TopTop
Begin typing your search above and press return to search.

കുന്നത്തുനാട്ടില്‍ ഈ തെരഞ്ഞെടുപ്പ് ഒരു 'ട്വന്‍റി-20'യാണ്

കുന്നത്തുനാട്ടില്‍ ഈ തെരഞ്ഞെടുപ്പ് ഒരു ട്വന്‍റി-20യാണ്

രാകേഷ് സനല്‍

(കേരള നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണവും സംവാദങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ക്കൊപ്പം ഒരു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക ശക്തിയായി ബി ജെ പി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഡിജെഎസ്സിന്റെ രംഗപ്രവേശവും തെരഞ്ഞെടുപ്പ് ചിത്രത്തെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അഴിമതിയും മദ്യവും വര്‍ഗീയതയുമൊക്കെ പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 25 മണ്ഡലങ്ങളിലേയെങ്കിലും പോരാട്ടം മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ്. തെരഞ്ഞെടുത്ത 25 മണ്ഡലങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികളെ വിശകലനം ചെയ്യുകയാണ് അഴിമുഖം. തൃപ്പൂണിത്തുറ, നേമം, ഇടുക്കി, മഞ്ചേശ്വരം
മണ്ഡലങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഇവിടെ വായിക്കാം)

കുന്നത്തുനാട്ടില്‍ നിന്നും ഇത്തവണ ആരു നിയമസഭ കാണണം എന്നു കിഴക്കമ്പലത്തെ ട്വന്റി-20ക്കാര്‍ തീരുമാനിക്കുമെന്നാണ് പൊതുവേ പറഞ്ഞുകേള്‍ക്കുന്നത്. പറയുന്നതില്‍ കാര്യമില്ലാതെയില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അത്ഭുത ശിശുവായിരുന്നു കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് നേതൃത്വം നല്‍കുന്ന ട്വന്റി-20. കിഴക്കമ്പലം പഞ്ചായത്തിലെ 19 ല്‍ 17 വാര്‍ഡും നേടി ഭരണം സ്വന്തമാക്കി. വാഴക്കുളം ബ്ലോക്കിലെ രണ്ട് സീറ്റും തരപ്പെടുത്തി. ഈ വകയിലെല്ലാം ട്വന്റി-20യുടെ കീശയില്‍ ഉള്ളത് പതിനയ്യായിരത്തിനടുത്ത് വോട്ടാണ്. ഇത്രയും വോട്ട് അസംബ്ലി തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമാണ്. പോരാത്തതിന് കുന്നത്തുനാട്ടിലെ ഭൂരിപക്ഷം ഇന്നേവരെ ഒമ്പതിനായിരത്തിനപ്പുറം കടന്നിട്ടില്ല. അതിനാല്‍ വിജയിക്കാനാണെങ്കിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാണെങ്കിലും കോര്‍പ്പറേറ്റ് അഫിലിയേറ്റഡ് ജനാധിപത്യ സംഘടനയുടെ കാരുണ്യം സ്ഥാനാര്‍ത്ഥികള്‍ക്ക് അത്യാവശ്യമാണ്.

കുന്നത്തുനാട്ടിലെ കാറ്റ് ഇടത്തോട്ടും വലത്തോടും വീശാറുണ്ട്. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് കൂടുതല്‍ വേരോട്ടമെന്നു ചോദിച്ചാല്‍, ഫോട്ടോഫിനിഷിംഗില്‍ യുഡിഎഫ് ആണെന്നു പറയാമെന്നുമാത്രം. ആറു തവണ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തപ്പോള്‍ അഞ്ചുതവണ ഇടതിനൊപ്പം നിന്നു. ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, പൂത്തൃക്ക, തിരുവാണിയൂര്‍, വടുവക്കോട്-പുത്തന്‍കുരിശ്, വാഴക്കുളം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് കുന്നന്നത്തുനാട് നിയമസഭമണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും യുഡിഎഫിന് നേരിയ മുന്‍തൂക്കമേ അവകാശപ്പെടാനുള്ളു. പക്ഷേ ഇരുമുന്നണികളെയും ഒരുപോലെ ഞെട്ടിച്ചത് ട്വന്റി-20യുടെ തകര്‍പ്പന്‍ വിജയമായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ കോര്‍പ്പറേറ്റ് മുതലാളി നേതൃത്വം നല്‍കുന്ന സംഘടനയ്‌ക്കെതിരെ മുന്നണികള്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. നേരിട്ടൊരു വെല്ലുവിളകളൊന്നും ആരും നടത്തുന്നില്ല. മാത്രവുമല്ല, ഊഴം നോക്കി കിറ്റെക്‌സിന്റെ മതില്‍കെട്ടിലേക്ക് ചര്‍ച്ചകള്‍ക്കായി പാര്‍ട്ടിക്കാര്‍ കയറിപോകുന്നുമുണ്ട്. ട്വന്റി-20 ആകട്ടെ, നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നിലപാടിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നതിനാല്‍ അതുണര്‍ത്തുന്ന ആശങ്ക ഇരു മുന്നണികള്‍ക്കും ഒരുപോലെ നേരിടേണ്ടി വരികയാണ്.

ട്വന്റി-20 പ്രത്യക്ഷത്തില്‍ ഭയപ്പെടുത്തുന്നത് യുഡിഎഫിനെ
ട്വന്റി-20യുടെ നിശബ്ദത കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രനെ തന്നെയാണ്. കാരണം, ട്വന്റി-20 ഉയിരെടുത്തതു തന്നെ കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്ന കോണ്‍ഗ്രസിനെ പുറത്താക്കാനായിരുന്നു. മാലിന്യപ്രശ്‌നം ഉന്നയിച്ച് കിറ്റെക്‌സിന്റെ പ്ലാന്റിന് പ്രവര്‍ത്തനാനുമതി നല്‍കാതിരുന്ന ഭരണസമതിയായിരുന്നു കോണ്‍ഗ്രസിന്റെത്. ഇതിനെതിരെ പഞ്ചായത്തും കമ്പനിയും തമ്മില്‍ നിരന്തരം പോരാടിയായിരുന്നു. അതാണ് ഒടുവില്‍ ജനകീയസംഘടന എന്ന ലേബലില്‍ ട്വന്റി-20 ആയി രംഗത്തു വന്നത്. സിഎസ്ആര്‍ ഫണ്ടിന്റെ വിനിയോഗം എന്ന പേരില്‍ കോടികള്‍ ഒഴുക്കി ജനങ്ങളുടെ ഇഷ്ടം സമ്പാദിച്ചെടുത്ത സംഘടനയ്ക്ക് അവര്‍ വിചാരിച്ചതിലും വലിയ വിജയമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിട്ടിയത്. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റുപോലും കിട്ടിയില്ല. ഇടതുപക്ഷത്തിനും ഉണ്ടായി വലിയ നാണക്കേട്, പല വാര്‍ഡിലും സിപിഎമ്മിന് 20 ല്‍ താഴെ വോട്ടാണ് കിട്ടിയത്. അത്രകണ്ട് വലിയ മുന്നേറ്റമായിരുന്നു ട്വന്റി-20 കാഴ്ച്ചവെച്ചത്.മുന്നണികളെ ഭയപ്പെടുത്തിയ മറ്റൊന്നു കൂടിയുണ്ടായിരുന്നു. കോണ്‍ഗ്രസ്, ബിജെപി, മാര്‍ക്‌സ്‌സിസ്റ്റ് പാര്‍ട്ടിയിലടക്കം പ്രവര്‍ത്തിച്ചിരുന്ന നേതാക്കന്മാരും പ്രവര്‍ത്തകരുമാണ് ട്വന്റി-20 യിലേക്ക് കൂടുമാറിയത്. ഇപ്പോഴും ട്വന്റി-20യുടെ കെട്ടറുപ്പ് നിലനിന്നുപോകുന്നതിനാല്‍ (കോര്‍പ്പറേറ്റ് പണത്തിന്റെ കൗശലം എന്നു ചിലര്‍) സംഘടനയുടെ വോട്ട്ബാങ്ക് അചഞ്ചലമാണ്. മുകളില്‍ നിന്നുള്ള ഉത്തരവ് ആയിരിക്കും അനുസരിക്കപ്പെടുക. അതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നതും. പലതും പറഞ്ഞും വഴങ്ങിയും മുന്‍നിലപാടുകള്‍ മാറ്റിയും മുതലാളിയുടെയും സംഘടനയുടെയും വിദ്വേഷം ശമിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന തോന്നല്‍ കോണ്‍ഗ്രസിനകത്തുണ്ടെങ്കിലും ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.

മനഃസാക്ഷിക്കു വിട്ടാല്‍ കുഴപ്പമില്ല
ട്വന്റി-20യുടെ വോട്ട് മനഃസാക്ഷിക്കനുസരിച്ച് ചെയ്യാനാണ് ആഹ്വാനം വരുന്നതെങ്കില്‍ യുഡിഎഫിന് അതാശ്വാസമേകും. കാരണം കിഴക്കമ്പലത്ത് കൂടുതലും കോണ്‍ഗ്രസുകാരാണ്. അവരില്‍ ബഹുഭൂരിപക്ഷവുമാണ് കമ്പനിയുടെ കൂടെ കൂടിയത്. തങ്ങള്‍ക്ക് അരിയും ഫാനും വാഴവിത്തുമൊക്കെ പകുതിവിലയ്ക്കു നല്‍കുന്ന സംഘടന മത്സരിക്കാന്‍ നില്‍ക്കുന്നില്ലെന്നതിനാലും വോട്ട് ആര്‍ക്കുവേണമെങ്കിലും ചെയ്യാന്‍ സ്വാതന്ത്ര്യം തരുന്നതിനാലും ട്വന്റി-20യുടെ കാര്‍ഡ് കഴുത്തില്‍ തൂങ്ങിയ കോണ്‍ഗ്രസുകാരെല്ലാം കൈപ്പത്തിക്കു തന്നെ വോട്ട് ചെയ്യും. അങ്ങനെയാണെങ്കില്‍ എസ് ഡി പി ഐയും ബിജെപിയുമൊക്കെ ഉണ്ടെങ്കില്‍ തന്നെയും സിപിഐഎമ്മിനെക്കാള്‍ അയ്യായിരത്തിനും പതിനായിരത്തിനുമടുത്ത് വോട്ടെങ്കിലും കൂടുതല്‍ കോണ്‍ഗ്രസിന് കിട്ടുമെന്നാണ് കിഴക്കലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

മൗനം അനുകൂലമെന്ന് സിപിഐഎം
ട്വന്റി-20യുടെ മൗനം തങ്ങള്‍ക്ക് അനുകൂലമെന്ന കണക്കു കൂട്ടലാണ് സിപിഐഎമ്മിനുള്ളത്. കോണ്‍ഗ്രസിനോടുള്ളതുപോലെയുള്ള ശത്രുത മാര്‍ക്സിസ്റ്റു പാര്‍ട്ടിയോട് കമ്പനിക്കില്ല. പിന്നെയുള്ള പരിഭവം ജില്ല സെക്രട്ടറി രാജീവടക്കം ജനാധിപത്യത്തിലേക്കുള്ള കോര്‍പ്പറേറ്റ് കടന്നുകയറ്റമെന്ന പേരില്‍ കിഴക്കമ്പലത്തെ തെരഞ്ഞെടുപ്പ് വിജയത്തെ വിമര്‍ശിച്ചതാണ്. മുമ്പ് പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നപ്പോഴും അത്യാവശ്യം വിട്ടുവീഴ്ച്ചകള്‍ ചെയ്തുകൊടുത്തിട്ടുണ്ട് സിപിഎം. മാത്രവുമല്ല ട്വന്റി-20യുടെ രൂപീകരണഘട്ടത്തില്‍ ജനകീയ കൂട്ടായ്മയെന്ന തോന്നലില്‍ സിപിഎം അകമഴിഞ്ഞു പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് അപകടം തിരിച്ചറിഞ്ഞപ്പോഴേക്കും എണ്ണം പറഞ്ഞ നേതാക്കന്മാരടക്കം നല്ലൊരു പങ്ക് പ്രവര്‍ത്തകര്‍ പുതിയ സംഘടനയ്ക്കകത്ത് നില്‍ക്കുന്നതും കാണേണ്ടി വന്നു പാര്‍ട്ടിക്ക്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തലയ്ക്കടിയേറ്റെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കഴിയുമെന്ന സ്വപ്നം പാര്‍ട്ടി കാണുന്നുണ്ട്. വോട്ട് സിപിഐഎം സ്ഥാനാര്‍ത്ഥിക്കു നല്‍കാനാണ് പറയുന്നതെങ്കില്‍ ഷിജി ശിവജിയുടെ വിജയത്തില്‍ വളരെ നിര്‍ണായകമാകും. 'കിറ്റെക്‌സ് എപ്പോഴും കോര്‍പ്പറേറ്റ് കണ്ണില്‍ക്കൂടിയാണ് കാര്യങ്ങള്‍ നോക്കുക. അടുത്ത തവണ ഭരണം എല്‍ഡിഎഫിന് ആണെന്ന ധാരണ അവര്‍ക്കുമുണ്ട്. സ്വഭാവികമായും തങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഒരു എംഎല്‍എ ഭരണപക്ഷത്തു നിന്നുണ്ടാവുക എന്നത് കമ്പനിക്ക് ഗുണമേ ഉണ്ടാക്കുകയുള്ളൂ. പഞ്ചായത്ത് ഭരണത്തിനൊപ്പം എംഎല്‍എയും കൈയിലുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാം എളുപ്പമായി'- കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ജേക്കബേട്ടന്റെ നിരീക്ഷണമാണിത്.എന്നാല്‍ സിപിഐഎം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് പറയുന്നുവെന്ന തെറ്റിദ്ധാരണ വേണ്ടെന്ന മുന്നറിയിപ്പാണ് പ്രദേശത്തെ പാര്‍ട്ടി അനുകൂലികള്‍ തരുന്നത്. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് അഭ്യര്‍ത്ഥിക്കുക എന്നത് സ്വഭാവികമാണ്. എന്നാല്‍ അത് കീഴടങ്ങലോടെയാകില്ല. ട്വന്റി-20യുടെ പിന്തുണ വേണ്ടെന്ന നിലപാടാണ് വാഴക്കുളം ബ്ലോക്ക് ഭരണത്തിന്റെ കാര്യത്തില്‍ തങ്ങളെടുത്തതെന്ന കാര്യവും അവര്‍ ഓര്‍മിപ്പിക്കുന്നു.

കുന്നത്തുനാടിന്റെ കാര്യം പൂര്‍ണമായും തീരുമാനിക്കുന്നത് ട്വന്റി-20 ആണെന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ അവരൊരു നിര്‍ണായക ശക്തിയാണ്. ആരു ജയിക്കണമെന്നു തീരുമാനിക്കുള്ള വോട്ട് ബലവും അവര്‍ക്കുണ്ട്. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കമില്ലാത്ത മണ്ഡലത്തില്‍ അതുകൊണ്ട് തന്നെ ട്വന്റി-20യെ ആര്‍ക്കും തള്ളിക്കളയാനുമാവില്ല.

മണ്ഡലം നിലനിര്‍ത്താന്‍ സജീന്ദ്രന്‍ തിരിച്ചുപിടിക്കാന്‍ ഷിജി
2006 ല്‍ വൈക്കത്ത് അജിത്തിനോട് തോറ്റയാളാണ് വി പി സജീന്ദ്രന്‍. അവിടെ നിന്നാണ് 2011 കുന്നത്തുനാട്ടിലേക്ക് വരുന്നത്. 2006ല്‍ ഇപ്പോഴത്തെ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെ മുട്ടുകുത്തിച്ച് എംഎം മോനായിയിലൂടെ എല്‍ഡിഎഫ് മണ്ഡലം സ്വന്തമാക്കി വച്ചിരിക്കുകയായിരുന്നു. 91 മുതല്‍ ഇടത്തും വലത്തും മാറി മാറി കുത്തുന്നതാണ് മണ്ഡലത്തിന്റെ സ്വഭാവം. 91 ല്‍ കോണ്‍ഗ്രസിലെ ടി എച്ച് മുസ്തഫ സിപിഎമ്മിന്റെ റുക്കിയ ബീവിയെ തോല്‍പ്പിച്ചപ്പോള്‍ 96 ല്‍ മുസ്തഫയെ സിപിഐഎമ്മിന്റെ എം പി വര്‍ഗീസ് വീഴ്ത്തി. എന്നാല്‍ 2001 ല്‍ മുസ്തഫ വര്‍ഗീസിനോട് പകരം വീട്ടി. 2006 ല്‍ മുസ്തഫ മാറി തങ്കച്ചന്‍ വന്നപ്പോള്‍ വര്‍ഗീസിനു പകരമെത്തിയ മോനായി എല്‍ഡിഎഫിനു വേണ്ടി കണക്കു തീര്‍ത്തു. 1965 മുതല്‍70 വരെ സംവരണ മണ്ഡലമായിരുന്നെങ്കിലും 1977 വരെ 2006 വരെ കുന്നത്തുനാട് ജനറല്‍ വിഭാഗത്തിലേക്ക് മാറിയിരുന്നു. വീണ്ടും സംവരണ മണ്ഡലമായതോടെയാണ് 2011 ല്‍ സജീന്ദ്രന്‍ വരുന്നത്. മുന്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം തീര്‍ക്കുക, മണ്ഡലം തിരിച്ചു പിടിക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളായിരുന്നു സജീന്ദ്രന്. രണ്ടു കാര്യത്തിലും അത്രകണ്ട് പ്രതീക്ഷ ആര്‍ക്കുമുണ്ടായിരുന്നില്ലെങ്കിലും സിപിഐ എമ്മിന്റെ എം എ സുരന്ദ്രേനെ 8732 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സജീന്ദ്രന്‍ ആദ്യമായി എംഎല്‍എ ആയി. എന്നാല്‍ സിറ്റിംഗ് എംഎല്‍എയുടെ നില അത്രകണ്ട് ഭദ്രമല്ല മണ്ഡലത്തില്‍ എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പ്രാദേശികബന്ധം കാത്തുസൂക്ഷിക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രഹസ്യമായി പറയുന്നുണ്ട്. സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരെ തേടിവരേണ്ടത് തെരഞ്ഞെടുപ്പ് സമയത്തല്ലെന്നൊരു കുത്തുവാക്കും. മണ്ഡലത്തിലെ പ്രദേശിക മാധ്യമപ്രവര്‍ത്തകരോടുപോലും കാര്യമായ ബന്ധം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്നതും എംഎല്‍എയ്ക്കുള്ള നെഗറ്റീവ് മാര്‍ക്കായി കാണണമെന്നു പറഞ്ഞതും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

കഴിഞ്ഞ തവണ എല്‍ഡിഎഫിന് ശക്തനായൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞില്ല. അതുമാത്രമല്ല സംസ്ഥാനത്ത് പൊതുവിലുണ്ടായിരുന്ന യുഡിഎഫ് അനുകൂല കാലാവസ്ഥയും സജീന്ദ്രനു തുണയായി. എം എം മോനായി മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാതെപോയതും വിനയായതായി സിപിഎം പറയുന്നു. പക്ഷേ ഇത്തവണ കഥമാറും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കാള്‍ എന്തുകൊണ്ടും കരുത്തയായ സ്ഥാനാര്‍ത്ഥിയാണ് എല്‍ഡിഎഫിന്റെ അഡ്വ.ഷിജി ശിവജി എന്നാണ് സിപിഎം നേതാക്കളുടെ അവകാശവാദം. ഒരു സ്ത്രീയെന്നതും മണ്ഡലത്തില്‍ നിന്നു തന്നെയുള്ള ആളെന്നതും ഷിജിക്ക് തുണയാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വടുവക്കാട് ബ്ലോക്ക് ഡിവിഷനിലേക്കുള്ള മത്സരത്തില്‍ കോണ്‍ഗ്രസിന്റെ ഉറച്ച് സീറ്റ് പിടിച്ചെടുത്തതിന്റെ മികവുണ്ട് ഷിജിക്ക്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്നും വളര്‍ന്നുവന്നൊരാള്‍ എന്ന നിലയിലും കടുത്ത ജീവിത കഷ്ടപ്പാടുകള്‍ നേരിട്ടയാള്‍ എന്ന നിലയിലും ഷിജിക്ക് മണ്ഡലത്തില്‍ ഉണ്ടാക്കിയെടുക്കാനായ ഇമേജ് ഇത്തവണ പ്രയോജനം ചെയ്യുമെന്നും എല്‍ഡിഎഫ് കണക്കുക്കൂട്ടുന്നു.

അതേസമയം ഒരു സ്ത്രീ എന്നതു തന്നെയാകും ഷിജിയുടെ പോരായ്മയെന്ന് വിലയിരുത്തുകയാണ് മണ്ഡലത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍. കുന്നത്തുനാട്, പലതരം വ്യവസായങ്ങളുടെ ഭൂമിയാണ്. ക്രഷര്‍ യൂണിറ്റുകള്‍, പ്ലൈവുഡ് ഫാക്ടറികള്‍ തുടങ്ങി കിറ്റെക്‌സ് പോലുള്ള വമ്പന്‍ കോര്‍പ്പറേറ്റുകള്‍ വരെ ഇവിടെയുണ്ട്. ഇവര്‍ക്കെല്ലാം തങ്ങളോട് അനുഭാവമുള്ളൊരാള്‍ എംഎല്‍എ ആയി കൂടെവേണമെന്നാണ് ആഗ്രഹം. ഒരു വനിതയെ എത്രകണ്ട് തങ്ങള്‍ക്കൊപ്പം നിര്‍ത്താനാകുമെന്ന് ബിസിനസ്സുകാര്‍ ചിന്തിക്കും; നീരീക്ഷകരുടെ ഈ അഭിപ്രായം അര്‍ത്ഥശൂന്യമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ബിസിനസ് രാഷ്ട്രീയത്തില്‍ ഈ കാര്യങ്ങള്‍ക്കും പ്രസക്തിയുണ്ട്.ശ്രീനിജന്‍ എഫക്ട്
വി പി സജീന്ദ്രന്‍ ഏറ്റവുമധികം പേടിക്കേണ്ടത് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ പി വി ശ്രീനിജനെയാണ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍. 2011 ല്‍ കുന്നത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചയാളാണ് ശ്രീനിജന്‍. പക്ഷേ പടിക്കലെത്തിയപ്പോള്‍ കലമുടഞ്ഞു. ഭൂമികയ്യേറ്റക്കേസില്‍ ശ്രീനിജന്‍ ആകെ നാറി. കൂട്ടത്തില്‍ ഭാര്യ പിതാവും. ഈ കേസ് സ്ഥാനാര്‍ത്ഥിത്വം നഷ്ടമാക്കിയതു മാത്രമല്ല വ്യക്തിപരമായ വേദനകളും ശ്രീനിജന് നല്‍കുകയുണ്ടായി എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ സജീന്ദ്രന്റെ ഭാര്യയായ മാധ്യമപ്രവര്‍ത്തകയാണെന്ന ആരോപണവുമായി ശ്രീനിജന്‍ രംഗത്തുവന്നതോടെ സജീന്ദ്രന്‍-ശ്രീനിജന്‍ പോര് മറനീക്കി പുറത്തുവന്നു. യൂത്ത് കോണ്‍ഗ്രസ് വിട്ട് ശ്രീനിജനൊപ്പം വന്നവരാണ് ഈ കളിയെക്കുറിച്ച് അദ്ദേഹത്തിന് വിവരങ്ങള്‍ നല്‍കിയതെന്നു ചിലര്‍ പറയുന്നു. രാഷ്ട്രീയമായി തന്നെ ഒതുക്കാന്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ശ്രമിക്കുകയായിരുന്നുവെന്ന വിശ്വസത്തിലാണ് ശ്രീനീജന്‍. അതുകൊണ്ടു തന്നെയാണ് ഇടതുപാളയത്തിലേക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായതും. എന്നാല്‍ ശ്രീനിജനെ ഇടതുസ്ഥാനാര്‍ത്ഥിയാക്കുന്നത് രാഷ്ട്രീയബുദ്ധിയല്ലെന്നു കണ്ട പാര്‍ട്ടി, നയത്തില്‍ തന്നെ അക്കാര്യം കൈകാര്യം ചെയ്തു. ആരോപണങ്ങളില്‍പ്പെട്ടതും കാശ് കൈയിലുണ്ടന്നതും ശ്രീനിജനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പേയ്‌മെന്റ് സീറ്റ് എന്ന ആരോപണം പാര്‍ട്ടിക്കു നേടിക്കൊടുക്കുമെന്നതില്‍ തര്‍ക്കമില്ലായിരുന്നു. എതിരാളികള്‍ അതു വോട്ടാക്കി മാറ്റുകയും ചെയ്യും. ഇതു മനസിലാക്കിയാണ് ശ്രീനിജന്റെ സ്ഥാനാര്‍ത്ഥി മോഹം സിപിഐഎം നുള്ളിയത്. എന്നാലും ഇടതിനൊപ്പം തന്നെ നില്‍ക്കാന്‍ ശ്രീനിജനെ പ്രേരിപ്പിക്കുന്നത് സജീന്ദ്രന്റെ തോല്‍വിയാണ്. മണ്ഡലത്തില്‍ നിലയുറപ്പിച്ച് സജീന്ദ്രനെതിരെ കളിക്കുകയാണ് ശ്രീനിജന്‍. അയാളുടെ കൈയില്‍ ഇഷ്ടംപോലം കാശുണ്ട്, ഇവിടെയുള്ള മുതലാളിമാരുമായും കമ്പനികളുമായുമൊക്കെ നല്ല പിടിയാണ്. പിന്നെ മുന്‍ ചീഫ് ജസ്റ്റീസിന്റെ മരുമകനല്ലേ, ആ നിലയ്ക്കുള്ള ബന്ധങ്ങളും, ഇതെല്ലാം സജീന്ദ്രനെതിരെയുള്ള ആയുധമാകും. മോശം പറയാത്ത കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതുസ്ഥാനാര്‍ത്ഥിക്കു നേടിക്കൊടുക്കാന്‍ ഇതുവഴി ശ്രീനിജന് കഴിയും; മണ്ഡലത്തിലെ പൊതുവര്‍ത്തമാനം വ്യക്തമാക്കുന്നു.

ബിജെപി വോട്ട് ബിഡിജെഎസ്സിനോ യുഡിഎഫിനോ
ട്വന്റി-20 കഴിഞ്ഞാല്‍ കുന്നത്തുനാട് മണ്ഡലത്തിലെ വിജയം തീരുമാനിക്കുക അടിയൊഴുക്കുകളായിരിക്കും. യുഡിഎഫ്-ബിജെപി രഹസ്യധാരണ മണ്ഡലത്തില്‍ രൂപപ്പെട്ടു കഴിഞ്ഞതായാണ് സിപിഐഎം ആരോപിക്കുന്നത്. ഇതു ശരിവയ്ക്കുന്നതാണു മണ്ഡലത്തില്‍ നിന്നും കേട്ട അടക്കം പറച്ചിലുകള്‍. കുന്നത്തുനാട് സംവരണ മണ്ഡലമാണ്. പക്ഷേ മണ്ഡലത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗം അടക്കം നല്ലൊരു ശതമാനം ഇതര മതവിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ട് ജാതീയമായൊരു അവഗണന ഇവിടെ പരോക്ഷമായി കാണാം. ആരെങ്കിലും ജയിക്കട്ടെ എന്നതാണ് പലരും പറയുന്നത്. സംവരണ മണ്ഡലങ്ങലില്‍ പൊതുവെ ഇത്തരം നിസംഗത ഉടലെടുത്തുവരുന്നത് ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പിലും കണ്ടതാണ്. കുന്നത്തുനാട് ബിഡിജെഎസിനാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുണ്ടെന്നു പറയുമ്പോഴും ഫലത്തില്‍ ഈഴവ വിമോചനമാണ് ബിഡിജെസിന്റെ ലക്ഷ്യമെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടിത്തട്ടിലുള്ള ജനവിഭാഗങ്ങളോട് നിവൃത്തികേടുകൊണ്ടുമാത്രമാണ് ഈ പാര്‍ട്ടി താത്പര്യം കാണിക്കുന്നത്. കുന്നത്തുനാട്ടില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ട് ചെയ്യുമോ എന്ന കാര്യം സംശയമാണ്. ഇവിടെ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചുകൊടുക്കാനുള്ള ധാരണയില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി-ബിഡിജെഎസ് സഖ്യം മണ്ഡലത്തില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. എന്നിരുന്നാലും കച്ചവടം കൃത്യമായി നടന്നാല്‍ സജീന്ദ്രന്റെ പെട്ടിയില്‍ കാര്യമായി വോട്ടുവീഴാം. ഈ രഹസ്യധാരണ ഇടതുപക്ഷം തളിളിക്കളയുന്നില്ലെങ്കിലും മറ്റു ഘടകങ്ങളെല്ലാം തങ്ങള്‍ക്ക് വിജയമൊരുക്കുമെന്നാണ് അവര്‍ കണക്കു കൂട്ടുന്നത്. അതേസമയം എത്ര വലിയ പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസ് അനുകൂല വികാരം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ ഇത്തവണയും യുഡിഎഫ് തന്നെ സീറ്റ് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസും വിശ്വസിക്കുന്നു.

എല്ലാ വിശ്വാസങ്ങളുടെയും കണക്കുട്ടലുകളുടെയും മേല്‍ സ്വാധീനം ചെലുത്തുന്ന ഒന്നില്‍കൂടുതല്‍ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടെന്നതു തന്നെയാണ് കുന്നത്തുനാടിനെ ഒരു ട്വന്റി-20 മത്സരത്തിന്റെ ആവേശത്തിലേക്ക് കൊണ്ടുപോകുന്നതും.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories