അടങ്ങിയിരുന്നില്ല.ഗ്രൂപ്പിസം കൊടികുത്തിവാണ ബിജെപിയിൽ വെടിനിർത്തലിനു കളം ഒരുക്കാനും താഴെ തട്ടിൽ ഐക്യം പുനഃസ്ഥാപിക്കാനുമാണ് കേന്ദ്ര നേതൃത്വം തുറുപ്പുഗുലാൻ ആയി കുമ്മനം രാജശേഖരനെ കളത്തിൽ ഇറക്കിയത്. സഖ്യകക്ഷി ആയ ബിഡിജെഎസിന്റെ ആചാര്യൻ വെള്ളാപ്പള്ളി നടേശനെ മറികടക്കുന്ന പ്രഭാവമുള്ള വ്യക്തി എന്നതും മാനദണ്ഡമായി. ഇതുവരെ ഉള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും തങ്ങളെ അതൊന്നും ബാധിക്കില്ല എന്നതായിരുന്നു ആര്‍എസ്എസിന്റെ മനോഭാവം. ശാഖാ നടത്തുകയും കസർത്തു കാണിക്കുകയും ദണ്ഡ-യോഗ പരിശീലനവും ഒക്കെ ആണ് ആർ.എസ്.എസിന്റെ പണി. വോട്ട് ചോദിക്കാനോ പോസ്റ്റർ ഒട്ടിക്കാനോ ഒന്നും മുഖ്യശിക്ഷകിനു മുകളിലേക്കു ചുമതലയുള്ള സ്വയം സേവകരെ കിട്ടിയിരുന്നില്ല. കുമ്മനം അധ്യക്ഷനായതോടെ മൂന്നുവിരല്‍ വീതിയില്‍ വെള്ളഷര്‍ട്ടിന്റെ കൈമടിക്കിവച്ച്, മസിൽ പിടിച്ചു നടക്കുന്ന ചേട്ടന്മാർ സാധാരണക്കാരോട് ചിരിക്കുകയും വീടുകൾ കയറി ഇറങ്ങി വോട്ട് ചോദിക്കുകയും ചെയ്തു. വോട്ട് എണ്ണുന്നതിന്റെ അന്ന് രാവിലെ 7 മണിക്ക് പോലും ആർ.എസ്.എസ് വിശ്വസിച്ചത് 11 സീറ്റ് കിട്ടുമെന്നായിരുന്നു. ഫലം പുറത്തു വന്നപ്പോൾ അവർ തകർന്നു പോയി. ഒരു രാജഗോപാലിനെ വിജയിപ്പിക്കാനാണോ ഇത്രയും വിയർപ്പു ഒഴുക്കിയത് എന്നു അവർക്കു ആത്മപുച്ഛം തോന്നി. കെ സുരേന്ദ്രൻ രണ്ടക്കത്തിനാണ് തോറ്റത് എന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ. വെള്ളിമെഡൽ ഇല്ലാത്ത മത്സരം ആണല്ലോ തെരെഞ്ഞെടുപ്പ് .

അങ്ങനെ കുമ്മനം ഇഫക്റ്റ് ഫലിച്ചില്ലെന്ന് മനസിലായെങ്കിലും പുറത്തു പറയാൻ പോയില്ല. താഴെ തട്ടിലെ സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അസംതൃപ്തി രൂക്ഷമായി. ബിജെപിയുടെ കടുത്ത സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കുമ്മനത്തെ ദൈനംദിന പ്രവര്‍ത്തന തലവേദനകളില്‍ നിന്നും ഒഴിവാക്കാനും ആര്‍.എസ്.എസ് ദക്ഷിണ കേരള കാര്യവാഹക് പദ്മകുമാര്‍ ഉള്‍പ്പെടെയുള്ള മികച്ച പ്രവര്‍ത്തകരെ ബിജെപിയുടെ പൂര്‍ണ സമയ പ്രവര്‍ത്തനത്തിനായി ആര്‍.എസ്.എസ്,വിട്ടു കൊടുത്തു. എന്നിട്ട് പോലും ബിജെപി അധ്യക്ഷന്‍ എന്ന രീതിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ആറന്മുള വിമാനത്താവളത്തിനെതിരേ ഹൈക്കോടതിയിലും ഗ്രീന്‍ ട്രിബൂണലിലും ഒരേ ആവശ്യത്തിനു ഹര്‍ജി നല്‍കിയതിനു കുമ്മനത്തിന് ഹരിത കോടതി കാല്‍ലക്ഷം രൂപ പിഴയിട്ടു. കോടതി വഴി പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വട്ടിയൂര്‍ക്കാവില്‍ എതിരാളി ആയിരുന്ന കെ.മുരളീധരന് എതിരായ ഹര്‍ജിയും ഉദേശിച്ച ഫലം കണ്ടില്ല.രാഷ്ട്രീയ തകര്‍ച്ച നേരിടുന്ന സമയത്താണ് കുമ്മനം മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായി സര്‍ക്കാര്‍ നിയമിച്ച എം കെ ദാമോദരന്റെ നിയമനം തന്നെ ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ എത്തുന്നത്. ഐസ്ക്രീംകേസില്‍ പികെ കുഞ്ഞാലിക്കുട്ടിയെയും ബാര്‍ കോഴക്കേസില്‍ കെ എം മാണിയെയും സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട് കാരണം ഭരിക്കുന്നത്‌ എല്‍ ഡി എഫ് ആണോ യുഡിഎഫ് ആണോ എന്ന് തിരിച്ചറിയാന്‍ പോലും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷന്റെ വക്കീലായി എം കെ ഡി കുപ്പായം ഇട്ടതോടെ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ പോലും പ്രതിപക്ഷം മറന്നു. നിയമസഭയില്‍ ദാമോദരനെതിരെ പ്രതിപക്ഷം ബഹളം വച്ചതോടെ പ്രതിഫലം വാങ്ങില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിച്ചിരുത്തി.

എന്നാല്‍ ദാമോദരന്റെ നിയമനം ചോദ്യം ചെയ്യാതെ കളത്തില്‍ പരസ്പരം പോരാടിയ ഭരണ–പ്രതിപക്ഷത്തെ വെട്ടിച്ചു ആളില്ലാ ഗോള്‍ പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റി കുമ്മനം മിടുക്ക് കാട്ടി. ഒറ്റ ഗോളിലൂടെ കുമ്മനത്തിന്റെ എല്ലാ കഴിവുകേടുകളും ഇല്ലാതായി. നിയമനം നടത്തിയെങ്കിലും കസേര ഏറ്റെടുത്തിലെന്നും ഏറ്റെടുക്കാത്ത പദവി രാജി വെയ്ക്കേണ്ടെന്നും ചൂണ്ടിക്കാട്ടി എം കെ ദാമോദരന്‍ കളരിഗുരുക്കളെ പോലെ ഒഴിഞ്ഞു മാറി മാനം കാത്തു. സര്‍ക്കാരും ഇക്കാര്യം അംഗീകരിച്ചു. അതേസമയം കുമ്മനം കേസ് കൊടുത്തത് കൊണ്ടാണ് ദാമോദരന്‍ സ്ഥാനം ഏറ്റെടുക്കാതിരുന്നത് എന്ന് വി എസ്അച്യുതാനന്ദന്‍ സാക്ഷ്യം പറഞ്ഞതോടെ കുമ്മനത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു.

കുമ്മനത്തിന് ഗോള്‍ അടിക്കാന്‍ അവസരം കൊടുക്കുന്നതിലൂടെ വര്‍ഗീയതക്ക് എതിരായ നിലപാടിനെ ദുര്‍ബലമാക്കുകയാണ് സിപിഎം. കുമ്മനത്തെപോലുള്ളവര്‍ക്ക് കൈ അടി നേടികൊടുക്കുന്നതിനു സിപിഎം വലിയവില കൊടുക്കേണ്ടി വരും. 'പിണറായിയോ വിഎം സുധീരനോ അല്ല, ഇത് കുമ്മനംഡാ' എന്ന സംഘി ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത് കൂടി ഓര്‍ത്തു ഇക്കാര്യം വായിക്കുക

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories