TopTop
Begin typing your search above and press return to search.

പിണറായി മന്ത്രിസഭയുടെ ഒരു മാസം: ഇതുവരെ ഭരണം ഫസ്റ്റ് ക്ലാസ്

പിണറായി മന്ത്രിസഭയുടെ ഒരു മാസം: ഇതുവരെ ഭരണം ഫസ്റ്റ് ക്ലാസ്

ഡി ധനസുമോദ്

ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ ഒരു മാസം എന്നത് ശരിയായ കാലയളവ് അല്ല. പക്ഷെ സര്‍ക്കാരിന്റെ ദിശ മനസിലാക്കാന്‍ ഒരു മാസം തന്നെ ധാരാളം. 59 മാസം ഇനിയും മുന്നിലുണ്ടെങ്കിലും സര്‍ക്കാരിന്റെ വിജയവും പരാജയവും എങ്ങനെയാകും എന്ന സൂചന ഇതിനകം ലഭിച്ചു കഴിഞ്ഞു. അഴിമതിയാണ് കഴിഞ്ഞ സര്‍ക്കാരിനെ താഴെ ഇറക്കിയത് എന്നതിനാല്‍ പുതിയ സര്‍ക്കാര്‍ അഴിമതിക്കും തട്ടിപ്പിനും എതിരെ എടുക്കുന്ന എല്ലാ നിലപാടുകളും കേരള സമൂഹം രണ്ടു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിനേക്കാള്‍ ഉമ്മന്‍ചാണ്ടി പേടിച്ചിരുന്നത് കഴിവുറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തന്നെ ആയിരുന്നു. അഴിമതിക്കാരെ കുടുക്കാന്‍ കഴിവുള്ള പദവികളില്‍ ജേക്കബ് തോമസ്, ഋഷി രാജ് സിങ് തുടങ്ങിയ ഉദ്യോഗസ്ഥരെ ഇരുത്തിയിട്ടില്ല.

പിണറായി മന്ത്രിസഭ വന്നപ്പോള്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ കസേര നല്‍കിയപ്പോള്‍ തന്നെ ശുദ്ധികലശത്തിനുള്ള തുടക്കം എന്ന വിശ്വാസം നേടിയെടുത്തു. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടു എന്നു പറയുന്നത് പോലെ അഴിമതിയോടുള്ള ഭയമില്ലായ്മ തുടക്കത്തിലേ വ്യക്തമാക്കി. നേതാവ് കളിച്ചു നടക്കാതെ ഓഫീസില്‍ പണിയെടുക്കണം എന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും സര്‍വീസ് സംഘടനാ നേതാക്കളോടും തുറന്നു പറയാന്‍ അടുത്തെങ്ങും ഒരു മുഖ്യമന്ത്രിയും തയാറായിട്ടില്ല . ഓരോ ഫയലുകളിലും ഓരോ ജീവിതം ആണെന്ന് മനസിലാക്കണം എന്നു പറഞ്ഞത് പൊതുജനങ്ങള്‍ക്കിടയില്‍ വളരെയേറെ മതിപ്പു സൃഷ്ടിച്ചു. ദേശീയ പാതയിലെ കുഴി അടയ്ക്കുന്നുണ്ടോ എന്നു മിന്നല്‍ പരിശോധന നടത്തുന്ന പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്ക് പേടി സ്വപ്നമായി. പൂച്ച കവിത മാറ്റി നിര്‍ത്തിയാല്‍ സുധാകരനെ കുറ്റം പറയാന്‍ എതിരാളികള്‍ക്ക് പോലും ഒന്നും ലഭിക്കില്ല.

ആദായകരമല്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടാതെ ഏറ്റെടുത്ത നടപടിയിലൂടെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നല്ല തുടക്കം കുറിച്ചു. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയിലും മെത്രാന്‍ കായലിലും കൃഷി ഇറക്കാനായി എത്തിയതു വഴി കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും നയം വ്യക്തമാക്കി. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് ഖജനാവ് കാലി ആയിട്ടില്ലെന്ന് പറഞ്ഞത് ഇടതു, വലതുപക്ഷങ്ങളുടെ പൊതു ശത്രുവായ വെള്ളാപ്പള്ളി നടേശനാണ്. യുഡിഎഫ് മന്ത്രിമാര്‍ ഏറ്റെടുക്കാന്‍ ഭയന്ന 13-ആം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയ ഐസക്കിന്റെ രണ്ടാം വട്ടം ധനമന്ത്രി കസേര വിജയിക്കുമോ എന്നറിയണമെങ്കില്‍ അദ്ദേഹം ഇപ്പോള്‍ കോവളം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ഇരുന്നു തയാറാകുന്ന ബഡ്ജറ്റ് പുറത്തു വരണം.


ജിഷ കൊലക്കേസില്‍ ലഭിക്കുമായിരുന്ന തെളിവുകളും നശിപ്പിച്ചു നാട്ടുകാരെ പച്ചമാങ്ങയും കടിപ്പിച്ചു നടന്ന പൊലീസിന് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതുമൊക്കെ എന്നും അഭിമാനിക്കാവുന്ന നേട്ടം തന്നെ. അതേ സമയം കണ്ണൂരില്‍ പാര്‍ട്ടി ഓഫീസില്‍ കയറി സിപിഐഎം നേതാവിനെ തല്ലിയ ദളിത് യുവതികളെ അറസ്‌റ് ചെയ്തതും ജയിലിലേക്കയച്ചതും കേരളത്തില്‍ വിവാദമായപ്പോള്‍ നടത്തിയ പിണറായിയുടെ പ്രതികരണം അദ്ദേഹത്തെ കുറിച്ചുള്ള മതിപ്പു കുറയ്ക്കുന്നതായിരുന്നു. ആദ്യ ദിവസം പഠിച്ചിട്ടു പറയാമെന്നും രണ്ടാം ദിനം പോലീസിനോട് ചോദിക്കണം എന്നും പറഞ്ഞപ്പോള്‍ പോലീസ് മന്ത്രി ആയതു കൊണ്ടാണ് ചോദിക്കുന്നത് എന്ന് തിരിച്ചു ചോദിക്കാനുള്ള ആര്‍ജ്ജവം ഒരു മാധ്യമ പ്രവര്‍ത്തകനും ഇല്ലാതായിപ്പോയി. മാധ്യമങ്ങള്‍ എത്ര ഭംഗിയായി അവതരിപ്പിച്ചാലും നിലാവ് കണ്ടാല്‍ അറിയാതെ ഓരിയിട്ടു പോകുന്ന നീലക്കുറുക്കന്റെ അവസ്ഥയിലാണ് പിണറായി എന്നായിരുന്നു കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍റെ കമന്‍റ്.

അതിരപ്പള്ളി പദ്ധതി പൊടി തട്ടിയെടുത്തു വിവാദം സൃഷ്ടിക്കാന്‍ ചുമതലയേറ്റ ഉടന്‍ തന്നെ വൈദ്യതി മന്ത്രി കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞു. വിഎസിനെ ഉയര്‍ത്തിക്കാട്ടി വിജയിച്ച തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മാന്യമായ സ്ഥാനം നല്‍കിയില്ലെന്ന പഴിയും കൂടെയുണ്ട്. യെച്ചൂരിയുടെ പോക്കറ്റില്‍ കത്ത് തിരുകി വച്ച് വിഎസ് കലം ഉടച്ചില്ലായിരുന്നെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നന്ദികെട്ടവര്‍ എന്ന പഴി കേള്‍ക്കേണ്ടി വരുമായിരുന്നു.

അഞ്ജു ബോബി ജോര്‍ജ് വിവാദമുയര്‍ത്തി രാജി വച്ചു പുറത്തു പോയതിനേക്കാള്‍ പുതിയ സര്‍ക്കാരിന് നാണക്കേടായത് ഇ.പി.ജയരാജന്‍ നടത്തിയ മുഹമ്മദാലിയുമായി ബന്ധപ്പെട്ട പ്രതികരണമായിരുന്നു . മരിച്ചത് ആരാണെന്നോ എവിടെ ആണെന്നോ അറിയാതെ തട്ടിവിട്ട അനുശോചനം ഇടപെടുന്ന വിഷയത്തിലെ ജയരാജന്റെ സത്യസന്ധതയെ ചോര്‍ത്തിക്കളയുന്നതായിരുന്നു. റിംഗില്‍ മാത്രമല്ല വര്‍ണ വിവേചനത്തിനെതിരെ ജീവിതത്തിലും നല്ല പഞ്ച് ആണ് മുഹമ്മദാലി നല്‍കിയത്. വിപ്ലവകാരി കൂടിയായിരുന്ന ഈ പ്രതിഭയെ കമ്യൂണിസ്‌റ് മന്ത്രി അറിയാതെ പോയത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെങ്കിലും ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ ഒന്നാം മാസം താണ്ടുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories