TopTop
Begin typing your search above and press return to search.

ഇടതുതരംഗത്തില്‍ ഒരു താമര; ചെറുപാര്‍ട്ടികള്‍ അപ്രസക്തമായി

ഇടതുതരംഗത്തില്‍ ഒരു താമര; ചെറുപാര്‍ട്ടികള്‍ അപ്രസക്തമായി

കെ എ ആന്‍റണി

ബിജെപിയുടെ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ഒടുവില്‍ നേമത്ത് ഒരു താമര വിരിഞ്ഞു. മഞ്ചേശ്വരത്തും പാലക്കാടും മലമ്പുഴയിലും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും താമര രണ്ടാംസ്ഥാനത്ത് എത്തി കേരളത്തിലെ പ്രതീക്ഷ നിലനിര്‍ത്തി. ബിജെപി ഉണ്ടാക്കിയ നേട്ടം പക്ഷേ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് ഉണ്ടായില്ലെന്നതാണ് ഏറെ ശ്രദ്ധേയം. ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടും ഇടുക്കിയിലെ ഉടുമ്പന്‍ചോലയിലുമൊക്കെ ബാക്കിയായത് നിരാശ മാത്രം.

കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഐ വിഭാഗം നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും, അടൂര്‍ പ്രകാശും വി ഡി സതീശനുമൊക്കെ ജയിച്ചപ്പോള്‍ എ യുടെ വിജയം ഉമ്മന്‍ ചാണ്ടിയിലേക്കും ഇരിക്കൂറില്‍ മത്സരിച്ച കെ സി ജോസഫിലേക്കുമായി ചുരുങ്ങി. പരാജയപ്പെട്ട മന്ത്രിമാരില്‍ ശ്രദ്ധേയനായത് തൃപ്പൂണിത്തുറയില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ കെ ബാബു തന്നെയാണ്. അഴിമതിയാരോപണം നേരിട്ട അടൂര്‍ പ്രകാശ് കോന്നിയില്‍ വിജയിച്ചപ്പോള്‍ എ കാരനായ ബാബുവിന് സിപിഎമ്മിലെ യുവനേതാവ് എം സ്വരാജിനോട് തോല്‍ക്കാനായിരുന്നു വിധി. കാട്ടക്കടയില്‍ സ്പീക്കര്‍ എന്‍ ശക്തന്റെ പരാജയവും കോണ്‍ഗ്രസിനേറ്റ നാണക്കേട് കൂട്ടുന്നു.കണ്ണൂരിലെ കൂത്തുപറമ്പില്‍ മന്ത്രി കെ പി മോഹനനും വയനാട്ടിലെ മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും കൊല്ലത്ത് ചവറയില്‍ മന്ത്രി ഷിബു ബേബി ജോണും പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ പരാജയം എ- ഐ ഗ്രൂപ്പുകളിലായി വീതംവച്ചാല്‍ നഷ്ടം ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിനു തന്നെയാണ്. സഭയില്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ വിഭാഗം ശക്തമാകുമ്പോള്‍ പ്രതിപക്ഷനേതൃത്വസ്ഥാനവും ചെന്നിത്തലയ്ക്കു കൈവരാനാണ് സാധ്യത. പ്രതിപക്ഷനേതാവാകാന്‍ താത്പര്യമില്ലെന്ന സൂചന ഉമ്മന്‍ ചാണ്ടി നല്‍കുകയും ചെയ്തു.

താനൂരിലെ പരാജയം മുസ്ലിം ലീഗിന് മലപ്പുറം ജില്ലയുടെ പുറത്തുള്ള പരാജയത്തേക്കാള്‍ വന്‍ തിരിച്ചടിയായി. കാന്തപുരം വിഭാഗം സമസ്തയുടെയും ലീഗിനുള്ളില്‍ തന്നെയുള്ള അന്തഃചിദ്രവും ജില്ലയില്‍ കോണ്‍ഗ്രസുമായുള്ള നിതാന്ത ശത്രുതയും ഇക്കാലമത്രയും ഉരുക്കുകോട്ടയെന്ന് വിശ്വസിച്ചിരുന്ന മലപ്പുറത്ത് ലീഗിന്റെ ശക്തി ചോരുന്നു എന്ന സൂചന 2006 നുശേഷം വീണ്ടും നല്‍കുന്നു. മലപ്പുറത്തിനു പുറത്ത് കോഴിക്കോട്ടെ കൊടുവള്ളിയിലും തിരുവമ്പാടിയിലും കൊല്ലം പുനലൂരിലും സ്വന്തം സ്ഥാനാര്‍ഥികള്‍ തോറ്റത് ലീഗിന് ഒരിക്കല്‍ കൂടി തിരിച്ചടിയായി. ഈ തെരഞ്ഞെടുപ്പോടെ അപ്രസക്തമാകുന്ന പാര്‍ട്ടികളില്‍ ഒന്നാമത് നില്‍ക്കുന്നത് ആര്‍എസ്പിയാണ്. മന്ത്രി ഷിബു ബേബി ജോണും എ എ അസീസും മാത്രമല്ല മത്സരിച്ച എല്ലാ ആര്‍എസ്പിക്കാരും തോറ്റു. കേരള കോണ്‍ഗ്രസ് കുടുംബത്തില്‍ അവസാന നിമിഷം കലാപക്കൊടി ഉയര്‍ത്തി ഇടതുപക്ഷമണിഞ്ഞ ജനാധിപത്യ കേരള കോണ്‍ഗ്രസുകാരെയും വോട്ടര്‍മാര്‍ പാഠം പഠിപ്പിച്ചു. ജെ ആര്‍ എസ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബിഡിജെഎസ് വഴി എന്‍ഡിഎ യില്‍ എത്തിയ സി കെ ജാനുവിന് ബത്തേരിയില്‍ കാലിടറി. നീതിക്കും നിലില്‍പ്പിനും വേണ്ടി വടകരയില്‍ കന്നി അങ്കത്തിനിറങ്ങിയ ആര്‍എംപിയ്ക്കും കെ കെ രമയ്ക്കും തോല്‍ക്കാനായിരുന്നു വിധി. രമയുടെ സാന്നിധ്യം ജെഡിഎസിലെ സി കെ നാണുവിന് വിജയം അരക്കിട്ടുറപ്പിച്ചു.

ഒറ്റയാന്‍ പോരാട്ടത്തിലൂടെ പൂഞ്ഞാറിലെ ജനമത്രയും തനിക്കൊപ്പമാണെന്നു പി സി ജോര്‍ജ് ഒരിക്കല്‍ കൂടി തെളിയിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസുകാര്‍ തൂത്തെറിയപ്പെട്ടപ്പോള്‍ കാര്യമായ പരിക്കൊന്നും ഏല്‍ക്കാതെ കെ എം മാണിയും സംഘവും രക്ഷപ്പെട്ടുവെന്ന് തീര്‍ത്തുപറയാന്‍ പറ്റില്ല. ഇരിങ്ങാലക്കുടയല്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും ഏറ്റുമാനൂരില്‍ തോമസ് ചാഴിക്കാടനും തിരുവല്ലയില്‍ ജോസഫ് എം പുതുശേരിയും ക്ലീനായി തോറ്റു.തോറ്റവരില്‍ എം എം ഹസന്‍, ശൂരനാട് രാജശേഖരന്‍, കരുണാകര പുത്രി പത്മജ വേണുഗോപാല്‍, സിപിഎമ്മിന്റെ പെരുമ്പാവൂര്‍ സിറ്റിംഗ് എംഎല്‍എ സാജുപോള്‍ എന്നിവരുമുണ്ട്. അച്ഛന്റെ സ്വന്തം തട്ടകത്തില്‍ വിജയം ഉറപ്പെന്നു കരുതി വന്ന പത്മജയ്ക്ക് കാലിടറിയതിനു പിന്നില്‍ ചില അന്തര്‍നാടകങ്ങല്‍ കൂടിയുണ്ട് എന്നുവേണം കരുതാന്‍. തേറമ്പില്‍ രാമകൃഷ്ണന്റെ സീറ്റ് നിഷേധവും മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ വിദ്വേഷവും മാത്രമല്ല തൃശൂര്‍ അതിരൂപതയുടെ മനംമാറ്റവും കോണ്‍ഗ്രസിനും യുഡിഎഫിനും ഇത്തവണ തൃശൂരില്‍ വിനയായിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി തൃശൂരും കൊല്ലവും പൂര്‍ണമായും ചുവപ്പണിയുന്നതിനു കേരളം സാക്ഷിയായി. പെരുമ്പാവൂരിലെ സാജുപോളിന്റെ തോല്‍വിക്കും തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ തോല്‍വിക്കും പിന്നില്‍ ഒരു കാവ്യനീതി കൂടിയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മൃഗീയമായി കൊല ചെയ്യപ്പെട്ട ജിഷ എന്ന ദളിത് പെണ്‍കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കാതിരുന്ന എംഎല്‍എയെ തങ്ങള്‍ക്കു വേണ്ടെന്ന് വോട്ടര്‍മാര്‍ കരുതിയിട്ടുണ്ടാവണം. മരിച്ചു കിടക്കുന്നവര്‍ പോലും കണ്ണുതുറന്നു ഹായ് പറയുന്ന കെ ബാബു മന്ത്രിക്കും ജനം കൊടുത്ത അടിയാണ് തെരഞ്ഞെടുപ്പ് ഫലം.

താരങ്ങള്‍ ഏറ്റുമുട്ടിയ പത്തനാപുരത്ത് ജയം ഇക്കുറിയും ഗണേഷ് കുമാറിനൊപ്പം നിന്നു. കൊല്ലത്ത് മുകേഷ് കൂടി ജയിച്ചതോടെ സിനിമാരംഗത്തു നിന്നും അസംബ്ലിയില്‍ എത്തുന്നവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു.മക്കോക്ക ചുമത്തപ്പെട്ട് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്ന ശ്രീശാന്തിനും ഉണ്ടായി നല്ല സ്വീകാര്യത എന്നതാണ് തിരുവനന്തപുരം സൂചിപ്പിക്കുന്നത്. മാധ്യമരംഗത്തു നിന്നും കന്നിയംഗത്തിനിറങ്ങിയ വീണ ജോര്‍ജ് ജയിച്ചു കയറിയപ്പോള്‍ എം വി നികേഷ് കുമാറിന് അഴിക്കോട് അടിപതറി. വീണ ജോര്‍ജിന്റെ വിജയം ഒരര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിക്കേറ്റ മറ്റൊരു പ്രഹരമായി. പുതുപ്പള്ളിയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഉമ്മന്‍ ചാണ്ടിക്ക് തന്റെ വിശ്വസ്തന്‍ കെ ശിവദാസന്‍ നായരെ ആറന്മുളയിലും മറ്റൊരു വിശ്വസ്തന്‍ കെ ബാബുവിനെ തൃപ്പൂണിത്തുറയിലും നഷ്ടമായി.

എം വി വീരേന്ദ്ര കുമാറിന്റെ ജെഡിയുവും ഐഎന്‍എല്ലും അപ്രസക്തമായ പാര്‍ട്ടികളില്‍ പെടുന്നു. വീരേന്ദ്രകുമാറിന്റെ മകന്‍ എം വി ശ്രേയാംസ്‌കുമാറും മന്ത്രി കെപി മോഹനനും ഷേക് പി ഹാരിസും മനയത്ത് ചന്ദ്രനും നിരാശപ്പെടുത്തിയപ്പോള്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സംഘടിപ്പിച്ച രാജ്യസംഭംഗത്വത്തിന്റെ മികവില്‍ അദ്ദേഹം ഇനിയും ആ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോയേക്കാം. മാത്യു ടി തോമസ് നേതൃത്വം നല്‍കുന്ന ജെഡിഎസ് കോവളത്തും അങ്കമാലിയും ഒഴിച്ച് ബാക്കി മൂന്നു സീറ്റും ജയിച്ച് തങ്ങളാണ് യഥാര്‍ത്ഥ ജനതാദളെന്ന് തെളിയിച്ചു.

വന്‍വിജയം നേടിയെങ്കിലും സിപിഎമ്മില്‍ ഇനി വരാന്‍ ഇരിക്കുന്നത് ഒരുപക്ഷേ കലഹത്തിന്റെ നാളുകളാണ്. വി എസ്സോ പിണറായിയോ ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്നതിനെ ചൊല്ലി സംസ്ഥാന നേതൃത്വം മാത്രമല്ല കേന്ദ്ര നേതൃത്വവും ഏറെ തലപുകയ്‌ക്കേണ്ടി വരും.


Next Story

Related Stories