TopTop
Begin typing your search above and press return to search.

സമ്പൂര്‍ണ മദ്യനിരോധനത്തെ എന്തുകൊണ്ട് എതിര്‍ക്കേണ്ടതില്ല

സമ്പൂര്‍ണ മദ്യനിരോധനത്തെ എന്തുകൊണ്ട് എതിര്‍ക്കേണ്ടതില്ല

ജെ. ബിന്ദുരാജ്

തുറന്നുപറയാമല്ലോ, മദ്യ മയക്കുമരുന്ന് ഉപയോഗത്തിന്റെ ദാരുണമായ ഭവിഷ്യത്ത് അനുഭവിക്കുന്ന ഒരു കുടുംബം എന്റെ അടുത്ത ബന്ധത്തിലുണ്ട്. കോളെജ് പഠനകാലത്ത് കഞ്ചാവിനും മദ്യത്തിനും അടിപ്പെട്ട്, സമനില പോലും തെറ്റിയ മകനെ ചികിത്സിക്കുന്നതിനായി മാനസികരോഗ ആശുപത്രികളില്‍ നിരന്തരം കയറിയിറങ്ങേണ്ടി വരുന്ന ആ അച്ഛന്‍ വിതുമ്പലോടെ പലപ്പോഴും പഠനത്തില്‍ സമര്‍ത്ഥനായിരുന്ന തന്റെ മകനെ പൂര്‍വജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി എന്നോട് കരഞ്ഞുപറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു ദിവസം അപ്രതീക്ഷിതമായി മറ്റൊന്നു കൂടി സംഭവിച്ചു. ആശുപത്രിയിലേക്ക് മകനെ കൂട്ടാനൊരുങ്ങിയ അച്ഛന്റെ തലയില്‍ മകന്‍ മാരകായുധം ഉപയോഗിച്ച് വെട്ടി. അച്ഛന്റെ ജീവന്‍ രക്ഷിക്കാനായെങ്കിലും ഭാഗികമായി അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടു. ആശുപത്രി അധികൃതര്‍ സഹായിച്ചതുകൊണ്ടു മാത്രം മകന്റെ പേരില്‍ കേസ്സുണ്ടായില്ല. സംഭാഷണത്തിലെ കുഴപ്പത്തെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്നാണെന്നാണ് അദ്ദേഹം പറയുക. പക്ഷേ മകന് ഇപ്പോഴും സ്ഥിരബുദ്ധി വീണ്ടെടുക്കാനായിട്ടില്ല. അവന്റെ കോളെജ് പഠനം പൂര്‍ത്തിയായില്ല, ഏക സഹോദരിയുടെ വിവാഹം മുടങ്ങി, ഒരു കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ ആക്രമണത്തിലുണ്ടായ വൈകല്യം മൂലം തൊഴില്‍ രാജിവച്ചു. പി എഫും മറ്റ് ആനുകൂല്യങ്ങളുമൊക്കയായി ലഭിച്ച തുക ബാങ്കിലിട്ട് അതിന്റെ പലിശ കൊണ്ടാണ് ഇപ്പോള്‍ ജീവിതം. അമ്മ അസുഖബാധിതയായി. ഒരാളുടെ മയക്കുമരുന്ന് ഉപയോഗം ഒരു കുടുംബത്തിന്റെ മൊത്തം ജീവിതം അട്ടിമറിച്ചതെങ്ങനെയാണന്ന് പറയുന്നതിനായാണ് എനിക്ക് നേരിട്ടു പരിചയമുള്ള ഈ കുടുംബത്തിന്റെ അനുഭവം പങ്കുവച്ചത്. മദ്യവും മയക്കുമരുന്നുമെല്ലാം എങ്ങനെയാണ് അത് ഉപയോഗിക്കുന്നവരുടേയും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുടേയും ജീവിതം മാറ്റിമറിക്കുന്നത് എന്നറിയാന്‍ ഡീഅഡിക്ഷന്‍ സെന്ററുകളിലേക്കോ മാനസികരോഗ ചികിത്സാ കേന്ദ്രങ്ങളിലേക്കോ സഞ്ചരിച്ചാല്‍ മതിയാകും.

യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയമാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയം. ഉമ്മന്‍ ചാണ്ടിയും സുധീരനും 418 ബാറുകള്‍ അടച്ചുപൂട്ടുന്നതു സംബന്ധിച്ച് നടത്തിയ വാക്‌പോര് ചാണ്ടി തനിക്ക് മേല്‍ക്കൈ നേടുന്നതിനായി മുഴുവന്‍ ബാറുകളുടേയും അടച്ചുപൂട്ടലിലേക്ക് കൊണ്ടെത്തിച്ചതും ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അരങ്ങേറിയ കോഴ വാങ്ങലിന്റെ കഥകളുമെല്ലാം കഴിഞ്ഞ വര്‍ഷം മുഴുവനും കേരളം ചര്‍ച്ച ചെയ്തതാണ്. ബാറുകള്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളായി രൂപാന്തരപ്പെട്ടതോടെ ബിയറിന്റെ വില്‍പനയില്‍ വലിയ വളര്‍ച്ചയുണ്ടായെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം കുറയുന്നുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കണക്കുകള്‍ പറയുന്നത്. പക്ഷേ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലൈറ്റുകളിലൂടെ ഇപ്പോഴും വിദേശ മദ്യം വില്‍ക്കപ്പെടുന്നതിനാലും ബിയറിന്റെ വില വര്‍ധിച്ചതിനാലും കോര്‍പ്പറേഷന്റെ വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയരുക തന്നെയാണ് ചെയ്യുന്നത്. മാത്രവുമല്ല ബിയറിലുള്ള ആല്‍ക്കഹോളിന്റെ അംശം അതിന്റെ പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണെന്ന് അത് കഴിക്കുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഫലത്തില്‍ വിദേശമദ്യം വാങ്ങിക്കഴിച്ചാല്‍ ലഭിക്കുന്ന അതേ കിക്കു തന്നെ ബിയറിനും ഇന്ന് വാഗ്ദാനം നല്‍കാന്‍ കഴിയുന്നുണ്ടത്രേ. മദ്യപാനികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ''മദ്യത്തില്‍ ഒഴിക്കുന്നതിനുള്ള വെള്ളം വാങ്ങുന്നതിനായി ചെലവഴിക്കുന്ന പണം ലാഭിക്കാന്‍ കഴിയുമെന്ന ആശ്വാസം ബിയര്‍ പാര്‍ലറിന്റെ വരവോടെ ഉണ്ടായിട്ടുണ്ട്.''

ബാറുകള്‍ അടച്ചുപൂട്ടിയ നേരത്ത് പെട്ടെന്ന് അങ്കലാപ്പിലായി മദ്യപാനം നിര്‍ത്തിയവര്‍ പലരും ഇന്ന് കുടുംബസദസ്സുകള്‍ മദ്യപാനത്തിനുള്ള വേദികളായി മാറ്റിക്കൊണ്ടിരിക്കുകയുമാണ്. നേരത്തെ ബാറില്‍ വച്ച് മദ്യപിച്ച് അതിന്റെ കിക്ക് കുറഞ്ഞശേഷം വീട്ടിലേക്ക് പോയിരുന്നവര്‍ ഇന്ന് വീട്ടില്‍ തന്നെ തങ്ങളുടെ മക്കളുടേയും ഭാര്യയുടേയുമൊക്കെ മുന്നിലിരുന്ന് മദ്യപിക്കാനുള്ള അവകാശം നേടിയെടുത്തിരിക്കുന്നു. മുന്‍കാലത്തേക്കാള്‍ ഭിന്നമായി ഇത് വീടുകളില്‍ ഉണ്ടാക്കുന്ന അസമാധാനം കൂടുതലുമാണ്. കുപ്പിയും വാങ്ങി വീട്ടിലെത്തുന്ന ഭര്‍ത്താവിനെ ഭാര്യ മദ്യപിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് വലിയ വഴക്കുകളിലേക്കും കൈയാങ്കളിയിേലക്കും കടക്കുന്നു. കുട്ടികളാകട്ടെ ഈ പോരിനൊക്കെ നിശ്ശബ്ദമായി സാക്ഷ്യം വഹിക്കേണ്ട ഗതികേടിലും. ''മുമ്പ് അച്ഛന്‍ മദ്യപിച്ചാണോ വരുന്നതെന്നു പോലും ഞങ്ങള്‍ പലപ്പോഴും തിരിച്ചറിയുമായിരുന്നില്ല. ഇപ്പോള്‍ വീട്ടിനുള്ളില്‍ ഞങ്ങളുടെ മുന്നിലിരുന്ന് മദ്യപിക്കുകയെന്നത് ഏതാണ്ടൊരു അവകാശം പോലെ തന്നെയായി മാറിയിരിക്കുന്നു. മാത്രവുമല്ല കുടിക്കുന്നതിന്റെ അളവും കൂടിയിരിക്കുന്നു. 60 മില്ലി ലിറ്റര്‍ കഴിച്ചിരുന്ന അച്ഛന്‍ ഇപ്പോള്‍ 180 മില്ലിലിറ്ററിന്റെ കുപ്പിവരെ കാലിയാക്കുന്നതു കാണാം. ഒന്നു രണ്ട് പെഗ് കഴിച്ചുകഴിഞ്ഞാല്‍ പിന്നെ കുപ്പിയിലുള്ള മദ്യം തീര്‍ക്കുകയാണ് ഇപ്പോഴത്തെ രീതി. ബാറിലിരുന്ന് മദ്യപിച്ചിരുന്നപ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമായിരുന്നതിനാല്‍ രണ്ട് സ്‌മോളിനപ്പുറം അച്ഛന്‍ പോകാറുണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലാ ദിവസവും 180 മില്ലി ലിറ്റര്‍ കുടിക്കാനാകുംവിധം അച്ഛന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടിരിക്കുന്നു,'' കൊച്ചിയില്‍ ഒരു വാഹന ഡീലര്‍ഷിപ്പില്‍ തൊഴിലെടുക്കുന്ന അച്ഛന്റെ മാറിയ മദ്യപാനരീതിയെപ്പറ്റി മകന്റെ കുമ്പസാരം.കൃത്യസമയത്തിന് വീട്ടിലെത്തി കുട്ടികളുടെ കാര്യങ്ങള്‍ തിരക്കുന്ന ഭര്‍ത്താവിനെ തിരിച്ചു കിട്ടിയെന്നും അതിനാല്‍ മദ്യനയം അട്ടിമറിക്കാനൊരുങ്ങുന്ന എല്‍ ഡി എഫിന് വോട്ടു ചെയ്യില്ലെന്നും പറയുന്ന കുടുംബിനിയാണ് യു ഡി എഫിന്റെ ഈ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ പരസ്യങ്ങളിലൊന്ന്. സംശയിക്കേണ്ട. സ്ത്രീകളെ ഏറെ സ്വാധീനിക്കാന്‍ പോന്ന മികച്ച ഒരു പരസ്യം തന്നെയാണ് അത്. പ്രത്യേകിച്ചും എല്‍ ഡി എഫ് ഇപ്പോഴും യു ഡി എഫിന്റെ ഘട്ടംഘട്ടമായുള്ള മദ്യനിരോധനം എന്ന മദ്യനയം പിന്തുടരുമോയെന്ന് പ്രഖ്യാപിക്കാത്തതിനാലും മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് പറയുന്നതു കൊണ്ടും യു ഡി എഫിനോട് സ്ത്രീകള്‍ക്ക് കൂടുതല്‍ ആഭിമുഖ്യം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രവുമല്ല യു ഡി എഫിന്റെ മദ്യനയത്തിലെ പൊള്ളത്തരം തിരിച്ചറിയാനൊന്നും സ്ത്രീകള്‍ പൊതുവേ കൂട്ടാക്കുകയുമില്ല. വീട്ടിലിരുന്ന് മദ്യപിക്കാന്‍ മടിയുള്ള പലരും മദ്യപാനം നിര്‍ത്തിയിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട അത് കുടുംബത്തിന്റെ മനസ്സമാധാനം തിരികെയെത്തിക്കാനും സഹായിച്ചിട്ടുമുണ്ടാകും. സമ്പൂര്‍ണ മദ്യനിരോധനമെന്ന യു ഡി എഫിന്റെ നയം തന്നെയായിരിക്കും ഇടതു ജനാധിപത്യമുന്നണിയും പിന്തുടരുകയെന്ന് സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാന നേതാക്കള്‍ യെച്ചൂരിയ്ക്ക് അതേപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതിനാലാണ് അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞത് ബാറുകള്‍ എല്‍ ഡി എഫ് കാലത്ത് പുനരുജ്ജീവിപ്പിക്കപ്പെടാനുള്ള സാധ്യത തന്നെയാണ് വെളിപ്പെടുത്തുന്നത്.

എന്തുകൊണ്ടാണ് ബാറുകള്‍ തുറക്കണമെന്ന് ഇടതു ജനാധിപത്യ മുന്നണി നേതാക്കള്‍ക്ക് ഇത്ര പിടിവാശി? ബാര്‍ മുതലാളിമാരാണോ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം മുടക്കുന്നതെന്ന് ന്യായമായും പൊതുജനം സംശയിച്ചേക്കാം. മാത്രവുമല്ല സി പി ഐ എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യു ഡി എഫ് മന്ത്രിമാര്‍ക്കെതിരെ ശക്തമായ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച ബിജു രമേശുമായി ചില ചര്‍ച്ചകള്‍ നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. യു ഡി എഫ് മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ടുപോയാല്‍ ബാറുകള്‍ തുറന്നുതരാമെന്നു ഒരു ഉറപ്പ് ബാര്‍ മുതലാളിമാര്‍ക്ക് സി പി ഐ എം സെക്രട്ടറി നല്‍കിയിരുന്നുവോ? കേരളത്തിന്റെ മദ്യാസക്തി കുറച്ചു കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എല്‍ ഡി എഫിന് ഇനിയും ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണ്? മദ്യപാനത്തിനെതിരെ ബോധവല്‍ക്കരണം നടത്തി മദ്യം മദ്യപാനികളെക്കൊണ്ട് വര്‍ജിപ്പിക്കാമെന്നു ധരിക്കുന്നതിലുള്ള യുക്തിഹീനത ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യപ്പെടുന്നതേയുള്ളു വെട്ടാന്‍ പോകുന്ന പോത്തിന്റെ ചുവട്ടില്‍ വേദമോതുംപോലെ നിഷ്ഫലമാകുമത്. മദ്യപാനം മൂലം തുലഞ്ഞ എത്രയോ കുടുംബങ്ങളാണ് ഇന്ന് കേരളത്തിലുള്ളതെന്ന് അവര്‍ കാണാത്തതല്ലല്ലോ.

മദ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ മയക്കുമരുന്നിന്റെ ലഭ്യത കൂടുമെന്നാണ് ഒരു വാദം. മദ്യം പോലുള്ള ലഹരിവസ്തു ലഭിക്കാതായാല്‍ കൂടുതല്‍ മാരകമായ ലഹരിവസ്തുക്കളിലേക്ക് അവര്‍ കടക്കുമെന്നാണ് ആ വാദത്തിന്റെ അടിസ്ഥാനം. പക്ഷേ മദ്യത്തോടൊപ്പം തന്നെ മയക്കുമരുന്നിന്റെ ഉപഭോഗവും ഇവിടെ വര്‍ധിച്ചുവരുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളിലേക്കുവരെ മയക്കുമരുന്ന് ഗുളികകള്‍ ഇന്ന് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. മദ്യം വാങ്ങി ഭക്ഷിക്കാന്‍ ഗ്ലാസും വെള്ളവുമൊക്കെ ആവശ്യമാണെങ്കില്‍ മയക്കുമരുന്ന് ഗുളികള്‍ മരുന്നു കഴിക്കുന്നതുപോലെ കഴിക്കുകയോ ചെറിയ സ്റ്റാമ്പ് രൂപത്തിലുള്ള സ്ട്രിപ്പായി പോലും കൈയില്‍ കൊണ്ടു നടക്കാനാകുമെന്നതാണ് അതിന്റെ പ്രത്യേകത. മാത്രവുമല്ല കഞ്ചാവ് മുന്‍കാലങ്ങളിലേതിനേക്കാള്‍ എളുപ്പം കുട്ടികള്‍ക്ക് ലഭ്യമാണു താനും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെയുള്ള കഞ്ചാവിന് അടിപ്പെട്ട കുട്ടികള്‍ തന്നെയാണ് പോക്കറ്റ് മണിക്കായും കഞ്ചാവായി തന്നെ ലഭിക്കുന്ന കമ്മീഷനായും ഇവര്‍ക്കിടയിലുള്ള കാരിയര്‍മാരും വില്‍പനക്കാരുമായി മാറുന്നതും.അതുകൊണ്ടു തന്നെ മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിച്ചാല്‍ മയക്കുമരുന്നിന്റെ ഉപഭോഗം കുറയുമെന്ന ഇടതിന്റെ വാദം പൊള്ളയാണ്. മദ്യം പരീക്ഷിച്ചറിയുന്ന ഒരു വിദ്യാര്‍ത്ഥി അവന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് പരീക്ഷിക്കുക തന്നെ ചെയ്യും. മദ്യപാന സദസ്സില്‍ അര്‍ധഅബോധാവസ്ഥയിലാണ് കഞ്ചാവിലേക്കുള്ള വഴി തുറന്നുകിട്ടിയതെന്ന് ഈ ലേഖകനോടു തന്നെ ലഹരിക്കടിപ്പെട്ട കുട്ടികള്‍ കുമ്പസാരം നടത്തിയിട്ടുണ്ടു താനും. ഏത് ആഘോഷവും മദ്യമില്ലെങ്കില്‍ പൂര്‍ത്തിയാവില്ലെന്ന മലയാളിയുടെ മനോഭാവം മാറാത്തിടത്തോളം കാലം മദ്യം ഇവിടെ ചടങ്ങുകളില്‍ ഒഴുകിക്കൊണ്ടേയിരിക്കും. സോഷ്യല്‍ ഡ്രിംഗിങ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ മദ്യപാന സദസ്സുകള്‍ കണ്ടുപരിചയിച്ചുവരുന്ന കുട്ടികള്‍ അത് പിന്തുടരുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തും അനുഭവിക്കുന്നുമില്ല. മദ്യം മൂലം കിട്ടുന്ന കിക്ക് പോരെന്നു തോന്നുമ്പോഴാണ് പതുക്കെ അവന്‍ മയക്കുമരുന്നു ഗുളികകളിലേക്കും കഞ്ചാവിലേക്കും ഹെറോയിനിലേക്കും കൊക്കൈയ്‌നിലേക്കുമൊക്ക പിച്ചവയ്ക്കുന്നത്. ആത്യന്തികമായി മദ്യപാനം തന്നെയാണ് ലഹരിയിലേക്കുള്ള വഴിയിലേക്ക് കൗമാരക്കാരെ എത്തിക്കുന്നത്.

ഇതെഴുതുന്ന ആള്‍ പോലും ഒരു കാലത്ത് മദ്യപാനിയായിരുന്നുവെന്നും തുറന്നു പറയട്ടെ. ബിരുദാനന്തര ബിരുദ പഠനകാലത്ത് ചില കൂട്ടുെകട്ടുകളിലൂടെ ബിയറിലും ജിന്നിലുമൊക്കെ തുടങ്ങി പിന്നീട് വീര്യം കൂടിയ ലഹരിയിലേക്കുമൊക്കെ കടന്നയാള്‍. പത്രപ്രവര്‍ത്തകരുടെ ഏതൊരു ആഘോഷവും കൊഴുപ്പിക്കുന്നത് മദ്യമാണെന്നിരിക്കേ (എന്തിന്, ഓഫീസ് സല്‍ക്കാര പരിപാടികള്‍ പോലും മദ്യമൊഴുക്കിക്കൊണ്ടാണ് നടത്തപ്പെടുക) അതില്‍ നിന്നും വിട്ടുനില്‍ക്കുക ദുര്‍ബലഹൃദയരായ എന്നെപ്പോലുള്ളവര്‍ക്ക് കഴിയുമായിരുന്ന കാര്യവുമായിരുന്നില്ല. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കിയ അപകടങ്ങളും ധാരാളം.

അല്‍പനേരത്തെ ഒരു മാനസികോല്ലാസ വ്യാപാരത്തിനായി മാത്രം ഈ വിഷപാനീയം അകത്തേക്ക് പ്രവേശിപ്പിക്കുന്നവര്‍ തങ്ങളുടെ സ്വന്തം ജീവിതം കൊണ്ടു മാത്രമല്ല പന്താടുന്നതെന്നുള്ള തിരിച്ചറിവ് വരാന്‍ പക്ഷേ ചിലരൊക്കെ ഏറെ വൈകിപ്പോയേക്കാം. ലിവര്‍ സിറോസിസും കാന്‍സറുമൊക്കെ ബാധിച്ച് മരണക്കിടക്കയില്‍ മല്ലടിക്കുന്ന അവര്‍ ആരുടേയും സഹതാപത്തിനു പോലും അര്‍ഹരല്ല. മറിച്ച് തങ്ങളുടെ കുടുംബത്തോടുള്ള പ്രതിബദ്ധതയും സ്‌നേഹവും മറന്ന്, അവരുടെ പോലും ജീവിതം അസന്ദിഗ്ധതയിലെത്തിക്കുന്ന അവര്‍ ഒന്നാം നമ്പര്‍ കുറ്റവാളികള്‍ തന്നെയാണ്. മദ്യ. നിരോധനത്തിനുള്ള വഴി തുറക്കപ്പെടുകയാണെങ്കില്‍ കേരളത്തിലെ ഭാവി തലമുറയെങ്കിലും ഈ മഹാവിപത്തിന്റെ ഭീഷണിയില്‍ നിന്നും മോചിതരാകുമെന്നുറപ്പാണ് മദ്യത്തിന്റെ ലഭ്യത ഇല്ലാതായാല്‍ അത് ഉപയോഗിക്കാനുള്ള അവസരങ്ങളും ഇല്ലാതാകും. ചാരായം നിരോധിച്ചതോടെ ഒരുപാട് കുടുംബങ്ങള്‍ക്ക് അവരുടെ കുടുംബനാഥന്മാരെ തിരിച്ചു കിട്ടിയ പോലെ തന്നെ! അതുകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനത്തെ ഒരിക്കലും ചെറുക്കേണ്ടതില്ല. അല്ലറചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെങ്കിലും മദ്യത്തിന്റെ ലഭ്യത പൂര്‍ണമായും ഇല്ലാതാകുന്നതിലൂടെ മദ്യത്തെ പരിചയപ്പെടാനുള്ള ഭാവി തലമുറയുടെ അഭിനിവേശത്തിന് തടയിടാന്‍ നമുക്കാകും. പക്ഷേ ആ നിരോധനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥത കാട്ടണമെന്നു മാത്രം.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories