TopTop
Begin typing your search above and press return to search.

മദ്യം എല്‍ഡിഎഫിന്‍റെ സമനില തെറ്റിക്കുമോ?

കെ എ ആന്റണി

മദ്യ വിഷയ നിലപാടിലുള്ള അവ്യക്തത ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു. ഉമ്മന്‍ചാണ്ടിയും യുഡിഎഫും കെസിബിസിയും ഒത്തുപിടിക്കുമ്പോള്‍ സിപിഐഎമ്മും എല്‍ഡിഎഫും വല്ലാത്തൊരു വിഷമ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനമാണ് തങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സിപിഐഎം പറയുന്നത്. മദ്യ വര്‍ജ്ജനത്തിനുവേണ്ടി വന്‍രീതിയിലുള്ള ബോധവല്‍ക്കരണം നടത്തുമെന്നും മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി ഇല്ലാതാക്കുമെന്നൊക്കെ അവര്‍ പറയുമ്പോഴും മറുപക്ഷം ഉയര്‍ത്തുന്ന വാദത്തിന് ചെറിയ അളവിലെങ്കിലും മുന്‍തൂക്കം ലഭിക്കുന്നുണ്ട്.

സംസ്ഥാനത്തെ ബാറുകള്‍ അടച്ചു പൂട്ടിയശേഷം വിദേശ മദ്യ വില്‍പന കുത്തനെ കൂടിയെന്ന പ്രതിരോധ വാദമാണ് എല്‍ഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. 2015-2016 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 39.78 ലക്ഷം കെയ്‌സ് മദ്യം അധികം വിറ്റുവെന്നും വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1537 കോടി രൂപയായി ഉയര്‍ന്നുവെന്നുമുള്ള എക്‌സൈസ് വകുപ്പിന്റെ കണക്ക് ഉദ്ധരിച്ചു കൊണ്ടാണ് കേരളത്തില്‍ യുഡിഎഫിന്റെ മദ്യ നയം പാളിയെന്ന് എല്‍ഡിഎഫും പാര്‍ട്ടി പത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

മദ്യ വില്‍പനയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന കാര്യം ഒരു കാര്യം പരിധിവരെ അംഗീകരിക്കുമ്പോഴും പൂര്‍ണ മദ്യ നിരോധനത്തിനുവേണ്ടി നിലകൊള്ളുന്ന കെസിബിസിക്ക് എല്‍ഡിഎഫിന്റെ മദ്യ നയത്തില്‍ ഒട്ടും വിശ്വാസമില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന യുഡിഎഫ് പ്രചാരണം കെസിബിസി വിശ്വസിച്ച മട്ടാണ്. കെസിബിസി വക്താക്കളില്‍ ഒരാളായ ഫാദര്‍ പി ജെ ആന്റണി ഇക്കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

എല്‍ഡിഎഫും ബാര്‍ മുതലാളിമാരും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന പ്രചാരണം ഉയര്‍ത്തിയിട്ടുള്ള ആശങ്കയെ ഈ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ലഘൂകരിച്ചു കാണാന്‍ ആകില്ലെന്നു വേണം കരുതാന്‍. സ്ത്രീവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ യുഡിഎഫും കെപിസിസിയും നടത്തുന്ന പ്രചാരണം അവരെ എത്ര കണ്ട് സ്വാധീനിക്കും എന്ന കാര്യത്തില്‍ എല്‍ഡിഎഫിനും വ്യക്തതയില്ല. തങ്ങളുടെ മദ്യനയത്തെ ചൊല്ലിയുള്ള സംശയങ്ങള്‍ പൂര്‍ണമായും ദൂരീകരിക്കാന്‍ എല്‍ഡിഎഫിന് കഴിയുന്നില്ല എന്നിടത്താണ് കാര്യങ്ങള്‍ ചെന്ന് നില്‍ക്കുന്നത്. ഉമ്മന്‍ചാണ്ടിയുടേയും യുഡിഎഫിന്റേയും പ്രതീക്ഷയും മദ്യ നയത്തില്‍ എല്‍ഡിഎഫിനേറ്റ പ്രഹരത്തില്‍ തന്നെയാണ്.

ചാരായം നിരോധിച്ച എകെ ആന്റണി സര്‍ക്കാര്‍ 2006-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലംപറ്റിയെന്ന വിശ്വാസമാണ് എല്‍ഡിഎഫിനെ ഒരുപക്ഷേ, ഏറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ ഇടയാക്കിയ ഒരു മദ്യ നയത്തിന് രൂപം നല്‍കാന്‍ പ്രേരണയായിട്ടുണ്ടാകുക. 1996 തെരഞ്ഞെടുപ്പിന് മുമ്പ് അപമാനിതനും നിഷ്‌കാസിതനുമായി മാറ്റപ്പെട്ട കെ കരുണാകരന്‍ ഫാക്ടര്‍ ആ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിച്ചുവെന്ന് മദ്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോഴും മദ്യപാനികളെ പോലെ തന്നെ എല്‍ഡിഎഫും മറന്നുപോയിയെന്നത് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ചെറുതൊന്നുമായിരിക്കാന്‍ ഇടയില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories