TopTop
Begin typing your search above and press return to search.

ഈ ജാതി മാങ്ങകള്‍

ഈ ജാതി മാങ്ങകള്‍

സാജു കൊമ്പന്‍

കണ്ണൂരില്‍ നിന്നാണ് ഈ രസകരമായ ഞെട്ടിക്കുന്ന വാര്‍ത്ത. വാര്‍ത്ത വായിച്ചാല്‍ ഒന്നുകില്‍ നിങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. അല്ലെങ്കില്‍ ഇങ്ങനെ ഒരു ലോകത്താണല്ലോ ജീവിക്കുന്നതെന്നോര്‍ത്തു നാണംകെട്ട് തലകുനിക്കും.

വാര്‍ത്ത ഇങ്ങനെ- നമ്പ്യാര്‍ മാങ്ങയെന്ന പേരുള്ള മാങ്ങയെ ദേശ സൂചികയില്‍ ഉള്‍പ്പെടുത്തി കുറ്റ്യാട്ടൂര്‍ മാങ്ങയെന്ന്‍ പേര് നല്‍കാനുള്ള കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നടപടിയില്‍ നമ്പ്യാര്‍ മഹാസഭ പ്രതിഷേധിച്ചു. ജിയോഗ്രാഫിക്കല്‍ ഫൈന്‍ഡിംഗ്സ് എന്ന സ്കീമില്‍ ഉള്‍പ്പെടുത്തിയുള്ള പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും പേരുമാറ്റ നടപടി സംശയാസ്പദമാണ്. അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ച് ‘കുറ്റ്യാട്ടൂര്‍ നമ്പ്യാര്‍ മാങ്ങ’ എന്ന പേരെങ്കിലും പരിഗണിക്കണമെന്ന് നമ്പ്യാര്‍ മഹാസഭ ആവിശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമെന്ന് കേന്ദ്രകമ്മിറ്റി അറിയിച്ചു.

അങ്ങനെ ഒടുവില്‍ മാങ്ങയ്ക്കും ജാതിയായി. ഇതിപ്പോള്‍ പേര് മാറ്റുന്നു എന്ന പ്രശ്നത്തിന്റെ പേരില്‍. ഭാവിയില്‍ നമ്പ്യാര്‍ മാങ്ങ വില്‍ക്കുന്നതിന്റെ പേരില്‍ അല്ലെങ്കില്‍ കഴിച്ചതിന്റെ പേരില്‍ അന്യസമുദായക്കാരന്റെ പള്ളയില്‍ കത്തികയറ്റാന്‍ ഈ കേന്ദ്രകമ്മിറ്റി തീരുമാനിക്കുമോ എന്നേ അറിയേണ്ടതുള്ളൂ.

കുട്ടിക്കാലത്തെ കണ്ണൂരിലെ വേനലവധി ആഘോഷ ദിനങ്ങളില്‍ ഒരു പാട് എറിഞ്ഞു വീഴ്ത്തി തിന്നിട്ടുള്ളതാണ് ഈ നമ്പ്യാര്‍ മാങ്ങ. അന്നൊന്നും ഈ മാങ്ങയ്ക്കെന്താ ഇങ്ങനെയൊരു പേര് എന്ന് ചിന്തിച്ചിരുന്നില്ല. അല്ലെങ്കില്‍ ഇന്നത്തെ കുട്ടികളെ പോലെ പേരിന് വാലായി നായരും നമ്പ്യാരും പിഷാരടിയും വാര്യരുമൊന്നും ഞങ്ങളുടെ കൂട്ടത്തില്‍ അന്നുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അത്തരക്കാരെ നമുക്ക് വലിയ പരിചയമുണ്ടായിരുന്നില്ല. മാത്രമല്ല നമ്പ്യാര്‍ എന്നത് ഒരു ജാതിപ്പേരാണ് എന്നുപോലും ഞങ്ങളില്‍ പലര്‍ക്കും അറിയില്ലായിരുന്നു. ഞങ്ങള്‍ നമ്പ്യാര്‍ മാങ്ങ എറിഞ്ഞിട്ടത് മുഴുവന്‍ തീയരുടെയും ചാലിയന്റെയും പറമ്പില്‍ നിന്നായിരുന്നു.ഇനി കുറ്റ്യാട്ടൂരിലേക്ക് വരാം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് കുറ്റ്യാട്ടൂര്‍. കര്‍ഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ചരിത്രപരമായി ഏറെ വേരോട്ടമുള്ള ഒരു പ്രദേശം. ഇപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത് സി പി ഐ എം. 16 മെംബര്‍ മാരും സി പി ഐ എമ്മില്‍ നിന്ന്. (ഇടതുപക്ഷ മുന്നണിയുമില്ല, ഐക്യജനാധിപത്യ മുന്നണിയുമില്ല)

നാടിന്റെ ചരിത്രത്തെ കുറിച്ച് ഗ്രാമ പഞ്ചായത്തിന്റെ വെബ്സൈറ്റ് പറയുന്നതിങ്ങനെ “ചിറക്കല്‍ രാജവംശത്തിന്റെ അധികാര പരിധിയില്‍പ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു കുറ്റ്യാട്ടൂര്‍. പില്‍ക്കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തെ തുടര്‍ന്ന്, സാമ്രാജ്യത്വ ഭരണസ്ഥാപനങ്ങളുടേയും, ജന്‍മി-നാടുവാഴിത്ത കൂട്ടുകെട്ടിന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട അടിച്ചമര്‍ത്തലുകളും ചൂഷണവും കാരണം, മഹാഭൂരിപക്ഷം വരുന്ന അവര്‍ണ്ണരും താഴ്ന്ന ജാതിക്കാരുമായ സാമാന്യജനങ്ങള്‍, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളില്‍ പിന്തള്ളപ്പെട്ടു. മാത്രമല്ല അടിമ-ഉടമ സമ്പ്രദായമായിരുന്നു അക്കാലത്ത് നിലനിന്നിരുന്നത്. 1935-ല്‍ വിഷ്ണുഭാരതീയന്റെ നേതൃത്വത്തില്‍ കൊളച്ചേരിയില്‍ രൂപം കൊണ്ട കര്‍ഷകപ്രസ്ഥാനം, അയല്‍ വില്ലേജുകളായ കയരളം, കണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങള്‍ക്കൊപ്പം കുറ്റിയാട്ടൂരിലെ കൃഷിക്കാരിലും, കര്‍ഷകത്തൊഴിലാളികളിലും, പുതിയ ഉണര്‍വും ആവേശവും ഉണ്ടാക്കി. എ.കെ.ജി, ഭാരതീയന്‍, കേരളീയന്‍ തുടങ്ങിയ നേതാക്കളുടെ സന്ദര്‍ശനം, പീഡനത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും നേരെ, ചെറുത്തുനില്‍പ്പിന്റേയും പ്രതിരോധത്തിന്റേയും, അതുവഴി കൂട്ടായ്മയുടേയും ആശയം മെല്ലെമെല്ലെ അവശവിഭാഗങ്ങളില്‍, വിശേഷിച്ചും കൃഷിക്കാരില്‍ എത്തിക്കുവാന്‍ സഹായിച്ചു. പ്രാദേശിക കര്‍ഷകസംഘം രൂപീകരണവും, കര്‍ഷകസമ്മേളനങ്ങളില്‍ ഈ പ്രദേശത്തിന്റെ പങ്കാളിത്തവും ഉണ്ടായിത്തുടങ്ങിയതോടെ ഇവിടെയും പോരാട്ടങ്ങളുടെ നാളുകള്‍ക്ക് തുടക്കമായി. നുരി വെച്ചുകാണല്‍, പാറവശ് തുടങ്ങിയ അക്രമപ്പിരിവുകള്‍ക്കെതിരെ ചിറക്കല്‍ താലൂക്കില്‍ അലയടിച്ചുയര്‍ന്ന പ്രക്ഷോഭത്തില്‍ കുറ്റിയാട്ടൂരിലെ കൃഷിക്കാരും പങ്കെടുത്തു. കുടിയാന്‍ മുട്ടിനു താഴ്ത്തി മുണ്ടുടുക്കുന്നതിനും, തോര്‍ത്ത് തലയില്‍ കെട്ടി നടക്കുന്നതിനും വിലക്കു കല്‍പ്പിച്ചിരുന്നതിനെതിരെ നടത്തിയ പ്രസിദ്ധമായ തലേക്കെട്ട് സമരം, പഴശ്ശിയിലെ വണ്ണാത്തിമാറ്റ് സമരം തുടങ്ങിയവ കര്‍ഷകര്‍ക്കിടയില്‍ സംഘബോധത്തിന്റേയും, കൂട്ടായ്മയുടേയും പുതിയ അവബോധം തുറന്നുകൊടുത്തു. അന്ന് വിദ്യാഭ്യാസമേഖലയില്‍ നിലനിന്നിരുന്ന ശനിയന്‍ സഭയ്ക്കെതിരെ, പ്രത്യക്ഷമായി രംഗത്ത് വന്ന രണ്ട് അധ്യാപകര്‍ അറസ്റ്റ് ചെയ്യപ്പെട്ടതും, പഴയകാല അധ്യാപക നേതാക്കളായ ടി.സി.നാരായണന്‍ നമ്പ്യാര്‍, പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരുടെ സന്ദര്‍ശനവുമെല്ലാം പുതിയൊരു മാറ്റത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും തുടക്കമാവുകയായിരുന്നു. (http://lsgkerala.in/kuttiattoorpanchayat/history/)

ഇന്നീ നാട് അറിയുന്നത് പ്രശസ്തമായ നമ്പ്യാര്‍ മാങ്ങ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കുറ്റ്യാട്ടൂര്‍ മാങ്ങയുടെ പേരിലും കൂടിയാണ്. മലബാറിലെ ഏറ്റവും സ്വാദിഷ്ടമായ മാമ്പഴങ്ങളില്‍ ഒന്ന് ഈ പ്രദേശത്ത് സുലഭമാണ്. അതിനാല്‍ ഇത് കുറ്റ്യാട്ടൂര്‍ മാങ്ങ എന്ന് അറിയപ്പെടുന്നു. നമ്പ്യാര്‍ മാങ്ങ എന്നും ഇതിനെ വിളിക്കാറുണ്ട്. (http://lsgkerala.in/kuttiattoorpanchayat/general-information/description/)ഈ പേരിന്റെ ഉത്പത്തിയെ കുറിച്ച് റിജു കണ്ടമ്പേത്ത് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു- കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂർ ഗ്രാമംസമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്. ഇവിടത്തെ പ്രധാന കാർഷിക ഉല്പന്നമാണ് പ്രത്യേക ഇനം മാങ്ങ. അഞ്ച് നൂറ്റാണ്ട് മുൻപാണ് ഇപ്പോൾ കാസർകോട് ജില്ലയിലുൾപ്പെട്ട നീലേശ്വരത്ത് നിന്നും കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്ത് നമ്പൂതിരി മാവിന്റെ വിത്ത് കൊണ്ടുവന്നത്. തുടർന്ന് കുറ്റ്യാട്ടൂർ ഗ്രാമത്തിലാകെ സവിശേഷ ഇനം മാവ് കൃഷി ചെയ്യാൻ തുടങ്ങി. നൂറ്റാണ്ടുകൾ പഴക്കമുള്ള മാവുകൾ കുറ്റ്യാട്ടൂർ ഗ്രാമത്തിലെ പഴയ തറവാടുകളിൽ ഇപ്പോഴും കാണാം.കുറ്റിയാട്ടൂരിൽ മൂവായിരത്തിലധികം മാവ് കർഷകർ ഉണ്ടെന്നാണ് കണക്കാക്കിയത്. തൊട്ടടുത്ത പഞ്ചായത്തുകളിലും കുറ്റ്യാട്ടൂർ മാവ് കർഷകർ ഉണ്ട്. എല്ലാ മാവ് കർഷകരും ചേർന്ന് പ്രതിവർഷം 5000 ടൺ കുറ്റ്യാട്ടൂർ മാങ്ങ ഉല്പാദിപ്പിക്കുമെന്നാണ് കണക്ക്. കുറ്റ്യാട്ടൂരിൽ ധാരാളമായി ഉണ്ടായിരുന്ന ഈ മാങ്ങ ഇരിക്കൂറിലെ അങ്ങാടിയിൽ എത്തിച്ചിരുന്നത് ഒരു നമ്പ്യാർ ആയതിനാൽ നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടാൻ തുടങ്ങി.

ഇപ്പോള്‍ ആ പഞ്ചായത്തിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഈ മാങ്ങ. 7000 ടണ്‍ മാങ്ങയാണ് കുറ്റ്യാട്ടൂരിലെ മാങ്ങ കര്‍ഷകര്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. മാവ് കര്‍ഷക സമിതിയും കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അഗ്രോ വില്ലേജ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. മാവ് കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകരില്‍ നിന്ന് മാങ്ങ ശേഖരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം മാങ്ങയും അതിന്റെ മൂല്യ വര്‍ദ്ധിത വസ്തുക്കളും കയറ്റുമതി ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാമും സ്ക്വാഷും അച്ചാറും നിര്‍മ്മിക്കാന്‍ മാങ്ങ സംസ്കരണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാഭാവികമായും വന്‍ തോതിലുള്ള കയറ്റുമതി ലക്ഷ്യമിടുന്നതിന്റെ ഭാഗമായി ഉത്പാദകരും ഗവണ്‍മെന്‍റും പുതിയ സാധ്യതകള്‍ ആരായുക സ്വാഭാവികം. അതിലൊന്നാണ് ഭൂസൂചികാ നാമം നേടിയെടുക്കുക എന്നത് (GI-geographical indication).ആലപ്പുഴ കയര്‍ പോലെ, ആറന്മുള കണ്ണാടി പോലെ, ബാലരാമപുരം കൈത്തറി പോലെ ഒന്ന്.

നാടിന്റെ പേരില്‍ ഒരു സാധനം അറിയപ്പെടാന്‍ പോകുമ്പോള്‍ അങ്ങനെയല്ല ആദ്യം ഞങ്ങളുടെ ജാതിയുടെ പേരില്‍ അറിയട്ടെ എന്നു പറയാന്‍ മാത്രമുള്ള വിവരക്കേട് തലയില്‍ കൊണ്ടുനടക്കുന്നവരാണ് പ്രബുദ്ധ കേരളത്തില്‍ ഉള്ളത് എന്ന്‍ ഈ വാര്‍ത്ത തെളിയിക്കുന്നു. പെരുന്നയിലും കണിച്ചുകുളങ്ങരയിലും മാത്രമല്ല സമുദായ ഭ്രാന്തും അതിനുതക്കവണം വിവരക്കേടും ഉള്ളവര്‍ ജാതി വിരുദ്ധ നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കോട്ടകളിലും ശക്തിപ്പെട്ടു വരുന്നു എന്നതാണ് യാഥാര്‍ഥ്യം.

അവസാനമായി നമ്പ്യാര്‍ മഹാസഭയോട് ഒരു ചോദ്യം ‘മാങ്ങയാണോ ആദ്യം ഉണ്ടായത് അതോ നമ്പ്യാരോ?’

(തീവ്ര വിപ്ലവകാരിയായ കെ പി ആര്‍ ഗോപാലന്‍ (നമ്പ്യാരാണ്) ഉണ്ടായിരുന്നെങ്കില്‍ ഒരു തോക്കുമായി ഇറങ്ങി തിരിച്ചേനെ. അല്ലെങ്കില്‍ ഇ കെ നായനാര്‍ (നമ്പ്യാരാണ്) ജീവിച്ചിരുപ്പുണ്ടെങ്കില്‍ കേരളം കൂടുകൂടെ ചിരിച്ചു മരിക്കുന്ന ഒരു തമാശയെങ്കിലും പൊട്ടിച്ചേനെ)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുNext Story

Related Stories