Top

ലോ അക്കാദമി; ആത്മഹത്യ ഭീഷണി മുഴക്കി മരത്തില്‍ കയറിയ എബിവിപി പ്രവര്‍ത്തകനെ താഴെ ഇറക്കി

ലോ അക്കാദമി; ആത്മഹത്യ ഭീഷണി മുഴക്കി മരത്തില്‍ കയറിയ എബിവിപി പ്രവര്‍ത്തകനെ താഴെ ഇറക്കി
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ എബിവിപി പ്രവര്‍ത്തകനെ ഫയര്‍ഫോഴ്സ് താഴെ ഇറക്കി. ഇതിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ ശ്രമം വെള്ളം ചീറ്റിച്ച് ഫയര്‍ഫോഴ്സ് പരാജയപ്പെടുത്തുകയും ചെയ്തു. ഇതിനെതുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫയര്‍ഫോഴ്സിന് നേരെ കല്ലെറിഞ്ഞു. ലക്ഷ്മി നായരുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കാം എന്ന് ഡി സി പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് എബിവിപി പ്രവര്‍ത്തകന്‍ ഇറങ്ങാന്‍ തയ്യാറായത്.

ഉച്ചയോടെ ആത്മഹത്യ ഭീഷണി മുഴക്കി പേരൂര്‍ക്കട ലോ അക്കാദമിക്കു മുന്നിലെ മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിയെ ആറ് മണിയോടെയാണ് താഴെ ഇറക്കിയത്. മുഖം മറച്ചു കഴുത്തില്‍ കരുക്കിട്ടാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.

താഴെ ഇറക്കിയ ഉടനെ പോലീസിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ ഇയാളെ വി വി രാജേഷിന്റെ സമരപ്പന്തലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Next Story

Related Stories