TopTop
Begin typing your search above and press return to search.

ശ്വാസം നിലയ്ക്കുന്നത് ഞങ്ങളുടേത് കൂടിയാണ്; ഒരു താറാവ് കര്‍ഷകന്‍റെ വേദനകള്‍

ശ്വാസം നിലയ്ക്കുന്നത് ഞങ്ങളുടേത് കൂടിയാണ്; ഒരു താറാവ് കര്‍ഷകന്‍റെ വേദനകള്‍

ഭീതിയല്ല, ആശങ്കയാണ് കുട്ടനാട്ടിലെ ഓരോ താറാവ് കര്‍ഷകന്റെയും മനസില്‍. പരമ്പരാഗതമായി താറാവ് കൃഷി ചെയ്യുന്നവര്‍ അടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ് അപ്പര്‍ കുട്ടനാട്ടിലും ലോവര്‍ കുട്ടനാട്ടിലുമായുള്ളത്. നിലവിലെ സാഹചര്യം പുതുമയാണെങ്കിലും കാലാകാലങ്ങളായി പലതരം ബുദ്ധിമുട്ടുകളിലൂടെയും അധികാരികളുടെ അവഗണനയിലൂടെയും ജീവിതം ആട്ടിത്തെളിക്കാന്‍ വിധിക്കപ്പെവരാണ് ഈ കര്‍ഷകര്‍. പക്ഷിപ്പനി ബാധിച്ച ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കി കത്തിച്ചു കളഞ്ഞാല്‍ ഒരുപക്ഷേ സര്‍ക്കാരിന്റെ ബാധ്യത തീരും. എന്നാല്‍ ഈ തീ അണയാതെ ആളുന്നത് കര്‍ഷകന്റെ മനസ്സിലാണ്. അവന്റെ പ്രതീക്ഷകളാണ് മടപൊട്ടി തകര്‍ന്നത്.

സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന ശുഷ്‌കാന്തിയെ വിമര്‍ശിക്കുന്നില്ലെങ്കിലും പുര കത്താന്‍ കാത്തിരുന്നിട്ട് വെള്ളംകോരാന്‍ പോവുകയല്ലായിരുന്നു വേണ്ടത്. പക്ഷിപ്പനി ആദ്യമായാണ് കേരളത്തില്‍ സ്ഥിരീകരിക്കുന്നതെന്നും ആനിമല്‍ ഡിസീസ് മുന്‍കൂട്ടി അറിയാനുള്ള സംവിധാനം സംസ്ഥാനത്തിനില്ല എന്നതൊക്കെ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ന്യായങ്ങളാണ്. പക്ഷിപ്പനി അല്ല കുട്ടനാട്ടിലെ താറാവ് കര്‍ഷകരെ നേരിടുന്ന ആദ്യത്തെ പ്രതിസന്ധി. ഈ മേഖലയിലെ കര്‍ഷകര്‍ വിവിധതരം പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണ്. കേരളത്തില്‍ താറാവ് കൃഷി ഇല്ലാതാകുന്ന അവസ്ഥയിലേക്ക് എത്താന്‍ അധികം സമയം വേണ്ടിവരില്ല. തീന്‍മേശയില്‍ മാംസവിഭവങ്ങള്‍ കണ്ടില്ലെങ്കില്‍ കുണ്ഠിതപ്പെടുന്ന മലയാളികള്‍ക്ക് ഒരുപക്ഷേ ഇതിന്റെ ഗൗരവം മനസ്സിലാകണമെന്നില്ല. ചെക്ക്‌പോസ്റ്റുകള്‍ കടന്നുവരുന്ന തമിഴന്റെയും കന്നഡക്കാരന്റെയുമൊക്കെ ലോറികള്‍ അവന്റെ വിശപ്പ് അടക്കിയേക്കാം. നഷ്ടം ഈ കര്‍ഷകര്‍ക്ക് മാത്രമാണ്. കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അഴിമുഖത്തോട് മനസ്സു തുറക്കുകയാണ് പരാമ്പരാഗത താറാവ് കര്‍ഷകനായ ബെന്നിച്ചന്‍. (തയ്യാറാക്കിയത്: രാകേഷ് നായര്‍)

കുട്ടനാട്ടില്‍ ആയിരക്കണക്കിന് താറാവുകളാണ് ഇപ്പോള്‍ ചത്തൊടുങ്ങുന്നത്. പക്ഷിപ്പനിയാണ് ഇതിനുകാരണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ലക്ഷക്കണക്കിന് താറാവുകളെ കൊന്നൊടുക്കേണ്ടി വരുമെന്നും അറിയുന്നു. ഒന്നുരണ്ടു ദിവസങ്ങളായി തറാവുകളെ കൊന്നു തുടങ്ങിയിട്ടുണ്ട്. അവയെ കത്തിച്ചുകളയുകയുമാണ് ചെയ്യുന്നത്. ഇതെല്ലാം രോഗം പടരാതിരിക്കാനാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷെ, ഇപ്പോഴും കുട്ടനാട്ടിലെ കര്‍ഷകരില്‍ ഭൂരിഭാഗത്തിനും എന്താണ് ഈ പക്ഷിപ്പനിയെന്നും അതു തന്നെയാണോ തങ്ങളുടെ താറാവുകളെ ബാധിച്ചിരിക്കുന്നതെന്നും വ്യക്തമായിട്ടില്ല. താറാവ് വസന്തപോലെ ചില രോഗങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇവിടെ പടര്‍ന്നു പിടിക്കാറുണ്ട്. ഇപ്പോള്‍ കാണുന്ന അതേ അവസ്ഥ തന്നെയാണ് ആ സമയത്തും താറാവുകളില്‍ കാണുന്നത്. അതുകൊണ്ട് തന്നെ പക്ഷിപ്പനിയാണോ താറാവ് വസന്തയാണോ ഉണ്ടായിരിക്കുന്നതെന്ന് പലരും സംശയിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദമായ ബോധവല്‍ക്കരണം നടത്താത്തതാണ് കുഴപ്പം. പത്രങ്ങളിലും ചാനലുകളിലും വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കേണ്ട അവസ്ഥയാണ് ഞങ്ങള്‍ക്കുള്ളത്. ഇതൊരു വലിയ രോഗമാണെങ്കില്‍ അത് തടയാനും കൂടുതല്‍ വ്യാപിക്കാതിരിക്കാനും വേണ്ടിയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് തന്നെയാണ്. പക്ഷെ, സര്‍ക്കാര്‍ കര്‍ഷകരോട് കുറച്ചുകൂടി അനുഭാവപൂര്‍വം ഈയവസരത്തില്‍ പെരുമാറണം. ഒരു താറാവിന് 175 രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. 300-400 രൂപ വിലയുള്ള താറാവുകളാണ് കര്‍ഷകന് നഷ്ടപ്പെടുന്നത്. പലതും മുട്ടയിടുന്നവയാണ്. ഈ നഷ്ടമെല്ലാം പരിഹരിക്കാന്‍ ഉതകുന്നതല്ല ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം. ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഓരോരുത്തര്‍ക്കും വരാന്‍ പോകുന്നത്. അതില്‍ നിന്ന് ഞങ്ങള്‍ക്ക് രക്ഷ കിട്ടണമെങ്കില്‍ സര്‍ക്കാര്‍ കനിയുക തന്നെവേണം. ലക്ഷണക്കിന് താറാവുകളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നത്. അടിസ്ഥാനവിലയായ 300-400 രൂപവെച്ച് കണക്കുകൂട്ടിയാല്‍ തന്നെ എത്ര വലുതായിരിക്കും നഷ്ടം! താറാവ് കൃഷിക്ക് സര്‍ക്കാരില്‍ നിന്ന് കാര്യമായ സബസ്ഡിയൊന്നും തന്നെ തരുന്നില്ല. ആവശ്യമായ വെറ്റിനറി ഡിസ്പന്‍സറികളോ വാക്‌സിനേഷന്‍ സൗകര്യമോ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. താറാവുകളുടെ ആഹാരത്തിനും (ഗോതമ്പും അരിയുമൊക്കെ കിലോയ്ക്ക് 20-22 രൂപയ്ക്കാണ് വാങ്ങി നല്‍കുന്നത്) അവയുടെ ചികിത്സയ്ക്കും മറ്റുമായി നല്ലതുക തന്നെ ഓരോ കര്‍ഷകനും മുടക്കുന്നുണ്ട്. ഇവയെല്ലാം ഒരുപരിധിവരെയെങ്കിലും തിരിച്ചുപിടിക്കുന്നത് ഇവയെ കച്ചവടം( ഇറച്ചിയായും മുട്ടയായും) നടത്തിയാണ്. പക്ഷെ, എല്ലാ താറാവുകളും ചത്തുപോകുന്ന അവസ്ഥയില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്താനാണ്?യഥാര്‍ത്ഥത്തില്‍ കുട്ടനാട്ടിലെ താറാവു കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ അല്ല ചര്‍ച്ച ചെയ്യേണ്ടത്. ഇതിനു മുമ്പും ഞങ്ങള്‍ അനുഭവിച്ചു വരുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അവകൂടി പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലയെന്നതു തന്നെയാണ് പ്രധാനപ്രശ്‌നം. സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത പറഞ്ഞാണ് ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാണിക്കാതിരിക്കുന്നത്. സര്‍ക്കാര്‍ ഒരു രൂപയിടാന്‍ തയ്യാറായാല്‍ കര്‍ഷകരും ഒരു രൂപ നല്‍കാന്‍ തയ്യാറാണ്. എത്രയോ കാലങ്ങളാായി ഈ ആവശ്യം ഞങ്ങള്‍ ഉന്നയിക്കുന്നതാണ്. ഇന്നിപ്പോള്‍ താറാവുകള്‍ ചത്തൊടുങ്ങുന്ന കര്‍ഷരില്‍ എത്രപേര്‍ ഇന്‍ഷ്വറന്‍സ് ചെയ്തിട്ടുണ്ടാവും. ഭൂരിഭാഗവും ചെയ്തിട്ടുണ്ടാവില്ല. ചിലര്‍ മാത്രമാണ് താറാവുകളെ ഇന്‍ഷ്വര്‍ ചെയ്യാന്‍ തയ്യാറാവുന്നത്. ഇപ്പോള്‍ അറിയിപ്പു വന്നിരിക്കുന്നത് കുട്ടനാട് പാക്കേജിലൂടെ കിട്ടുന്ന താറാവുകള്‍ക്ക് മാത്രമെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂവെന്നാണ്. പാക്കേജിലൂടെ താറാവുകളെ കിട്ടിയ കര്‍ഷകര്‍ കുറവായിരിക്കും. കുട്ടനാട് പാക്കേജ് തന്നെ വലിയൊരു തട്ടിപ്പാണ്. അര്‍ഹതപ്പെടവര്‍ക്കല്ല ഇതിന്റെ ഗുണഫലം കിട്ടുന്നത്. കുട്ടനാട് പാക്കേജില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് താറാവുകളെ വിതരണം ചെയ്യുന്നതിന്റെ ചുമതല വെറ്റിനറി സര്‍ജനാണ്. നമ്മള്‍ അവിടെ അപേക്ഷ സമര്‍പ്പിക്കുന്നു. ഈ അപേക്ഷകള്‍ ഡോക്ടര്‍ പഞ്ചായത്തിലേക്ക് റഫര്‍ ചെയ്യും. പഞ്ചായത്തുകളില്‍ നടക്കുന്നത് വീതംവയ്പ്പാണ്. ഓരോ മെംബര്‍മാരും അവരവരുടെ താല്‍പര്യക്കാര്‍ക്ക് മാത്രമായിരിക്കും താറാവുകളെ അനുവദിക്കുന്നത്. കൃഷി നടത്തി മുടിഞ്ഞു നില്‍ക്കുന്നവര്‍ക്കോ പരമ്പരാഗതമായി കൃഷി നടത്തുന്നവര്‍ക്കോ പലപ്പോഴും താറാവുകളെ കിട്ടാറില്ല. ഈ പാക്കേജില്‍ കിട്ടുന്ന താറാവുകള്‍ക്കുപോലും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നില്ലെന്നുകൂടിയറിയണം.

ഒരിക്കല്‍ ഇന്‍ഷ്വറന്‍സ് സംബന്ധമായ പേപ്പറുകള്‍ നല്‍കാനായി മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള ഉപദേശം അനുസരിച്ച് ഞാന്‍ യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഓഫിസില്‍ ചെന്നിരുന്നു. 'ഇപ്പോള്‍ തന്നെ പത്തുലക്ഷം താറാവുകളുടെ ക്ലെയിം നടന്നുകൊണ്ടിരിക്കുകയാണ്, ഓരോ വര്‍ഷവും ഇതു തന്നെയാണ് സ്ഥിതി. എല്ലാവര്‍ഷവും ഇങ്ങിനെ നഷ്ടം വരുന്ന തൊഴിലാണെങ്കില്‍ അതങ്ങു നിര്‍ത്തിക്കൂടെ'-അവിടെയുണ്ടായിരുന്ന ഒരു മാനേജര്‍ എന്നോട് പറഞ്ഞകാര്യമാണിത്.
ചില കളികള്‍ ഇതിനിടയില്‍ നടക്കുന്നുണ്ട്. 500 താറാവുകളെ ചത്തിട്ടുള്ളുവെങ്കിലും ചിലര്‍ക്ക് ഡോക്ടര്‍മാര്‍ 1000 എണ്ണത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. എണ്ണം പെരുപ്പിച്ച് കാണിച്ച് തുക നേടിയെടുക്കാം. പക്ഷെ ഈ കള്ളത്തരം മറ്റുള്ളവരെ എങ്ങിനെ ബാധിക്കുമെന്നതിന് ഉദ്ദാഹരണമായിരുന്നു ആ മാനേജര്‍ എന്നോട് ചോദിച്ച ചോദ്യം. കമ്പനികള്‍ ഞങ്ങളുടെ ഇന്‍ഷ്വറന്‍സ് കാര്യത്തില്‍ മടുപ്പ് കാണിക്കുകയാണ്. അതിനാല്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ട് കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കണം. ഒരു ഭാഗത്ത് നിന്നുമാത്രം നഷ്ടം വരണ്ട, മറു പങ്ക് ഞങ്ങളും തരാം.

ഇന്‍ഷ്വറന്‍സ് പോലെ തന്നെ ഞങ്ങള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം താറാവുകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാങ്കേതികമായ സൗകര്യങ്ങള്‍ കുട്ടനാട്ടില്‍ ഇല്ലെന്നതാണ്. കുട്ടനാട്ടില്‍ ഒരു മൈക്രോബയോളജി ലാബ് സ്ഥാപിക്കുന്നത് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. സ്വാമിനാഥന് ഞാന്‍ കത്തെഴുതിയിരുന്നു. ആവശ്യമായ വെറ്റിനറി ഡിസ്‌പെന്‍സറികള്‍ ഇവിടെയില്ല. ബോധവത്കരണ ക്ലാസുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. അതു വലിയൊരു പ്രശ്‌നം തന്നെയാണ്. താറാവുകള്‍ക്ക് ബാധിക്കുന്ന ഓരോ അസുഖത്തിനും യോജിച്ച മരുന്നുകളായിരിക്കില്ല പലരും വാങ്ങി നല്‍കുന്നത്. മറ്റൊരാള്‍ അയാളുടെ താറാവുകള്‍ക്ക് വാങ്ങിയ അതേ മരുന്നു തന്നെ ഇപ്പുറത്തുള്ളവനും വാങ്ങും. ഇതു പലപ്പോഴും വിപരീതഫലമുണ്ടാക്കും. കൃത്യമായ ബോധവത്കരണ ക്ലാസുകള്‍ കര്‍ഷകര്‍ക്ക് കിട്ടാത്തതിന്റെ കുഴപ്പമാണ്.

