TopTop

ബിജെപി സമരപ്പന്തലില്‍ സുഭാഷ് വാസു, കെ മുരളീധരനും നിരാഹാരത്തില്‍, അണുവിട മാറാതെ വിദ്യാര്‍ഥികള്‍... ലോ അക്കാദമി സമരം 24-ാം ദിവസത്തിലേയ്ക്ക്

ബിജെപി സമരപ്പന്തലില്‍ സുഭാഷ് വാസു, കെ മുരളീധരനും നിരാഹാരത്തില്‍, അണുവിട മാറാതെ വിദ്യാര്‍ഥികള്‍... ലോ അക്കാദമി സമരം 24-ാം ദിവസത്തിലേയ്ക്ക്
ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരം തുടരുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ച് എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചെങ്കിലും പ്രിന്‍സിപ്പാളിന്റെ രാജിയില്ലാതെ സമരം അവസാനിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരുപത്തി മൂന്നാം ദിവസവും മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലാണ്. ഇന്നലെ ഗവര്‍ണര്‍ പി സദാശിവവുമായും വിഎസ് അച്യുതാനന്ദനുമായും വിദ്യാര്‍ത്ഥികള്‍ സംസാരിച്ചിരുന്നു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ പ്രത്യേകമായി തന്നെ സമരരംഗത്ത് തുടരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ മുരളീധരന്‍ എംഎല്‍എ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. ബിജെപിക്കായി അനിശ്ചിതകാല നിരാഹാരം നടത്തിയിരുന്ന വി മുരളീധരന്‍ മാറുകയും പകരം വിവി രാജേഷ് രംഗത്തെത്തുകയും ചെയ്തു. സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട്. സമരം അവസാനിപ്പിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ ക്ലാസില്‍ കയറുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥികളൊന്നും തന്നെ എത്തിയിട്ടില്ല.

ലോ അക്കാഡമി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ ഇതര ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ അത് പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെഎസ് അരുണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സമരം അവസാനിച്ചാലും ഭൂ സമരവുമായി മുന്നോട്ട് പോകുമെന്ന് എഐവൈഎഫ് വ്യക്തമാക്കി. എസ്എഫ്‌ഐയുമായി ഉണ്ടാക്കിയെന്ന് പറയുന്ന ധാരണയും നടത്തിയ ചര്‍ച്ചയും ദുരൂഹമാണ്. എസ്എഫ്‌ഐയുമായി മാത്രം എങ്ങനെയാണ് ഇത്തരത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നതെന്നും അരുണ്‍ ചോദിച്ചു. സമരം ചെയ്യുന്ന മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് യാതൊരു ഉറപ്പും കിട്ടിയിട്ടില്ല. ജാതി അധിക്ഷേപത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ലക്ഷ്മി നായര്‍ ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. പാസ്‌പോര്‍ട്ട് കണ്ടുകെട്ടി അവരെ അറസ്റ്റ് ചെയ്യണമെന്ന് എഐവൈഎഫ് ആവശ്യപ്പെടുന്നു. ബിജെപിയെ ഈ സമരത്തിലേയ്ക്ക് കൊണ്ടുവരാനുള്ള അവസരം ഒരുക്കാന്‍ പാടില്ലായിരുന്നുവെന്നും അരുണ്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമുണ്ടാകുമായിരുന്നില്ല. ബിജെപിക്ക് ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമാണുള്ളതെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമില്ല.

ഇതിപ്പോള്‍ വിദ്യാര്‍ത്ഥി സമരം മാത്രമല്ലെന്നും ഈ പ്രദേശത്താകെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നായി മാറിയിട്ടുണ്ടെന്നും സ്ഥലം എംഎല്‍എ കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇവിടെ ചോരയൊഴുകുന്ന അവസ്ഥ ഒഴിവാകണം. ഈ സമരം എത്രയും പെട്ടെന്ന് തീരണമെന്ന ആഗ്രമാണ് തനിക്കുള്ളത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്ന നിലപാടിലായിരുന്നു താന്‍. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗവുമായി മാത്രം ചര്‍ച്ച നടത്തിയുള്ള ഏകപക്ഷീയമായി അത് മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് താന്‍ നിരാഹാര സമരം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് ശ്രമങ്ങളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായ പ്രതിച്ഛായ നിലനിര്‍ത്തുന്നതിനോ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയോ ഇത്തരമൊരു സമരത്തില്‍ പങ്കെടുക്കേണ്ട ആവശ്യം തനിക്കില്ല. ഈ പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നതില്‍ തടസമാകുന്നത് ഈ കോളേജ് അധികൃതരുടെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ്. വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കുമ്പോള്‍ തങ്ങളും സമരം അവസാനിപ്പിക്കും - കെ മുരളീധരന്‍ പറഞ്ഞു.സമരത്തിന്റെ സ്വഭാവം മാറിയിട്ടുണ്ടെന്ന് നിരാഹാര സമരം നടത്തുന്ന വിവി രാജേഷ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ അവകാശസമരം മാത്രമല്ല ഇത്. ബിജെപി പിന്തുണ നല്‍കിയ ശേഷമാണ് സമരം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചതെന്നും വിവി രാജേഷ് അവകാശപ്പെട്ടു. സമര പന്തലിലേയ്ക്ക് ഗ്രനേഡ് എറിഞ്ഞും പ്രതിഷേധത്തെ മര്‍ദ്ദിച്ചൊതുക്കിയുമാണ് പൊലീസ് മുന്നോട്ട് പോകുന്നത്. എസ്എഫ്‌ഐ കേരളത്തിലെ സ്വാശ്രയ കോളേജ് സമരങ്ങളെയെല്ലാം വഞ്ചിക്കുകയാണ്. നെഹ്രു കോളേജിലായാലും മറ്റേത് കോളേജിലായാലും പിണറായി സര്‍ക്കാരിന് സ്വാശ്രയ മാനേജ്‌മെന്റുകളെ പേടിയാണെന്നും വിവി രാജേഷ് അഭിപ്രായപ്പെട്ടു.

ലോ അക്കാഡമി സമരത്തില്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളുടെ പ്രത്യേക സമരപ്പന്തലും മാനേജ്‌മെന്റിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഏറെ ശ്രദ്ധ പിടിച്ച് പറ്റിയതാണ്. ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കാണ് ഏറെ ദുസഹമായ അനുഭവങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് സമരരംഗത്തെത്തിയ സംഘടനാ ഭേദമന്യെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്കുള്ളത്. പ്രിന്‍സിപ്പാള്‍ രാജി വയ്ക്കുക എന്ന ആവശ്യം അംഗീകരിക്കാതെ യാതൊരു വിട്ടുവീഴ്ചയക്കും തയ്യാറല്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവര്‍ത്തിച്ചു.

എസ്എഫ്‌ഐയ്ക്ക് സമരം വിജയിച്ചു എന്ന് പറയാനുള്ള യാതൊരു അവകാശവുമില്ലെന്ന് എഐവൈഎഫ് നേതാവ് വിവേക് പറഞ്ഞു. സമരത്തിന്റെ മുന്നാം ദിവസം കഴിഞ്ഞാണ് അവര്‍ രംഗത്തെത്തുന്നത്. ആദ്യ രണ്ട് ദിവസങ്ങളില്‍ സമരം നടത്തുന്ന ഞങ്ങളെ പരിഹസിച്ച് ഫുട്‌ബോള്‍ കളിക്കാന്‍ പോയവരാണ് ഇവിടുത്തെ എസ്എഫ്‌ഐ നേതാക്കള്‍. സമരത്തിന് തൊടുമുമ്പ് ഡയറക്ടര്‍ നാരായണ്‍ നായരുമായി എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവര്‍ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ സമരരംഗത്തേയ്ക്ക് വരുന്നത് തന്നെ. അവസാനം സമരത്തില്‍ കയറി വന്ന് ആദ്യം സമരമവസാനിപ്പിച്ച് അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് എസ്എഫ്‌ഐ ശ്രമിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കുറെ ഗുണ്ടകളെ ഇറക്കി ലോ അക്കാഡമിയിലെ കെട്ടിടങ്ങള്‍ അടിച്ച് തകര്‍ത്ത് സമരം ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളാണ് എസ്എഫ്‌ഐ ആദ്യം നടത്തിയത്. സിപിഎം എല്ലായ്‌പ്പോഴും ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തെ തള്ളിപ്പറയുന്ന രീതീയിലുള്ള സമീപനമാണ് സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി ഈ സമരത്തെ പുച്ഛിച്ച് തള്ളുകയാണുണ്ടായത്. ഈ സമരത്തില്‍ ചിലര്‍ക്ക് സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് ബിജെപിയുടെ പേരെടുത്ത് പറയാതെ വിവേക് പറഞ്ഞു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത് കക്ഷി രാഷ്ട്രീയ പ്രശ്‌നമല്ല. ഇതൊരു ജീവിത പ്രശ്‌നമാണ്. അക്കാഡമിയുടെ അഫിലിയേഷന്‍ നഷ്ടപ്പെടണമെന്നോ ഇത് തകര്‍ന്ന് പോകണമെന്നോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ കോളേജില്‍ തന്നെ പഠിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. അവര്‍ യാതൊരു ചര്‍ച്ചയ്ക്കും തയ്യാറായിരുന്നില്ല. ഇന്റേണല്‍ മാര്‍ക്കിലേയും അറ്റന്‍ഡന്‍സിലേയും സുതാര്യത, ടോയ്‌ലറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക ഇങ്ങനെയുള്ള വിഷയങ്ങളാണ് തുടക്കത്തില്‍ ഞങ്ങള്‍ ഉന്നയിച്ചിരുന്നത്. പ്രിന്‍സിപ്പാള്‍ ഒന്നിനും പ്രതികരിക്കാതെയും അക്കാഡമിയില്‍ വരാതെയും ആയപ്പോള്‍ ഞങ്ങള്‍ മിസിംഗ് എന്ന് പറഞ്ഞ് പോസ്റ്ററടിക്കുകയും ലക്ഷ്മി നായരെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി വരുമ്പോഴാണ് അക്കാഡമിയിലെ പ്രശ്‌നങ്ങള്‍ എത്രത്തോളം ഗൗരവമുള്ളതാണെന്നാണ് വ്യക്തമാവുന്നത്. ഞങ്ങള്‍ വിക്ടിംസ് ഓഫ് കെഎല്‍എ എന്ന പേരില്‍ ഒരു ഫേസ്ബുക് പേജ് തുടങ്ങിയിരുന്നു. ജാതി അധിക്ഷേപം, പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥികളെ കൊണ്ട് ഹോട്ടലില്‍ പണിയെടുപ്പിക്കല്‍ തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥികള്‍ പുറത്ത് പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്. അങ്ങനെയാണ് പ്രിന്‍സിപ്പാള്‍ രാജി വയ്ക്കുക എന്ന ആവശ്യത്തിലേയ്ക്ക് ഞങ്ങളെത്തുന്നത്.

ജാതീയമായ അധിക്ഷേപവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിനെതിരെ പരാതി കൊടുത്തത് വിവേകായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് ഇത്ര ദിവസമായിട്ടും അറസ്റ്റുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം എസി വിളിപ്പിച്ചിരുന്നു. കേസിന്റെ കാര്യങ്ങള്‍ സംസാരിക്കുന്നതിന് പകരം ഞങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. ഒരു മണിക്കൂറോളം അദ്ദേഹം ഞങ്ങളുമായി സംസാരിച്ചു. ഞാന്‍ വന്ന വണ്ടിയേതാണ്. മാഡത്തിന്റെ കാറിന്റെ നമ്പര്‍, കളര്‍, അവര്‍ ഉടുക്കാറുള്ള സാരികള്‍ തുടങ്ങിയ കാര്യങ്ങളാണ് എസിക്ക് അറിയേണ്ടിയിരുന്നത്. പട്ടികജാതിക്കാര്‍ക്കെതിരായ പീഡനവും അധിക്ഷേപവും തടയുന്ന നിയമത്തിന്റെ പിടിയില്‍ നിന്ന് പ്രിന്‍സിപ്പാളിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. ഹോട്ടലില്‍ പണിയെടുപ്പിച്ചതായി പരാതിപ്പെട്ടിട്ടുള്ള സെല്‍വം എന്ന വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ പിശകുകള്‍ വരുത്താന്‍ പൊലീസ് ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. സെല്‍വം ദളിതനായത് കൊണ്ടാണ് ഹോട്ടലില്‍ പണിയെടുക്കാന്‍ ലക്ഷ്മി നായര്‍ തിരഞ്ഞെടുത്തതെന്നും വിവേക് ആരോപിക്കുന്നു.

എസ്എഫ്‌ഐയ്ക്ക് ക്യാമ്പസില്‍ മൂന്നൂറിലധികം അംഗങ്ങളുണ്ട്. എന്നാല്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ മാത്രമേ അവരുടെ ഭാഗത്ത് നിന്ന് സമരരംഗത്തുണ്ടായിരുന്നുള്ളൂ. എസ്എഫ്‌ഐയുടെ കൂടെയുണ്ടായിരുന്ന പലരും ഇപ്പോള്‍ ഞങ്ങളോടൊപ്പമാണ്. എസ്എഫ്‌ഐയില്‍ തന്നെ വലിയ ഭിന്നിപ്പുണ്ടായിട്ടുണ്ട്. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയില്‍ തന്നെ വലിയ ഭിന്നിപ്പുണ്ട്. 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫിലേയ്ക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നും വിവേക് അവകാശപ്പെട്ടു. ഭൂമിയുടെ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാവുന്ന ഒന്നല്ല. അതേസമയം ഇപ്പോഴത്തെ വിദ്യാര്‍ത്ഥി സമരം അവസാനിച്ച് കഴിഞ്ഞാല്‍ ലോ അക്കാഡമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രീകരിച്ച് മുന്നോട്ട് പോകും. പരീക്ഷകള്‍ അടുത്ത സാഹചര്യത്തില്‍ പ്രായോഗികമായ സമീപനമാണ് എടുക്കുക. മാനേജ്മെന്റിന്‍റെ ഭാഗത്ത് നിന്ന് ജനാധിപത്യപരമായ സമീപനം ഉണ്ടാവുകയാണെങ്കില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി വലിയ പ്രശ്‌നം തന്നെയാണ്. എല്ലാ വിദ്യാര്‍ത്ഥികളുടേയും പേറ്റന്റ് ഞങ്ങള്‍ക്ക് അവകാശപ്പെടാനാവില്ലെന്നും വിവേക് പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെ വാശി പിടിക്കുന്ന സമീപനമല്ല എഐഎസ്എഫിനുള്ളതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.ലക്ഷ്മി നായര്‍ കോടതിയില്‍ പോയാല്‍ തങ്ങള്‍ക്ക് അനുകൂലമായിരിക്കും കോടതി വിധിയെന്നാണ് സമരം തുടരുന്ന വിദ്യാര്‍ത്ഥികളുടെ അവകാശവാദം. എന്നാല്‍ എസ്എഫ്‌ഐ, മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സമരത്തിന്റെ തുടര്‍ച്ചയ്ക്ക് ഏറെ പരിമിതികളുണ്ട് എന്നത് വസ്തുതയാണ്. ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുമ്പോഴും ഈ യാഥാര്‍ത്ഥ്യബോധം സമരം തുടരുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കുമുണ്ട്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് പോലെ പ്രിന്‍സിപ്പാള്‍ രാജി വച്ചാലും മാനേജ്‌മെന്റ് വിചാരിച്ചാല്‍ അവര്‍ക്ക് പിന്നീട് അക്കാഡമിയില്‍ തിരിച്ച് വരാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അവര്‍ ഡയറക്ടറായി, മാനേജ്‌മെന്റിന്റെ ഭാഗമായി തുടരുകയാണ്. സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ ലക്ഷ്മി നായര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയും സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ ദുരുപയോഗം അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമെന്നതാണ് സര്‍ക്കാരിന് ചെയ്യാവുന്നത്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥ കാണിക്കുകയും വിശ്വാസ്യത നേടുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അമ്പത് വര്‍ഷത്തോളം ചരിത്രമുള്ള ലോ അക്കാഡമിയിലെ ഈ കുത്തഴിഞ്ഞ അവസ്ഥയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ആര്‍ക്കും ഇതില്‍ കൈ കഴുകനാവില്ല. ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയായും മന്ത്രിമാര്‍ അംഗങ്ങളായും രൂപീകരിച്ച ട്രസ്റ്റ് എങ്ങനെ കുടുംബ സ്വത്തായി മാറിയെന്നും അവരുടെ സ്വേച്ഛാധികാര വാഴ്ചയ്ക്ക് കീഴില്‍ വന്നു എന്നതുമാണ് പ്രശ്‌നം. സര്‍ക്കാര്‍ ഭൂമിയില്‍ വിദ്യാര്‍ത്ഥി പീഡനവും കൊള്ളരുതായ്മകളുമായി ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്നു എന്നത് ഗുരുതരമായ പ്രശ്‌നമാണ്.

ജാതി അധിക്ഷേപമടക്കം സംഘടനാ ഭേദമന്യെ എല്ലാ വിദ്യാര്‍ത്ഥികളും ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ത്തിയത് ഒരേ ആരോപണങ്ങളാണ്. സമരം അവസാനിപ്പിച്ച എസ്എഫ്‌ഐയ്ക്കുണ്ടായിരുന്ന ആരോപണങ്ങള്‍ തന്നെയാണ് മറ്റ് സംഘടനകള്‍ക്കും മുന്നോട്ട് വയ്ക്കാനുള്ളത്. എന്നാല്‍ സമീപനവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണ് എസ്എഫ്‌ഐയുമായി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുമായി സംസാരിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും എന്നാല്‍ സംഘടനകളുടെ ബാനറിന് പുറത്ത് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ എന്ന പ്ലാറ്റ്‌ഫോമില്‍ വരുന്നവരുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും അവര്‍ എസ്എഫ്‌ഐയ്ക്ക് എതിരായ സമീപനമാണ് സ്വീകരിച്ചതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറയുന്നു.

അതേസമയം രാജി വയ്ക്കില്ലെന്ന് തന്നെയാണ് ഇപ്പോഴും ലക്ഷ്മി നായരുടെ നിലപാട്. മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ അഞ്ച് വര്‍ഷത്തേയ്ക്ക് മാറി നില്‍ക്കുകയാണെന്നും ഈ തീരുമാനം താന്‍ കൂടി അംഗീകരിച്ചതായത് കൊണ്ട് ഇതിനെതിരെ കോടതിയില്‍ പോകുന്ന പ്രശ്‌നമില്ലെന്നും ലക്ഷ്മി നായര്‍ പറയുന്നു. ഇതെല്ലാം എസ്എഫ്‌ഐയുടെ നിലപാടില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ മാനേജ്‌മെന്റ് അംഗീകരിച്ചു എന്ന് പറയുന്ന കാര്യങ്ങള്‍ നടപ്പാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യതയെങ്കിലും ഇനി എസ്എഫ്‌ഐയ്ക്കുണ്ട്.തീര്‍ച്ചയായും ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരത്തെ പിന്തുണച്ച് ശക്തമായി രംഗത്ത് വന്നിരിക്കുന്നത് സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി പീഡനങ്ങളില്‍ പ്രതിഷേധമുള്ളത് കൊണ്ടോ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതി്ല്‍ പ്രതിബദ്ധതയുള്ളത് കൊണ്ടോ അല്ല. മറിച്ച് ലോ അക്കാഡമി മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്കുള്ള താല്‍പര്യങ്ങളെ രാഷ്ട്രീയ ആയുധമാക്കാം എന്ന ബോദ്ധ്യമുള്ളത് കൊണ്ടാണ്. ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തെ രാഷ്ട്രീയവത്കരിക്കരുത് എന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ലോ അക്കാഡമിയെക്കുറിച്ച് ഇതുവരെ മിണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിന്റെ ഇത്തരം താല്‍പര്യങ്ങളെ കുറിച്ച് സംശയം ഉയര്‍ത്തുക തന്നെയാണ് ചെയ്തത്.

ബിജെപി നേതാവ് വി മുരളീധരന്റെ സമരപ്പന്തലില്‍ വിദ്യാര്‍ത്ഥി പീഡന കാര്യത്തില്‍ അത്യാവശ്യം കുപ്രസിദ്ധി നേടിയിട്ടുള്ള വെള്ളാപ്പള്ളി എഞ്ചിനിയറിംഗ് കോളേജിലെ സുഭാഷ് വാസുവിന്റെ സാന്നിദ്ധ്യം വലിയ ചര്‍ച്ചയായിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചതിന് വെള്ളാപ്പള്ളി കോളേജ് മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവിന്റെ പേരില്‍ നാല് കേസുകളുണ്ട്. വിദ്യാര്‍ത്ഥി പീഡനത്തിന്റെ കുപ്രസിദ്ധരായ ഇത്തരം ആളുകളും ലോ അക്കാഡമിയിലെ സമരപ്പന്തലിലെത്തുന്നുണ്ട്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളോടുള്ള ബിജെപിയുടെ നിലപാട് എന്താണെന്ന് ഇന്ത്യയില്‍ സമീപ കാല വിദ്യാര്‍ത്ഥി സമരങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. പക്ഷെ ഇത്തരം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ബാഹ്യ ഇടപെടലുകള്‍ക്കും അപ്പുറം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ സിപിഎമ്മും എസ്എഫ്‌ഐയും എങ്ങനെ കൈകാര്യം ചെയ്തു എന്നതും എസ്എഫ്‌ഐ എങ്ങനെ സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതമായി എന്നതുമൊക്കെയാണ് പ്രധാന പ്രശ്‌നങ്ങള്‍.

ഭൂമിയുടെ ദുര്‍വിനിയോഗത്തിലും ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് കേസിലും സര്‍ക്കാര്‍ എന്തുകൊണ്ട് ഉദാസീനത കാട്ടുന്നു എന്ന ചോദ്യമുണ്ട്. ജാതി അധിക്ഷേപം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയ എഐഎസ്എഫ് നേതാവ് പൊലീസിന്‍റെ സമീപനം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. ക്യാമ്പസിലെ ഇത്രയും വിദ്യാര്‍ത്ഥികള്‍ എങ്ങനെ തങ്ങള്‍ക്കെതിരായി എന്ന് രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ക്കിടയിലും എസ്എഫ്ഐ സ്വയംവിമര്‍ശനപരമായി പരിശോധിക്കേണ്ടതാണ്.

Next Story

Related Stories