TopTop
Begin typing your search above and press return to search.

വേണ്ടത് വികസനത്തിന്റെ 'അച്ചടക്കമല്ല'; സീമാസിന്റെ പൊട്ടിത്തെറിയാണ്

വേണ്ടത് വികസനത്തിന്റെ അച്ചടക്കമല്ല; സീമാസിന്റെ പൊട്ടിത്തെറിയാണ്

ഗോപന്‍ മുകുന്ദന്‍

ആലപ്പുഴ സീമാസ് സമരം അവസാനിക്കുന്നത് ഗൗരവത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുകൂടി വഴി തുറന്നുകൊണ്ടാണെന്നത് അത്യധികം ആഹ്ലാദകരമാണ്. സാമൂഹിക ഇടതു പക്ഷത്തിന്റെ പങ്കും പ്രാധാന്യവും മുഖ്യ ധാരാ ഇടതു പക്ഷം ഗൗരവത്തില്‍ കാണേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആഗോളവത്കരണ കാലത്തെ പുത്തന്‍ വര്‍ഗ പ്രശ്‌നങ്ങള്‍ കാണാനും അതില്‍ ഇടപെടാനും പുതിയ രീതിയും സമീപനവും സ്വീകരിക്കണം എന്നത് ഓര്‍മ്മിപ്പിച്ചും സമരത്തിനു സാമൂഹിക ഇടതു പക്ഷവും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. എന്തായാലും 'സീമാസ്' സമരം നിര്‍ണ്ണായക രാഷ്ട്രീയ പ്രാധാന്യം നേടിയിരിക്കുന്നു എന്ന സൂചനകളാണ് വരുന്നത്.

കേരളത്തില്‍ ഈ സാമൂഹിക ഇടതുപക്ഷം എക്കാലത്തും വലിയ പങ്കു വഹിച്ചിരുന്നു എന്നത് വസ്തുതയാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന തരത്തില്‍ പാര്‍ട്ടിക്കും ഇത് അത്യധികം സുപ്രധാനമായിരുന്നു. കേരളത്തിലെ സാമൂഹിക ഇടതുപക്ഷം വഹിച്ച പങ്കിന്റെ ഒരു നല്ല ഉദാഹരണം പരിസ്ഥിതി രംഗത്തെ അതിന്റെ സ്വാധീനമാണ്. സൈലന്റ് വാലി സമരകാലത്ത് CITU ഒരു ഭാഗത്തും പരിഷത്തും മറ്റും മറുഭാഗത്തും നിന്നും നടത്തിയ ആശയ സമരം നല്ലൊരു ഉദാഹരണമായിരിക്കും. ആലുവ ഇടയാര്‍ പ്രദേശത്തെ മലിനീകരണം, ചാലിയാര്‍ ഗ്വാളിയാര്‍ റയോണ്‍സ് തര്‍ക്കം, പെരിങ്ങോം ആണവ നിലയ പ്രശ്‌നം തുടങ്ങി ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഇവ ഒന്നാകെ നോക്കിയാല്‍ എന്താണ് മനസ്സിലാകുക? കേരളത്തിന്റെ ഇടതുപക്ഷ നിലപാടിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമൂഹിക ഇടതുപക്ഷ നിലപാടുകള്‍ സ്വാധീനിച്ചു എന്ന് തന്നെയാണ്. കേരളത്തിന്റെ ഊര്‍ജ സുരക്ഷ സംബന്ധിച്ച് സൈലന്റ് വാലിക്ക് മുന്‍പുള്ള നിലപാടാണോ ഇന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്? പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം സംബന്ധിച്ചും നിലപാടിലും കാതലായ മാറ്റം വന്നില്ലേ? EFL നിയമവും, തണ്ണീര്‍ത്തട-നെല്‍വയല്‍ നിയമവുമെല്ലാം കാണിക്കുന്നത് ഇതാണെന്നാണ് എന്റെ ബോധ്യം.

സമരങ്ങള്‍ വഴിപാടാകുന്നു, എല്ലാം പൊളിയുന്നു എന്നൊക്കെ ആക്ഷേപിക്കുമ്പോഴും ഉയര്‍ത്തപ്പെടുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തി കാണാതിരുന്നുകൂട. കര്‍ഷക തൊഴിലാളി പ്രസ്ഥാനം അടുത്തിടെ നടത്തിയ സംസ്ഥാന വ്യാപകമായ സമരത്തിന്റെ ഒരു മുദ്രാവാക്യം 'ഭൂതല രൂപങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കരുത്' എന്നതായിരുന്നു. ഭൂമിയുടെ ഉടമസ്ഥത എന്നത് ഉപയോഗ അവകാശം മാത്രമാണെന്നും അതിന്റെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിക്കാനുള്ള അവകാശം ഉടമസ്ഥത കൊണ്ട് കൈവരുന്നില്ല എന്നും പറയുന്ന സമരം പൊളിയാതെ നോക്കാന്‍ എല്ലാ ഇടതുപക്ഷത്തിനും ബാധ്യതയില്ലേ? കുട്ടനാട്ടില്‍ ഏതാണ്ട് രണ്ടു ദശാബ്ദം മുന്‍പ് അരങ്ങേറിയ 'വെട്ടി നിരത്തല്‍' സമരകാലത്ത് മാണി അവിടെ ചെന്ന് പാടം നികത്തി തെങ്ങിന്‍ തൈ നടുകയുണ്ടായി. 'കര്‍ഷകന് ഭൂമിയില്‍ എന്തും ചെയ്യാം' എന്നതായിരുന്നു മാണിയുടെ പ്രഖ്യാപനം. ആ നിലപാടിന്റെ തുടര്‍ച്ചയാണ് ഇന്നും ഇരു മുന്നണികളും സ്വീകരിക്കുന്നതെന്ന് കാണണം. രണ്ടും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന കോറസ് ആലപിക്കാന്‍ നിന്നാല്‍ അത് സാമൂഹിക ഇടതുപക്ഷ നിലപാടാകില്ല.

സ്ത്രീകളുടെ സാമൂഹിക പദവി, സ്വയം നിര്‍ണയാവകാശം തുടങ്ങിയ കാര്യങ്ങളിലും കേരളത്തിലെ മുഖ്യ ഇടതുപക്ഷം സാമൂഹിക ഇടതുപക്ഷ നിലപാടുകളാല്‍ സ്വാധീനിക്കപ്പെടുന്നത് കാണാം. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ 50% സംവരണം ഏര്‍പ്പെടുത്തുന്ന കാര്യത്തിലൊക്കെ ഇടതുപക്ഷം മറികടന്നത് ചില്ലറ ആന്തരിക സംഘര്‍ഷങ്ങള്‍ അല്ല എന്ന് കാണണം.

ഒരാളോ, ഏതാനും പേരോ എന്തു നിലപാടെടുത്തു എന്നതിന്റെയൊ ഏതെങ്കിലുമൊരു സംഭവത്തിന്റെയൊ അടിസ്ഥാനത്തിലല്ല ഇവിടെ വിലയിരുത്തലുകള്‍ നടത്തേണ്ടത്. മുഖ്യ ഇടതുപക്ഷവും ഇടതു സാമൂഹിക പ്രവര്‍ത്തകരും പരസ്പരം പലതും മനസ്സിലാക്കേണ്ടതുണ്ട് എന്ന് കരുതുന്നയാളാണ് ഞാന്‍. സാമൂഹിക ഇടതുപക്ഷം ഉയര്‍ത്തുന്ന നിരവധിയായ വിമര്‍ശനങ്ങള്‍ അവധാനതയോടെ പരിശോധിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ തയ്യാറാകണം. ഈ വിഭാഗം കേരളത്തില്‍ നടത്തുന്ന പല സമരങ്ങളുടെയും പോരാട്ടാങ്ങളുടെയും സമീപനത്തില്‍ നിന്നും കൊള്ളാന്‍ എന്തുണ്ട് എന്ന് നോക്കാനുള്ള വര്‍ദ്ധിച്ച ഉത്തരവാദിത്തം മുഖ്യധാരാ ഇടതുപക്ഷത്തിനു തന്നെയാണ്. മത തീവ്രവാദികളും സംഘപരിവാര്‍ ഗൂണ്ടകളും ചേര്‍ന്ന് നാട്ടില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സദാചാര സംഹിതയ്ക്ക് ഉരുളയ്ക്കു ഉപ്പേരി പോലെ മറുപടി നല്‍കി സാമൂഹിക മാധ്യമങ്ങളിലും മറ്റും സജീവമായ ഒരു പറ്റം യുവജനങ്ങള്‍ ചേര്‍ന്ന് നടത്തിയ ചുംബന സമരം ചില്ലറ കാര്യമായിരുന്നില്ല. ഇത്തരം ചരിത്ര പ്രാധാന്യമുള്ള ഇടപെടലുകള്‍ മുഖ്യധാര ഇടതുപക്ഷത്തിനു പുറത്ത് നടക്കുന്നത് കണ്ണ് തുറന്നു കാണുക എന്നത് പ്രധാനമാണ്. ദേശീയ തലത്തില്‍ ശക്തി പ്രാപിക്കുന്ന മത ഫാസിസത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഈ ഫാസിസ്റ്റ് അഴിഞ്ഞാട്ടം എന്നു കാണാന്‍ കഴിഞ്ഞത് പൊതു ഇടതുപക്ഷ ബോധത്തിന്റെ നന്മയായി വേണം കണക്കാക്കാന്‍. ഇത്തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍ മുഖ്യധാര ഇടതുപക്ഷ പ്രവര്‍ത്തകരില്‍ പലരും സജീവ സാന്നിധ്യമാണെന്നതും കാണാനാകണം.വലതുപക്ഷത്തില്‍ നിന്നും ഒട്ടും ഭിന്നമല്ല മുഖ്യധാര ഇടതുപക്ഷം എന്നുള്ള വിമര്‍ശനം ഇടതുപക്ഷ സാമൂഹിക പ്രവര്‍ത്തകര്‍ ഉന്നയിക്കാറുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വ്യാപരിക്കുന്ന മുഖ്യ ഇടതുപക്ഷ കക്ഷികള്‍ അഭിമുഖീകരിക്കുന്ന നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും നമ്മുടെ ഫെഡറല്‍ വ്യവസ്ഥയില്‍. അതിനെയൊക്കെ 'സാമ്രാജ്യത്ത ഗൂഢാലോചന' എന്നൊക്കെ പറഞ്ഞു കൈകാര്യം ചെയ്യുന്ന സ്ഥിതി ഒരു തരത്തിലുള്ള ഇടതുപക്ഷ മുന്നേറ്റത്തെയും സഹായിക്കും എന്ന് തോന്നുന്നില്ല.

കേരളം അതിസവിശേഷമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഉത്പാദന വളര്‍ച്ചയോ വരുമാന വര്‍ദ്ധനവോ ഇല്ലാതെ തന്നെ നാം നേടിയ സാമൂഹിക വികാസത്തിന്റെ ഘട്ടത്തില്‍ നിന്നും അടിസ്ഥാന ഉത്പാദനവും ഉത്പാദന മേഖലകളില്‍ തൊഴിലും സൃഷ്ടിക്കാത്ത വളര്‍ച്ചയുടെ ഘട്ടത്തിലൂടെ കേരളം കടന്നു പോകുകയാണ്. ഉത്പാദനരഹിത വരുമാന വ്യവസ്ഥയായി കേരളം മാറിയിരിക്കുന്നു. ഈ വരുമാനം കേരളത്തിനു പുറത്ത് നിന്നാണ് എന്ന് നമുക്കറിയാം. വലിയ തുകയാണ് ഇങ്ങനെ ഓരോ വര്‍ഷവും കേരളത്തിലേക്ക് എത്തുന്നത്. കേരളം നേരത്തെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സാമൂഹിക വികസന രംഗങ്ങളില്‍ നടത്തിയ ബോധപൂര്‍വമായ ഇടപെടലിന്റെ കൂടി പരിണിത ഫലമാണ് ഈ കുടിയേറ്റവും അതിന്റെ അടിസ്ഥാനത്തിലുള്ള വരുമാനവും. ഈ വരുമാനത്തിന്റെ സിംഹഭാഗം കയ്യില്‍ വരുന്ന മുകള്‍തട്ടിലെ ഒരു വിഭാഗമുണ്ട്. അവരുടെ ഇംഗിതങ്ങള്‍, അഭിരുചികള്‍ എല്ലാം വ്യത്യതമാണ്. സ്വാധീനം സിദ്ധിച്ച ഈ ഉപരി-ഉപരിമധ്യ വര്‍ഗത്തിന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് നയവും നിയമവും നിലപാടും എല്ലാം മാറ്റുക എന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത നയമായി മാറി. ആഗോളവത്കരണം വരുത്തിയ മാറ്റങ്ങള്‍ ഈ വിഭാഗങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കും അഭിവാഞ്ചകള്‍ക്കും ഉതകുന്നതുമായിരുന്നു. ഈ ഉപരി- ഉപരിമധ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഉതകും വിധം നാടിനെ മാറ്റുക എന്നതായി ആകര്‍ഷകമായ സമീപനം. ഈ വിഭാഗത്തിന്റെ തലത്തിലേക്ക് എത്തുക എന്നത് ജീവിത ലക്ഷ്യമായ തൊട്ടുതാഴെയുള്ള ഒരു വിഭാഗം കൂടി ചേര്‍ന്നതോടെ നീതിയും തുല്യതയും ആധാരമാക്കി നാം നേടിയ സാമൂഹിക നന്മകളൊക്കെ കടുത്ത വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങി. നമ്മുടെ ഇന്നത്തെ വികസന അടയാളങ്ങളായ മാളുകള്‍, ഹാളുകള്‍, ബാറുകള്‍, സ്വര്‍ണ്ണാഭരണ ശാലകള്‍, മുന്തിയ ഹോട്ടലുകള്‍ എന്നിവയ്‌ക്കൊക്കെ വേണ്ടി പരിസ്ഥിതിയും, നീതിയും എല്ലാം ബലികഴിക്കപ്പെടുന്ന പശ്ചാത്തലം ഇതാണെന്ന് തോന്നുന്നു.

കൃഷിയും വ്യവസായവും ഒന്നും വളരാത്തതിനാല്‍ സേവന പ്രധാന മേഖലകളിലും, വിനോദ, വ്യാപാര രംഗങ്ങളിലും ആണ് യുവജനങ്ങള്‍ തൊഴില്‍ കണ്ടെത്തുന്നത്. ഇതിനു മറ്റൊരു വശം കൂടിയുണ്ടാകണം. പഠിച്ച കുട്ടികള്‍ ആണ് നമ്മുടെ പുതുതലമുറ. അവര്‍ പഴയ മനം മടുപ്പിക്കുന്ന, നടുവൊടിക്കുന്ന അന്തരീക്ഷത്തില്‍ കൃഷിയിലോ പരമ്പരാഗത മേഖലകളിലോ പണിയെടുക്കണം എന്ന് വാശി പിടിച്ചാല്‍ നടക്കുമോ? പഠിച്ച കുട്ടികള്‍ക്ക് പണിയെടുക്കാന്‍ പറ്റിയ മേഖലയായി കൃഷിയും അനുബന്ധ മേഖലകളും മാറ്റാന്‍ നമുക്ക് കഴിഞ്ഞതുമില്ല. നിര്‍മ്മാണം മറ്റൊരു സുപ്രധാന ഘടകമായി മാറി. ഇതോടെ ദുര്‍ലഭമായ ഭൂമി ഓരോ അടിക്കും ക്രമാതീതമായി ഊഹ വില ഉയരാന്‍ തുടങ്ങി. ഒരു കാലടി മണ്ണിനു ഒരു ലക്ഷം രൂപ വിലയുള്ള നാട്ടില്‍, മണ്ണില്‍ എന്തിന്റെ വിത്താണ് ഇറക്കുക? ഈ മണ്ണില്‍ മാളിന്റെയും ഹാളിന്റെയും വിത്തിറക്കാന്‍ മാത്രമേ സാധിക്കൂ എന്ന നിലയായി. അപ്പോള്‍ ഭൂമിയുടെ ഊഹ വില തകര്‍ത്തുകൊണ്ടല്ലാതെ കൃഷി നടക്കില്ല എന്നു വരുന്നു. ഇനി ഭൂമി ആരും വിപണി വിലയ്ക്ക് വില്‍ക്കാന്‍ പാടില്ല, വാങ്ങാനും പാടില്ല എന്ന് നിലപാട് എടുക്കുക ക്ഷിപ്ര സാധ്യമാണ് എന്നും അതു ഉടന്‍ ഉണ്ടായില്ലെങ്കില്‍ കേരളത്തിലെ മുഖ്യധാര ഇടതുപക്ഷം വലതുപക്ഷത്തിനു സമമാണ് എന്നും പറയാന്‍ കഴിയുമോ? ഈ സങ്കീര്‍ണ്ണതകള്‍ മറികടക്കുക എന്ന അതിക്ലേശകരമായ അവസ്ഥയിലാണ് ഇടതുപക്ഷം എന്ന് കാണണം. ഇതിലൊന്നിലും വലതു പക്ഷത്തിന് ഒരു ആശയക്കുഴപ്പവുമില്ല എന്നത് ഇടതുപക്ഷ സാമൂഹ്യപ്രവര്‍ത്തകരെ പ്രലോഭിപ്പിക്കുന്ന ഒന്നാകുക വയ്യല്ലോ.പ്രാദേശികമായി ഉയര്‍ന്നു വരുന്ന ജനകീയ പ്രശ്‌നങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ ഓരോന്നും നല്‍കുന്ന പാഠങ്ങള്‍ ഇടതുപക്ഷം മനസ്സിലാക്കുക തന്നെ വേണം. അതെ സമയം ഇത്തരം സമരങ്ങളുടെ സംഘാതം മാത്രമാകണം സംസ്ഥാന രാഷ്ട്രീയ നയങ്ങള്‍ എന്ന നിലപാട് ശരിയാകുമോ? അതിനേക്കാള്‍ ഉയര്‍ന്നൊരു തലം അനിവാര്യമാകില്ലേ? ഉദാഹരണത്തിന് പാറമട, മണലൂറ്റ് തുടങ്ങിയ പ്രശ്‌നങ്ങള്‍. ഓരോ പാറമട സമരവും അതാതിടങ്ങളിലെ കുടിവെള്ള പ്രശ്‌നം, മലിനീകരണം തുടങ്ങി നിരവധി ജീവല്‍ പ്രശ്‌നങ്ങളില്‍ ഊന്നിയതാകും. അതേസമയം സംസ്ഥാന സമ്പദ്ഘടനയുടെ നിര്‍ണായകമായ ഒരു ഘടകമാണ് നിര്‍മ്മാ ണം എന്ന് നാം കണ്ടു. നമ്മുടെ വരുമാനത്തിന്റെ ഏതാണ്ട് 15-20 % വരും നിര്‍മാണ മേഖലയുടെ വിഹിതം. ഇത്രയം നിര്‍മാണം ഉള്‍ച്ചേര്‍ന്ന ഒരു സമ്പദ് ഘടനയ്ക്ക് ഇത്രയും പാറ പൊട്ടിക്കാതെയും മണല് വാരാതെയും എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും? നാം ഇന്ന് ഏറെ സംസാരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഗണ്യമായ പങ്കു നിര്‍മാണ മേഖലയിലാണല്ലോ പണിയെടുക്കുന്നത്? അതിനൊപ്പം നമ്മുടെ നാട്ടുകാരും. ഇവരുടെ തൊഴില്‍ തല്‍ക്കാലത്തേയ്‌ക്കെങ്കിലും ഇവിടെയാണല്ലോ? അപ്പോള്‍ പാറമടകളുടെ പ്രശ്‌നം നമ്മുടെ സമ്പദ്ഘടനയുടെ ചേരുവയുമായി ബന്ധപ്പെട്ടതും കൂടിയാണ്. ഇത്രയും നിര്‍മാണം വേണ്ടതില്ല എന്ന് പറഞ്ഞാലേ നിവര്‍ത്തിയുള്ളൂ... കാര്‍ഷിക മേഖലയെ പല മടങ്ങ് വളര്‍ത്തി, അത് തൊഴിലിനും വരുമാനത്തിനും സാമൂഹ്യ അന്തസ്സിനും പറ്റുന്ന മേഖലയാക്കി മാറ്റിയാലേ പറ്റൂ... അതിനുള്ള സമീപനം എന്താകണം? കൃഷിയെ എങ്ങനെ ആധുനികമാക്കണം? അതിന് ഉതകുംവിധം നമ്മുടെ ധനനയത്തിലടക്കം എന്ത് മാറ്റം സാധ്യമാകും? സാമൂഹ്യ ഇടതുപക്ഷം ഇതിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കേണ്ടേ?

അതേസമയം, മേല്‍ പറയാന്‍ ശ്രമിച്ച ,ആരൊക്കെയോ ചേര്‍ന്ന് സൃഷ്ടിക്കുന്ന വികസനത്തിന്റെ ' മുഖമുദ്രകളില്‍' കുടുങ്ങി ആകെ കണ്‍ഫ്യൂഷനില്‍ പെടുന്ന സ്ഥിതി പ്രധാന ഇടതുപക്ഷവും മനസ്സിലാക്കേണ്ടേ? വിഴിഞ്ഞം നല്ലൊരു ഉദാഹരണമാണെന്ന് തോന്നുന്നു. വിഴിഞ്ഞം തുറമുഖം പല മാനങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനം അത് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ്. പുലിമുട്ടുകള്‍ ഒരു ഭാഗത്ത് കരവയ്പ്പിനും, മറു ഭാഗത്ത് തീരാശോഷണത്തിനും വഴി വയ്ക്കും എന്ന ആശങ്ക ഉയര്‍ന്നു വന്നു. മറ്റൊന്ന് വല്ലാര്‍ പാടത്തിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ഇതിന്റെ ക്ഷമത സംബന്ധിച്ച ആശങ്കയാണ്. റിയല്‍ എസ്‌റ്റേറ്റ് മാതൃക പിന്തുടരുന്ന പശ്ചാത്തല സൗകര്യ വികസന പരിപാടികളുടെയെല്ലാം ജനവിരുദ്ധത ഇവിടെയുമുണ്ട്. ഈ വിമര്‍ശനങ്ങള്‍ എല്ലാമുള്ള ഇടതു പക്ഷത്തിന് ഇങ്ങനെ ഈ പദ്ധതി പറ്റില്ല എന്ന് പറഞ്ഞാല്‍ എന്താണ് സംഭവിക്കുക? പശ്ചിമഘട്ട പ്രദേശത്തെ ESA നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കുതന്ത്രം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. വനപ്രദേശത്തിന് പുറത്ത് പാരിസ്ഥിതികമായി നിയന്ത്രണങ്ങള്‍ ആവശ്യമായ പ്രദേശത്തിന് വേണ്ടിയാണ് ESA നിര്‍ദ്ദേശം തന്നെ വന്നത്. കാടിന് വനനിയമം ഉണ്ടല്ലോ? ഈ കുതന്ത്രങ്ങളില്‍ ചെന്ന് ചാടുന്നത് കൊണ്ട് ഇടതുപക്ഷത്തിനു എന്തു മേന്മയാണ് ഉണ്ടാകുക?ഇന്നത്തെ വികസനത്തിന്റെ അടയാളമായ മാളുകളിലും ഹാളുകളിലും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് മാതൃക പിന്തുടരുന്ന പശ്ചാത്തല സൗകര്യ വികസന പരിപാടികളിലും പണിയെടുക്കുന്നവര്‍ സംഘടിച്ചാല്‍, ശബ്ദമുണ്ടാക്കിയാല്‍, ഒന്ന് നിവര്‍ന്നു നോക്കിയാല്‍ വികസനം തകരും എന്ന് കരുതി മിണ്ടാതിരിക്കാന്‍, വികസനത്തിന് വേണ്ട 'അച്ചടക്കം' ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഇടതുപക്ഷ അജണ്ട ഉണ്ടാകില്ല. അത് മനസിലാക്കി ഇടപെട്ടു എന്നതാണ് സീമാസ് സമരത്തിന്റെ പ്രാധാന്യം. പുത്തന്‍ കൂറ്റ് മൂലധനത്തിന്റെ് യുക്തികള്‍ക്ക് പുറത്ത് ഇടതുപക്ഷ നിലപാടുണ്ട് എന്നതില്‍ ഉറച്ചു നിന്ന് നടത്തിയ സമരം എത്ര വലിയ ഫലമാണ് ഉണ്ടാക്കിയത് എന്ന് നോക്കൂ. സമരം നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ സ:പിണറായി നടത്തിയ ഒരു FB പോസ്റ്റിംഗ് അത്യധികം പ്രാധാന്യമുള്ളതാണ്. 'അസംഘടിതമേഖലയിലെ തൊഴിലാളി പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഇനിയും വൈകിക്കൂടാ എന്ന തിരിച്ചറിവു കൂടിയാണ് ആലപ്പുഴയിലെ അനുഭവം' എന്ന അദ്ദേഹത്തിന്റെ നിലപാട് നാം ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സാമൂഹിക ഇടതുപക്ഷ-മുഖ്യ ഇടതു പക്ഷ സംവാദത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സിപിഐഎമ്മിന്റെ അന്ത സംഘര്‍ഷങ്ങളില്‍ പക്ഷം പിടിച്ച്, അതിരുകടന്ന കാല്പനികതയുടെയും പുണ്യാളത്വത്തിന്റെയും സമീപനം സ്വീകരിച്ച് ഒരുവിധ ഇടതുപക്ഷ മുന്നേറ്റത്തിനും സംഭാവന ചെയ്യാന്‍ ആകില്ല. അതുപോലെ തന്നെ വലതുപക്ഷം അവരുടെ രാഷ്ട്രീയ യുക്തിയില്‍ തീര്‍ക്കുന്ന 'വികസന' വഴികളില്‍ കുടുങ്ങി വീണ് ഒരു ഇടതുപക്ഷ മുന്നേറ്റവും സാധ്യമല്ല എന്നതും മനസിലാക്കണം. അത് നടപ്പാക്കാന്‍ 'എ' ടീം മതി. അതിനു നാം 'ബി' ടീം ആകേണ്ടതില്ല. അതിനു പിന്തുണയും കിട്ടില്ല. ആലപ്പുഴ സീമാസ് സമരം ഒരു രാഷ്ട്രീയ സംവാദമായി വികസിക്കട്ടെ...

(സാമൂഹ്യപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories