TopTop
Begin typing your search above and press return to search.

കാസര്‍ഗോഡ് അതിര്‍ത്തി ഗ്രാമത്തിലൊരു കൃഷി വിജ്ഞാന കേന്ദ്രം വീണ്ടും പച്ചപിടിക്കുന്നു; പക്ഷേ സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍?

കാസര്‍ഗോഡ് അതിര്‍ത്തി ഗ്രാമത്തിലൊരു കൃഷി വിജ്ഞാന കേന്ദ്രം വീണ്ടും പച്ചപിടിക്കുന്നു; പക്ഷേ സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍?

കാസര്‍കോഡ് വോര്‍ക്കാടിയിലെ കൃഷി വിജ്ഞാന കേന്ദ്രം ആരംഭിച്ചനാള്‍ മുതല്‍ അവിടെയുള്ള ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതാണ്- ഇതാര്‍ക്കുവേണ്ടിയാണ്? 1984-ലാണ് കൃഷിവിജ്ഞാനം പ്രവര്‍ത്തനം തുടങ്ങുന്നത്. 1997-ല്‍ വാടക ഭൂമിയില്‍ കെവികെ സ്വന്തമായി ഒരു കെട്ടിടം നിര്‍മിച്ചു. അപ്പോഴും ജനം ചോദിച്ചത് ഇതുകൊണ്ട് ഞങ്ങള്‍ക്ക് എന്തു പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത്? പക്ഷേ, പോകെപ്പോകെ സബ് സെന്‍റര്‍ അവഗണനയുടെ കാട് മൂടി; ഉദ്യോഗസ്ഥരില്ല, പ്രവര്‍ത്തിക്കാന്‍ ഫണ്ടുമില്ല. ജനങ്ങള്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ തേടിപ്പോയി. എന്നാല്‍ ഇപ്പോഴിതാ കൊല്ലങ്ങളോളം കാടുമൂടി കിടന്ന കെട്ടിടത്തില്‍ ആളും അനക്കവും ഉണ്ടായിരിക്കുന്നു.

കാസറഗോഡിന്റെ വടക്കെ മണ്ഡലമായ മഞ്ചേശ്വരത്ത് ഏറ്റവും വടക്കായി കര്‍ണാടകത്തിനോട് അതിര്‍ത്തി പങ്കിട്ട് കിടക്കുന്ന വോര്‍ക്കാടിയില്‍, മൂന്ന് ദശാബ്ദം മുന്‍പ് തുറന്ന കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സബ്‌സെന്ററിനായി പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങള്‍ ഉണ്ടാക്കിയിടുകയും ഭൂമി വാടകയായി വലിയൊരു തുക ചെലവാക്കുകയും ചെയ്തിട്ടുമെല്ലാം ഇത്രകാലവും വലിയ അവഗണന നേരിടേണ്ടി വന്നത് എന്തുകൊണ്ടായിരിക്കാം, ഇപ്പോള്‍ വീണ്ടും പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത് മുന്നോട്ട് പോകുമോ? ജനങ്ങളുടെ ആശങ്കകളാണ്.

ഒരുപക്ഷേ ഈ സബ് സെന്റര്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം നല്ലതു തന്നെയായിരുന്നിരിക്കണം. ഈ അതിര്‍ത്തി പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഒരു കാലത്ത് കാര്‍ഷികവേലയില്‍ ഏര്‍പ്പെട്ടവരായിരുന്നു. അങ്ങനെയുള്ളൊരിടത്ത് ജനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കികൊണ്ട് കെവികെ സബ് സെന്റര്‍ പ്രവര്‍ത്തനം നടത്തുന്നത് എന്തുകൊണ്ടും നല്ലതു തന്നെ. പക്ഷേ പൊതുപണം ധൂര്‍ത്തടിക്കാനുള്ളൊരു മാര്‍ഗം എന്നല്ലാതെ വോര്‍ക്കാടിയിലെ കെവികെ സബ്‌സെന്ററിനെ മറ്റൊരു തരത്തിലും കാണാന്‍ പഞ്ചാത്തിലെ ജനങ്ങള്‍ക്കു കഴിഞ്ഞില്ല. പ്രകൃതിയില്‍ നിന്നേല്‍ക്കുന്ന തിരിച്ചടികളും അതിനേക്കാള്‍ ക്രൂരമായ സര്‍ക്കാര്‍ അവഗണനയും കൂടി ചേര്‍ന്നപ്പോള്‍ ജീവിതം ദുരിതപൂര്‍ണമായ ജനം ജീവിക്കാന്‍ പലമാര്‍ഗങ്ങളും തേടിപ്പോയി. കൃഷിയിടങ്ങള്‍ അനാഥമായി. കര്‍ഷകര്‍ കൃഷിയില്‍ നിന്നും അകന്നു. ഇപ്പോള്‍ വോര്‍ക്കാടി ഒരു കാര്‍ഷിക ഗ്രാമം ആണെന്നു പറയാന്‍ കഴിയുമോ എന്നറിയില്ല. അങ്ങനെയുള്ളിടത്ത് കാടുവെട്ടി തെളിച്ച് കെവികെ സബ്‌സെന്റര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

kvk-3

കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സബ്‌സെന്റര്‍ ഉള്ള വോര്‍ക്കാടിയിലെ മറ്റു ചില കാഴ്ചകള്‍ കൂടി കാണണം. പഞ്ചായത്തില്‍ ഏഴ് എയ്ഡഡ് സ്‌കൂളുകളും, അഞ്ച് ഏകാധ്യാപക വിദ്യാലയങ്ങളുമുണ്ട്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ വിദ്യാലയമായി ഒരേയൊരെണ്ണം മാത്രമാണുള്ളത്. അതും ഒരു എല്‍ പി സ്‌കൂള്‍. പത്തൊന്‍പത് വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന ഇവിടെ നാല് അധ്യാപകരുണ്ട്. പഞ്ചായത്തിലെ 25785 പേര്‍ക്കുമായി ഒരേയൊരു പ്രാഥമികാരോഗ്യ കേന്ദ്രം. കുടിവെള്ളത്തിനായി വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും അതിര്‍ത്തി കടക്കുന്ന, റേഷന്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടി പോകേണ്ട ജനങ്ങള്‍.

വര്‍ഷങ്ങളോളം കാടുമൂടിക്കിടന്ന കെട്ടിടം ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തോടെയാണ് വീണ്ടും പ്രവര്‍ത്തന സജ്ജമായത്. റോഡരികില്‍ തെളിഞ്ഞു വന്ന കാര്‍ഷിക കേന്ദ്രത്തില്‍ വളരെ കൗതുകത്തോടെയായിരുന്നു, ഞങ്ങള്‍ കയറിയത്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ ബോര്‍ഡ് വെച്ച കാറും, പരിസരത്തെ തങ്ങിന്‍ തൈകള്‍ക്ക് നമ്പര്‍ ഇടുന്ന പണിയില്‍ മുഴുകിയിരിക്കുന്ന ചെറുപ്പക്കാരും സ്ഥാപനത്തിനകത്ത് ആളുകളുണ്ടെന്ന് തോന്നിപ്പിച്ചു. കയറിച്ചെന്നപ്പോള്‍ രണ്ട് മുറികള്‍ മാത്രം തുറന്നിട്ടുണ്ട്. രണ്ടു മുറികളിലും ഓരോ ജീവനക്കാര്‍ വീതം ഉണ്ടായിരുന്നു. കെട്ടിടത്തിനകം മുഴുവനൊന്ന് കണ്ണോടിച്ചപ്പോള്‍, ആഴ്ചകള്‍ക്ക് മുന്‍പ് ആരോ വൃത്തിയാക്കിയെടുത്ത പ്രേതാലയ സമാനമായ ഒരന്തരീക്ഷമാണ് ഓര്‍മ്മ വന്നത്. ഓഫീസിനകത്ത് കൃഷി ഓഫിസര്‍ അബ്ദുുള്‍ കരീം ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം.

ഇവിടെ ഒരു കൃഷിവിജ്ഞാന കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഭാഷാ ന്യൂനപക്ഷങ്ങളെക്കൂടി വികസനത്തിന്റെ ഭാഗമാക്കാനും, എണ്‍പത് ശതമാനത്തിലധികവും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗ്രാമീണര്‍ക്ക് വളര്‍ച്ചയുടെ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചുകൊടുക്കാനുമൊക്കെയായിരുന്നു. വോര്‍ക്കാടി പഞ്ചായത്തിലെ 16.05 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് സര്‍വ്വകലാശാല നടത്തിവന്ന വിജ്ഞാന കേന്ദ്രം കഴിഞ്ഞ നാല് മാസം മുന്‍പ് വരെ കാട് മൂടിക്കിടക്കുന്ന പ്രേതാലയമായിരുന്നു. സമീപത്തുകൂടി കാല്‍നടയായി യാത്ര ചെയ്യുന്നവര്‍ക്ക് പോലും കാടിനകത്തൊരു കെട്ടിടമുണ്ടെന്ന് തിരിച്ചറിയാന്‍ പോലും പ്രയാസമായ അന്തരീക്ഷം. പന്ത്രണ്ട് പോസ്റ്റുകള്‍ നിലവിലുള്ള സ്ഥാപനത്തില്‍ 2007ല്‍ നിയമിച്ച ഹെഡ് ഓഫീസര്‍ പോസ്റ്റ് തൊട്ടടുത്ത വര്‍ഷം മുതല്‍ അനാഥമായി തുടങ്ങി. പിന്നീട് ആ പോസ്റ്റിലേക്ക് ഒരു ഉദ്യോഗസ്ഥനെത്തുന്നത് 2016 ഓഗസ്ത് മാസത്തിസത്തിലാണ്. 2005-2011 വരെ ഒരു ടൈപ്പിസ്റ്റ് മാത്രം ഓഫീസ് നിയന്ത്രിച്ചുകൊണ്ടിരുന്നു. നിലവില്‍ ഹെഡ് ഓഫീസറും ഒരു ഓഫീസ് സ്റ്റാഫും പിന്നെ താല്‍പര്യമുള്ള നാട്ടുകാരും ചേര്‍ന്ന് ഓഫീസിനെ ജീവന്‍ വെപ്പിക്കാനുള്ള തത്രപ്പാടിലാണ്.

"ഈ മണ്ണില്‍ കായ്ക്കാന്‍ മടിക്കുന്ന വിളകള്‍ കായ്പിടിപ്പിച്ചെടുക്കുന്നതാണ് എന്റെ ആദ്യ ദൗത്യം. കുടിവെള്ളക്ഷാമം കാരണം നെട്ടോട്ടമോടുന്ന ജനങ്ങളില്‍ പലരും എനിക്ക് കുടിക്കാനും ചെടികള്‍ക്ക് നനയ്ക്കാനും വെള്ളം നല്‍കി സഹായിക്കുന്നുണ്ട്. എന്റെ മനസ്സില്‍ വ്യക്തമായൊരു പ്ലാനുണ്ട്. അതിനനുസരിച്ച്, സര്‍ക്കാര്‍ ഫണ്ടു നല്‍കി സഹായിക്കാന്‍ തയ്യാറായാല്‍ ഈ തുളുമണ്ണിനെ ലോകശ്രദ്ധയിലെത്തിക്കാന്‍ പോന്ന പദ്ധതികളാണ് അവയൊക്കെ." റിട്ടയര്‍മെന്റിന് രണ്ടു വര്‍ഷം ബാക്കി നില്‍ക്കെ മനപ്പൂര്‍വ്വം ട്രാന്‍സ്ഫര്‍ വാങ്ങി വോര്‍ക്കാടിന് വണ്ടികയറിയ കൃഷിയോഫീസറായ തലശ്ശേരിക്കാരന്‍ അബ്ദുള്‍ കരീം പറഞ്ഞു. പണിഷ്‌മെന്റ് ട്രാന്‍സ്ഫറുകളുടെ ചവറ്റുകൊട്ടയായി മുദ്രകുത്തപ്പെട്ട ഈ നാട്ടിലും ജനങ്ങള്‍ താമസിക്കുന്നുണ്ടെന്ന് മറന്ന് സര്‍ക്കാര്‍ ശമ്പളം പറ്റി നഗരങ്ങളില്‍ ജോലിനോക്കുന്ന ഉദ്യോഗസ്ഥരെ മാത്രം പരിചയിച്ച ഇവിടുത്തുകാര്‍ക്ക് അബ്ദുല്‍ കരീം പുതിയൊരു അനുഭവവും, പാഠവുമാണ്. പക്ഷേ ജോലി ചെയ്യാന്‍ ആഗ്രഹമുള്ള ഉദ്യോഗസ്ഥനും അദ്ദേഹത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്ന നാട്ടുകാരും ഉണ്ടായിട്ടും മാത്രം കാര്യമില്ല. സര്‍ക്കാരിന്റെ കനിവുകൂടി ഉണ്ടാകണം.

kvk-2

കാര്‍ഷിക മേഖലയില്‍ സേവനമനുഷ്ടിച്ച് തഴക്കം വന്ന അബ്ദുള്‍ കരീമിന്റെ കൈകളില്‍ ഇന്ന് സര്‍വ്വകലാശാലയുടെ വിജ്ഞാനകേന്ദ്രം സുരക്ഷിതമായിരിക്കുമെന്നാണ് അദ്ദേഹത്തെ നാലുമാസത്തെ പരിചയം മാത്ര മുള്ള നാട്ടുകാരും, പഞ്ചായത്ത് അംഗങ്ങളും പറയുന്നത്. തെങ്ങ്, കശുവണ്ടി, നെല്ലിക്ക, സപ്പോട്ട, ചെറുനാരങ്ങ തുടങ്ങിയ വിളകളുടെ വികസനവും, പരിപോഷണവും ലക്ഷ്യമായി തുടങ്ങിയ കേന്ദ്രത്തിന്‍ ഇതിനോടകം തന്നെ തെങ്ങുകളുടെ പരിപോഷണവും പച്ചക്കറി വിളകളുടെ കൃഷിയും നടന്നുവരുന്നുണ്ട്.

ഭാഷകൊണ്ടും, ജീവിത രീതികള്‍കൊണ്ടും വേറിട്ടുനില്‍ക്കുന്ന ഒരു ജനതയെ കഠിനാധ്വാനികളായ കര്‍ഷകരാക്കിതീര്‍ക്കുക എന്നത് ഒരു ബാലികേറാമലയായിരിക്കെ, സര്‍ക്കാര്‍ വളരെയധികം താത്പര്യം കാണിച്ചില്ലെങ്കില്‍ കെവികെയുടെ സബ് സെന്ററിനെ ഇത് നന്നായി ബാധിക്കും. കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ പണി തുടങ്ങിയ കാലത്ത് തന്നെ തറക്കില്ലിട്ട ട്രെയ്‌നേഴ്‌സിനുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. അതിപ്പോഴും കാടെടുത്ത് നശിക്കുകയാണ്. ഓഫീസ് സ്റ്റാഫ് നിയമനവും പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ടും ലഭിച്ചുകഴിഞ്ഞാല്‍ അധികം താമസിയാതെ കേന്ദ്രത്തെ ജീവന്‍ വെപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഇവിടെയുള്ള അബ്ദുള്‍ കരീമിനെ പോലുള്ളവര്‍ പറയുന്നത്. അതിനുപക്ഷേ സര്‍ക്കാര്‍ സഹായിച്ചേ തീരൂ. ഒന്നും ചെയ്യാന്‍ ഭാവമില്ലെങ്കില്‍ ഈ സബ്‌സെന്റന്‍ പൂട്ടുക. അതിനുവേണ്ടി മുടക്കുന്ന തുക ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി ഉപയോഗിക്കുക; നാട്ടുകാരുടെ വാക്കുകള്‍ തന്നെയാണിത്.

(മാധ്യപ്രവര്‍ത്തകയാണ് ദില്‍ന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories