TopTop
Begin typing your search above and press return to search.

ലോ അക്കാദമി സമരം ‘ഹൈജാക്ക്’ ചെയ്തവര്‍ ആരൊക്കെ?

ലോ അക്കാദമി സമരം ‘ഹൈജാക്ക്’ ചെയ്തവര്‍ ആരൊക്കെ?

ജനുവരി 10നു അറ്റന്‍ഡന്‍സിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും ഇയര്‍ ഔട്ടിന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെയും മാനേജുമെന്‍റിന്റെയും നടപടിക്കെതിരെ കെ എസ് യു, എ ഐ എസ് എഫ്, എം എസ് എഫ് എന്നീ സംഘടനകള്‍ സംയുക്തമായും എ ബി വി പി ഒറ്റയ്ക്കും ആരംഭിച്ച സമരം ഇന്ന് സംസ്ഥാനമാകെ ചര്‍ച്ച ചെയ്യുന്ന വിദ്യാഭ്യാസ-രാഷ്ട്രീയ പ്രശ്നമായിമാറിയിരിക്കുകയാണ്. പാമ്പാടി നെഹ്രു കോളേജില്‍ മാനേജുമെന്‍റിന്‍റെ പീഡനത്തിന് വിധേയനായി ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ മേഖലയില്‍ നിന്നും പുറത്തുവന്ന നീതി നിഷേധങ്ങളുടെയും മാനേജുമെന്‍റ് ഗുണ്ടായിസത്തിന്റെയും വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളുടെയും തുടര്‍ച്ചയായിട്ടാണ് ലോ അക്കാദമിയില്‍ നിന്നും വാര്‍ത്തകള്‍ പുറം ലോകമറിഞ്ഞത്. ഒരു വിദ്യാര്‍ത്ഥി മരണപ്പെട്ട പാമ്പാടി നെഹ്രു കോളേജിനെക്കാളും രാഷ്ട്രീയ പാര്‍ട്ടികളെയും അധികാര കേന്ദ്രങ്ങളെയും ഇളക്കി മറിച്ചത് ലോ അക്കാദമി സമരമായിരുന്നു. അതിനു കാരണം ലോ അക്കാദമി ഡയറക്ടര്‍ 'സമാധാനം' നാരായണന്‍ നായര്‍ക്കും മകള്‍ ലക്ഷ്മി നായര്‍ക്കും അധികാര കേന്ദ്രങ്ങളുമായുള്ള അടുത്ത ബന്ധം തന്നെ. ഭരിക്കുന്ന പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ അവരുമായി ഗാഢമായ സ്നേഹബന്ധം ലോ അക്കാദമി മാനേജുമെന്‍റിനുണ്ടായിരുന്നു എന്നാണ് ഇതുവരെ പുറത്തുവന്ന ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നത്. അത് കോളേജ് അഡ്മിഷന്‍ മുതല്‍ നിരവധി ആവശ്യങ്ങള്‍ നടപ്പിലാക്കി കൊടുത്തതിന്റെ പ്രത്യുപകാരമായിരുന്നു.

ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ ഒരു സമരത്തെ പല ഘട്ടങ്ങളിലായി കയറിവന്നവര്‍ തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് മെരുക്കിയെടുത്തത് എങ്ങനെയാണ് എന്നതാണ് ലോ അക്കാദമി സമരത്തിന്റെ ചരിത്രപരമായ പ്രാധാന്യം. വേണമെങ്കില്‍ ഗുണത്തിനായാലും ദോഷത്തിനായാലും ഈ രീതിയില്‍ നടന്ന ‘ഹൈജാക്കു’കളാണ് സമരത്തിന്റെ ഗതി നിര്‍ണ്ണയിച്ചതും വേണമെങ്കില്‍ ഒരു പരിധിവരെ സമരം കഴിയുന്നു എന്ന തോന്നലുണ്ടാക്കിയതും. സമരത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ഭരണപരവും നിയമപരവുമായ ചില നടപടികള്‍-ലക്ഷ്മി നായരെ പരീക്ഷ ചുമതലകളില്‍ നിന്നു ഡിബാര്‍ ചെയ്തത്, വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞു അധിക്ഷേപിച്ചതിന് പോലീസ് കേസെടുത്തത്, ഹോസ്റ്റലുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്, ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്നും മാറ്റിയത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈസ് ചാന്‍സലര്‍മാരുടെ മീറ്റിംഗ് വിളിച്ചുചേര്‍ത്തതും വി സി മാരുടെ സമിതി രൂപീകരിച്ചതും-പ്രത്യക്ഷ ഫലങ്ങളായി കരുതാമെങ്കില്‍ ഏറ്റവും കൌതുകകരം സമരത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കളിച്ച ഗെയിമുകളാണ്. സമരത്തിലെ ഒരു പ്രധാന കക്ഷിയായ എസ് എഫ് ഐ വിജയ പ്രഖ്യാപനത്തോടെ പിന്‍വാങ്ങിയിട്ടും തുടരുന്ന സമരത്തെ ഹൈജാക്ക് ചെയ്തത് ആരൊക്കെയാണു എന്നു നോക്കുന്നത് രസകരമായിരിക്കും.

ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനി കൂട്ടായ്മയുടെ ‘ഹൈജാക്ക്’

കെ എസ് യു, എം എസ് എഫ്, എ ഐ എസ് എഫ് എന്നീ സംഘടനകള്‍ സംയുക്തമായും എ ബി വി പി വേറിട്ടും തുടങ്ങിയ സമരം മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് ലോ അക്കാദമി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ തങ്ങള്‍ നേരിട്ട തിക്താനുഭവങ്ങള്‍ പുറത്തു പറഞ്ഞു സമര രംഗത്തേക്ക് ഇറങ്ങിയപ്പോഴാണ്. ഹോസ്റ്റലിലെ കുളിമുറിയില്‍ അടക്കം ക്യാമറ സ്ഥാപിച്ച കഥകളാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. യാതൊരു സൌകര്യവുമില്ലാത്ത ഹോസ്റ്റലിന്റെ ദുരവസ്ഥയും പെണ്‍കുട്ടികള്‍ക്ക് വസ്ത്രധാരണത്തിനടക്കമുള്ള നിയന്ത്രണങ്ങളും ജാതി അധിക്ഷേപവുമൊക്കെ ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. ഭരണകൂടത്തിന്റെ മാധ്യമങ്ങളുടെ മൂക്കിന്‍തുമ്പില്‍ വര്‍ഷങ്ങളായി ഒരു നിയമ കലാലയം നിയമ ലംഘനങ്ങള്‍ തുടരുകയായിരുന്നു എന്നത് തല കുനിയിപ്പിക്കുന്നതായിരുന്നു. ആദ്യം അറച്ചു നിന്ന മാധ്യമങ്ങള്‍ ഉഷാറായതും ഇതോടെയാണ്. യഥാര്‍ത്ഥത്തില്‍ സമരത്തിന്റെ ഗതി തീരുമാനിച്ചത് ഈ പെണ്‍കുട്ടികളുടെ ഇടപെടലായിരുന്നു,

എസ് എഫ് ഐയുടെ ഹൈജാക്ക്

പൂര്‍വ്വ പാപങ്ങളുടെ ഭാരം കാരണവും പാര്‍ട്ടി നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടാത്തതിനാലും ആദ്യം അറച്ചു നിന്ന എസ് എഫ് ഐ സമരത്തിന്റെ മൂന്നാം ദിവസം നിവൃത്തിയില്ലാതെ രംഗത്തിറങ്ങുകയായിരുന്നു. എന്നത്തേയും പോലെ സമര ഭൂമിയില്‍ അത്യാവശ്യം സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ അവരുടെ സമരം അക്കാരണം കൊണ്ട് തന്നെ മാധ്യമ ശ്രദ്ധ നേടി. മറ്റ് സംഘടനകളുമായി കൂട്ടു ചേരാതെ ഒറ്റയ്ക്ക് സമരം തുടങ്ങിയ എസ് എഫ് ഐ മികച്ച മെയ് വഴക്കത്തോടെ സമരത്തിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിപ്പറ്റി. ഒരു തരത്തില്‍ എസ് എഫ് ഐയുടെ കടന്നുവരവാണ് പ്രശ്നത്തിലേക്ക് വേഗത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. എസ് എഫ് ഐ അവകാശപ്പെടുന്ന ‘വന്‍ വിജയത്തി’ലേക്ക് സമരത്തെ എത്തിച്ചതില്‍ ഭരണ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ അവര്‍ക്കുള്ള പങ്കിനെ കുറച്ചു കാണാന്‍ പറ്റില്ല.

എല്ലാ സമരങ്ങളെയും ‘ഹൈജാക്ക്’ ചെയ്യുന്ന വയോ വൃദ്ധന്‍

മൂന്നാറിലെ പെണ്‍പിളൈ ഒരുമൈ സമരത്തില്‍ ഇടപെട്ടതിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു വി എസ് അച്യുതാനന്ദന്റെ കടന്നു വരവ്. എസ് എഫ് ഐക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചല്ല വി എസ് അവിടെ വന്നത്. ഹോസ്റ്റല്‍ പെണ്‍കുട്ടികളുടെ പ്രതിനിധികള്‍ കണ്ടു പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്. സമര ഭൂമിയിലെത്തിയ വി എസ് വിദ്യാര്‍ത്ഥിനികളുടെ പരാതികള്‍ മാധ്യമങ്ങളുടെ മുന്‍പി‌ല്‍ അവതരിപ്പിക്കുന്നതിന് പകരം ലോ അക്കാദമി അനധികൃതമായി കൈയ്യില്‍ വെച്ചിരിക്കുന്ന 11 ഏക്കറോളം വരുന്ന ഭൂമിയുടെ കാര്യമാണ് ഉയര്‍ത്തിക്കാട്ടിയത്. താന്‍ തന്നെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു പങ്കുണ്ട് എന്നു സംശയിക്കാവുന്ന ഒരു കുംഭകോണത്തിലേക്കാണ് വി എസ് വിരല്‍ ചൂണ്ടിയത്. രാഷ്ട്രീയ ഉപശാലകളില്‍ പ്രചരിക്കുന്നതുപോലെ തിരുവനന്തപുരത്തെ പിണറായി വിജയന്റെ വിശ്വസ്തനായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കുള്ള (നാരായണന്‍ നായരുടെ അനുജന്‍) ഒരു അമ്പ് കൂടിയായിരുന്നു അത്. വേണമെങ്കില്‍ കൊടിയേരിയുടെ വാക്ക് കടമെടുത്താല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ ആദ്യം രാഷ്ട്രീയം കലര്‍ത്തിയത് വി എസ് അച്ചുതാനന്ദനാണ്. എന്തായാലും വിഎസിന്റെ ഇടപെടല്‍ ഫലം കണ്ടു. വി എസിന്റെ പരാതിയില്‍ ഈ ഭൂമിദാനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സി പി ഐക്കാരനായ റവന്യൂ മന്ത്രി. അന്വേഷണം ആരിലേക്കൊക്കെ എത്തും അല്ലെങ്കില്‍ അങ്ങനെയൊരു അന്വേഷണം നടക്കുമോ എന്നൊക്കെ കാത്തിരുന്നു കാണാം.

കേരളത്തിലെ മുഖ്യ പ്രതിപക്ഷമാകാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കളികള്‍

ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി മുരളീധരന്റെ ആദ്യം 48 മണിക്കൂറും പിന്നീട് സാധ്യത തിരിച്ചറിഞ്ഞു അനിശ്ചിതകാലവുമായി മാറിയ ഉപവാസ സമരമായിരുന്നു രാഷ്ട്രീയമായ സ്മാര്‍ട്ട് മൂവ്. കോണ്‍ഗ്രസ്സിനെ നിഷ്പ്രഭമാക്കിക്കളഞ്ഞു ലോ അക്കാദമി വിഷയത്തില്‍ ബി ജെ പി എന്നു പറയാതെ വയ്യ. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് ലോ അക്കാദമി എന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. അതിലുപരി കേരളത്തിലെ വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ വലിയ സ്പേസില്ലാതിരുന്ന എ ബി വി പിയെ സെന്‍റര്‍ സ്റ്റേജിലേക്ക് കൊണ്ടുവരാനും അവര്‍ക്ക് പറ്റി. ജനാധിപത്യ വിരുദ്ധമാണ് എന്നു പറയാമെങ്കിലും ലക്ഷ്മി നായരുടെ പത്ര സമ്മേളനം അടക്കം അലങ്കോലമാക്കുകയും ചാനല്‍ മൈക്കുകളെ പൊതിഞ്ഞുകൊണ്ട് ഒരു മണിക്കൂറോളം നീണ്ട പത്രസമ്മേളനത്തില്‍ എ ബി വി പി പതാക ടിവി ഫ്രെയിമില്‍ നിര്‍ത്താനും അവര്‍ക്കായി. വി മുരളീധരനെ തുടര്‍ന്ന് വി വി രാജേഷ് നിരാഹാര സമരം തുടരുകയാണ്.

ഒടുവില്‍ കെ. മുരളീധരന്‍

ഇതൊരു രാഷ്ട്രീയ ഹാസ്യ നാടകമാണ്. ഏകദേശം സമരം അതിന്റെ അന്ത്യ ഘട്ടത്തില്‍ എത്തിയപ്പോഴാണ് സ്ഥലം എം എല്‍ എ കൂടിയായ കെ മുരളീധരന്‍ കടന്നു വരുന്നത്. നാലു വര്‍ഷം കഴിഞ്ഞു നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പായിരിക്കാം ചിലപ്പോള്‍ കെ മുരളീധരനെ സമരത്തിലേക്ക് തള്ളി വീട്ടിടുണ്ടാവുക. (പിതാവ് കെ കരുണാകരനാണ് ലോ അക്കാദമിക്ക് സ്ഥലം പതിച്ചു നല്കിയത് എന്നത് മറ്റൊരു വൈരുദ്ധ്യം) കോണ്‍ഗ്രസ്സിനകത്തെ ഉള്‍പ്പൊരും കാരണമായിരിക്കാം. ഇപ്പോള്‍ സുധീര വിരുദ്ധ ഗ്രൂപ്പുകളുടെ കൂട്ടായ്മയിലെ പ്രധാനിയും ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരനുമാണ് കെ മുരളീധരന്‍. ഇതുവരെ സമരത്തിലേക്ക് വന്നിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടി എന്തായാലും മുരളീധരനെ ആശീര്‍വദിക്കാന്‍ ഇന്നലെ എത്തി. സുധീരനും ചെന്നിത്തലയ്ക്കും എതിരെ ഒരു ആയുധമെന്ന നിലയില്‍ മുരളീധരനെ ഒരു ചാവേറായി ഉമ്മന്‍ ചാണ്ടി ഉപയോഗിക്കുകയാണ് പല കാര്യങ്ങളിലും. അത് ലോ അക്കാദമി സമരത്തിലും തുടരുന്നു എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം.

ചില നിശബ്ദതകളും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. ആം ആദ്മി എവിടെ? ആര്‍ എം പി നേതാവ് കെ കെ രമ വന്നെങ്കിലും അവരുടെ ശബ്ദത്തിന് പണ്ടേ പോലെ പ്രാധാന്യം മാധ്യമങ്ങള്‍ കൊടുത്തു കണ്ടില്ല. ദളിത് പീഡനം എന്ന പരാതി ഉയര്‍ന്നിട്ടും ദളിത്/മനുഷ്യാവകാശ സംഘടനകളുടെ ശബ്ദം ഉയര്‍ന്നു കേട്ടില്ല. എല്ലാറ്റിലും മേല്‍ പൊങ്ങിവന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്പോര്‍ മാത്രം. കേരളത്തിലെ മറ്റേത് സമരത്തെയും പോലെ അനിവാര്യമായ സമവായത്തിലേക്കും പതനത്തിലേക്കും പോവുകയാണ് ലോ അക്കാദമി സമരം. എസ് എഫ് ഐയുടെ മുന്‍കയ്യില്‍ ഉണ്ടാക്കിയ ഒത്തു തീര്‍പ്പ് രേഖ വള്ളിപുള്ളി വിടാതെ നടപ്പിലാകുമെങ്കില്‍ അതുമാത്രമായിരിക്കും സമരത്തിന്റെ നേട്ടം.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories