Top

ലോ അക്കാദമി സമരത്തില്‍ നിന്ന് കേരളത്തിന് പഠിക്കാനുള്ള കാര്യങ്ങള്‍

ലോ അക്കാദമി സമരത്തില്‍ നിന്ന് കേരളത്തിന് പഠിക്കാനുള്ള കാര്യങ്ങള്‍
21 ദിവസം നീണ്ടു നിന്ന ലോ അക്കാദമി സമരത്തിന് അങ്ങനെ നാടകീയമായ വഴിത്തിരിവ്. 5 വര്‍ഷത്തേക്ക് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നീക്കി എന്ന മാനേജ്മെന്‍റ്  തീരുമാനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി എസ്എഫ്ഐ സമരത്തില്‍ നിന്നു പിന്‍മാറി. അതേ സമയം എസ്എഫ്ഐ മാനേജ്മെന്‍റുമായി ഒത്തുകളിച്ച് സമരത്തെ ഒറ്റുകൊടുത്തെന്ന ആരോപണവുമായി കെ എസ് യു, എ ബി വി പി, എ ഐ എസ് എഫ് സംഘടനകളും രംഗത്തെത്തി.

പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് കേരളത്തിലെ സ്വാശ്രയ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളുടെയും അസ്വസ്ഥതകളുടെയും തുടര്‍ച്ചയായിരുന്നു തിരുവനന്തപുരം ലോ അക്കാദമിയിലെ സമരം. തുടക്കത്തില്‍ എസ് എഫ് ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളായിരുന്നു സമരത്തില്‍ ഉണ്ടായിരുന്നത്. അതിലേക്ക് ഹോസ്റ്റല്‍ താമസക്കാരായ  വിദ്യാര്‍ത്ഥിനികളും വന്നു ചേരുകയായിരുന്നു.  തുടക്കത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിലും നവമാധ്യമങ്ങളിലൂടെ കത്തിപ്പടര്‍ന്ന സമരം ഒടുവില്‍ എസ് എഫ് ഐയേയും സമരരംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചു. പിന്നീട്  അഴിമതിയുടെയും ക്രമക്കേടുകളുടെയും സ്ഥാപിത താത്പര്യങ്ങളുടെയും നീതി നിഷേധങ്ങളുടെയും നിരവധി കഥകള്‍ ലോ അക്കാദമിയില്‍ നിന്നു പുറത്തുവരാന്‍ തുടങ്ങി. ഭരണകൂടത്തിന്റെ സഹായത്തോടെ ഒരു നിയമ കലാലയം നടത്തിയ ഞെട്ടിപ്പിക്കുന്ന നിയമ ലംഘനങ്ങളുടെ കഥകള്‍.

വിദ്യാര്‍ത്ഥി സമരം എന്ന നിലയില്‍ നിന്നും മാറി ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ സജീവമായി രംഗത്തിറങ്ങിയതോടെ  സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കുന്ന രാഷ്ട്രീയ വിഷയമായി ലോ അക്കാദമി സമരം മാറി. ലോ അക്കാദമി സമരത്തിന്റെ പരിണതി എന്തും ആയിക്കൊള്ളട്ടെ, ഈ സമരം പൊതുസമൂഹത്തിനു മുന്‍പില്‍ തുറന്നു വെച്ച നിരവധി കാര്യങ്ങളുണ്ട്. അതിലേക്ക്;

1. കേരളത്തിലെ സ്വകാര്യ/സ്വാശ്രയ വ്യദ്യാഭ്യാസ മേഖല നാഥനില്ലാത്ത കളരി പോലെയാണ്. ഒരു സ്ഥാപനമേധാവിയുടെ തന്നിഷ്ടത്തിന് അനുസരിച്ച് കുട്ടികളുടെ ഭാവി ജീവിതം മാറ്റി മറിക്കാം. ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സുമൊക്കെ അവരുടെ കയ്യിലെ ഉപകരണങ്ങള്‍ മാത്രം. പ്രിന്‍സിപ്പലിനെയും മാനേജ്മെന്റിനെയും പ്രീതിപ്പെടുത്തി നിന്നാല്‍ ഏത് പരീക്ഷയും നിഷ്പ്രയാസം കടന്നു കൂടാം. അല്ലെങ്കില്‍ ജീവിതം കട്ടപ്പൊക.

2. കോളേജിന്റെ മേധാവി എന്ന അധികാര സ്ഥാനവും സവര്‍ണ്ണ ജാതി ബോധവും ഉണ്ടെങ്കില്‍ കുട്ടികളെ ജാതി അധിക്ഷേപം നടത്താം, പെണ്‍കുട്ടികളെ സദാചാര പോലീസിംഗിന് വിധേയമാക്കാം, ഭീഷണിപ്പെടുത്താം.

3.  അക്കാദമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും സമരം നടക്കുമ്പോഴും ലക്ഷ്മി നായര്‍ എന്ന സ്ത്രീയുടെ ശരീര വര്‍ണ്ണന തന്നെയാണ് കേരള പൊതുസമൂഹത്തിന്റെ ഏറ്റവും പ്രധാന വിഷയമെന്ന്‍ ഒരുവിഭാഗം പത്ര-ദൃശ്യ-ഓണ്‍ലൈന്‍-സോഷ്യല്‍ മീഡിയ അടക്കം- വീണ്ടും തെളിയിച്ചു.

4. രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നവര്‍ക്ക് അഡ്മിഷന്‍ കൊടുത്താല്‍ ഭരിക്കുന്ന സര്‍ക്കാരോ മറ്റു പാര്‍ട്ടികളോ കമാ എന്നൊരക്ഷരം മിണ്ടില്ല. എന്തു നിയമ ലംഘനവും നടത്താം. സര്‍വ്വകലാശാലയില്‍ നിന്നു ഫയല്‍ മുക്കാം. വിദ്യാഭ്യാസ ആവശ്യത്തിന് സര്‍ക്കാര്‍ നല്‍കിയ ഭൂമി രാഷ്ടീയ-ഉദ്യോഗസ്ഥ ലോബിയിംഗിലൂടെ  അനധികൃതമായി സ്വന്തമാക്കാം. റിയല്‍ എസ്റ്റേറ്റ് ബിസിനസും ഹോട്ടല്‍ കച്ചവടവും നടത്താം.

5. എ കെ ജി സെന്‍റര്‍ പറയുന്നതില്‍ അപ്പുറമൊന്നും നീങ്ങാനുള്ള ധൈര്യം തങ്ങള്‍ക്കില്ലെന്ന് എസ്എഫ്ഐ തെളിയിച്ചു. ഇനി ഒരു വിദ്യാര്‍ത്ഥി സമരത്തിലും സംശയത്തിന്റെ കണ്ണിലൂടെയല്ലാതെ എസ്എഫ്ഐയെ കാണാന്‍ കഴിയാത്ത രീതിയില്‍ ഈ സമരം അവരെ മാറ്റി തീര്‍ത്തു.

6. ലോ അക്കാദമി വിഷയത്തില്‍ എസ് എഫ് ഐയെക്കാളും കഷ്ടമാണ് തന്റെ കാര്യം എന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് തെളിയിച്ചു. സിപിഎമ്മിന്റെ കൂട്ടിലടക്കപ്പെട്ട ഒരു ശാസ്ത്ര സാഹിത്യ പരിഷത്തുകാരന്റെ എല്ലാ നിസഹായതയും അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

7. എന്നത്തേയും പോലെ വിദ്യാര്‍ത്ഥി സമരത്തില്‍ നാടകീയമായി ഇടപെട്ടുകൊണ്ട് ഭൂമി കുംഭകോണത്തിന്റെ ആംഗിള്‍ കൂടി വിഷയത്തിന് കൊടുത്ത്, മാറിനില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് വി എസ് സര്‍ക്കാരിനെ തള്ളിവിട്ടു. സമരം തീര്‍ന്നാലും വിഎസ് തുറന്നു വിട്ട ഭൂതം സിപിഎമ്മിനകത്ത് പുകഞ്ഞു കൊണ്ടിരിക്കും.8. സ്വാശ്രയ കോളേജ് പ്രശ്നങ്ങളെ കുറിച്ചു പറയുമ്പോഴും ലോ അക്കാദമിയെ തൊടാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി ഏറെ ശ്രദ്ധിച്ചു. ഒപ്പം സിപിഎമ്മിലെ മറ്റ് നേതാക്കന്‍മാരും. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി എന്നും സമര രംഗത്ത് ചാടി ഇറങ്ങാറുള്ള ഡിവൈഎഫ്ഐയെ അവിടെയൊന്നും കണ്ടതേയില്ല. എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ സമയക്കുറവുണ്ടെന്ന് എം. സ്വരാജും വ്യക്തമാക്കി.

9. ബിജെപി നേതാവ് അയ്യപ്പന്‍ പിള്ള ലോ അക്കാദമി ട്രസ്റ്റിന്റെ തലപ്പത്തുണ്ടായിട്ടു കൂടി തങ്ങള്‍ക്ക് കിട്ടിയ അവസരം സ്മാര്‍ട്ട് ആയി ഉപയോഗിക്കാന്‍ വി മുരളീധരന്റെ ഉപവാസ-നിരാഹാര സമരത്തിലൂടെ ബിജെപിക്ക് സാധിച്ചു.

10. എന്നത്തേയും പോലെ സമര സ്ഥലത്തെ ടൂറിസ്റ്റുകളെ പോലെ വി എം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വന്നു പോയി. പാര്‍ട്ടിയുമായി നിസ്സഹകരണത്തില്‍ ആയതുകൊണ്ടും സോളാര്‍ കേസിന്റെ തിരക്കിലായതുകൊണ്ടും ഉമ്മന്‍ ചാണ്ടി രംഗപ്രവേശം ചെയ്തില്ല.

11. ഭരണ മുന്നണിയിലെ തിരുത്തല്‍ ശക്തി എന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ സിപിഐ ആവതും ശ്രമിച്ചു. സിപിഐക്കാരനായ റവന്യൂ മന്ത്രി പ്രഖ്യാപിച്ച ഭൂമിദാനത്തിലെ അന്വേഷണം തിരിഞ്ഞുകുത്തുമോ എന്നേ അറിയേണ്ടതുള്ളൂ.

12. വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്‍ബലം ഇല്ലെങ്കിലും നവമാധ്യമങ്ങളുടെ സഹായത്തോടെ സമരത്തെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ തെളിയിച്ചു. തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ പൊതുസമൂഹത്തിന് മുന്‍പില്‍ അവര്‍ വിളിച്ച് പറഞ്ഞതോടെയാണ് സമരത്തിന്റെ സ്വഭാവം മാറിയത്. കൂടാതെ വിദ്യാര്‍ത്ഥി സമരങ്ങളില്‍ ഒരിക്കലും ലഭിക്കാത്ത രക്ഷിതാക്കളുടെ പിന്തുണ ഈ സമരത്തിന് കിട്ടിയതും നിര്‍ണ്ണായകമായി.

13. സ്വകാര്യ/സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്ന് ലോ അക്കാദമി സമരം തെളിയിച്ചു.

ഒരു രോഹിത് വെമൂലയുണ്ടാകാന്‍ എല്ലാ സാഹചര്യങ്ങളും കേരളത്തില്‍ ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ജിഷ്ണുവിന്റെ മരണം. ലോ അക്കാദമിയില്‍ നിന്നു പുറത്തുവന്ന വാര്‍ത്തകള്‍ അത് അരക്കിട്ടുറപ്പിച്ചു. എല്ലാ ശരിയാക്കുമെന്ന് പറഞ്ഞു അധികാരത്തില്‍ എത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ ഇനി എന്തു ചെയ്യും എന്നാണ് അറിയേണ്ടത്.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories