TopTop
Begin typing your search above and press return to search.

ലോ അക്കാദമിയുടെ ഭൂമിയേറ്റെടുക്കല്‍ പ്രഖ്യാപനം മാത്രം! മൂന്ന് മാസമായിട്ടും നിയമോപദേശമില്ല

ലോ അക്കാദമിയുടെ ഭൂമിയേറ്റെടുക്കല്‍ പ്രഖ്യാപനം മാത്രം! മൂന്ന് മാസമായിട്ടും നിയമോപദേശമില്ല

ലോ അക്കാദമിയുടെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മൂന്ന് മാസമായിട്ടും നിയമോപദേശം ലഭിച്ചില്ല. നടപടികള്‍ വൈകിപ്പിക്കാനാണ് നിയമോപദേശം വൈകിപ്പിക്കുന്നതെന്നാണ് സൂചന. ചട്ടം ലംഘിച്ച് നിര്‍മ്മാണം നടത്തിയ ഭൂമി തിരിച്ച് പിടിക്കണമെന്ന് മൂന്ന് മാസം മുമ്പ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ നിയമോപദേശമോ മറുപടിയോ നല്‍കാന്‍ നിയമവകുപ്പ് ഇനിയും തയ്യാറായിട്ടില്ല.

നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് റവന്യു വകുപ്പും താല്‍പര്യം കാണിക്കുന്നില്ല. അതേസമയം ലോ അക്കാദമി ബൈലോയില്‍ ഭേദഗതി വരുത്തിയതിന് നിയമ സാധുതയുണ്ടെന്നാണ് രജിസ്‌ട്രേഷന്‍ ഐജിയുടെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് തുടര്‍നടപടികളില്‍ സര്‍ക്കാര്‍ അലംഭാവം തുടരുന്നത്. 1984ലാണ് അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ഇതിന് ശേഷം ഭരണസമിതിയില്‍ നിന്നും സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതിനാല്‍ ഭൂമി തിരിച്ച് പിടിക്കണമെന്നാണ് ആവശ്യം.

അതേസമയം 1975ല്‍ ബൈലോയില്‍ ഭേദഗതി വരുത്തിയെന്നും മുന്‍കാല പ്രാബല്യത്തോടെ ജനറല്‍ ബോഡി ഇത് അംഗീകരിച്ചിട്ടുണ്ടെന്നുമാണ് രജിസ്‌ട്രേഷന്‍ വകുപ്പ് കണ്ടെത്തിയത്. ഇതോടൊപ്പം മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസിലും പുരോഗതിയൊന്നുമുണ്ടായിട്ടില്ല. വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് പുറമ്പോക്ക് ഭൂമിയിലെ പ്രധാന കവാടം പൊളിച്ച് നീക്കിയത് മാത്രമാണ് റവന്യു വകുപ്പ് ലോ അക്കാദമിക്കെതിരെ കൈക്കൊണ്ട നടപടി.

ലോ അക്കാദമി ഭൂമി തിരിച്ച് പിടിക്കുന്ന കാര്യത്തില്‍ ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേസുമായി മുന്നോട്ട് പോയാല്‍ നാരായണന്‍ നായര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അടിയറവ് പറയുമെന്ന് ഉറപ്പുള്ളതിനാല്‍ തുടര്‍ നടപടിയൊന്നുമുണ്ടാവില്ല. സാമുദായിക സംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും പതിച്ച് നല്‍കിയ ഭൂമി വ്യവസ്ഥ ലംഘിച്ചതിന് നോട്ടീസ് കൊടുത്തതല്ലാതെ, തിരിച്ചുപിടിച്ച അനുഭവം സംസ്ഥാനത്തില്ല. ഹാരിസണ്‍സ് ഭൂമി തിരിച്ച് പിടിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച അഡ്വ. സുശീല ഭട്ടിന് നാടുകടത്തിക്കൊണ്ടായിരുന്നു സിപിഐ ഇടപെടല്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ ലോ അക്കാദമിയുടെ കാര്യത്തിലും വലിയ പ്രതീക്ഷകളൊന്നും വേണ്ടെന്ന സൂചനയാണ് അന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

ലോ അക്കാദമി സമരത്തിന് പുതിയമുഖം നല്‍കിയത് മുന്ന് പരാതികളാണ്. അതാകട്ടെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വിളിച്ചുവരുത്തിയതുമാണ്. അക്കാദമിക്ക് ഭൂമി പതിച്ചു നല്‍കിയതില്‍ പരാതിയില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം. ഉടന്‍ മൂന്ന് പരാതികളെത്തി. വിഎസ് അച്യുതാനന്ദന്‍, വി മുരളീധരന്‍, സിഎല്‍ രാജന്‍ എന്നിവര്‍. പുന്നന്‍ റോഡിലുള്ള കെട്ടിട നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റുകാരുമായി കൂട്ടുചേര്‍ന്ന് നടത്തുന്നതാണ്; സൊസൈറ്റി ഇക്കാര്യത്തില്‍ ഭൂമി ദുരുപയോഗം ചെയ്തുവെന്നായിരുന്നു ഒന്നാമത്തെ പരാതി. 1984ല്‍ അക്കാദമിക്ക് പതിച്ചുകൊടുത്ത ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. ട്രസ്റ്റിന്റെ ഭരണസമിതിയെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. 2017 ജനുവരി 31ന് അന്വേഷണത്തിനുള്ള ഉത്തരവിറങ്ങി. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കലക്ടറെയും തഹസീദാരെയും ചുമുതലപ്പെടുത്തി. ഫെബ്രുവരി നാലിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്റെ കൊട്ടക്കമ്പൂര്‍, വട്ടവട, പി മേരിക്കുട്ടിയുടെ നെല്ലിയാംപതി കരുണ, രാജമാണിക്യത്തിന്റെ അഞ്ചുലക്ഷം ഏക്കര്‍ പാട്ടഭൂമി, മുന്‍ ചീഫ് സെക്രട്ടറിയുടെ അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി കൈയ്യേറി കാറ്റാടി സ്ഥാപിച്ചത് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ കേരളത്തിലെ വന്‍കിട കൈയ്യേറ്റത്തിന്റെ തെളിമയാര്‍ന്ന രേഖകളാണ്. എന്നാല്‍, ആ ഗണത്തില്‍ പെടുന്ന ഒന്നല്ല അക്കാദമിയെക്കുറിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്റെ അന്വേഷണ റിപ്പോര്‍ട്ട്. എന്നിട്ടും ‘അക്കാദമിക്ക് തിരിച്ചടി’ യെന്നായിരുന്നു തലക്കെട്ട്. (യഥാര്‍ഥത്തില്‍ തിരിച്ചടിയായത് സര്‍ക്കാരിനാണ്).

സര്‍ക്കാര്‍ അക്കാദമിക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചുവെന്നായിരുന്നു ആരോപണം. റിപ്പോര്‍ട്ടില്‍ ആദ്യം പരിശോധിച്ചതും അതാണ്. വഞ്ചിയൂര്‍ വില്ലേജില്‍ തണ്ടപ്പേര്‍ 14978 നമ്പരിലുള്ള 34.05 സെന്റ് അക്കാദമിയുടെ പേരിലുണ്ട്. തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫിസില്‍ 1973 ജൂലൈ 18നും 1976 ജൂണ്‍ 21നും രണ്ടു കച്ചവടങ്ങള്‍ ഇതിനായി സെക്രട്ടറിയെന്ന നിലയില്‍ നാരായണന്‍ നായര്‍ നടത്തി. കോട്ടയത്തുള്ളവര്‍ക്ക് 1952-ല്‍ ഭാഗം ചെയ്തു കിട്ടിയ വസ്തു; അതിനാല്‍ ശുദ്ധമായ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി.

പിന്നീട് ഹീതെര്‍ നിര്‍മ്മാണ കമ്പനിയും അക്കാദമിയും തമ്മില്‍ ഭൂമിയില്‍ സംയുക്ത നിര്‍മ്മാണ ഉടമ്പടി ഒപ്പുവെച്ചു. കേരളത്തില്‍ ആദ്യത്തെ പിപിപി മോഡല്‍ എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. (അക്കാദമി ഇവിടെ പൊതുസ്ഥാപനമാണന്ന് സങ്കല്‍പ്പിച്ചാല്‍) ഉടമ്പടി പ്രകാരം കെട്ടിടത്തിലെ 45 ശതമാനം സ്ഥലം അക്കാദമിക്കുള്ളതാണ്. 55 ശതമാനം ഹീതെര്‍ കമ്പനിക്കും. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗിക്കുന്നത് താമസത്തിനുള്ള ഫ്‌ളാറ്റായിട്ടാണ്. താഴത്തെ നിലയാണ് അക്കാദമിക്കായി നീക്കിവെച്ചത്. അതാകട്ടെ ഗവേണിംഗ് കേന്ദ്രമായിട്ടാണ് ഉപയോഗിക്കേണ്ടത്. ഇക്കാര്യം കളക്ടര്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അക്കാദമിക്ക് പേരൂര്‍ക്കടയില്‍ ഭൂമി പതിച്ചു കിട്ടുന്നതിന് മുമ്പ് തന്നെ നഗരത്തില്‍ സ്വന്തമായി ഭൂമി വാങ്ങിയിരുന്നുവെന്നാണ് ഇത് വ്യക്താമക്കുന്നത്. ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ച് ഇത്തരമൊരു കച്ചവടം നടത്താമോയെന്ന് കാര്യത്തില്‍ നിയമവകുപ്പും നികുതി വകുപ്പും പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

അക്കാദമിയെ സംബന്ധിച്ച രേഖകള്‍, റവന്യു, രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്ന് അപ്രത്യക്ഷമായെന്നാണ് നിലവിലെ അവസ്ഥ. ഇതേക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ രജിസ്ട്രാര്‍ക്ക് സാധിച്ചിട്ടില്ല. ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ തിരുവിതാംകൂര്‍, കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാര്‍മ്മിക സംഘങ്ങള്‍ രജിസ്ട്രാക്കല്‍ നിയമം അനുസരിച്ച് (52/1966 ) അക്കാദമി 1966 ഒക്ടോബര്‍ 17ന് രജിസ്ട്രര്‍ ചെയ്തു. ഇക്കാലത്ത് നിയമാവലിയും അവര്‍ സമര്‍പ്പിച്ചിരുന്നുവെന്നതിന് ഇന്ന് തെളിവില്ല. രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 1972 ഡിസംബര്‍ 28നും 1975 ഒക്ടോബര്‍ 27നും രണ്ടു തവണ നിയമാവലി ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് രണ്ടും ഭൂമി പതിച്ചു നല്‍കുന്നതിന് മുമ്പാണ്. സൊസൈറ്റിയുടെ രജിസ്റ്റര്‍ ബുക്കില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കാദമി അതിന്റെ കോപ്പി ഹാജരാക്കിയിട്ടില്ല. നിയമാവലി ഭേദഗതി ചെയ്തതിന്റെ കോപ്പി പരിശോധനയില്‍ കണ്ടത്താനും കഴിഞ്ഞില്ല. ഇത് ഭേദഗതി വരുത്തിയത് പുന്നന്‍ റോഡിലുള്ള ഭൂമി ട്രസ്റ്റ് വാങ്ങുന്നതിന് മുമ്പാണ്. ഇതുമായി ഭേദഗതിക്ക് ബന്ധമുണ്ടോ എന്നറിയണമെങ്കില്‍ അതിന്റെ കോപ്പി ലഭിക്കണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ മറ്റൊരു ട്രസ്റ്റിന്റെ ഘടന സംബന്ധിച്ച് വിവാദം ഉണ്ടായി. അംജത് അലിഖാന്റെ പേരില്‍ സംഗീത അക്കാദമി സഥാപിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം എല്‍ഡിഎഫ് അംഗീകരിച്ചില്ല. കാരണം സൂര്യ കൃഷ്ണൂര്‍ത്തിയടക്കമുള്ളവര്‍ വ്യക്തിയെന്ന നിലയില്‍ ട്രസ്റ്റില്‍ അംഗമായെന്നതാണ്. അത് ഭാവിയില്‍ ചില വ്യക്തികളുടെ സ്വന്തം സ്ഥാപമായിത്തീരുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അതേ കാര്യം ലോ അക്കാദമിയുട കാര്യത്തില്‍ സംഭവിച്ച് കഴിഞ്ഞു. ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും മുഖ്യമന്ത്രി ഉപരക്ഷാധികാരിയും ആയി രൂപീകരിച്ച ട്രസ്റ്റ് നാരായണന്‍ നായരുടെ സ്വകാര്യ സ്വത്തായി. 1968ല്‍ ഭൂമി പാട്ടത്തിന് നല്‍കിയത് ഈ ട്രസ്റ്റിനാണെന്ന് മുന്‍മന്ത്രി എംഎന്‍ ഗോവിന്ദന്‍ നായര്‍ മറുപടി നല്‍കിയതാണ് അതിനുള്ള ഏക തെളിവ്. ഭൂമി പാട്ടത്തിന് നല്‍കിയതില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പു നല്‍കി. പിന്നീട് ഇത് സംബന്ധിച്ച് ആരും ചോദ്യമുന്നയിച്ചതായി അറിവില്ല.

1966 ലെ 51 അംഗ ഭരണസമിതി 21 ആയി മാറിയത് എന്നാണെന്ന് ചോദ്യത്തിന് രജിസ്ട്രാര്‍ക്കും ഉത്തരമില്ല. 1991 മുതലുള്ള രേഖകള്‍ രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് 21 അംഗഭരണ സമിതിയാണ്. ഏറെപേരും നാരായണന്‍ നായരുടെ ബന്ധുക്കളോ ഉറ്റ മിത്രങ്ങളോ ആണ്. അതുകൊണ്ട് 1984ന് ശേഷം ബൈലോ ഭേദഗതികളൊന്നും ഫയല്‍ ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി. അങ്ങനെയെങ്കില്‍ ഭൂമി പതിച്ചു കിട്ടുന്നതിന് മുമ്പ് ഗവര്‍ണര്‍ അടക്കമുള്ളവരെ പുറത്താക്കിയിരുന്നോയെന്ന് പരിശോധിക്കേണ്ടതുണ്ട്. രജിസ്ട്രാര്‍ ഓഫിസില്‍ 2014ലേതെന്ന് രേഖപ്പെടുത്തിയ നിയമാവലിയില്‍ ഗവര്‍ണറും സര്‍ക്കാര്‍ പ്രതിനിധികളുമില്ല. ട്രസ്റ്റ് പ്രത്യേക കുടുംബത്തിന്റെ കൈയിലാണ്. ജില്ലാ രജിസ്ട്രാര്‍ ഇനിയൊന്നും ലഭിക്കില്ലെന്ന ഉറപ്പോടെ രേഖകള്‍ തപ്പുകയാണ്. ഒടുവില്‍ രേഖകള്‍ ഹാജരാക്കാന്‍ നാരായണന്‍ നായരോട് സര്‍ക്കാരിന് അപേക്ഷിക്കേണ്ടിവരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

1968ല്‍ ഇന്നത്തെ കുടപ്പനക്കുന്ന് വില്ലേജില്‍ (അന്ന് ചെട്ടിവളാകം വില്ലേജ്) കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 11.49 ഏക്കര്‍ ഭൂമി നിശ്ചിത വ്യവസ്ഥകളോട് അക്കാദമിക്ക് ആറ് വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കി. അന്ന് മുഖ്യമന്ത്രി ഇഎംഎസും കൃഷി മന്ത്രി എംഎന്‍ ഗോവിന്ദന്‍ നായരും. കൃഷി മന്ത്രി ഭൂമി പാട്ടം നല്‍കിയതിനെതിരെ നിയമസഭയില്‍ ചോദ്യം ഉയര്‍ന്നു. എംഎന്‍ ഇതൊരു പൊതു ആവശ്യമാണെന്നും സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണമുള്ള ട്രസ്റ്റാണെന്നും മറുപടി നല്‍കി. സര്‍ക്കാരിന് തിരിച്ചെടുക്കാനുള്ള അവകാശത്തോടെയാണ് പാട്ടം. നിശ്ചിത തുക പാട്ടം അടക്കണമെന്നും വ്യവസ്ഥചെയ്തു. 1974 ഏപ്രില്‍ 24ന് പാട്ടം മൂന്നുവര്‍ഷത്തേക്കുകൂടി നീട്ടി. 1975 ഏപ്രില്‍ 29ന് പാട്ടം 30 വര്‍ഷത്തേക്ക് നീട്ടി. ലോ അക്കാദമി സെക്രട്ടറി ഡോ. നാരായണന്‍ നായര്‍ 1982 ഡിസംബര്‍ എട്ടിന് അന്നത്തെ റവന്യു മന്ത്രിക്ക് കത്ത് നല്‍കി. യുജിസി വ്യവസ്ഥയനുസരിച്ച് അക്കാദമിക്ക് അംഗീകാരം ലഭിക്കുന്നതിന് ഭൂമി പതിച്ചു നല്‍കണം.

ദേശീയ പ്രാധാന്യമുള്ള അക്കാദമിക് സ്ഥാപനമാണെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കേരള സര്‍വകലാശാല നിയങ്ങള്‍ക്ക് അനുസരിച്ച് ലോ കോളജിന് ഗ്രാമീണ മേഖലയില്‍ 10 ഏക്കര്‍ ഭൂമി അനുവദിക്കുന്നതിനെ റവന്യുബോര്‍ഡും അനുകൂലിച്ചു. അങ്ങനെയാണ് അക്കാദമിക്ക് പാട്ടത്തിന് നല്‍കിയ 11.49 ഏക്കര്‍ ഭൂമിയില്‍ 11.29 ഏക്കര്‍ പതിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ചെട്ടിവിളാകം വില്ലേജ് 20 സെന്റ് ഭൂമി കൈവശം വെക്കാനും തീരുമാനിച്ചു.

1984 ജൂലൈ അഞ്ചിനാണ് 1964ലെ ഭൂമി പതിവ് ചട്ടം 24 അനുസരിച്ച് സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉയോഗിച്ച് പൊതുതാല്‍പ്പര്യം പരിഗണിച്ച് പതിച്ച് നല്‍കാന്‍ ഉത്തരാവായത്. ചട്ടം അനുസരിച്ചുള്ള വ്യവസ്ഥകള്‍ക്ക് പുറമെ പ്രത്യേക മൂന്ന് വ്യവസ്ഥകളും എഴുതിച്ചേര്‍ത്തു. എന്ത് ആവശ്യത്തിന് വേണ്ടിയാണോ ഭൂമി അനുവദിച്ചത് അതിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഭൂമി അന്യാധീനപ്പെടരുത്. ഇതില്‍ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുകയുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കും. ഇത്രയും കാര്യങ്ങള്‍ മാത്രമേ സര്‍ക്കാരിന് ഇനി പരിശോധിക്കാന്‍ കഴിയു. തഹസീദാര്‍ പരിശോധിച്ചതും ഇക്കാര്യമാണ്.

ഇപ്പോള്‍ സര്‍വേ നടത്തിയത് അനുസരിച്ച് സര്‍വേ നമ്പര്‍ 1342/9എയിലും 19എയിലുമായി റീസര്‍വേ കഴിഞ്ഞപ്പോള്‍ 11.54 ഏക്കര്‍ ഭൂമിയുണ്ട്. പതിച്ച് നല്‍കിയതിനേക്കാള്‍ 35 സെന്റ് ഭൂമി കൂടുതലുണ്ട്. മുഴുവന്‍ ഭൂമി മതില്‍കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. അതിനാല്‍ ഭൂമി അന്യാധീനപ്പെട്ടിട്ടില്ല. സര്‍ക്കാരിന്റെ ഒന്നാമത്തെ വ്യവസ്ഥ ലംഘിച്ചിട്ടില്ല. തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് 1.4 ഹെക്ടര്‍ (3.5 ഏക്കര്‍) ഉപയോഗിക്കാതെ കിടക്കുകയാണ്. 30-40 വാഴകള്‍ മാത്രമാണ് അവിടെയുള്ളത്. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ഭാര്യയായ തുളസീമണിക്ക് മാത്രമാണു ക്വാട്ടേഴ്സ് അനുവദിച്ചിട്ടുള്ളത്. മറ്റൊരു അധ്യാപനും അക്കാദമിക്കുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചിട്ടില്ല. രണ്ട് പഴയ കെട്ടിടങ്ങള്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്.

വില്ലേജ് ഓഫീസിന്റ തെക്ക് ഭാഗത്ത് 6000 സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തിലുള്ള രണ്ട് കെട്ടിടങ്ങളുണ്ട്. 2004ല്‍ വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തതാണ് ഈ കെട്ടിടം. ഒന്നാം നിലയിലെ കെട്ടിടം ഉപയോഗിക്കുന്നത് അക്കാദമിയുടെ ഗസ്റ്റ് ഹൗസായിട്ടാണ്. അതിലേക്ക് കടക്കാന്‍ കാമ്പസില്‍ നിന്ന് വാതിലുണ്ട്. താഴത്തെ നില പേരൂര്‍ക്കട കുടപ്പനക്കുന്ന് പ്രധാന റോഡിലേക്ക് നേരിട്ട് വാതിലുള്ള രണ്ടു ഭാഗങ്ങളായി തിരിച്ച കെട്ടിടമാണ്. അതിലൊന്നില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖ പ്രവര്‍ത്തിക്കുന്നു. കാമ്പസില്‍ നിന്ന് നേരിട്ട് അതിലേക്ക് വാതില്‍ ഇല്ല. മറ്റൊരു ഭാഗം ഉപയോഗിക്കുന്നത് റെസ്റ്റാറെന്റ് എന്ന നിലയിലാണ്. ‘ചെറിയകട’ എന്ന പേരില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ് അത് നടത്തിയിരുന്നത്. അതിനുളളിലേക്ക് കാമ്പസില്‍ നിന്ന് നേരിട്ട് പ്രവേശിക്കാനാവില്ല.

അതില്‍ നിന്ന് താഴത്തെ നില ഉപയോഗിക്കുന്നത് വാണിജ്യ ആവശ്യത്തിനാണെന്ന വ്യക്തമാണ്. അതിനാല്‍ ഭൂപതിവ് ഉത്തരവിലെ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണ്. ഇക്കാര്യം തിരുവനന്തപുരം തഹസീദാര്‍ മണികണ്ഠന്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം വൈകുന്നേരം കെഎല്‍എ കാന്റീന്‍ എന്നൊരു ബോര്‍ഡ് റെസ്റ്റാറിന്റെ പുറത്ത് സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ചെറിയകട മണിക്കൂറുകള്‍ക്കുള്ളില്‍ ക്യാന്റീനായി മാറി. പതിച്ചു കിട്ടിയ ഭൂമി തോന്നിയപോലെ ഉപയോഗിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത് എന്നു വ്യക്തം. കൃത്യമായ വികസന പദ്ധതികള്‍ മുന്നോട്ട് വെച്ചല്ല ഭൂമി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രധാന ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നത് വില്ലേജിലെ ബിടിആര്‍ രേഖ അനുസരിച്ച് സര്‍വേ നമ്പര്‍ 726/5 ലെ റോഡ് പുറമ്പോക്കിലാണ്. റോഡിന്റെ സ്ഥലമാകട്ടെ ജലഅതോറിറ്റിയുടേതുമാണ്. ഗ്രന്ഥശാല ജംഗ്ഷനിലെ ഗേറ്റ് റോഡ് പുറമ്പോക്കിലും അവിടെനിന്ന് അക്കാദമിയിലേക്കുള്ള റോഡ് ജല അതോറിറ്റിയുടെ ഭൂമിയിലൂടെയുമാണ്. റീസര്‍വേ അനുസരിച്ച് ഇതിന്റെ വശത്തുള്ള ഭൂമിയും സര്‍വേ നമ്പര്‍ 726/16ലെ പുറമ്പോക്കാണ്. പൊതുറോഡ് അക്കാദമിക്ക് പതിച്ചു നല്‍കിയിട്ടില്ല. പുറമ്പോക്ക്, അക്കാദമി അവരുടെ ആവശ്യത്തിനായി ഗേറ്റ് സ്ഥാപിച്ച് ഉപയോഗിക്കുകയാണ്. പേരൂര്‍ക്കട കുടപ്പനക്കുന്ന് പ്രധാന റോഡിലേക്ക് പാതയുണ്ടാക്കി അവിടെയൊരു കവാടം നിര്‍മ്മിച്ച് അത് അടച്ചിടുകയാണ് അക്കാദമി അധികൃതര്‍. ഇത്രയുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്.

നിര്‍ദേശത്തിലേക്ക് കടക്കുമ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. സൊസൈറ്റിയുടെ ഘടനയിലുണ്ടായ മാറ്റം അനേഷിക്കണം. അതിന്റെ ഉത്തരവാദിത്വം ജില്ലാ രജിസ്ട്രാര്‍ക്കാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യം അന്വേഷിക്കണമെന്ന് മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശിച്ചു. മന്ത്രി രജിസ്‌ട്രേഷന്‍ ഐജിയെയും നിയോഗിച്ചു. ഐജി ലൈസന്‍സിങ് ഐജിക്ക് അന്വേഷണ ചുമതല നല്‍കി. ആര് അന്വേഷിച്ചാലും 1984ല്‍ ഭൂമി പതിച്ച് നല്‍കിയ കാലം മുതലാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. 1972ലും 1975ലും രണ്ട് തവണ നിയമാവലി ഭേദഗതി വരുത്തിയത് അന്വേഷണത്തില്‍ ഉള്‍പ്പെടില്ല.

ഭരണസമിതി ഭാരവാഹികളുടെ 1991 മുതലുള്ള പട്ടിക മാത്രമേ ജില്ലാ രജിസ്ട്രാറിന്റെ കൈവശമുള്ളൂ. ട്രസ്റ്റിന്റെ ചരിത്രത്തിലുണ്ടായ പരിണാമഗതി കണ്ടത്താനാവില്ല. നാരായണന്‍നായുടെ രഹസ്യമായി അത് തുടരും. ഇക്കാര്യത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ഏറെനാള്‍ ഇരുട്ടില്‍ തപ്പുമെന്ന് ഉറപ്പാണ്. റോഡ് പുറമ്പോക്കിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കാനുള്ള രണ്ടാമത്തെ നിര്‍ദേശം എളുപ്പമുള്ള കാര്യമായതിനാല്‍ അത് നടപ്പാക്കി. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചെടുക്കുന്നതിന് നിയമവകുപ്പിനോട് സര്‍ക്കാര്‍ ഉപദേശവും തേടി. അതേസമയം ഭൂമി പതിച്ചു നല്‍കുമ്പോള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഭൂമി മുഴുവന്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നില്ലെന്ന് റവന്യു സെക്രട്ടറി അടിവരയിട്ട് പറയുകയും ചെയ്തു. ഭൂപതിവ് വ്യവസ്ഥ ലംഘിച്ചാണ് അക്കാദമി കോമ്പൗണ്ടില്‍ റെസ്റ്റാറന്റും സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖയും പ്രവര്‍ത്തിക്കുന്നത്. അത് വാണിജ്യ കച്ചവട ആവശ്യത്തിനാണ്. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

സര്‍ക്കാര്‍ സമന്വയത്തിന്റെ പാത ഒരുങ്ങിയാല്‍ ബാങ്കിന്റെ ശാഖ അവിടെ നിന്ന് മാറ്റില്ല. റെസ്‌റ്റോറന്റിന്റെ പേര് മാറ്റി കാന്റീനായി നാളെ പ്രവര്‍ത്തിക്കാം. അതിനപ്പുറം എന്ത് നോട്ടീസ് നല്‍കിയാലും നാരായണന്‍ നായര്‍, കോടതിയെ സമീപിക്കുമെന്ന് സിപിഐക്കാര്‍ക്കുമറിയാം. അതിനുള്ള മരുന്ന് ഈ റിപ്പോര്‍ട്ടില്‍ തന്നെ ഉള്ളടങ്ങിയിട്ടുണ്ട്. നിയമജ്ഞാനത്തിന്റെ ഗുരുവായ അദ്ദേഹത്തിന് അതിന് പുറത്തുനിന്ന് സഹായമൊന്നും വേണ്ടിവരില്ല. ശിക്ഷ്യന്മാരുടെ വന്‍പട സംരക്ഷണ വലയം തീര്‍ക്കുമെന്ന കാര്യത്തിലും സംശയം വേണ്ട.

ലോ അക്കാദമി സമരത്തിന് വിവിധ മുഖങ്ങളുണ്ട്. ജാതി-ജന്മിത്വം പുതിയകാലത്തും അധീശത്വം നിലനിര്‍ത്തുന്നതിന്റെ, ഇടതുപ്രസ്ഥാനവുമായി അവര്‍ക്കുള്ള ബാന്ധവത്തിന്റെ, അതിലൂടെ നേടിയെടുത്ത നിരവധിയായ സൗജന്യങ്ങളുടെ, അധികാര ദുര്‍വാസനയുടെ ചിത്രങ്ങളെല്ലാം വെള്ളത്തിലെ തിരപോലെ തള്ളിവരുകയാണ്. എട്ടുവീട്ടില്‍ പിള്ളമാരുടെ പാരമ്പര്യമാണ് തിരുവിതാംകൂറിനുള്ളത്. അതില്‍നിന്ന് വേണം അക്കാദമിയിലെ അധീശാധികാരത്തെ വിലയിരുത്താന്‍. സിപിഐ എത്ര മുറവിളി കൂട്ടിയാലും അന്വേഷണത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഭൂമിപതിവ് വ്യവസ്ഥ ലംഘിച്ചുവെന്ന് പറഞ്ഞ് നക്കാപ്പിച്ച വിരട്ടല്‍ നടത്താം. അതിനപ്പുറം എങ്ങും പോവില്ല. റിപ്പോര്‍ട്ട് തിരിച്ചടിയായത് ഭൂമി തിരിച്ചെടുക്കണമെന്ന് മുറവിളി കൂട്ടിയവര്‍ക്കാണ്.

സര്‍ക്കാര്‍ സ്വത്തായ ഭൂമി അനധികൃതമായി കൈവശം വെച്ചാല്‍ മുന്ന് വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവാണ് 1957ലെ നിയമവും 1958 ചട്ടങ്ങളും അനുസരിച്ച് ശിക്ഷ. കൂടാതെ 500 മുതല്‍ രണ്ടു ലക്ഷം രൂപ വരെ പിഴയും നല്‍കണം. ലോ അക്കാദമിക്ക് പതിച്ചുകൊടുത്ത 11.49 ഏക്കറില്‍ അഞ്ചോ ആറോ ഏക്കര്‍ തിരിച്ച് പിടിക്കുമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പ്രയാസമൊന്നുമില്ല. എന്നാല്‍, അക്കാദമിയുടെ മര്‍മ്മത്തെ തൊടാന്‍ മാനേജ്‌മെന്റ് അനുവദിച്ചില്ല. സാധാരണ ഭൂമി പതിച്ചു നല്‍കുമ്പോള്‍ വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കുന്നുണ്ടോയെന്ന പരിശോധിക്കാന്‍ സര്‍ക്കാരിന് സംവിധാനമില്ല. തഹസീല്‍ദാരും വില്ലേജ് ഓഫിസറുമൊന്നും ഇത്രയും കാലം കൈയേറ്റം റിപ്പോര്‍ട്ട് ചെയ്തില്ല. കലക്ടര്‍ സ്ഥല സന്ദര്‍ശനവും നടത്തിയിട്ടില്ല. സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ നോട്ടീസ് നല്‍കിയാല്‍ മനേജ്‌മെന്റ് കോടതി കയറും.

നിയമവിദഗ്ധരുടെ ഉല്‍പ്പാദനകേന്ദ്രമാണ് അക്കാദമി. അക്കാദമിക്ക് ഭൂമി പതിച്ചു നല്‍കിയത് നിയമത്തിലെ ‘പൊതു താല്‍പര്യം’ അനുസരിച്ചാണ്. സംസ്ഥാന സഹകരണബാങ്കും കാന്റീനും പ്രവര്‍ത്തിച്ചിരുന്നത് പൊതുതാല്‍പര്യ പ്രകാരമാണെന്ന് മാനേജ്‌മെന്റ് വാദിക്കും. നിയമത്തില്‍ പൊതുതാല്‍പ്പര്യത്തിന് കൃത്യമായ നിര്‍വചനമില്ല. മന്നം മെമ്മോറിയല്‍ നാഷനല്‍ ക്‌ളബ്ബ്, വൈഎംസിഎ, ഗോള്‍ഫ് ക്‌ളബ്ബ് തുടങ്ങിയ തിരുവനന്തപുരത്തെ നിവരധി സ്ഥാപനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടതിന് കാരണം ഇതാണ്. സാമൂഹ്യപരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കാനല്ലാതെ പ്രമാണിമാര്‍ക്ക് കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കില്ലെന്ന് അന്നത്തെ സിപിഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞിരുന്നു. എന്നാല്‍, റവന്യു വകുപ്പിന്റെ ഏറ്റെടുക്കല്‍ അന്നും എവിടെയും എത്തിയില്ല എന്നത് ചരിത്രം.


Next Story

Related Stories