Top

എല്‍ഡിഎഫ് വന്നു; ആരേയും ശശിയാക്കരുത്, പ്ലീസ്!

എല്‍ഡിഎഫ് വന്നു; ആരേയും ശശിയാക്കരുത്, പ്ലീസ്!

ജെ. ബിന്ദുരാജ്

ശരി എന്ന വാക്കും ശശി എന്ന വാക്കും തമ്മില്‍ ഒരു അക്ഷരത്തിന്റെ വ്യത്യാസമേയുള്ളു. ഈ വ്യത്യാസത്തെപ്പറ്റി ഭാവിയില്‍ ഗവേഷണം ഉണ്ടാകുമോയെന്നറിയാന്‍ മൈത്രി എന്ന പരസ്യ ഏജന്‍സി എല്‍ ഡി എഫിനായി തെരഞ്ഞെടുപ്പുകാലത്ത് സൃഷ്ടിച്ച 'എല്‍ ഡി എഫ് വരും, എല്ലാം ശരിയാകും' എന്ന പരസ്യവാചകത്തെ പിന്തുടര്‍ന്നാല്‍ മതി. യു ഡി എഫ് സര്‍ക്കാരിന്റെ നെറികേടുകള്‍ക്കും അഴിമതിക്കുമെതിരായ ജനവിധിയായിരുന്നു ഈ തെരഞ്ഞെടുപ്പിലെന്നും എന്‍ ഡി എ എന്ന ബി ജെ പി നേതൃത്വം നല്‍കുന്ന വര്‍ഗീയ മുന്നണിയെ പിന്തുണയ്ക്കുന്നതിനേക്കാള്‍ ഭേദം ഇടതു മുന്നണിയെ പിന്തുണയ്ക്കുകയാണ് എന്ന പൊതുധാരണയില്‍ നിന്നുമാണ് സാധാരണക്കാരായ ജനം എല്‍ ഡി എഫിന് വോട്ടു ചെയ്തത്. തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ മുകളിലുള്ള ഒരു സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവരുടെ പ്രകടനപത്രികയിലെ പരാമര്‍ശവും വിജയത്തിലേക്ക് അവരെ നയിക്കുന്നതില്‍ ഇടയാക്കിയിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന വളരെ പോസിറ്റീവായ ഒരു പരസ്യവാചകവും തൊഴില്‍ വാഗ്ദാനവും ബി ജെ പിയുടെ വര്‍ഗീയ കാഴ്ചപ്പാടിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ഒരുമിച്ചപ്പോഴാണ് ഇടതു സഖ്യം വെന്നിക്കൊടി പാറിച്ചത്. വി എസ് അച്യുതാനന്ദന്‍ എന്ന നേതാവിന്റെ അഴിമതിരഹിത പ്രതിഛായയും സാധാരണക്കാര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും നന്നായി അറിയാവുന്ന നാട്ടുകാര്‍ ഇടതുപക്ഷത്തിന്റെ മുഖമായി നോക്കിക്കണ്ടതും അദ്ദേഹത്തെയാണ്. പിണറായി വിജയന്‍ എന്ന മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി പി ഐ എമ്മുകാരെ സംബന്ധിച്ചിടത്തോളം മാത്രമേ നേതാവായിരുന്നുള്ളുവെങ്കില്‍ വി എസ് അച്യുതാനന്ദന്‍ ഒരേ സമയം സി പി ഐ എമ്മിന്റെ ശക്തിയും തിരുത്തല്‍ ശക്തിയും ജനശക്തിയുമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ പരസ്യവാചകം തന്നെയായിരുന്നു അവരുടെ ഏറ്റവും വലിയ പരാധീനത. വികസനനേട്ടങ്ങളെ മുന്‍ നിര്‍ത്തി വോട്ടു ചോദിച്ച അവര്‍ വീണ്ടും ഒരു വട്ടം കൂടി യു ഡി എഫ് സര്‍ക്കാര്‍ എന്നാണ് പറഞ്ഞത് സോളാറും സരിതയും ഭൂമാഫിയകളുമൊക്കെ ചേര്‍ന്ന് അഴിമതിയുടെ അവിയല്‍ പരുവത്തിലായിരുന്ന യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും ഒരു വട്ടം കൂടി അധികാരത്തിലേറുന്നത് ആത്മഹത്യാപരമായിരിക്കുമെന്നു കണ്ട ജനം എല്‍ ഡി എഫിനെ വിജയിപ്പിക്കുകയായിരുന്നു. ഇതിനെല്ലാം പുറമേ, ജിഷയുടെ വധവും ഇടതിനു അനുകൂലഘടകമായി മാറ്റുന്നതില്‍ അവര്‍ വിജയിച്ചു.അക്രമരാഷ്ട്രീയവും വികസനവിരുദ്ധതയും പാര്‍ട്ടിക്കുള്ളിലെ വി എസ്-പിണറായി വിഭാഗീയതയും ധാര്‍ഷ്ഠ്യവും കാര്‍ക്കശ്യവും നിരന്തരമുള്ള വെറുപ്പിക്കലുമായിരുന്നു മുന്‍കാല എല്‍ ഡി എഫ് സര്‍ക്കാരിന്റെ അടിത്തൂണ്‍ ഇളക്കിയതെന്ന് അറിയാത്തവരായി ആരുമില്ല. അതിനുപുറമേ, അലവലാതികളുമായുള്ള കൂട്ടുകെട്ടുകളുടെ കഥകളും പടര്‍ന്നു. ടി ജി നന്ദകുമാര്‍ എന്ന ദുരൂഹ വ്യവഹാര ദല്ലാളുമായുള്ള വി എസ്സിന്റെ കൂടിക്കാഴ്ചകള്‍, ആറന്മുള വിമാനത്താവള പരിസരം വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള രഹസ്യ ഉത്തരവ്, ഒരു കൊച്ചു കുഞ്ഞാലിക്കുട്ടിയായി മുന്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ വളര്‍ച്ച, ചാക്ക് രാധാകൃഷ്ണപ്പോലുള്ള വിവാദ ബിസിനസുകാരോടുള്ള പ്രണയം, സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറിത്തട്ടിപ്പുകാരനില്‍ നിന്നും പാര്‍ട്ടി പത്രത്തിന് രണ്ടു കോടി രൂപയുടെ സംഭാവന, അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി (ഐ സി ടി അക്കാദമി)യുടെ ഡയറക്ടറായി അനധികൃത നിയമനം, ലാവ്‌ലിന്‍ കേസ്സിന്റെ വരവും പോക്കും, ഫാരീസ് അബൂബക്കര്‍ എന്ന വിവാദ ബിസിനസുകാരനുമായി പാര്‍ട്ടി നേതൃത്വത്തിനുള്ള ഇടപാടുകള്‍, ചില പാര്‍ട്ടി സെക്രട്ടറിമാരുടെ അനാശാസ്യ ഇടപാടുകള്‍, പി ജെ ജോസഫിന്റെ വിമാനയാത്രാ വിവാദം, മെര്‍ക്കിസ്റ്റണ്‍ ഭൂമി വിവാദം തുടങ്ങി പലതും അന്ന് എല്‍ ഡി എഫിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരിട്ടതുപോലെയുള്ള വലിയ അഴിമതിക്കേസുകളോ നാറ്റക്കേസുകളോ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സര്‍വമാന വൃത്തികേടുകളുടേയും കേന്ദ്രമാകുന്നതു പോലെയുള്ള അവസ്ഥ സംജാതമായില്ല എന്നതു മാത്രമാണ് ഏക ആശ്വാസം.

അന്ധവിശ്വാസികളാകേണ്ടവരല്ല ഇടതുപക്ഷക്കാര്‍. തങ്ങളുടെ പാര്‍ട്ടി ചെയ്യുന്നതെല്ലാം ശരിയാണെന്നു വാഴ്ത്തുമ്പോളാണ് ഏകാധിപതികള്‍ പിറവിയെടുക്കുന്നത്. തെറ്റിനെ തെറ്റാണെന്നു കണ്ട് എതിര്‍ക്കുകയും അതിനെ തിരുത്തിക്കാന്‍ കഴിയുന്നവരുമാകണം ഇടതുപക്ഷക്കാര്‍. അതെല്ലങ്കില്‍പ്പിന്നെ അഴിമതികള്‍ക്ക് നാട്ടുകാരോട് തെളിവു ചോദിക്കുന്ന ഉമ്മന്‍ ചാണ്ടിയും അവരും തമ്മില്‍ എന്താണ് വ്യത്യാസം?. പക്ഷേ തെരഞ്ഞെടുപ്പിനുശേഷം സോഷ്യല്‍ മീഡിയയില്‍ ദൃശ്യമായ സംഗതികള്‍ ഇതിനെതിരാണ് സംഘികളുടെ നിലവാരത്തിലേക്ക് സി പി എമ്മിന്റെ അണികളും അധഃപതിക്കുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. പ്രത്യേകിച്ചും ജി സുധാകരന്റെ വോട്ട് എത്തിനോക്കല്‍ അവിവേകത്തെ പിന്തുണയ്ക്കുന്ന കാര്യത്തിലും വി എസിനെ കാസ്‌ട്രോ ആക്കിയപ്പോഴുണ്ടായ വിമര്‍ശനങ്ങളേയുമെല്ലാം അര്‍ത്ഥശൂന്യമായ വീറോടെ പാര്‍ട്ടിക്കാരും സൈബര്‍ ഗുണ്ടകളും ചെറുക്കാന്‍ ശ്രമിക്കുന്ന കാഴ്ചകളും കണ്ടപ്പോള്‍. തങ്ങള്‍ എന്തുചെയ്താലും അത് ശരിയാണെന്ന് വാദിക്കലല്ല യുക്തിയോടെ കാര്യങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത് മറിച്ച് അതിന്റെ ന്യായാന്യായങ്ങളെ വിലയിരുത്താനും തെറ്റാണെങ്കില്‍ അത് നേതൃത്വത്തെക്കൊണ്ട് തിരുത്തിക്കാനുമാണ് യഥാര്‍ത്ഥ പാര്‍ട്ടി സ്‌നേഹികള്‍ ശ്രമിക്കേണ്ടത്.

സര്‍വതും തികഞ്ഞ ആള്‍ക്കാരാണ് കമ്യൂണിസ്റ്റുകളെന്ന് കരുതുമ്പോഴാണ് അന്ധമായ ആരാധന പാര്‍ട്ടിക്കാര്‍ക്കിടയിലുണ്ടാകുന്നത്. മനുഷ്യനന്മയിലും സഹജീവിയോടുള്ള സ്‌നേഹത്തിലും ഇന്നത്തെ തലമുറയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു പഴയ കമ്യൂണിസ്റ്റുകളെന്ന് ആര്‍ക്കാണ് അറിയാത്തത്. സാധാരണക്കാരന്റെ സാമൂഹ്യ ജീവിതം മാറ്റിമറിക്കാനും ജാതി-മത ശക്തികളെ ചെറുത്തുനില്‍ക്കാനും കര്‍ഷകന്റെ ജീവിതം സമരങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനും ശ്രമിച്ചവരാണ് പഴയ കമ്യൂണിസ്റ്റുകള്‍. പി കൃഷ്ണപിള്ളയും എ കെ ജിയും കയ്യൂരിലേയും കാവുമ്പായിലേയും സഖാക്കളുമൊക്കെ ഉഴുതുമറിച്ച ഭൂമിയിലാണ് ഇന്ന് വിളവിറക്കാന്‍ കമ്യൂണിസ്റ്റു നേതാക്കള്‍ക്ക് കഴിയുന്നതെന്ന് അവരാരും മറക്കരുത് താനും. ഇടതുപക്ഷത്തിന്റെ കേരളത്തിലെ മൂലധനം വാസ്തവത്തില്‍ സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ആ പോരാട്ടങ്ങളാണ്, അല്ലാതെ ഒത്തുതീര്‍പ്പുകളില്‍ അവസാനിച്ച രണ്ടു ദിവസ സമരങ്ങളല്ലെന്ന് മനസ്സിലാക്കുക.

ഏതൊരു നാടിന്റേയും പുരോഗതി നിലകൊള്ളുന്നത് ആ നാട്ടിലെ സമാധാനജീവിതത്തിലാണെന്ന് അറിയാത്തവരില്ല. അക്രമരാഷ്ട്രീയം വെടിയുന്നതിനൊപ്പം സ്ത്രീസുരക്ഷയിലും സ്ത്രീ സ്വയം സംരംഭകത്വത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാകണം പുതിയ ഭരണം. സ്ത്രീകള്‍ എന്തുകൊണ്ട് മുന്നേറുന്നില്ല എന്നതിന്റെ ഉത്തരം നമ്മുടെ തെരഞ്ഞെടുപ്പുകളില്‍ തന്നെ കിടപ്പുണ്ട്.പാര്‍ലമെന്റിലെ 543 സീറ്റുകളില്‍ ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ എണ്ണം 62 ആണെങ്കില്‍ കേരളത്തില്‍ നിന്നുള്ള 20 സീറ്റുകളില്‍ നിന്നും ആകെ ഒരു സ്ത്രീ മാത്രമേയുള്ളു. കേരള നിയമസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ എം എല്‍ എമാരാകട്ടെ കേവലം എട്ടു പേരും. കഴിഞ്ഞ നിയമസഭയില്‍ ഏഴു പേരായിരുന്നത് 140-ല്‍ എട്ടുപേരായതാണ് ഏക ആശ്വാസം. ഇത്തരത്തിലുള്ള ഒരു ഭരണമാണോ കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്? കുറഞ്ഞപക്ഷം 140-ല്‍ പകുതി സീറ്റെങ്കിലും സ്ത്രീകള്‍ക്കായി നീക്കി വയ്ക്കാന്‍ എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ മടിക്കുന്നത്? പുരുഷന്മാരുടെ ആധിപത്യസ്വാഭാവത്തിനെതിരെ ശബ്ദിക്കാന്‍ എന്തുകൊണ്ടാണ് വിപ്ലവ പാര്‍ട്ടികളിലെ വനിതകള്‍ പോലും മടിക്കുന്നത്? വിദ്യാഭ്യാസത്തില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നിലായ കേരളത്തില്‍ എന്തുകൊണ്ടാണ് സ്ത്രീകളുടെ തൊഴിലില്ലായ്മ ഇന്നും ദേശീയ ശരാശരിയേക്കാളും വര്‍ധിച്ചുകൊണ്ടിരിക്കുന്നത്? തൊഴിലില്ലായ്മയില്‍ ദേശീയ ശരാശരി 2.3 ശതമാനമാണെന്നിരിക്കേ, കേരളത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്മയുടെ ശതമാനം 47.4 ശതമാനമാണ്. തൊഴില്‍ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ വികസനത്തിലും മറ്റ് മാനവസൂചികകളിലും പിന്നാക്കം നില്‍ക്കുന്ന സിക്കിം, മണിപ്പൂര്‍, മേഘാലയ, മിസ്സോറം, അരുണാചല്‍ പ്രദേശ്, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണ് കേരളം. എന്തുകൊണ്ടാണ് മാറിവരുന്ന ഭരണക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിന് തെല്ലും പ്രാമുഖ്യം നല്‍കാത്തത്? നമ്മുടെ എത്ര രാഷ്ട്രീയ നേതാക്കന്മാരുടെ ഭാര്യമാര്‍ തൊഴില്‍ ചെയ്തു ജീവിക്കുന്നുണ്ടെന്ന് ഒരു കണക്കെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

ഗള്‍ഫ് പണത്തിന്റെ ഗരിമയില്‍ മാത്രം കെട്ടിപ്പൊക്കേണ്ടതല്ല കേരളത്തിന്റെ വികസനം. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നിലൊരു ശതമാനത്തിലധികം വരുന്നത് ഈ ഗള്‍ഫ് പണത്തില്‍ നിന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ നികുതികളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 20 ശതമാനത്തിലധികവും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടിന്റെ അഞ്ചു മടങ്ങു കൂടുതലുമാണ് ഇതെന്ന് മറക്കരുത്. ഗള്‍ഫില്‍ നിന്നും ഈ ജീവനക്കാര്‍ അയക്കുന്ന തുക ഏതാണ്ട് 71,142 കോടി രൂപയാണെന്നാണ് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് 2014ല്‍ പുറത്തിറക്കിയ കേരള കുടിയേറ്റ പഠനത്തില്‍ പറയുന്നത്. ഏതാണ്ട് 24 ലക്ഷം മലയാളികളാണ് ഗള്‍ഫ് നാടുകളില്‍ ഉള്ളതെന്നിരിക്കേ, ഗള്‍ഫ് പണത്തില്‍ നിന്നുള്ള വരവില്‍ കുറവുണ്ടായാല്‍ അത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കും. 2010-നുശേഷം ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന പണത്തില്‍ രണ്ടു ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ കേരളം വരുമാനമുണ്ടാക്കാനാകുന്ന വിവിധ മേഖലകളില്‍ അതിവേഗം തങ്ങളുടെ വളര്‍ച്ചയ്ക്കായുള്ള ശ്രമങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ അതിദാരുണമായ ഭവിഷ്യത്തുകളാകും അത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുക.

ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കേരളത്തിന്റെ ഈ സമ്പ്ദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഭരണത്തിലേറുന്നവര്‍ ആരായാലും അവരുടെ ചുമലിലേറ്റപ്പെടുക. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷം പിന്നിട്ട സമയത്ത് വിഷന്‍ 2030 എന്ന പേരില്‍ ഒരു വികസനരേഖയ്ക്ക് യു ഡി എഫ് സര്‍ക്കാര്‍ രൂപം നല്‍കിയത് ഓര്‍മ്മയുണ്ടാകുമല്ലോ. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യപരിപാലന സംവിധാനവും ശക്തിപ്പെടുത്തി വളര്‍ച്ചയും സാമൂഹ്യ സുരക്ഷിതത്വവും ജനത്തിനുറപ്പാക്കുന്ന ഒരു വികസനരേഖയായാണ് ഇത് വാഴ്ത്തപ്പെട്ടതെങ്കിലും ഈ വികസനരേഖയെ അംഗീകരിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറായില്ല. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഭരണം മാറിവരുന്ന കേരളത്തില്‍ ഏതെങ്കിലുമൊരു അഞ്ചുവര്‍ഷ ഭരണക്കാരന്‍ 2030 വരെയുള്ള വികസന പ്രവര്‍ത്തനങ്ങളുടെ തുടക്കക്കാരനായി അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കേണ്ട എന്ന കെറുവായിരുന്നു അതിനു കാരണം. ടൂറിസത്തില്‍ നിന്നും ഗള്‍ഫില്‍ നിന്നും ലഭിക്കുന്ന പണമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നതെന്നും നമ്മുടെ വികസനത്തിന്റെ 77 ശതമാനവും കണ്‍സ്ട്രക്ഷന്‍, ഹോട്ടലുകള്‍, ഗതാഗതം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണെന്നും അറിയാവുന്ന ആര്‍ക്കും തന്നെ വിഷന്‍ 2030 മുന്നോട്ടുവച്ച അടിസ്ഥാന സൗകര്യ വികസനപദ്ധതികളെപ്പറ്റി എതിര്‍പ്പുണ്ടാകാനിടയില്ല. അതുകൊണ്ടു തന്നെ സാമ്പത്തിക വിദഗ്ധര്‍ രൂപപ്പെടുത്തിയ ഇത്തരം നയങ്ങളെ ഇടതു സര്‍ക്കാര്‍ അട്ടിമറിക്കരുത്. ഈ നാട് വികസിക്കേണ്ടത് പാര്‍ട്ടിഭേദമന്യേ എല്ലാവരുടേയും ഉത്തരവാദിത്തമാണ് അതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല.

ഉന്നത വിദ്യാഭ്യാസരംഗത്തുമുണ്ടാകണം വലിയ മാറ്റങ്ങള്‍. ബിരുദാനന്തര ബിരുദം നേടിയശേഷവും ഭാഷാപരിജ്ഞാനം പോലുമില്ലാത്തവരെ സൃഷ്ടിക്കുന്ന നമ്മുടെ സര്‍വകലാശാലകള്‍ കാലത്തിനൊത്ത് മാറേണ്ടതില്ലേ? തങ്ങള്‍ക്ക് ലഭിക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ യു ജി സി ഗ്രാന്റ് പോലും ശരിയായി വിനിയോഗിക്കാന്‍ എന്തുകൊണ്ടാണ് അവര്‍ക്ക് സാധിക്കാത്തത്?

എഞ്ചിനീയറിങ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ യാതൊരു കാര്യശേഷിയുമില്ലാതെ പുറത്തിറങ്ങുന്ന നമ്മുടെ അണ്‍സ്‌കില്‍ഡ് ബിരുദക്കാരെ തൊഴില്‍ പഠിപ്പിച്ചെടുക്കാന്‍ വീണ്ടും വലിയൊരു തുക ഇവിടത്തെ വ്യവസായ സ്ഥാപനങ്ങള്‍ മുടക്കേണ്ടതായി വരുന്നു. ഈയൊരു അവസ്ഥയ്ക്കു പകരം കോളെജുകളില്‍ തന്നെ കാര്യശേഷിയുള്ള വിദ്യാസമ്പന്നരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞാല്‍ വലിയൊരളവു വരെ മാറ്റം കേരളത്തിലുണ്ടാകും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചു വേണം പാഠ്യപദ്ധതി തയാറാക്കേണ്ടത്. കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് നീരസം തോന്നിയേക്കുമെങ്കിലും പ്രയോജപരമായ കോഴ്‌സുകള്‍ തുടങ്ങേണ്ടത് കേരളത്തിലെ സര്‍വകലാശാലകള്‍ മുഖ്യ പരിഗണന കൊടുക്കേണ്ട വിഷയം തന്നെയാണ്. ഒപ്പം വ്യവസായ വകുപ്പ് വന്‍കിട സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സ്റ്റാര്‍ട്ട് അപ്പുകളെ കൂടുതലായി പ്രോത്സാഹിച്ചാല്‍ കേരളത്തില്‍ വരുംകാലത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് വിദഗ്ധരുടെ പക്ഷം.

പുതിയ സര്‍ക്കാരിന് ക്രിയാത്മകമായി പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ നിരവധി മേഖലകള്‍ കേരളത്തിലുണ്ട്. ഒരു സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയാല്‍ പിന്നെ ആ സര്‍ക്കാര്‍ ഇടതന്റേയോ വലതന്റേയോ അല്ല കേരളത്തിന്റേതാണ്. ആ സര്‍ക്കാരിനെ നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇവിടത്തെ ജനം ശ്രമിക്കണം. തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം നിര്‍ദ്ദയം വിമര്‍ശിക്കണം അക്കാര്യത്തില്‍ പാര്‍ട്ടിഭേദമന്യേ എല്ലാവരും ഒരുമിക്കണം. അന്ധമായ പാര്‍ട്ടിവിധേയത്വത്തിനോ സൈബര്‍ ഗുണ്ടായിസത്തിനോ വഴിപ്പെടാതെ കേരളത്തിന്റെ വികസനത്തെപ്പറ്റി മാത്രമാകണം ഇനി ഇവിടെയുള്ളവര്‍ ചിന്തിക്കേണ്ടത് അതാണ് എല്ലാം ശരിയാകുമെന്ന പ്രതീക്ഷ നല്‍കുന്നത്. ആരും ശശിയാകാന്‍ ഇട വരാതിരിക്കട്ടെ!

(ഇന്ത്യാ ടുഡേ മുൻ അസിസ്റ്റന്റ് എഡിറ്ററും സ്മാർട്ട് ഡ്രൈവ് ഓട്ടോമൊബൈൽ മാസികയുടെ എഡിറ്ററുമാണ് ലേഖകൻ)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories