TopTop

കുണ്ടറ: അമ്മൂമ്മ രണ്ടാം പ്രതി; കുട്ടിയുടെ ചേച്ചിയെയും പീഡിപ്പിച്ചു

കുണ്ടറ: അമ്മൂമ്മ രണ്ടാം പ്രതി; കുട്ടിയുടെ ചേച്ചിയെയും പീഡിപ്പിച്ചു
കുണ്ടറയിലെ പത്തു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കുട്ടിയുടെ അമ്മൂമ്മ ലതയെ (55) രണ്ടാം പ്രതിയാക്കും. കുട്ടിയേയും ചേച്ചിയെയും പീഡിപ്പിക്കാന്‍ അപ്പൂപ്പന്‍ വിക്ടര്‍ ഡാനിയലിന് ലത കൂട്ടു നിന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ രണ്ടാം പ്രതിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. കുട്ടികള്‍ പലപ്പോഴും പരാതിപ്പെട്ടിരുന്നെങ്കിലും ലത അത് കാര്യമാക്കിയിരുന്നില്ല.

അതേ സമയം മൂത്ത കുട്ടിയെയും അപ്പൂപ്പന്‍ നിരന്തരം പീഡിപ്പിച്ചതായി തെളിഞ്ഞു. തന്നെ അപ്പൂപ്പന്‍ പീഡിപ്പിച്ചിട്ടുണ്ട് എന്നു കുട്ടി പോലീസീന് മൊഴി നല്‍കിയിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പ്രതി പിന്നീട് കുറ്റസമ്മതം നടത്തി.

മൂത്തകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ ഡോക്റ്റര്‍ അറിയിച്ചിരുന്നെങ്കിലും പോലീസ് ഇത് അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ പിതാവ് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊക്കെ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല. ഒടുവില്‍ ഈ മാസം സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്‌ വന്നതോടെയാണ് കേസ് തുടര്‍ന്ന് അന്വേഷിക്കാന്‍ പോലീസ് തയാറായത്.

കുട്ടിയുടെ മുത്തശ്ശന്‍ 2015 ഏപ്രിൽ മുതൽ കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്നും മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പൊലീസ്​ കണ്ടെത്തിയിരുന്നു. പീഡനം തുടർന്നതോടെ ജനുവരി 15ന് ഉച്ചക്ക്​ കത്തെഴുതിെവച്ച ശേഷം കുട്ടി ആത്​മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സമീപത്തു നിന്ന് പഴയ ലിപിയിലുള്ള ആത്മഹഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടിയെ കൊന്നതാണെന്നും മകള്‍ക്ക് പഴയ ലിപിയില്‍ എഴുതാന്‍ അറിയില്ലെന്നുമാണ് അതിനാല്‍ ആത്മഹത്യാ കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിച്ചതാണെന്നുമാണ് പിതാവിന്റെ ആരോപണം.

കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരി തിരുവനന്തപുരത്ത്​ ചൈൽഡ്​ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലായിരുന്നു. ഈ മന:ശാസ്ത്ര വിദഗ്ദരുടെ സഹായത്തോടെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ കുട്ടിയേയും പീഡിപ്പിച്ചിട്ടുണ്ട് എന്ന വിവരം മനസിലാകുന്നത്.

മുത്തച്ഛൻ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം ആത്​മഹത്യ ചെയ്ത കുട്ടിയും സഹോദരിയും പലതവണ മുത്തശ്ശിയോടും മാതാവിനോടും പരാതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇവര്‍ കാര്യമാക്കിയിരുന്നില്ലെന്നുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതാണ് ഇപ്പോള്‍ മുത്തശ്ശി ലതയെ പ്രതിയാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

കുട്ടിയുടെ മാതാവാകട്ടെ, തന്റെ രണ്ടു മക്കളെയും ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് 2015-ല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ 29 റിമാന്‍ഡില്‍ കഴിഞ്ഞു. ഈ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇളയ കുട്ടി കൊല്ലപ്പെടുന്നത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതി ശരിയല്ലെന്നും കുട്ടികളെ പീഡിപ്പിച്ചത് മുത്തശ്ശനാണെന്നും മനസിലായത്തോടെ ഇയാള്‍ നിരപരാധിയാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.  തന്നെ വ്യാജ പരാതിയില്‍ അറസ്റ്റ് ചെയ്ത സമയത്തെങ്കിലും കുട്ടികളെ കൌണ്‍സിലിംഗ് നടത്തിയിരുന്നെങ്കില്‍ കുട്ടി കൊല്ലപ്പെടില്ലായിരുന്നു എന്ന് പിതാവ് പറയുന്നു.

നേരത്തെ വക്കീൽ ഗുമസ്​തനായി ജോലി ചെയ്തിരുന്ന വിക്​ടർ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്​ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. മകളുടെ വീടിനടുത്ത് മറ്റൊരു വീട് വാങ്ങി താമസിക്കാൻ തുടങ്ങിയ ശേഷമാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയത് എന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.

Next Story

Related Stories