Top

മലാപ്പറമ്പ് സ്കൂള്‍ മാനേജരുടെ സഹോദരനുമുണ്ട് ഒരു സ്കൂള്‍; പൊളിക്കില്ല, മാതൃക വിദ്യാലയമാക്കും

മലാപ്പറമ്പ് സ്കൂള്‍ മാനേജരുടെ സഹോദരനുമുണ്ട് ഒരു സ്കൂള്‍; പൊളിക്കില്ല, മാതൃക വിദ്യാലയമാക്കും

സുഫാദ് ഇ മുണ്ടക്കൈ

സാമ്പത്തിക നഷ്ടവും കുട്ടികളുടേയും അദ്ധ്യാപകരുടേയും കുറവുമെല്ലാം സ്‌കൂളൂകള്‍ അടച്ചുപൂട്ടാന്‍ കാരണങ്ങളാകുന്ന പുതിയ കാലത്ത് തീര്‍ത്തും വ്യത്യസ്തമാവുകയാണ് നരിക്കാട്ടേരി ലക്ഷ്മീ വിലാസം സ്‌കൂള്‍. ചാത്തോത്ത് സ്‌കൂള്‍ എന്നാണ് നാട്ടുകാര്‍ വിളിയ്ക്കുക. വര്‍ഷങ്ങളായി ഹിന്ദു മതത്തില്‍ പെട്ട കുട്ടികള്‍ മാത്രം പഠിച്ചുവരുന്ന സ്‌കൂള്‍ എന്ന നിലയിലോ, കേവലം 34 കുട്ടികള്‍ മാത്രമാണുള്ളതെങ്കിലും രക്ഷിതാക്കളുടെ ശക്തമായ ഈടപെടലുകളെതുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ എന്ന നിലയിലോ മാത്രമല്ല ചാത്തോത്ത് സ്‌കൂള്‍ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത്. അടച്ചുപൂട്ടല്‍ നടപടിയിലൂടെ വിവാദമായ മലാപ്പറമ്പ് സ്‌കൂളിന്റെ മാനേജറുടെ അനുജനായ പി കെ സദാനന്ദനാണ് ഈ സ്‌കൂളിന്റെ മാനേജര്‍ എന്ന നിലയില്‍ കൂടിയാണ്.

മലാപ്പറമ്പില്‍ തന്റെ സഹോദരന്‍ സാധിക്കാത്തത് എങ്ങനെയാണ് സദാനന്ദന് നരിക്കാട്ടേരിയില്‍ സാധിക്കുന്നത്? ഒരുപാട് പ്രതിസന്ധികളുണ്ടെങ്കിലും ഇത്ര സജീവമായി എങ്ങനെയാണ് ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്? ഇത്രമാത്രം ക്രിയാത്മകമായി ഇടപെടാന്‍ രക്ഷകര്‍ത്താക്കളെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്? ഇംഗ്ലിഷ് മീഡിയമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് എന്തുകൊണ്ടാണ് ഈ ഗ്രാമീണര്‍ തങ്ങളുടെ മക്കളെ ഈ സ്‌കൂളില്‍ തന്നെ ചേര്‍ക്കുന്നത്? ഇരുത്തി ചിന്തിപ്പിച്ചേക്കാവുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ ചാത്തോത്ത് സ്‌കൂളൊന്ന് സന്ദര്‍ശിക്കണം. ശീതീകരിച്ച ക്ലാസ് മുറികളോ ഓടിക്കളിക്കാന്‍ വിശാലമായ കളിസ്ഥലമോ ഇല്ലെങ്കിലും ഇവിടുത്തെ കുരുന്നുകള്‍ അക്ഷരം നുണയുന്നത് ഒരുപാട് ആസ്വദിച്ചുകൊണ്ടാണ്. അത് പ്രാപ്യമാക്കുന്നതാവട്ടെ അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും നിതാന്തമായ പരിശ്രമവും. ഇവിടെയാണ് ചാത്തോത്ത് സ്‌കൂള്‍ മറ്റ് സ്‌കൂളുകള്‍ക്ക് മാതൃകയാകുന്നതും.

മാനേജര്‍ക്ക് അമിതമായി ഒരു ഇടപെടലുകളും നടത്താന്‍ കഴിയാത്ത വിധം സുശക്തമാണ് ഇവിടുത്തെ പി ടി എ. 'ഒരുപാട് പ്രശ്‌നങ്ങളുണ്ടെങ്കിലും സ്‌കൂള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മാനേജറുടെ സഹകരണമാണ്. ഞങ്ങള്‍ രക്ഷിതാക്കള്‍ ഒരു കാര്യത്തിലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ല. അടിയന്തിര പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളിലല്ലാതെ അദ്ദേഹത്തോട് സാമ്പത്തികമായ ഇടപെടലുകള്‍ നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടാറുമില്ല. മാനേജരുടെ പരിമിതികളെ കുറിച്ച് ഞങ്ങള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ട'. ചാത്തോത്ത് സ്‌കൂളിന്റെ പി ടി എ പ്രസിഡന്റ് ദിലീപ് പറയുന്നു.

'സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സാമ്പത്തികമായ പല തടസ്സങ്ങളുമുണ്ടായപ്പോഴും രക്ഷിതാക്കള്‍ നാട്ടുകാരുടെ സഹായത്തോടെ അതിന് പരിഹാരം കാണാന്‍ തയ്യാറായിരുന്നു. ക്ലാസ് മുറിക്കകത്തെ അടിസ്ഥാന സൗകര്യ വികസനമാണിനി പ്രധാനമായി നടത്താന്‍ ഉദ്ദ്യേശിക്കുന്നത്. ബെഞ്ചും ഡസ്‌കും ബ്ലാക്ക് ബോര്‍ഡുമെല്ലാം മാറ്റേണ്ട കാലം കഴിഞ്ഞു. അതൊന്നു പുതുക്കണം. ഒരുപാട് പണച്ചിലവുള്ളതുകൊണ്ടുതന്നെ മാനേജര്‍ സഹകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്', ദിലീപ് കൂട്ടിച്ചേര്‍ത്തു.പാഠ്യേതരകാര്യങ്ങളിലും പഠന കാര്യങ്ങളിലും ക്രിയാത്മകമായി ഇടപെടാന്‍ പി ടി എ - യെ സഹായിക്കുന്ന പ്രധാന ഘടകം അദ്ധ്യാപകരുടെ സഹകരണമാണ്. ക്ലാസ് മുറിക്കകത്തും പുറത്തും ഒരുപോലെ ഇടപെടുന്ന 5 അദ്ധ്യാപകരാണ് ചാത്തോത്ത് സ്‌കൂളിന്റെ കരുത്ത്. ഇവര്‍ ഈ സ്‌കൂളിലെ കുട്ടികളുടെ കാര്യങ്ങളില്‍ മാത്രമല്ല, ഈ ഗ്രാമത്തിലെ മറ്റു സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ കുറിച്ചും ശ്രദ്ധാലുക്കളാണ്. യഥാര്‍ത്ഥത്തില്‍ ഒറ്റക്കുട്ടിപോലും അറബി ഉപഭാഷയായി പഠിക്കാത്ത ഈ സ്‌കൂളില്‍ ഒരു അറബിക് അദ്ധ്യാപകനുണ്ട്. 'കാരണം 5 വര്‍ഷം മുന്‍പ് വരെ ഇവിടെ മുസ്ലിം മത വിഭാഗത്തിലെ കുട്ടികള്‍ പഠിച്ചിരുന്നു. അപ്പൊഴാണ് അറബി അദ്ധ്യാപകനെ നിയമിച്ചത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി മറ്റുവിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ ഇവിടെ പഠിയ്ക്കാറില്ല. പൊരുമുണ്ടച്ചേരിയിലെ മാപ്പിള യു പി സ്‌കൂളിലാണ് അവര്‍ ചേരുന്നത്. ഈ പ്രവണത അവസാനിപ്പിക്കുവാനും അവരെ ഇങ്ങോട്ട് ആകര്‍ഷിക്കുവാനും ഞങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ടെങ്കിലും അത് ഇതുവരെ വിജയിച്ചിട്ടില്ല. അതുകൊണ്ടാണ് ഇത് ഹിന്ദു മതവിഭാഗത്തിലെ കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളായി മാറുന്നത്'. ദിലീപ് പറയുന്നു.

പാഠപുസ്തകങ്ങള്‍ക്ക് പുറത്തിറങ്ങിക്കൊണ്ടുള്ള പഠനമാണ് കുട്ടികളിലെ പഠന നിലവാരം ഉയര്‍ത്തുന്ന പ്രധാനഘടകം. ആനുകാലിക വിജ്ഞാനവും പൊതു അവബോധവും വര്‍ധിപ്പിക്കുന്നതിന്ന് ആവശ്യമായ പല പരിപാടികളും കൃത്യമായി ഇവിടെ നടക്കുന്നു. ക്ലാസ് തലത്തില്‍ നടത്തുന്ന ക്വിസ് മത്സരങ്ങളും പത്രവാര്‍ത്തകളെ അധികരിച്ച് നടക്കുന്ന പ്രവര്‍ത്തികളും കുട്ടികളില്‍ തന്നെ ഉത്സാഹം വര്‍ധിപ്പിക്കുന്നവയാണ്. ഇത്തരത്തില്‍ മറ്റ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍.

കേരളത്തില്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്ന ആയിരക്കണക്കിന് എയ്ഡഡ് സ്‌കൂളുകളുകളുണ്ടെന്നും നമ്മുടെ സ്‌കൂളും അത്തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടേക്കാം എന്നുമുള്ള പൂര്‍ണ്ണ ബോധ്യമുള്ളവരാണ് ഇവിടുത്തെ രക്ഷിതാക്കള്‍. അതുകൊണ്ട്തന്നെ അവര്‍ തമ്മിലുള്ള പരസ്പരസഹകരണവും സ്‌കൂളിന്റെ വിജയത്തില്‍ നിര്‍ണ്ണായക ഘടകമാവുകയാണ്. രണ്ട് വര്‍ഷം മുന്‍പുവരെ ഒന്നാം ക്ലാസില്‍ നാലുപേര്‍ മാത്രം പുതുതായി ചേര്‍ന്നിടത്ത് ഇന്നത് ഇരുപതിലധികമായി ഉയര്‍ന്നിരിക്കുന്നു. ക്ലാസില്‍ വരാത്ത കുട്ടികളുടെ വിവരങ്ങള്‍ വിളിച്ചന്വേഷിച്ചും, അസുഖമുള്ള കുട്ടികളെ വീട്ടില്‍ പോയി സന്ദര്‍ശിച്ചും ഇവര്‍ മാതൃകയാകുന്നു.'വിദ്യാഭ്യാസത്തെ ഒരു കച്ചവടം മാത്രമായി കാണാത്ത മാനേജ്‌മെന്റും, പാഠപുസ്തകം മാത്രം പഠിപ്പിച്ചാല്‍ തങ്ങളുടെ ധര്‍മ്മം തീര്‍ന്നുവെന്ന് വിചാരിക്കാത്ത അധ്യാപകരും, തങ്ങളുടെ കുട്ടികളെ സ്‌കൂളിലയച്ചാല്‍ ഉത്തരവാദിത്തം തീര്‍ന്നുവെന്ന് കരുതാത്ത രക്ഷിതാക്കളുമാണ് ഈ സ്‌കൂളിന്റെ കരുത്ത്.' നാട്ടുകാരനായ അനില്‍കുമാര്‍ പറയുന്നു.

മലാപ്പറമ്പ് സ്‌കൂളിന്റെ മാനേജറെ പോലെ ആദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ ചാത്തോത്ത് സ്‌കൂളിന്റെ മാനേജര്‍ക്ക് പെരുമാറാന്‍ കഴിയാത്തത് അദ്ധേഹത്തിന്റെ ഉള്ളിലെ നന്മകൊണ്ട് മാത്രമല്ല, മറിച്ച് ഒന്ന് മാറി ചിന്തിക്കാന്‍ ഇട നല്‍കാത്ത വിധം ശക്തമായി രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും പ്രവര്‍ത്തിക്കുന്നതുകൊണ്ട് കൂടിയാണ്. ഒരു പക്ഷെ തുടക്കം മുതലുള്ള ഇത്തരം ജാഗ്രതക്കുറവ് തന്നെയായായിരിക്കാം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ക്ക് വിനയായതും.

ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളും സന്തുഷ്ടരാണ്. ആഡംബര സ്‌കൂളുകള്‍ ഇവരെ പ്രലോഭിപ്പിക്കാതിരിക്കുന്നതിനു പിന്നില്‍ കൂട്ടായ പരിശ്രമങ്ങളുടെ കെട്ടുറപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ ചാത്തോത്ത് സ്‌കൂള്‍ കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കുന്ന പാഠങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും ഒരു സ്‌കൂളും അടച്ചുപൂട്ടേണ്ടിവരില്ല. ഒരു സ്‌കൂളിലും ഒന്നാം ക്ലാസില്‍ ചേരാന്‍ കുട്ടികളെ കിട്ടാത്ത അവസ്ഥ ഉണ്ടാവില്ല. ഒരു മാനേജര്‍ക്കും സ്‌കൂളുകള്‍ തകര്‍ക്കാന്‍ തോന്നില്ല.

എന്നാല്‍ നിലവില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ വേണ്ടി ഉയരുന്ന നിലവിളികളില്‍ ഇവര്‍ അസ്വസ്തരാണ്. പൊതു സമൂഹത്തിന്റേയും ഗണ്മെന്റിന്റേയും ജാഗ്രതക്കുറവാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണമെന്ന് ഇവര്‍ കരുതുന്നു. മലാപ്പറമ്പ് സ്‌കൂള്‍ മാനേജര്‍ കോടതിയില്‍ നിന്നും നേടിയ വിജയം ഇതേ നിലപാടുകളുള്ള പല മാനേജര്‍മാര്‍ക്കും ഒരു പ്രചോദനമായിത്തീരുമെന്നും ഈ ഗ്രാമവാസികള്‍ ആശങ്കപ്പെടുന്നു. കേരള വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് ഏകമാര്‍ഗ്ഗം. അതിനിയും വൈകിക്കൂടാ. ഒരു വര്‍ഷം മുന്‍പ് തന്നെ നോട്ടീസ് നല്‍കിയാല്‍ മാനേജര്‍ക്ക് സ്‌കൂള്‍ അടച്ചുപൂട്ടാം എന്ന് പറയുന്ന നിയമം തിരുത്തിയില്ലെങ്കില്‍ മലാപ്പറമ്പുകള്‍ ഇനിയും ആവര്‍ത്തിയ്ക്കുമെന്നും ഇവര്‍ പറയുന്നു.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories