TopTop
Begin typing your search above and press return to search.

വീണ്ടും ലാവ്‌ലിന്‍, കൊയ്യുന്നത് യുഡിഎഫോ വിഎസോ

വീണ്ടും ലാവ്‌ലിന്‍, കൊയ്യുന്നത് യുഡിഎഫോ വിഎസോ

അഴിമുഖം പ്രതിനിധി

ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. എന്തിത്ര വൈകുന്നു ലാവ്‌ലിന്‍ നീ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. സര്‍ക്കാര്‍ വീണ്ടും ലാവ്‌ലിന്‍ കേസ് പൊടിതട്ടിയെടുത്തിരിക്കുന്നു. സോളാറു കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഇത്രയെങ്കിലും ചെയ്യേണ്ടേയെന്ന് ആരും ചോദിച്ചു പോകും. ഒരുപക്ഷേ അതുതന്നെയാകണം ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ശരിയായില്ലെന്ന് സിബിഐക്ക് അന്നേ ആക്ഷേപം ഉണ്ടായിരുന്നു. അവര്‍ ഒരു റിവിഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. കീഴ്‌കോടതി തെളിവുകളില്‍ പലതും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഒരു ഉപഹര്‍ജി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഹര്‍ജി ഡിജിപി ടി ആസഫ് അലി ഫയല്‍ ചെയ്തു. ഹര്‍ജി കമാല്‍പാഷയുടെ ബഞ്ചിലാണ് പരിഗണനയ്ക്ക് വരിക. ബാര്‍ കോഴ കേസില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ധനമന്ത്രിയായിരുന്ന കെ എം മാണിക്ക് രാജി വയ്‌ക്കേണ്ടി വന്നിരുന്നത്. പാഷ സിപിഐഎമ്മുകാരനാണെന്ന ആക്ഷേപമാണ് അന്ന് യുഡിഎഫ് ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗത്തിന് എതിരായ ഹര്‍ജിയില്‍ അദ്ദേഹം എന്ത് പരാമര്‍ശം നടത്തുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ് ലാവ്‌ലിന്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് പോരെങ്കില്‍ പിണറായി വിജയന്‍ തന്നെയാണ് സിപിഐഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തില്‍. അടുത്തു നടന്ന കേരള പഠന കോണ്‍ഗ്രസും പിണറായി നയിക്കുന്ന നവകേരളാ മാര്‍ച്ചും ഒക്കെ വിരല്‍ ചൂണ്ടുന്നത് വിജയന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് നമ്മുടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മാത്രമായിരിക്കും. വിഎസിന് പ്രായം അധികരിച്ചിട്ടില്ലെന്നും ഇനിയുമൊരു അങ്കത്തിന് ബാല്യം ഉണ്ടെന്നും ഒക്കെ യച്ച്യൂരി സഖാവ് പറയുന്നത് കേട്ട് ആസ്വദിച്ച് ഇരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടി വന്നാല്‍ സ്വന്തം മണ്ഡലമായ മലമ്പുഴ വിട്ട് പുതുപ്പള്ളിയില്‍ ചെന്ന് കുഞ്ഞൂഞ്ഞിനോട് ആകാം അവസാന അങ്കമെന്ന് വരെ വിഎസ് ഇതിനിടെ പറഞ്ഞിരുന്നു.

സ്വാഭാവികമായും ഇപ്പോള്‍ ഉയരുന്ന ചോദ്യം സിപിഐഎമ്മില്‍ ഏതാണ്ട് അസ്തമിച്ചു എന്ന് കരുതുന്ന വിഭാഗീയത തലപൊക്കുമോയെന്നത് മാത്രമാണ്. കാരണം ലാവ്‌ലിന്‍ കേസിന്റെ തുടക്കം മുതല്‍ എതിര്‍പക്ഷത്തെക്കാള്‍ പിണറായിക്ക് ശത്രുവമായി മാറിയത് വിഎസ് തന്നെയായിരുന്നു. പാര്‍ട്ടി ഫോറത്തിലും പാര്‍ട്ടിക്ക് പുറത്തും വിഎസ് ഇക്കാര്യം മറച്ചു വച്ചില്ല. ഇനിയിപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വിഎസ് എന്തുപറയും എന്നാലോചിച്ച് ജോസഫ് വാഴയ്ക്കനെ പോലെ ചിലര്‍ തല പുണ്ണാക്കുന്നുണ്ട്. സിബിഐ കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയപ്പോള്‍ അതിനെ സ്വാഗതം ചെയ്ത ആളാണ് വിഎസ്. അടുത്തകാലത്തായി വിഎസ് പാര്‍ട്ടിയുമായി ഏറെ സമരസപ്പെട്ട് പോകുകയാണ്. ആ നിലയ്ക്ക് വെട്ടൊന്ന് മുറി രണ്ട് എന്ന തന്റെ രീതി ശാസ്ത്രം ലാവ്‌ലിന്‍ വിഷയത്തില്‍ അദ്ദേഹം എടുക്കാന്‍ ഇടയില്ല.


1995-ല്‍ കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്‌ലിനുമായി ഉണ്ടാക്കിയ ഒരു കരാറുമായി ബന്ധപ്പെട്ടതാണ് നമ്മുടെ ലാവ്‌ലിന്‍ കേസ്. ലാവ്‌ലിന്‍ ഇടപാടില്‍ പൊതുഖജനാവിന് 86.25 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയതാണ് ഈ കേസ്. കനേഡിയന്‍ കമ്പനിയുമായി ആദ്യം ചര്‍ച്ച നടത്തിയത് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന സി വി പത്മരാജന്‍ ആയിരുന്നുവെങ്കിലും ആദ്യത്തെ ധാരണാപത്രം ഒപ്പിട്ടത് അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ്. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരിലെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ ലാവ്‌ലിനുമായി നടത്തിയ ഇടപാടുകളും പൊതുഖജനാവിനും തലശേരി കാന്‍സര്‍ സെന്ററിനും നഷ്ടമായ കോടികളാണ് ഈ കേസിലെ തകര്‍ക്ക വിഷയം. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ (പിഎസ്പി പദ്ധതി) വൈദ്യുത പദ്ധതികള്‍ നവീകരിക്കുന്നതിന് 360 കോടി രൂപയുടേതായിരുന്നു കരാര്‍. ഇതില്‍ 99 കോടിയോളം രൂപ തലശേരി കോടിയേരിയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ സെന്ററിന് ലഭിക്കുമെന്ന് പിണറായി പറഞ്ഞിരുന്നു. എന്നാല്‍ ഈ തുക ലഭിച്ചില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസുമായി മുന്നോട്ടു പോകുമ്പോള്‍ സിപിഐഎം ഇതിനെ ഒരു രാഷ്ട്രീയ തന്ത്രമായി തന്നെയാണ് കാണുന്നത്. ഇത് ഒരു രാഷ്ട്രീയ നീക്കമാണെന്ന് തോമസ് ഐസക് തന്നെ വ്യക്തമാക്കി കഴിഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ പൊക്കിക്കൊണ്ടു വന്ന ഈ കേസ് യുഡിഎഫ് പ്രചരണായുധം ആക്കുമ്പോള്‍ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് തങ്ങള്‍ക്ക് നന്നായി അറിയാം എന്ന് ഐസക് പറയുന്നു. എങ്കിലും ഇവിടെയും ചില സംശയങ്ങള്‍ ബാക്കിയാകുന്നു. ലാവ്‌ലിന്‍ കേസില്‍ സിപിഐഎമ്മില്‍ നിന്ന് പിണറായി മാത്രമേ പ്രതി പട്ടികയില്‍ ഉണ്ടായിരുന്നുള്ളൂ. ആ നിലയ്ക്ക് മുഖ്യമന്ത്രി കുപ്പായം വേണ്ടെന്ന് വച്ച് അദ്ദേഹം മാറി നിന്നാല്‍ തല്‍ക്കാലം പാളയത്തില്‍ പടയ്ക്ക് ശമനം ഉണ്ടാകും എന്ന് മാത്രമല്ല എതിര്‍പക്ഷത്തിന്റെ വായടക്കുന്ന കാര്യത്തില്‍ വിഎസും ഐസക്കും ഒക്കെ പരമാവധി സഹകരിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ തര്‍ക്കം വേണ്ട.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories