TopTop
Begin typing your search above and press return to search.

കുതിരവട്ടം പപ്പു: ആണധികാരമില്ലായ്മയുടെ ജനപ്രിയ മുഖം

കുതിരവട്ടം പപ്പു: ആണധികാരമില്ലായ്മയുടെ ജനപ്രിയ മുഖം

അധികാരമില്ലാത്ത ആണത്തങ്ങളെ ചിരിയിലൂടെ ജനപ്രിയ സിനിമയുടെ ഭാഗമാക്കുന്നതില്‍ പ്രധാനിയായിരുന്നു കോഴിക്കോടുകാരനായ പത്മദളാക്ഷന്‍, അഥവാ കുതിരവട്ടം പപ്പു. മുഖ്യധാരാ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി ഒത്തുപോകാത്ത പപ്പുവിന്റെ ശരീരം, അധികാരമില്ലാത്ത പുരുഷന്‍മാരെ അവതരിപ്പിക്കാനാണ് സിനിമ ഉപയോഗിച്ചത്. ഭാര്‍ഗ്ഗവിനിലയത്തിലെ (സംവിധാനം: വിന്‍സെന്റ്, 1964) കലാകാരനും കൂടിയായ വീട്ടുവേലക്കാരനിലൂടെ കുതിരവട്ടം പപ്പു മലയാള സിനിമയുടെ സവര്‍ണ ആണ്‍ അധികാരത്തെ കൊഞ്ഞനംകുത്തുകയും ഗോഷ്ഠികാണിക്കുകയും ചെയ്യുന്ന വേലക്കാരനായിത്തീര്‍ന്നു. പപ്പു എന്ന അധികാരമില്ലാത്ത, അപര ആണത്തത്തെ, സിനിമയുടെ സവര്‍ണ്ണത എങ്ങനെയാണ് വെടക്കാക്കി/കളിയാക്കി തന്റേതാക്കുന്നതെന്ന് നോക്കുന്നു.

ഇന്‍ഡ്യാസ് ഡോട്ടറില്‍ നിന്ന് ഇന്‍ഡ്യാസ് സണ്ണിലേക്ക്
അനുസരണയില്ലാത്ത അഭിപ്രായങ്ങള്‍ സധൈര്യം പ്രകടിപ്പിക്കുന്ന, heterosexual കുടുംബം നിര്‍ണ്ണയിക്കുന്ന ലൈംഗിക ചട്ടക്കൂടുകളില്‍ നിന്നും പുറത്തുകടക്കുന്ന സ്ത്രീകള്‍ പ്രതിസന്ധിയിലാക്കിയ പുരുഷന്‍മാരാണ് നിരോധിച്ച One Part Woman (Perumal Murugan, Trans. Anirudhan Vasudevan, 2013), India's Daughter (Leslee Udvin, 2015) എന്നീ എഴുത്തു, കാഴ്ചകളില്‍. തന്നെ അമ്മയാക്കാന്‍ കഴിവില്ലാത്ത ഭര്‍ത്താവിനെ ഒളിച്ച്, ഭര്‍തൃമാതാവിന്റെയും സ്വന്തം വീട്ടുകാരുടെയും സമ്മതത്തോടും പ്രേരണയോടും കൂടി മറ്റൊരു പുരുഷനുമായി ബന്ധപ്പെടാന്‍ ഒരുങ്ങുന്ന ഭാര്യയാണ് 'One Part Woman'ലെ പൊന്നി. തന്നെ എല്ലാവരും പറഞ്ഞു പറ്റിക്കുകയായിരുന്നു, എന്നു തിരിച്ചറിയുന്ന വൃണപ്പെട്ട ഭര്‍തൃപൗരുഷത്തിന്റെ രോഷപ്രകടനത്തോടെയാണ് 'One Part Woman' അവസാനിക്കുന്നത്.

ക്രൂരമായ ലൈംഗികാക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ട ജ്യോതിസിംഗിനെക്കുറിച്ചുള്ള ബ്രിട്ടീഷ് ഡോക്യുമെന്ററി, India's Daughter ആകട്ടെ, തങ്ങള്‍ക്ക് വഴങ്ങാത്ത, പ്രതിഷേധിക്കുന്ന, തങ്ങളുടെ ലൈംഗികാധികാരത്തിനെ ചോദ്യം ചെയ്യുന്ന, ആ ശക്തിക്കു കിടന്നുതരാത്ത സ്ത്രീയോടുള്ള ചേരിനിവാസികളായ റേപ്പിസ്റ്റ് പൗരുഷങ്ങളുടെ അമര്‍ഷം അടയാളപ്പെടുത്തുന്നു. അധികാരം പലരീതിയില്‍ നഷ്ടപ്പെടുന്ന ആണത്തങ്ങളാണ് രണ്ടിലും കാണുക. ഒന്നില്‍ അത് സവര്‍ണനായ, സ്വന്തമായി ഭൂമിയുള്ളയാളാണെങ്കില്‍, രണ്ടാമത്തേതില്‍ ചേരിനിവാസിയായ മുകേഷ് സിംഗ് ആണ്.അധികാരം ഉള്ളത് താനായതുകൊണ്ട് മറ്റുള്ളവരെ അനുസരിപ്പിക്കേണ്ടവനുമാണ് മാതൃകാ പുരുഷന്‍ എന്ന പാട്രിയാര്‍ക്കല്‍ സാമൂഹിക നിര്‍മ്മിതിയുടെ ഉത്പന്നങ്ങളാണ്, പല അധികാരമില്ലായ്മകള്‍ അപകടകാരികളാക്കുന്ന രോഷാകുലരായ ആണുങ്ങള്‍. സിനിമ ഉള്‍പ്പെടെയുള്ള മുഖ്യധാരാ എഴുത്തു, ദൃശ്യമാധ്യമങ്ങള്‍ ഇത്തരം അധികാരസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, പുനര്‍നിര്‍മ്മിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കുതിരവട്ടം പപ്പുവിന്റെ കഥാപാത്രങ്ങളുടെ അധികാരമില്ലായ്മകള്‍ അടയാളപ്പെടുത്തേണ്ടത് അതുകൊണ്ടുതന്നെ പ്രധാനമാണ്. അധികാരമുള്ള പുരുഷന്‍മാരെ നിര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നതോടൊപ്പം, അതില്ലാത്തവരെ ഹാസ്യതാരങ്ങളാക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട് സിനിമയില്‍.

ഞാന്‍ എന്ന ഏകാധിപനായ പുരുഷന്റെ യാത്രകളെ കുറിച്ചും, വിജയങ്ങളെക്കുറിച്ചും, പ്രതിരോധങ്ങളെക്കുറിച്ചും സ്‌നേഹപ്രണയ/ലൈംഗിക തൃഷ്ണകളേയും, അനുഭവങ്ങളെ കുറിച്ചുമുള്ള ദൃശ്യരേഖകളായി സിനിമ മാറുമ്പോള്‍, ഇതൊന്നുമില്ലാത്ത വിഡ്ഡിയായ പേടിത്തൊണ്ടനും ആഭാസനും പുരോഗമനവാദിയല്ലാത്ത പരാജയപ്പെടുന്ന ആണത്തങ്ങളെ അവതരിപ്പിച്ച കീഴാള ശരീരമാണ് പപ്പുവിന്റേത്. പപ്പുവിന്റെ 'ഞാന്‍' എല്ലാം തികഞ്ഞ ആത്മനിയന്ത്രണമുള്ള പുരുഷനല്ല. കള്ള്, പെണ്ണ്, പണം മുതലായ പ്രകോപനങ്ങളില്‍ എളുപ്പം വീഴുന്ന സാധാരണക്കാരനാണ്. ഏത് കള്ളുകുടിയനും നിര്‍വചിക്കാന്‍ പറ്റുന്നത്ര നിസ്സാരമായ 'ഞാന്‍' ആണ് പപ്പുവിന്റെ ആണുങ്ങള്‍ (തേന്‍മാവിന്‍ കൊമ്പത്ത്, പ്രിയദര്‍ശന്‍, 1994). അവ സ്ത്രീസംരക്ഷണ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാത്ത, അവരെ നിയന്ത്രിക്കാന്‍ താല്‍പ്പര്യം കാണിക്കാത്ത, അവരാല്‍ നിയന്ത്രിക്കപ്പെടുന്നതില്‍ നാണമില്ലാത്ത 'ഞാന്‍' മാര്‍ ആണ്.

ഒരു ഹാസ്യതാരമായി പപ്പു മാറിയതും അതുകൊണ്ടാവാം. അധികാരത്തിന്റെ പ്രയോക്താവായി പുരുഷന്‍ നിയമിക്കപ്പെടുമ്പോള്‍, അതില്ലാത്തവര്‍ പൗരുഷമില്ലാത്തവരാക്കപ്പെടുന്നുണ്ട്. അവരെ പരിഹസിക്കുക വഴി, അധികാരികളായ പുരുഷന്‍മാരെ യഥാര്‍ത്ഥ പുരുഷന്‍മാരായി വാഴ്ത്തി, അവരാല്‍ നിയന്ത്രിക്കപ്പെടുന്ന അനുസരണയുള്ള സ്ത്രീകളെ നായികമാരാക്കി, സിനിമ അതിന്റെ സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നു.കളിയാക്കപ്പെടുന്ന അധികാരമില്ലാത്ത ആണത്തങ്ങള്‍
പപ്പുവിന്റെ പ്രാദേശിക (ഭാഷാ), സാമുദായിക കീഴാള ശരീരം, പരിഹസിക്കപ്പെടേണ്ട ഒന്നായിട്ടാണ് സിനിമ ഉപയോഗിച്ചത്. മിന്നാരത്തിലെ (പ്രിയദര്‍ശന്‍, 1994) പേടിത്തൊണ്ടനായ മാഷ്, തേന്മാവിന്‍ കൊമ്പത്ത് (പ്രിയദര്‍ശന്‍, 1994) എന്ന സിനിമയിലെ കള്ളുകുടിയനായ അമ്മാവന്‍, ടി.പി.ബാലഗോപാലന്‍ എം.എ. (സത്യന്‍ അന്തിക്കാട്, 1986) നിരുത്തരവാദിയായ ഭര്‍ത്താവും അച്ഛനും എന്നിവരൊക്കെ മുഖ്യധാരാ ആണത്ത സങ്കല്‍പ്പങ്ങളുമായി ചേര്‍ന്നു പോകാത്തവയാണ്.

'മിന്നാര'ത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ സ്‌കൂള്‍ ബാഗും ചാപ്ലിന്‍ മീശയുമായി അവതരിക്കുന്ന പേരില്ലാത്ത മാഷ്, വടക്കേ മലബാറിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഒരുകാലത്തെ പ്രധാന പ്രചാരകരായിരുന്ന മാഷന്‍മാര്‍, അല്ലെങ്കില്‍ അവരുടെ പിന്‍ഗാമികളായി സങ്കല്‍പ്പിക്കുന്ന ഇപ്പോഴത്തെ മാഷന്‍മാരുടെ ഗണത്തില്‍ പെടുന്ന ഒരാളല്ല. പുരോഗമനവാദിയായ മാഷ് എന്ന വ്യക്തിത്വത്തിനു ചേരാത്ത തെറിവാക്കുകള്‍ ഉപയോഗിക്കുകയും, കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ കഴിവില്ലാത്തവനും, ഭീരുവുമാണ് കുട്ടികളുടെ വികൃതികള്‍ കാരണം പേടിച്ച് സ്ഥലം വിടുന്ന അയാള്‍ക്ക് പകരം വരുന്ന നീന ടീച്ചറെ ആകട്ടെ കുട്ടികള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒളിമ്പ്യന്‍ അന്തോണി ആദം (ഭദ്രന്‍, 1999), മാണിക്യക്കല്ല് (എം.മോഹനന്‍, 2011), 101 ചോദ്യങ്ങള്‍ (സിദ്ധാര്‍ത്ഥ ശിവ, 2013) എന്നിവയിലെ നല്ല അധ്യാപകരെപ്പോലെ കുരുത്തംകെട്ട കുട്ടികളെ നന്നാക്കുന്നതിലും, അവരെ അനുസരണയുള്ളവനാക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു. കുട്ടികള്‍ അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ പപ്പു അവതരിപ്പിക്കുന്ന പേരില്ലാത്ത മാഷ് ആകട്ടെ, അവരെ നന്നാക്കാനുള്ള ശ്രമമൊന്നും വിജയിക്കാതെ തോറ്റോടുകയാണ്. ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുന്നതു കാരണം പരിഹാസ്യനാകുന്ന കഥാപാത്രങ്ങളാണ് പപ്പു അഭിനയിച്ചതില്‍ കൂടുതലും. ടി.പി. ബാലഗോപാലന്‍ എം.എ.യിലെ ചന്ദ്രന്‍, മക്കളുടെ സ്‌കൂള്‍ ഫീസ് ഭാര്യാസഹോദരന്‍ അടച്ചു എന്ന് ഉറപ്പുവരുത്തി, സ്വന്തം ഭാര്യയെ കാണാന്‍ വരുന്ന ഭര്‍ത്താവാണ്. ആണധികാരം ഏറ്റെടുക്കാന്‍ ധൈര്യമില്ലാത്ത, എന്നാല്‍ അത് തരുന്ന സുഖസൗകര്യങ്ങളൊക്കെയും ഉപയോഗിക്കാന്‍ നാണമില്ലാത്തവനാണ് ചന്ദ്രന്‍. പ്രേമം കണ്ടുപിടിച്ചതു തന്നെ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് വലിയ വീടുകളില്‍ പോയി തമ്പുരാട്ടിയായി കഴിയാനാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച്, തന്റെ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങള്‍ നേടിയെടുക്കുന്ന, കോളനിയിലെ സ്ത്രീകളടക്കമുള്ള പലരില്‍ നിന്നും ചവിട്ടും അടിയും കൊള്ളുന്ന വിയറ്റ്‌നാം കോളനിയിലെ (സിദ്ധിക്ക് ലാല്‍, 1992) വിശ്വസിക്കാന്‍ കൊള്ളാത്ത ബ്രോക്കര്‍ എരുമേലി, പുരുഷന്‍മാര്‍ക്ക്, സ്ത്രീകളെയും ചാരായവും എത്തിച്ചുകൊടുക്കുന്ന അവളുടെ രാവുകളിലെ (ഐ.വി.ശശി 1978) സൈക്കിള്‍ റിക്ഷാക്കാരനായ ദാമു എന്നിവരൊക്കെ, മുഖ്യധാരാ സങ്കല്‍പ്പങ്ങള്‍ക്ക് അപരരാണ്.

ദലിത്/മുസ്ലിം ആയ ഹാസ്യകഥാപാത്രങ്ങള്‍
പപ്പുവിന്റെ പല കഥാപാത്രങ്ങളും മുസ്ലിം/ദളിത് സമുദായത്തില്‍ നിന്ന് വരുന്ന ആളാണെന്നത് യാദൃശ്ചികമാകാനിടയില്ല. മണിച്ചിത്രത്താഴിലെ (ഫാസില്‍, 1992) കീഴാള മന്ത്രവാദിയായ കാട്ടുപറമ്പന്‍, അമേരിക്കയില്‍ നിന്നുവന്ന ഡോ. സണ്ണി, ബ്രാഹ്മണനായ പുല്ലാറ്റുപുരത്തെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, മാടമ്പിയിലെ കാരണവരായ തമ്പി എന്നിവര്‍ കളിയാക്കുകയും കളിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്ന സവര്‍ണ്ണനല്ലാത്ത, indigenous അറിവുകളുടെ പ്രതിനിധിയാണ്. സവര്‍ണവും ആഗോളവുമായ മന്ത്രജ്ഞാനത്തിനു മുന്നില്‍ കീഴാളനായ കാട്ടുപറമ്പന്റെ അറിവുകള്‍ പ്രാകൃതവും അയാളുടെ ഏലസുകള്‍ ശക്തിയില്ലാത്തവയുമാണ്.അദ്വൈതത്തിലെ (പ്രിയദര്‍ശന്‍, 1992) കയ്യാത്തന്‍ ഇതുപോലെ വിദ്യാഭ്യാസമില്ലാത്ത, ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത, എങ്ങനെയോ (സംവരണം?) സര്‍ക്കാരുദ്യോഗസ്ഥനായിത്തീര്‍ന്ന ദളിത് സമുദായാംഗമാണ്. അവസരവാദിയായ വിശ്വസിക്കാന്‍ കൊള്ളത്തവനാണ് കയ്യാത്തന്‍. ഓട്ടോയില്‍ നിന്നും കളഞ്ഞുകിട്ടിയ പൈസ സ്വന്തമാക്കാന്‍, അത് പടച്ചോന്‍ നേരിട്ട് വന്ന് തനിക്ക് സമ്മാനിച്ചതാണെന്ന് കള്ളം പറയുന്ന ഏയ് ഓട്ടോയിലെ (വേണു നാഗവള്ളി, 1990) ഓട്ടോ ഡ്രൈവര്‍ ആയ ഹാജി മൊയ്തൂട്ടി, ഇപ്പ ശരിയാക്കിത്തരാം എന്നും പറഞ്ഞ്, ധനനഷ്ടവും മാനഹാനിയും വരുത്തിവയ്ക്കുന്ന, വായ തുറന്നാല്‍ കള്ളം മാത്രം പറയുന്ന, വെള്ളാനകളുടെ നാട് (പ്രിയദര്‍ശന്‍, 1988) എന്ന സിനിമയിലെ, റോഡ് റോളര്‍ നന്നാക്കാന്‍ വന്ന വിവരമില്ലാത്ത മെക്കാനിക്ക് അബ്ദു, വലിവുള്ള ഭാര്യയെക്കൊണ്ട് പ്രയോജനമൊന്നും ഇല്ലാത്തതുകൊണ്ട് അവളെ മൊഴി ചൊല്ലി, ചെറുപ്പക്കാരിയായ ആമിനയെ നിക്കാഹ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആമിന ടെയിലേഴ്‌സ് (സാജന്‍, 1911) ലെ സൗദിയില്‍ നിന്നും സമ്പന്നനായി തിരിച്ചുവന്ന കുഞ്ഞലവി എന്നീ മുഖ്യധാരാ പുരുഷസങ്കല്‍പ്പത്തിനു പുറത്തു നില്‍ക്കുന്നവര്‍, മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്.

പപ്പുവിന്റെ ഹാസ്യേതര/ഇടതുപക്ഷാഭിമുഖ്യ കഥാപാത്രങ്ങള്‍
പപ്പുവിന്റെ ഹാസ്യകഥാപാത്രങ്ങള്‍ ഭൂരിഭാഗവും കീഴാളമത/ജാതി സമുദായങ്ങളില്‍ നിന്നുള്ളവരാകുമ്പോള്‍ തന്നെ, ഹാസ്യേതരത കഥാപാത്രങ്ങള്‍, വര്‍ഗ്ഗാടിസ്ഥാന ഇടതുപക്ഷമുള്ളവരാണ്‌. ലൈംഗികാതിക്രമത്തെത്തുടര്‍ന്ന് കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛനാണ്, ഏകലവ്യനില്‍ (ഷാജി കൈലാസ്, 1993) പപ്പു അവതരിപ്പിക്കുന്ന ഗോവിന്ദന്‍കുട്ടി. ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പത്രസ്ഥാപനം നടത്തുകയും, മരണം വരെ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്തവനുമാണ് ഗോവിന്ദന്‍കുട്ടി. ദി കിംഗില്‍ (ഷാജി കൈലാസ്, 1995) പപ്പു പെന്‍ഷനുവേണ്ടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി പലരുടേയും ആട്ടുംതുപ്പും കൊള്ളുന്ന സ്വതന്ത്ര്യസമരസേനാനിയാണ്. കൃഷ്‌ണേട്ടന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സഖാക്കള്‍ക്കു നേരെ ഉണ്ടായ ക്രൂരമര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നവനും അതുകാരണം ആരോഗ്യം ക്ഷയിച്ചവനുമാണ്. ഈ രണ്ടു ഹാസ്യേതര കഥാപാത്രങ്ങളും ഇടതുപക്ഷാഭിമുഖ്യമുള്ള, സമരവീര്യമുള്ള പോരാളികളായ ആണത്തങ്ങളാണ്. അവര്‍ പപ്പുവിന്റെ മറ്റു കഥാപാത്രങ്ങള്‍ പോലെ പേടിത്തൊണ്ടന്‍മാരോ, വഷളന്‍മാരോ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടി ഒളിക്കുന്നവരോ അല്ല. അധികാരികളായ, മാതൃകാ പുരുഷന്‍മാരെ നിര്‍ണയിക്കുന്നത് ചില സ്വഭാവ സവിശേഷതകള്‍ മാത്രമല്ലെന്നും, അത് ഇടതുപക്ഷാഭിമുഖ്യത്തില്‍ നിന്നും ഉണ്ടാകുന്ന യോഗ്യതയാണെന്നും പപ്പുവിന്റെ ഹാസ്യേതര കഥാപാത്രങ്ങള്‍ സൂചിപ്പിക്കുന്നു. സവര്‍ണ പാട്രിയാര്‍ക്കല്‍ ജാതിമത/വര്‍ഗ്ഗ സമുദായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അധികാരം പ്രയോഗിക്കാന്‍ കഴിവില്ലാത്ത, അതിനു താല്‍പ്പര്യമില്ലാത്ത, അല്ലെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കിടാന്‍ ആഗ്രഹിക്കുന്ന ആണത്തങ്ങള്‍ പരിഹസിക്കപ്പെടുന്നു എന്ന് പപ്പു കഥാപാത്രങ്ങള്‍ കാണിക്കുന്നു. അദ്ദേഹത്തിന്റെ ഹാസ്യേതര കഥാപാത്രങ്ങളാകട്ടെ പുരുഷത്വം എന്നത്, ഒരു കമ്മ്യൂണിസ്റ്റില്‍ ഉണ്ടാകേണ്ടതും അവരില്‍ നിന്നും പ്രതീക്ഷിക്കേണ്ട ഒന്നു (മാത്രം?) മാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.


Next Story

Related Stories