Top

ലാല്‍ ജോസും ആഷിഖ് അബുവും; മലയാള സിനിമയില്‍ ഉടലെടുക്കുന്ന പുത്തന്‍ കോമ്രേഡ്ഷിപ്പ്

ലാല്‍ ജോസും ആഷിഖ് അബുവും; മലയാള സിനിമയില്‍ ഉടലെടുക്കുന്ന പുത്തന്‍ കോമ്രേഡ്ഷിപ്പ്

മലയാള സിനിമയിലെ പ്രഗത്ഭന്മാരായി ഒരേസമയം വാണിരുന്ന രണ്ടു സംവിധായകര്‍. അവരിലൊരാളോട് പത്രപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചു; മറ്റേ സംവിധായകന്റെ സിനിമകള്‍ കാണാറുണ്ടോ? ചോദ്യകര്‍ത്താവിനെ ഇരുത്തിയൊന്നു നോക്കിയിട്ടായിരുന്നു ഉത്തരം; ആദ്യം അവനൊരു സിനിമയെടുക്കട്ടെ...

ഇതേ ചോദ്യം മറ്റേയാളോടു ചോദിച്ചാലും ഉത്തരം ഇതൊക്കെ തന്നെയായിരിക്കും എന്നതാണ് രസം.

പരിഹാസവും പാരവെയ്പ്പും നിര്‍ബാധം തുടര്‍ന്നുപോന്നിരുന്ന മലയാള സിനിമയും മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് അംബുജാക്ഷന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. അതിനു കാരണം രണ്ടു പേരാണ്, സംവിധായകരായ ആഷിഖ് അബുവും ലാല്‍ ജോസും. സംവിധായകരെന്ന നിലയില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ നല്‍കിയവരാണിരുവരും. അതുമാത്രമല്ലാതെ ഇവരെ ഇഷ്ടപ്പെടാന്‍ ഇപ്പോള്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരിക്കുന്നു. ആ കാരണം മലയാള സിനിമ വ്യവസായത്തിനാകെ ഉണര്‍വ് നല്‍കുമെന്ന് തീര്‍ച്ചയാണ്.

മലയാള സിനിമയ്ക്ക് പരിചയമില്ലാത്ത ഒരു വാക്ക് ആയിരിക്കും കോമ്രേഡ്ഷിപ്പ്. പരസ്പരം പാരവയ്ക്കാനും പരിഹസിക്കാനും പൊതുവേദിയില്‍ വച്ച് കാണുമ്പോള്‍ ചിരിച്ചു കെട്ടിപ്പിടിക്കാനും മാത്രമറിയുന്ന സിനിമാക്കാരാണ് ഇവിടെ കൂടുതലുള്ളത്. പരസ്പരം സഹായിക്കുന്ന (വ്യക്തിപരമായല്ല) സിനിമാക്കാരെ വളരെ അപൂര്‍വമാണ് കാണാറുള്ളതും. അവിടെയാണ് താന്‍ കാരണം മറ്റൊരാളുടെ സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെങ്കില്‍ ആ സഹായം മടികൂടാതെ ചെയ്യാന്‍ തയ്യാറായി ആഷിഖും ലാല്‍ ജോസും മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ഒഴിവുദിവസത്തെ കളി വിതരണത്തിനെടുത്ത് ഈ ജൂണ്‍ 17 മുതല്‍ തിയേറ്ററുകളില്‍ എത്തിക്കുകയാണ് ആഷിഖ്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ അഭിനന്ദനം ഏറ്റുവാങ്ങിയ സിനിമയാണ് ഒഴിവുദിവസത്തെ കളി. എന്നാല്‍ താരസാന്നിധ്യമില്ലാത്തതും സംവിധായകന്‍ വാണിജ്യവിജയം നേടിയ ചിത്രങ്ങള്‍ ചെയ്തിട്ടില്ലാത്തതിനാലും മികച്ചൊരു ചലച്ചിത്രം തീയേറ്ററുകളില്‍ എത്താന്‍ കഴിയാത്ത അവസ്ഥ വന്നു.

അവാര്‍ഡ് കിട്ടുന്ന സിനിമകള്‍ ജനം കാണില്ലെന്ന മൂഢവിശ്വാസം ഇപ്പോഴും വച്ചു പുലര്‍ത്തുന്നവരാണ് നമ്മുടെ വിതരണക്കാരും തിയേറ്റര്‍ ഉടമകളും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെഎസ്എഫ്ഡിസിയുടെ ചെയര്‍മാനായി വന്നശേഷമാണ് സര്‍ക്കാര്‍ തിയേറ്ററുകളില്‍ പോലും സമാന്തരസിനിമകള്‍ക്കുണ്ടായിരുന്ന അയിത്തം മാറിയത്. ബാഹുബലിയുടെ ഒരു ഷോ എടുത്തുമാറ്റിയിട്ടു കന്യക ടാക്കീസ് എന്ന ചിത്രം കൈരളിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഉണ്ണിത്താന്‍. ഉണ്ണിത്താന്റെ കാര്യം മാറ്റിനിര്‍ത്തിയാല്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭരിച്ചിരുന്നപ്പോള്‍ പോലും (ഇനിയത്തെ കാര്യം അറിയില്ല) പലപ്പോഴും സമാന്തര സിനിമകള്‍ക്ക് പുറംപോക്കിലായിരുന്നു സ്ഥാനം.ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം മലയാള സിനിമയുടെ കലാമേന്മ ഉയരുകയില്ല. ഓം ശാന്തി ഓശാന പോലുള്ള ചിത്രങ്ങള്‍ക്കൊക്കെ കലാമൂല്യത്തിനുള്ള പുരസ്‌കാരം കിട്ടുമ്പോള്‍ ജനം മിണ്ടാതിരിക്കുന്നത് അവര്‍ നല്ല സിനിമകള്‍ കാണാത്തവരായതുകൊണ്ടാണ്.

പ്രേക്ഷകനെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന സിനിമകള്‍ക്കാണ് മാര്‍ക്കറ്റുള്ളത്, അല്ലെങ്കില്‍ അറിയപ്പെടുന്ന താരങ്ങള്‍ വേണം. ഇതുരണ്ടുമില്ലാത്തവ ഏതെങ്കിലും ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കാം. ഇത്തരത്തില്‍ നേരിടുന്ന അവഗണന സഹിക്കാന്‍ തയ്യാറാകാതെയാണ് സനലിനെ പോലുള്ളവര്‍ ജനകീയ സിനിമാപ്രസ്ഥാനത്തിന്റെ മാതൃകയില്‍ തങ്ങളുടെ സിനിമയുമായി ഗ്രാമങ്ങളിലേക്ക് ഇറങ്ങിയത്. പണ്ട് ജോണ്‍ എബ്രഹാമൊക്ക കാണിച്ച അതേവഴി. ഗ്രാമങ്ങളില്‍ കറയില്ലാത്ത പ്രേക്ഷകരുണ്ട്. അവരില്‍ ഭൂരിഭാഗവും ഫെസ്റ്റിവലുകളില്‍ വരുന്നവരായിരിക്കില്ല. ദൂര്‍ദര്‍ശന്‍ പോലും പഴയപോലെ സമാന്തര സിനിമകളുടെ ടെലികാസ്റ്റ് നടത്താത്തതിനാല്‍ സമാന്തര ചിത്രങ്ങള്‍ ഗ്രാമീണപ്രേക്ഷകനിലേക്ക് എത്താതെ പോകുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷം നോക്കിയാല്‍ തന്നെ, പ്രേക്ഷകശ്രദ്ധ കിട്ടാതെ പോയ മികച്ച ഒരുപിടി ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്റെ തന്നെ ഒരാള്‍പൊക്കം. മനോജ് കാനയുടെ അമീബ, കെ ആര്‍ മനോജിന്റെ കന്യക ടാക്കീസ്, മനുവിന്റെ മണ്‍ട്രോതുരുത്ത്, എന്‍ കെ മുഹമ്മദ്‌കോയയുടെ ആലിഫ്, സുദേവന്റെ ക്രൈം നമ്പര്‍ 89, സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍ എന്നിവയെല്ലാം പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ മാത്രമല്ല, കണ്ടവരെല്ലാം തന്നെ നല്ലതെന്ന് അഭിപ്രായപ്പെട്ട സിനിമകളുമാണ്. എന്നിട്ടും ഇവ തിയേറ്ററുകളില്‍ പരാജയപ്പെടുമെന്ന് തീര്‍ച്ചപ്പെടുത്തുന്നത് ആരാണ്? ആരുടെ വാശിയാണിവിടെ ജയിക്കുന്നത്?

മലയാളത്തിലെ വാണിജ്യസിനിമാലോകം എക്കാലവും സമാന്തരസിനിമകളെയും സിനിമാക്കാരെയും കത്യമായി അകലത്തില്‍ നിര്‍ത്തിയിരുന്നു; തങ്ങളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും. ജനപ്രിയത എന്നാല്‍ കച്ചവട ചിത്രങ്ങളാണെന്നു വരുത്തി തീര്‍ത്തു. ഇക്കാര്യത്തില്‍ പ്രേക്ഷകരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അവര്‍ക്ക് കിട്ടുന്നതാണ് കാണുന്നത്. ഇന്നും ബംഗാളി ചിത്രങ്ങളും ലാറ്റിനമേരിക്കന്‍ സിനിമകളും മലയാളിയുടെ ഫേവറെറ്റുകളാണ്. എന്നാല്‍ ഒരുകാലത്ത് ഇന്ത്യന്‍ സിനിമാലോകം തന്നെ പുകഴ്ത്തിയിരുന്ന മലയാളം ഇന്‍ഡസ്ട്രിയുടെ സ്ഥാനം എവിടെയാണ്? കച്ചവട വിജയം നേടിയ ചിത്രങ്ങളല്ലായിരുന്നു, കലാമൂല്യമുള്ള സൃഷ്ടികളായിരുന്നു മലയാളത്തിന് അന്തര്‍ദേശീയ രംഗത്തുവരെ സ്ഥാനം നേടിക്കൊടുത്തത്. പിന്നീട് കച്ചവടക്കാര്‍ രംഗം കൈയടക്കിയതോടെ അവരുടെ ബിസിനിസ് വിജയിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതിന്റെ ഫലമായി സമാന്തര സിനിമകള്‍ അവാര്‍ഡ് പടങ്ങളെന്ന പേരിലും ഉച്ചപ്പടങ്ങളെന്ന ലേബലിലും തഴയപ്പെട്ടു. സിനിമയ്ക്ക് ചടുലതയും വര്‍ണവും ആഭരണങ്ങളായപ്പോള്‍ മറ്റു സിനിമകള്‍ ഇഴഞ്ഞു നീങ്ങുന്ന ബോറന്‍ പടങ്ങളായി. ഒരു കൂട്ടര്‍ നേടിയ ഈ ആധിപത്യം അവരുടെ വിജയമായി പറയുമ്പോഴും മലയാള സിനിമയുടെ തകര്‍ച്ചയാണത്.ഒരുകാലത്ത് മലയാളസിനിമകള്‍ കണ്ട് അത്ഭുതപ്പെട്ടവരാണ് തമിഴന്മാര്‍. ഇന്നു തമിഴ്‌സിനിമയുടെ പ്രധാനപ്രേക്ഷകര്‍ മലയാളികളാണ് എന്നത് വിധിവൈപരീത്യം. തമിഴില്‍ 100 കോടിക്കുമുകളില്‍ ബഡ്ജറ്റ് വരുന്ന സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. അതേപോലെ ചെറുബഡ്ജറ്റില്‍ നല്ല കഥകള്‍ പറയുന്ന സിനിമകളും ഇറങ്ങുന്നു. കേരളമടക്കം റിലീസ് ചെയ്ത് സാമ്പത്തിക വിജയവും നേടുന്നു. എന്താണതിന്റെ പിന്നിലെന്ന് നോക്കിയിട്ടുണ്ടോ? ശങ്കര്‍, ലിംഗുസ്വാമി, മുരഗദോസ് പോലുള്ള വമ്പന്‍ സംവിധായകര്‍ കോടികള്‍ മുടക്കി പടം പിടിക്കുന്നവരാണ്. അതേസമയം തന്നെ അവര്‍ തങ്ങളുടെ അസിസ്റ്റുമാര്‍ക്ക് അവസരമൊരുക്കി നല്ല കഥകള്‍ തെരഞ്ഞെടുത്ത് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും വേഷത്തിലും എത്തുന്നു. ബലാജി ശക്തിവേല്‍, എം ശരവണന്‍, പ്രഭു സോളമന്‍, ആറ്റ്‌ലി തുടങ്ങിയവരൊക്കെ തങ്ങളുടെ സീനിയേഴ്‌സിന്റെ സഹായത്തോടെയാണ് സിനിമാസംവിധായകരായത്. അവരുടെ ഗുരുക്കന്മാരാണ് ഒന്നുകില്‍ സിനിമ നിര്‍മ്മിച്ചത് അല്ലെങ്കില്‍ വിതരണത്തിനെടുത്തത് എന്നത് ഇന്‍ഡസ്ട്രിയിലേക്ക് സുരക്ഷിതരായി കടന്നുവരാന്‍ കാരണമായി. ഇത്തരം ഉദ്ദാഹരണങ്ങള്‍ വേറെയുമുണ്ട് തമിഴില്‍. ഇങ്ങനെയൊരു കോമ്രേഡ്ഷിപ്പ് മലയാളത്തില്‍ സംഭവിച്ചു കണ്ടിട്ടില്ല (ജയരാജിനെ പോലെ ഒറ്റപ്പെട്ട ഉദ്ദാഹരണങ്ങള്‍ ഇല്ലാതില്ല). തന്റെ സ്‌പേസിലേക്ക് മറ്റൊരാള്‍ കടന്നുവരാന്‍ (ശിഷ്യനായാല്‍പോലും) ആഗ്രഹിക്കാത്തവരുടെ തലമുറയ്ക്ക് ശോഷണം സംഭവിക്കുന്ന ഒരു കാലമാണിപ്പോള്‍ എന്നു വിളിച്ചു പറയുന്നവരാണ് ആഷിഖും ലാല്‍ ജോസും അന്‍വര്‍ റഷീദുമെല്ലാം.

തുടക്കത്തിലെ പറഞ്ഞു വന്നത് ആഷിഖിനെയും ലാല്‍ ജോസിനെയും കുറിച്ചാണ്. ആഷിഖ് ഒഴിവുദിവസത്തെ കളി പ്രദര്‍ശനത്തിനെത്തിക്കുന്ന ജൂണ്‍ 17 നു തന്നെ ജയപ്രകാശ് രാധാകൃഷ്ണന്‍ എന്ന പുതുമുഖ സംവിധായകന്റെ ചിത്രമായ ലെന്‍സ് ലാല്‍ ജോസ് തിയേറ്ററുകളില്‍ എത്തിക്കുന്നുണ്ട്. അണിയറയിലും അഭിനയത്തിലും പുതുമുഖങ്ങള്‍ നിറഞ്ഞ ഈ ചിത്രം വിതരണത്തിനെടുക്കാന്‍ കാരണമായി ലാല്‍ ജോസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. താരസാന്നിധ്യമില്ലാത്തതുകൊണ്ട് കാലികപ്രസക്തമായൊരു വിഷയം മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമ അര്‍ഹിക്കുന്ന ശ്രദ്ധകിട്ടാതെ പോകരുതെന്ന ആഗ്രഹം കൊണ്ടാണ് താന്‍ ലെന്‍സ് വിതരണത്തിനെടുത്തിരിക്കുന്നതെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്. വളരെ കൃത്യമാണ് അദ്ദേഹം മലയാള സിനിമയുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. താരസാന്നിധ്യം സിനിമയുടെ മാര്‍ക്കറ്റിംഗ് നിശ്ചയിക്കുന്ന ഇന്‍ഡസ്ട്രിയില്‍ സനല്‍കുമാര്‍ ശശിധരനെ പോലുള്ളവരുടെ സിനിമകള്‍ക്ക് തിയേറ്ററുകള്‍ ദിവാസ്വപ്‌നം മാത്രമാണ്. ഇത്തരം ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ലാല്‍ ജോസിനെയും ആഷിഖിനെയും പോലുള്ളവര്‍ക്ക് കഴിയണം.

ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസ് അദ്ദേഹത്തിന്റെ ചിത്രമായ ഡയമണ്ട് നെക്ലസ് മുതല്‍ വിതരണരംഗത്തുണ്ട്. തട്ടത്തിന്‍ മറയത്ത്, നേരം, തിര, 1983, ഹോംലി മീല്‍സ്, കെ എല്‍ 10 പത്ത്, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ വിതരണത്തിനെത്തിച്ചത് എല്‍ ജെ ഫിലിംസ് ആണ്. ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും,അവയെല്ലാം പുതുമുഖ സംവിധായകരുടെ ആദ്യചിത്രമോ രണ്ടാമത്തെ ചിത്രമോ ആണ്. ഹോംലി മീല്‍സ്. കെ എല്‍ 10 പത്ത് പോലുള്ള ചെറു ചിത്രങ്ങളും തിയറ്ററുകളില്‍ എത്തിക്കാന്‍ ലാല്‍ ജോസ് സന്നദ്ധനായി എന്നതും അഭിനന്ദനീയമാണ്. സനല്‍ കുമാറിന്റെ ഒഴിവുദിവസത്തെ കളിയും വിതരണത്തിനെടുക്കാന്‍ ലാല്‍ ജോസിനു പദ്ധതിയുണ്ടായിരുന്നതായി സനല്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.

ഒരു സിനിമ തിയേറ്റുകളില്‍ എത്തുന്നതു കൊണ്ട് സാമ്പത്തികനേട്ടം മാത്രമല്ല, മറിച്ച് കൂടുതല്‍ ആളുകള്‍ക്കു മുന്നിലേക്ക് ആ കലാസൃഷ്ടി അവതരിപ്പിക്കപ്പെടുകയാണ്. അതിനുള്ള അവസരമാണ് ഇവിടെ ഇല്ലാതെ പോകുന്നത്. ഇനിയതു മാറുമെന്നു തന്നെയാണ് ആഷിഖ് അബുവും ലാല്‍ ജോസുമെല്ലാം തരുന്ന പ്രതീക്ഷകള്‍ വ്യക്തമാക്കുന്നത്. നമ്മുടെ നാട്ടില്‍ നല്ല സിനിമകള്‍ ഉണ്ടാകട്ടെ, അവ പ്രോത്സാഹിക്കപ്പെടട്ടേ...


Next Story

Related Stories