TopTop
Begin typing your search above and press return to search.

കോടികളുടെ തോന്ന്യാസം; അതിന് പേര് ലാലിസം

കോടികളുടെ തോന്ന്യാസം; അതിന് പേര് ലാലിസം

അഴിമുഖം പ്രതിനിധി


ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്‍ മോഹന്‍ലാല്‍ ഒരുക്കിയ ലാലിസം ബാന്‍ഡിന്‍റെ മ്യൂസിക്‌ പരിപാടിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കത്തിപ്പടരുകയാണ്. അതോടൊപ്പം കോടികളുടെ അഴിമതിയും ആരോപിക്കപ്പെട്ടിരിക്കുന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ വി ശിവന്‍കുട്ടി എം എല്‍ എയാണ് ആരോപണമുന്നയിച്ചത്.

ദേശീയ ഗെയിംസിൻറെ ഉദ്ഘാടന-സമാപന ചടങ്ങുകൾക്കായി 15.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ ലാലിസത്തിന് 1.80 കോടിയും, കൂടാതെ കുഞ്ഞാലി മരക്കാർ പരിപാടിക്കായി 20 ലക്ഷവും, വെളിച്ചം സജ്ജീകരിക്കാൻ 2.65 കോടിയും, എൽ ഇ ഡി വാളിന് 2.26 കോടിയുമാണ് ചെലവിട്ടത്.

അതേസമയം ഇത്രയധികം തുക ഉദ്ഘാടനചടങ്ങിന് ചെലവഴിക്കുന്ന കാര്യത്തിൽ ഗെയിംസ് സിഇഒ ആയ ജേക്കബ് പുന്നൂസിന് എതിർപ്പുണ്ടായിരുന്നതായും ശിവൻകുട്ടി വ്യക്തമാക്കി. ഈ തുക കൈമാറാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും ശിവൻകുട്ടി പറഞ്ഞു.

കായികതാരങ്ങളുടെ പരിശീലനത്തിന് മാറ്റി വെച്ച തുകയേക്കാൾ കൂടുതൽ കലാസാംസ്കാരിക പരിപാടികൾക്കായി മാറ്റി വച്ചത് വ്യക്തമായ അഴിമതിയുടെ ഭാഗമാണെന്ന് അഴിമുഖം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്രയും പണം നീക്കിവച്ചതിലെ യുക്തി ചോദ്യം ചെയ്തുകൊണ്ട് മുൻ കായികമന്ത്രി എം. വിജയകുമാര്‍ രംഗത്തെത്തിയിരുന്നു.

ഇതിനിടെ കേരളത്തിലെ പുതിയ പ്രതിപക്ഷമായ സോഷ്യല്‍ മീഡിയയില്‍ ലാലിസത്തിനെതിരെയുള്ള വിമര്‍ശനം തിളച്ചുമറിയുകയാണ്. ഇത് ലാലിസമല്ല ചൂലിസമാണ്, ലാലിസമല്ല തോന്ന്യാസം എന്നീ നിലകളിലുള്ളതാണ് കമന്റുകളും പോസ്റ്റുകളും. മണിക്കൂറുകള്‍ കൊണ്ട് ഈ വിമര്‍ശനങ്ങള്‍ വൈറലായിക്കഴിഞ്ഞു.

ഉത്സവ പറമ്പുകളിലെ ഗാനമേളകളുടെ നിലവാരം പോലുമില്ലാത്ത പരിപാടിയായിരുന്നു ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ചതെന്ന്‍ ചിലര്‍ ആരോപിച്ചു. ഫേസ്ബുക്കില്‍ വന്നൊരു കമന്‍റ് ഇങ്ങനെയായിരുന്നു. “അവനവനോട് പ്രണയം മൂത്ത് നാർസിസ്റ്റുകളായി ചിലർ പരിണമിക്കാം. അങ്ങനെയുള്ളവർ തങ്ങളുടെ ആത്മരതി വീട്ടിലെ കണ്ണാടിക്ക് മുന്നിൽ സ്വയം പ്രദർശിപ്പിച്ചു നിർവൃതി അടയുക. അല്ലാതെ ഇങ്ങനെ പൊതുസ്ഥലങ്ങളിൽ വന്നു പരസ്യമായി തങ്ങളുടെ പൊങ്ങച്ചങ്ങൾ പ്രദർശനത്തിന് വെക്കരുത്. അവൻ ഏതു ലാലനോ ലോലനോ ആയാലും ശരി”

തിരുവനന്തപുരത്തെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഇങ്ങനെ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. “പല മഹാമേളകളുടെയും ഉദ്ഘാടന ചടങ്ങുകള്‍ക്ക് സാക്ഷിയാവാന്‍ -ചിലത് നേരിട്ടും ചിലത് ടെലിവിഷനിലും -ഭാഗ്യമുണ്ടായിട്ടുണ്ട്. ചിലതൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഇത്രയേറെ ബോറടിപ്പിച്ച മറ്റൊരു മാമാങ്കമുണ്ടായിട്ടില്ല. ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു പിന്മാറി മറ്റുത്തരവാദിത്തങ്ങളുമായി നീങ്ങാന്‍ തീരുമാനിച്ചത് മഹാഭാഗ്യമായി കാണുന്നു. ദീപശിഖ തെളിയുന്നതുവരെ എല്ലാം ശുഭം. പക്ഷേ, പിന്നീടെല്ലാം കൈവിട്ടുപോയി.

ദേശീയ ഗെയിംസ് വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന പരിപാടിക്ക് ദേശീയ പരിപ്രേഷ്യമുണ്ടാവണം എന്നാണ് എന്‍റെ പക്ഷം. കേരളത്തെ പരിചയപ്പെടുത്താനുള്ള ശ്രമമാണെങ്കില്‍ അതു സമഗ്രമാകണം. കേരളമെന്നാല്‍ മലയാള സിനിമ മാത്രമല്ല. രണ്ടു കോടി പുകച്ചതിനു പിന്നിലെ ചേതോവികാരം എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. ഛത്തീസ്ഗഢുകാരനും മണിപ്പൂരുകാരനും എന്ത് ലാലിസം?”

ആ പരിപാടിയെക്കുറിച്ചുള്ള വളരെ മാന്യവും ശക്തവുമായ ഒരു വിമര്‍ശനമാണിത്. കണ്ടവരും കേട്ടവരും തലയില്‍ കൈവച്ചുപോയ ഒരു സംഭവമായിരുന്നു മോഹന്‍ലാല്‍ എന്ന നടനടക്കം അണിനിരന്ന ലാലിസവും അതിനു മുന്നേ ടി കെ രാജീവ്‌ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന രാജീവ്‌ കുമാറിസവും. കുഞ്ഞാലി മരക്കാര്‍ എന്ന മഹാ വ്യക്തിത്വത്തോട് നമുക്ക് എന്തെങ്കിലും തരത്തിലുള്ള ആദരവോ സ്നേഹമോ മനസ്സിന്റെ ഏതെങ്കിലും കോണില്‍ കിടപ്പുണ്ടെങ്കില്‍ അതുപോലും ഇല്ലാതാക്കുന്നതായിരുന്നു വാര്‍ ക്രൈം ഷോ.

കൂടാതെ ലാലിസത്തിനു ഇത്രയും കോടികള്‍ മുടക്കി എന്താണ് അവിടെ സംഘടിപ്പിച്ചത് എന്നതിനെ പറ്റി വ്യക്തമായി പറയാന്‍ സംഘടകര്‍ക്കാകുമോ ? ലാലിസത്തിന്റെ കോടി കഥകള്‍ പുറത്ത് വന്നപ്പോള്‍ അതിനെ പുച്ഛിച്ച് തള്ളിയ ആളാണ് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളീയര്‍ക്ക് വിവാദം ജന്മവാസന ആണെന്നും അതുകൊണ്ട് വിവാദങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകില്ല എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. കലയ്ക്കു വിലയിടാന്‍ കഴിയില്ലെന്നും, ഇത്രയും വലിയൊരു പരിപാടിക്ക് മോഹന്‍ലാല്‍ വന്നത് തന്നെ നല്ലതാണെന്നുമാണ് തിരുവഞ്ചൂര്‍ തട്ടി വിട്ടത്.

എന്തായാലും ഇനി ഇതില്‍ എത്രരൂപ പലരുടേയും പോക്കറ്റുകളിലേക്ക് പോയി എന്ന് മാത്രമേ അറിയേണ്ടതുള്ളൂ.. അത്തരത്തിലുള്ള കമന്‍റുകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാണ്. അതിലൊരു പോസ്റ്റിങ്ങനെ .

‘തീവെട്ടികൊള്ളയും, വെട്ടിപ്പും നടത്താൻ ഒരോരോ വഴികൾ. കോടികൾ മുടക്കി ..ഇത് പോലുള്ള കോപ്രായം കാണിച്ചിട്ട് സംഘടാകർക്ക് ഉടു തുണിയോടെ മടങ്ങാൻ കഴിഞ്ഞുവെങ്കിൽ അത് മലയാളിയുടെ മഹാമനസ്ക്കത എന്ന് കരുതിയാൽ മതി’


Next Story

Related Stories