താറാവുകള്‍ക്ക് കൃത്യമായ വാക്‌സിനേഷന്‍ നല്‍കാന്‍ സാധിക്കുന്നില്ല. വെറ്റിനറി വകുപ്പില്‍ നിന്നുള്ള വാക്‌സിനേഷന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. നിബന്ധനകള്‍ പാലിക്കാത സൂക്ഷിക്കുന്ന വാക്‌സിനേഷനുകളാണ് പലപ്പോഴും താറാവുകള്‍ക്ക് നല്‍കുന്നത്. ജീവനുള്ള അണുക്കളാണ് ഈ വാക്‌സിനേഷനുകളില്‍ അടങ്ങിയിരിക്കുന്നതാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ ഇത് ഞങ്ങള്‍ക്ക് എങ്ങിനെ തിരിച്ചറിയാന്‍ സാധിക്കും? അതിന് സഹായകരമാകുന്ന ഒരു ലാബും ഇവിടെയില്ല. താറാവ് വസന്ത വരാതിരിക്കാനുള്ള കുത്തിവയ്പ്പ് നടത്തിയിട്ടും ഇവിടെ താറാവുകള്‍ അതേ രോഗം പിടിപെട്ട് ചാകുന്നു. അപ്പോള്‍ അവര്‍ പറയുന്നത്, കുത്തിവയ്ക്കുന്നതിനു മുന്‍പേ നിങ്ങളുടെ താറാവുകള്‍ക്ക് വസന്ത രോഗമുണ്ടായിരുന്നുവെന്നാണ്. റഫ്രിജറേറ്ററിന്റെ ഫ്രീസിംഗ് ചേമ്പറില്‍ ഈ വാക്‌സിനേഷന്‍ മരുന്നുകള്‍ സൂക്ഷിക്കണമെന്നാണ് പറയുന്നത്.

പക്ഷിപ്പനി; അഴിമുഖം പ്രസിദ്ധീകരിച്ച മറ്റ് ലേഖനങ്ങള്‍

പക്ഷിപ്പനി: ഈ മൃഗസംരക്ഷണ വകുപ്പ് എന്താണ് ചെയ്യുന്നത്? ജനമറിയേണ്ട കാര്യങ്ങള്‍
താറാവുകളെ കൊന്നാല്‍ പക്ഷിപ്പനി തടയാം; പക്ഷേ കര്‍ഷകരെ ആര് രക്ഷിക്കും? ആര്‍ ഹേലി എഴുതുന്നു

എന്റെയൊരു അനുഭവം പറയാം. ഒരിക്കല്‍ എന്റെ താറാവുകള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാനായി വെറ്റിനറി ഡോക്ടരെ സമീപിച്ചു. താറാവുകളെയെല്ലാം കൂട്ടില്‍ കയറ്റി കുത്തിവയ്പ്പ് ആരംഭിച്ചപ്പോഴേയ്ക്കും ശക്തമായ ഇടിവെട്ടും മഴയും വന്നതിനാല്‍ ബാക്കി പിറ്റേദിവസം നടത്താമെന്നു പറഞ്ഞ് ഡോക്ടര്‍ പോയി. വാക്‌സിനേഷന്‍ കിറ്റും അദ്ദേഹം കൊണ്ടുപോയിരുന്നു. ഞാന്‍ പിറ്റേദിവസം അദ്ദേഹത്തെ കൂട്ടികൊണ്ടുവരാന്‍ പോയി. ഞാന്‍ ചെന്നു കഴിഞ്ഞാണ് അറ്റന്‍ഡറെ വിട്ട് വാക്‌സിനേഷന്‍ കിറ്റ് എടുപ്പിക്കുന്നത്. അന്നവിടെ കറണ്ട് ഉണ്ടായിരുന്നില്ല. എവിടെയാണ് മരുന്നു സൂക്ഷിച്ചിരുന്നതെന്നു ചോദിച്ചപ്പോള്‍ അടുത്തുള്ളൊരു കടയില്‍ എല്‍പ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞു. സംശയം കൊണ്ട് ഞാന്‍ ആ കടയിലെത്തി തിരക്കി. അവിടെയുള്ള ഫ്രിഡ്ജിലാണ് മരുന്ന് സൂക്ഷിച്ചിരുന്നതെങ്കിലും രണ്ടുദിവസമായി ആ പ്രദേശത്ത് വൈദ്യുതിയേ ഉണ്ടായിരുന്നില്ല!
ഇനിയെന്റെ താറാവുകള്‍ക്ക് കുത്തിവയ്ക്കണ്ടെന്ന് പറഞ്ഞ് ഞാന്‍ തിരികെ പോന്നു. കുറച്ചു നാളുകള്‍ക്ക് ശേഷം താറാവുകള്‍ ചത്തുപോയി. അന്നു വാക്‌സിനേഷന്‍ എടുക്കാന്‍ കഴിയാതെ പോയതുതന്നെയാണു കാരണം. ഞാന്‍ ഡോക്ടര്‍ക്കെതിരെ വിജലന്‍സില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചു.സര്‍വീസില്‍ കയറിയിട്ട് അധിക കാലമാകാത്ത ഒരു ഡോക്ടറായിരുന്നു അത്. സീനിയര്‍ ഡോക്ടര്‍മാരടക്കം പലരും എന്നോട് വിജിലന്‍സിനെ സമീപിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അപേക്ഷിച്ചു. ഞാന്‍ കാരണം ഒരാളുടെ ജീവിതം തകരണ്ടല്ലോ എന്നു കരുതി പരാതി പിന്‍വലിച്ചു. ആ ഡോക്ടറുടെ ജോലിക്ക് അതുകൊണ്ട് കുഴപ്പമൊന്നുമുണ്ടായില്ല. ഡോക്ടറുടെ കാര്യത്തില്‍ പലര്‍ക്കുമുണ്ടായിരുന്ന ഉത്കണ്ഠ എനിക്കു വന്ന നഷ്ടത്തില്‍ മാത്രം ആരും കാണിച്ചില്ലെന്നുമാത്രം. ഇവിടുത്തെ പല കര്‍ഷകര്‍ക്കും സംഭവിക്കുന്നതാണ് ഇതൊക്കെ.

ഇതെല്ലാം കൊണ്ടാണ് പുതിയതായി ആരും തന്നെ ഈ മേഖലയിലേക്ക് കടന്നുവരാത്തത്. എനിക്കിപ്പോള്‍ നാല്‍പ്പത്തിയഞ്ച് വയസ്സായി, എന്നെപ്പോലുള്ളവരാണ് ഇപ്പോള്‍ താറാവ് കൃഷിയില്‍ പുതിയ തലമുറയില്‍ നിന്നുള്ളവര്‍. ഞങ്ങള്‍ക്കു ശേഷം മറ്റൊരു തലമുറ ഇതിലക്ക് വരുമെന്ന് തോന്നുന്നില്ല. എങ്ങനെ വരും, ഈ ദുരിതങ്ങള്‍ അവരും കാണുന്നതല്ലേ


Next Story

Related Stories