TopTop
Begin typing your search above and press return to search.

പ്രായത്തിനെതിരെ ഉള്‍ക്കരുത്തിന്റെ റാക്കറ്റ് വീശുന്ന ലിയാണ്ടര്‍ പേസ്

പ്രായത്തിനെതിരെ ഉള്‍ക്കരുത്തിന്റെ റാക്കറ്റ് വീശുന്ന ലിയാണ്ടര്‍ പേസ്

ടീം അഴിമുഖം / എഡിറ്റോറിയല്‍

ഒരു കായികതാരത്തിന്റെ പ്രധാന ശത്രു പ്രായമാണെന്നാണ് പറയാറ്. എന്നാല്‍ ലിയാണ്ടര്‍ പേസിന്റെ പ്രകടനം കാണുമ്പോള്‍ നാം മറിച്ച് ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഈ 42-ാം വയസിലും തന്റെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലിയാണ്ടര്‍ പേസ് ഇപ്പോഴും ഗ്രാന്റ്സ്ലാം ട്രോഫികള്‍ നേടിക്കൊണ്ടേയിരിക്കുന്നു. കാരണം തന്റെ ലക്ഷ്യത്തിലെത്താനുള്ള കരളുറപ്പ് അദ്ദേഹത്തിനുണ്ടെന്നത് തന്നെ. ഇത്തവണത്തെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ അമേരിക്കന്‍ ജോഡികളായ സാം ക്വറെയെയും ബെഥാനി മാറ്റെക്സ്റ്റാന്‍സിനെയും തോല്‍പിച്ചുകൊണ്ട് സ്വിസ് ടെന്നീസ് അത്ഭുതം മാര്‍ട്ടീന ഹിംഗിസിന് ഒപ്പം പേസ് തന്റെ ഒമ്പതാം ഗ്രാന്റ്സ്ലാം മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിരിക്കുന്നു. സാങ്കേതിക തികവിനെക്കാള്‍ ഒരിക്കലും വറ്റാത്ത ഊര്‍ജ്ജമാണ് തന്റെ വിജയരഹസ്യമെന്ന് ചരിത്രമായി മാറിയ യുഎസ് ഓപ്പണ്‍ വിജയത്തിന് ശേഷം പേസ് പറയുകയുണ്ടായി.

'മാര്‍ട്ടിന വളരെ രസകരമായ ഒരു കാര്യം പറയുകയുണ്ടായി. ഒരു ലക്ഷ്യത്തിന് പിറകെ പോകുന്നതിന് നിങ്ങള്‍ക്ക് ഉള്‍ക്കരുത്ത് ആവശ്യമാണെന്നാണ് അവരുടെ അഭിപ്രായം. മാര്‍ട്ടിനയെ പോലെ ഒരു പ്രതിഭയ്ക്കുള്ള കഴിവോ സാങ്കേതിക തികവോ എനിക്കുണ്ടെന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നില്ല. പക്ഷെ എനിക്ക് ഉള്‍ക്കരുത്തുണ്ട്. എന്റെ ലക്ഷ്യത്തിന് പിന്നാലെ ഞാന്‍ പോകും. വിജയത്തിലേക്കുള്ള വഴി കണ്ടെത്തുന്നതിനുള്ള സ്ഥിരപ്രയത്‌നം എന്റെ മൊത്തം ജീവിതത്തിന്റെ ഭാഗമാണ്,' മിക്‌സഡ് ഡബിള്‍സില്‍ പുരുഷതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയിയാക്കി തന്നെ മാറ്റിയ വിജയത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

പരിക്കുകള്‍ പറ്റുന്നതിനുള്ള സാധ്യത കൂടുകയും സ്റ്റാമിനയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതിനൊപ്പം കായികക്ഷമതയുടെ നിലവാരം കുറച്ചുകൊണ്ടും പ്രായം പലപ്പോഴും കായികതാരങ്ങളുടെ കായികജീവിതത്തിന് വിരാമമിട്ടേക്കാം. അതുകൊണ്ട് തന്നെ കായികരംഗം എല്ലായ്പ്പോഴും യുവാക്കളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ്. ശരീരത്തിനും കായികക്ഷമതയ്ക്കും കൂടുതല്‍ പ്രാധാന്യം ആവശ്യമായിവരുന്ന കായിക ഇനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ പ്രസക്തവും. ടെന്നീസ് ഇതിന്റെ ഒരു പ്രത്യക്ഷോദാഹരണമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ അവിശ്വസനീയം എന്ന് വിശേഷിപ്പിക്കുമായിരുന്ന തലത്തിലാണ് പല പ്രമുഖതാരങ്ങളുടേയും കായികക്ഷമത. ഉദാഹരണത്തിന് വില്യംസ് സഹോദരിമാരെ നോക്കൂ. തങ്ങളുടെ ശരീരത്തിന് മേല്‍ ജൈവീകമായി ഏല്‍പ്പിക്കപ്പെടുന്ന ആഘാതങ്ങളെ ഒരു പരിധിവരെ തടയാനും അതിന്റെ വേഗത കുറയ്ക്കാനും കായികക്ഷമത ടെന്നീസ് താരങ്ങളെ സഹായിക്കുന്നു. ലോകത്തിലെ പ്രമുഖ ടെന്നീസ് താരങ്ങള്‍ക്കിടയില്‍ നിന്നും തങ്ങളുടെ നേട്ടങ്ങള്‍ ബോറിസ് ബെക്കറും സ്‌റ്റെഫി ഗ്രാഫും വെട്ടിപ്പിടിക്കുമ്പോള്‍ അവര്‍ ഇരുവരും ടീനേജിലായിരുന്നു. അടുത്ത ഒരു പത്തുവര്‍ഷമോ മറ്റോ അവര്‍ കളിച്ച സ്ഥലങ്ങളിലെല്ലാം കോര്‍ട്ടുകളെ കീഴടക്കി. എന്നാല്‍ തങ്ങളുടെ ജീവിതത്തിന്റെ മൂന്നാം ദശകത്തിലേക്ക് പ്രവേശിച്ച ശേഷം അവര്‍ ആ തലത്തില്‍ ടെന്നീസ് കളി തുടര്‍ന്നതേയില്ല. എന്നാല്‍, ഇന്ന് യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയവരില്‍ പകുതിയോളം പേര്‍ മുപ്പത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കാരെ പ്രായം ബാധിച്ചിരുന്ന അത്രയും നാടകീയമായല്ല ഇന്ന് അത് ബാധിക്കുന്നത് എന്നത് മാത്രമാണ് ഈ പ്രതിഭാസത്തിനുള്ള ഒരു ഉത്തരം. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു ഘടകത്തെ കുറിച്ച് നേരത്തെ സൂചിപ്പിച്ച് കഴിഞ്ഞു. കളിക്കാര്‍ കൂടുതല്‍ കായികക്ഷമത ഉള്ളവരാണ്; വിദഗ്ധരുടെ നിരീക്ഷണത്തില്‍ അവര്‍ തുടര്‍ച്ചയായി കായിക്ഷമതാ പരിശീലനങ്ങള്‍ക്ക് വിധേയരാവുന്നു. ശാരീരികക്ഷമതയും കായികരംഗവും പരസ്പരബന്ധിതമായ രണ്ട് വൈദഗ്ധ്യങ്ങളായി വികസിച്ച് കഴിഞ്ഞു. എന്നാല്‍ ഈ പരിശീലനം വളരെ വ്യത്യസ്തമായ മറ്റൊരു വൈദഗ്ധ്യത്തിനും വഴി തുറന്നു. മാനസിക മാര്‍ഗദര്‍ശകത്വത്തിന്റെ മേഖലയാണത്. കായികരംഗത്തുള്ള വിജയം ശരീരികക്ഷമതയുടെ മാത്രം പ്രതിഫലനമല്ലെന്ന വികാരം വ്യാപകമായി കഴിഞ്ഞു. ശാരീരികക്ഷമതയും പേശീബലവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് മാനസിക വ്യാപ്തി: ഏകാഗ്രമായിരിക്കാനും ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള ശേഷി, പിരിമുറുക്കം അതിജീവിക്കാനുള്ള ശക്തി, ഇതോടൊപ്പം വരുന്ന വിജയങ്ങളില്‍ മതിഭ്രമിച്ചു പോകാതിരിക്കാനുള്ള പക്വത, പരാജയം സംഭവിക്കുമ്പോള്‍ അത് അംഗീകരിക്കാനുള്ള മാനസിക കരുത്ത് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശാരീരിക അച്ചടക്കം അതിന്റെ മാനസിക പ്രതിരൂപവുമായി ഒത്തുപോകേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഇക്കാലത്ത് വിജയം കൈവരിക്കുന്ന ഏതൊരു കായികതാരത്തിന്റെ സഹായസംഘത്തിലും ഒരു ശാരീരികക്ഷമതാ പരിശീലകന്‍ മാത്രമല്ല, ഒരു കായിക മനഃശാസ്ത്രജ്ഞനും ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധിതമായിരിക്കുന്നത്. മനസിന്റെയും ശരീരത്തിന്റെയും ശക്തികളുടെ സംയോജനം മികച്ച പ്രകടനത്തിനും ദീര്‍ഘ കായികജീവിതത്തിനും അടിത്തറ പാകുന്നു.

കായികതാരങ്ങള്‍ സ്വയം വെന്തുരുകുന്ന അല്ലെങ്കില്‍ ഇത് നല്‍കുന്ന പ്രശസ്തിയുമായി ഒത്തുപോകാന്‍ അവര്‍ക്ക് സാധിക്കാത്ത ചുരുക്കം ചില സംഭവങ്ങളെ സമീപകാലത്ത് ഉണ്ടാകുന്നുള്ളു. കായികരംഗം, പ്രത്യേകിച്ചും ടെന്നീസ് പുതിയ മാനസികവീര്യത്താല്‍ സമ്പുഷ്ടമായിരിക്കുന്നു. കളിക്കാര്‍ മാനസികമായും ശാരീരികമായും ശക്തരാണ്. ടെന്നീസ് ഇത്രയും കഠിനവും ശക്തവുമായ കായികവിനോദമല്ലാതിരുന്ന കാലത്ത് 33 കാരനായ ജാറസ്ലേവ് ഡ്രോബ്‌നി വിംബിള്‍ഡണില്‍ ജേതാവായിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു ടൂര്‍ണമെന്റ് ജയിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രായം വളരെ കൂടുതലായിരുന്നു എന്നാണ് 1954ല്‍ ഭൂരിപക്ഷവും ചിന്തിച്ചത്. എന്നാല്‍ ഇന്ന് മെച്ചപ്പെട്ട ശാരീരിക, മാനസിക ക്ഷമതകളുടെ പിന്‍ബലത്തില്‍ മുപ്പതുകള്‍ കഴിഞ്ഞ കളിക്കാര്‍ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കുമ്പോള്‍ പുരികങ്ങള്‍ ഉയരുന്നില്ല. പ്രായത്തിന്റെ കൊഴിഞ്ഞുപോക്ക് ക്ലിയോപാട്രയെ ബാധിച്ചില്ല; അതുപോലെ ഇപ്പോഴത്തെ ടെന്നീസ് കളിക്കാരെ കുറിച്ചും അങ്ങനെ വേണം കരുതാന്‍.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories