TopTop
Begin typing your search above and press return to search.

യു കെ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ നഷ്ടം ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക്

യു കെ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ നഷ്ടം ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക്

ലാന്‍ ക്യു മുയി
(വാഷിങ്ടണ്‍ പോസ്റ്റ്)

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന കാര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പിന് ഒരു മാസത്തില്‍ താഴെ മാത്രം അവശേഷിക്കെ വോട്ടര്‍മാരില്‍ അഭിപ്രായഭിന്നത തുടരുന്നു. എന്നാല്‍ യൂണിയന്‍ വിടുന്നത് നഷ്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക് ഒരേ അഭിപ്രായമാണ്.

ഈ അടുത്തകാലത്ത് പുറത്തുവന്ന പുതിയ പഠനം നടത്തിയത് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവന്നാല്‍ 2020 ആകുമ്പോഴേക്ക് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയില്‍ മൂന്നുശതമാനം ഇടിവുണ്ടാകുമെന്നാണ് പഠനം പറയുന്നത്. യൂറോപ്പിന്റെ സാമ്പത്തിക കേന്ദ്രമായ ബ്രിട്ടനില്‍ സാമ്പത്തിക അനിശ്ചിതത്വമുണ്ടാക്കാനും നിക്ഷേപകരെ പിന്തിരിപ്പിക്കാനും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കെടുത്താനും ഈ തീരുമാനം കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഓരോ കുടുംബത്തിനും 2,200 പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണു കണക്ക്. ശരാശരി ഒരുമാസത്തെ ശമ്പളത്തോളം. ആഘാതത്തെ ബ്രെക്‌സിറ്റ് ടാക്‌സെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് സെക്രട്ടറി ജനറല്‍ ഏഞ്ചല്‍ ഗരിയ വിശേഷിപ്പിച്ചത്.

ദീര്‍ഘകാല ഫലങ്ങള്‍ ഇതിലും കടുത്തതായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 2030 ആകുമ്പോഴേക്ക് ജിഡിപിയില്‍ കുറഞ്ഞത് 2.7 ശതമാനം ഇടിവുണ്ടാകുമെന്നതാണ് പ്രതീക്ഷിക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട സ്ഥിതി. സ്ഥിതി മോശമായാല്‍ ഇത് 7.5 ശതമാനം വരെയാകാം. ഓരോ കുടുംബത്തിനും അയ്യായിരം പൗണ്ട് വരെ കുറവുവരാമെന്നര്‍ത്ഥം.

'യൂറോപ്പിനൊപ്പമായിരിക്കുമ്പോള്‍ ബ്രിട്ടന്‍ കൂടുതല്‍ ശക്തമാണ്. ബ്രിട്ടന്‍ അടങ്ങിയ യൂറോപ്പും കൂടുതല്‍ ശക്തമാകും. ബ്രെക്‌സിറ്റില്‍ ബ്രിട്ടന് പ്രയോജനമൊന്നുമില്ല,' ഗരിയ പറയുന്നു.

ജൂണ്‍ 23നു നടക്കുന്ന വോട്ടെടുപ്പില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനാണ് തീരുമാനമെങ്കില്‍ ഇതിന്റെ വ്യവസ്ഥകള്‍ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാന്‍ മാത്രം രണ്ടു വര്‍ഷത്തോളമെടുക്കും. സ്വതന്ത്ര ബ്രിട്ടന് കൂടുതല്‍ വ്യാപാരക്കരാറുകള്‍ നേടാനാകുമെന്ന് ബ്രെക്‌സിറ്റ് അനുകൂലികള്‍ പറയുന്നു. എന്നാല്‍ വ്യാപാര കരാറുകള്‍ക്കായുള്ള നീണ്ട ക്യൂവിന്റെ പിന്നിലേക്കു പോകുകയായിരിക്കും ബ്രിട്ടനു സംഭവിക്കുകയെന്ന് ലണ്ടനിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുന്നറിയിപ്പു നല്‍കിയിരുന്നു.ബ്രെക്‌സിറ്റിനുശേഷം കൂടുതല്‍ വ്യാപാര കരാറുകള്‍ ലഭിക്കുമെന്നത് വെറും തോന്നല്‍ മാത്രമാണെന്ന് ബുധനാഴ്ചത്തെ നീണ്ട പ്രസംഗത്തില്‍ ഗരിയ ചൂണ്ടിക്കാട്ടി. വ്യവസായ നിക്ഷേപം ഇപ്പോള്‍ത്തന്നെ കുറഞ്ഞുവരികയാണ്. മറ്റു കറന്‍സികളുടെ മുന്നില്‍ പൗണ്ടിന് നഷ്ടമാണു വന്നിട്ടുള്ളത്. അഭിപ്രായവോട്ടെടുപ്പിനെച്ചൊല്ലി വിപണി ചാഞ്ചാടുകയുമാണ്.

അടുത്തിടെ യുകെ ട്രഷറിയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സും നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ബ്രെക്‌സിറ്റിന്റെ ആഘാതങ്ങള്‍ വിശകലനം ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിന്റെ ഗുണങ്ങളെപ്പറ്റി ആശങ്കാകുലരായിരുന്ന ഓപ്പണ്‍ യൂറോപ്പ് എന്ന ആശയസമൂഹം പോലും ബ്രെക്‌സിറ്റിനുശേഷം 2030 ആകുമ്പോഴേക്ക് സമ്പദ് വ്യവസ്ഥയില്‍ 2.2ശതമാനത്തിന്റെ ഇടിവ് പ്രവചിച്ചിട്ടുണ്ട്.

' ഞങ്ങളുടെയും മറ്റുള്ളവരുടെയും പഠനങ്ങളുടെ പൊതുസ്വഭാവം എന്തെന്നാല്‍ ബ്രെക്‌സിറ്റിനുശേഷമുള്ള കണക്കുകളെല്ലാം നെഗറ്റീവാണ് എന്നതാണ്,' ഗരിയ പറയുന്നു. ' യൂറോപ്യന്‍ യൂണിയനില്‍ തുടരുമ്പോഴുണ്ടാകാവുന്ന ഏറ്റവും മോശം അവസ്ഥയെക്കാള്‍ മോശമാണ് യൂണിയന്‍ വിട്ടാലുണ്ടാകാവുന്ന ഏറ്റവും മെച്ചപ്പെട്ട അവസ്ഥ. മോശം അവസ്ഥയാകട്ടെ വളരെ മോശവും.'


Next Story

Related Stories