TopTop
Begin typing your search above and press return to search.

എന്തുകൊണ്ടാണ് നിയമസാധുതയുള്ള കുടിയേറ്റക്കാര്‍ക്കും ട്രംപിനെ ഭയക്കേണ്ടിവരുന്നത്?

എന്തുകൊണ്ടാണ് നിയമസാധുതയുള്ള കുടിയേറ്റക്കാര്‍ക്കും ട്രംപിനെ ഭയക്കേണ്ടിവരുന്നത്?

ടീം അഴിമുഖം

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനവും H-1 B വിസകളുടെ അനുമതിയില്‍ നിയന്ത്രണത്തിനുള്ള ആലോചനയ്ക്കും ശേഷം ട്രംപ് ഭരണകൂടം ഇപ്പോള്‍ അവരുടെ ശ്രദ്ധ നിയമസാധുതയുള്ള കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ യുഎസിന്റെ ‘സുവര്‍ണ വാതിലുകള്‍’ അടയ്ക്കുന്നതിനാണ് ശ്രദ്ധ നല്‍കുന്നത്. ചോര്‍ന്ന രണ്ടു രേഖകള്‍ കാണിക്കുന്നത് കുടിയേറ്റ അപേക്ഷകളും നിലവിലെ കുടിയേറ്റക്കാരെയും നിയന്ത്രിക്കാനും വൈറ്റ് ഹൌസ് ആലോചിക്കുന്നു എന്നാണ്. സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ ആവശ്യമുള്ളവരും ഇപ്പോള്‍ ലഭിക്കുന്നവരുമായ കുടിയേറ്റക്കാരെയാണ് ലക്ഷ്യമിടുന്നത്. സമാന്തരമായി, രാജ്യത്തേക്കുള്ള നിയമസാധുതയുള്ള കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനും ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കല്‍ വെട്ടിക്കുറയ്ക്കാനും ആവശ്യപ്പെടുന്ന ഒരു ബില്‍ രണ്ടു സെനറ്റര്‍മാര്‍ മേശപ്പുറത്ത് വെച്ചിരിക്കുന്നു. ഈ ബില്ലിന് വൈറ്റ് ഹൌസിന്റെ അംഗീകാരമില്ല. എന്നാലും ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് അടുത്ത മാസങ്ങളില്‍ നടപ്പാക്കാന്‍ സാധ്യതയുള്ള, യുഎസിലേക്കുള്ള നിയമസാധുതയുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കങ്ങളെയാണ്.

യുഎസില്‍ താമസവും പൌരത്വവും ആഗ്രഹിക്കുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് ആശങ്കപ്പെടാന്‍ കാരണമുണ്ട്. യുഎസിലേക്കുള്ള ഏറ്റവും വലിയ ഏകരാജ്യ കുടിയേറ്റക്കാര്‍ എന്ന പദവിയില്‍ ഇന്ത്യക്കാര്‍ ഒന്നാമതാണ്. മുമ്പുതന്നെ മെക്സിക്കോയെ മറികടന്ന അവര്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചൈനക്കും മുകളിലാണ്. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹമാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഇന്ത്യന്‍ വംശജരുടെ സമൂഹം. വിദ്യാഭ്യാസം, വരുമാനം, രാഷ്ട്രീയ ഉദ്ഗ്രഥനം എന്നിവയിലെല്ലാം അവര്‍ ഏറെ മുമ്പിലുമാണ്. യുഎസിലെ ഏറ്റവും സംരഭകതത്പരരായ, സാങ്കേതികവിദ്യാ വിദഗ്ദ്ധരായ സമൂഹവും അവരാണ്. ട്രംപ് ഭരണകൂടം ഇത് മനസില്‍ കണ്ടായിരിക്കും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് അനുകൂലമായ രീതിയില്‍ ചട്ടങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കുടിയേറ്റത്തിനെതിരെ ട്രംപ് ആഞ്ഞടിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന വൈദഗ്ദ്ധ്യമുള്ളവരെ അയാള്‍ ഒഴിവാക്കുന്നുണ്ട്.

എപ്പോഴാണ് ഈ കുടിയേറ്റ വിരുദ്ധ വികാരം ചട്ടങ്ങളും നിയമവുമായി രൂപം മാറുക എന്നു വ്യക്തമല്ല. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍മാര്‍ തുറന്ന അതിര്‍ത്തികള്‍ക്കായുള്ള അവരുടെ പരമ്പരാഗത പിന്തുണയില്‍ നിന്നും മാറുമ്പോള്‍ ചിലതൊക്കെ പ്രതീക്ഷിക്കാം. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ട്രംപ് ഭരണം പൊതുവേ അനുകൂല നിലപാടാണ്. 1980-ലെ 2,00,000ത്തില്‍ നിന്നും ഇന്നത്തെ നാല് ദശലക്ഷത്തിലേക്ക് വളര്‍ന്ന ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ഇന്ത്യ-അമേരിക്കാ ബന്ധത്തിന്റെ നെടുംതൂണാണെന്നു പ്രസിഡണ്ട് ട്രംപ് മനസിലാക്കുമെന്ന് കരുതാം. തന്ത്രപര പങ്കാളിത്തം പോലുള്ള മേഖലകള്‍ ഉണ്ടെങ്കിലും ജനതകള്‍ തമ്മിലുള്ള ഈ ബന്ധം ഉഭയകക്ഷി ബന്ധത്തിന്റെ വലിയൊരു സ്രോതസാണ്. ദരിദ്രരരെ ലക്ഷ്യം വെച്ചുള്ള കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങള്‍ മറ്റുള്ളവരെക്കാള്‍ കുറവേ ഇന്ത്യക്കാരെ ബാധിക്കൂ എങ്കിലും ഗ്രീന്‍ കാര്‍ഡ് അപേക്ഷ നല്‍കിയ ഇന്ത്യക്കാര്‍ വര്‍ഷങ്ങളുടെ വൈകല്‍ നേരിടേണ്ടി വന്നേക്കും. കൂടുതല്‍ കടമ്പകള്‍ ഇതുവരെയും വിജയകരമായി അമേരിക്കന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഇന്ത്യക്ക് അതിന്റെ മസ്തിഷ്ക ചോര്‍ച്ച തടയാന്‍ കഴിയുമെന്ന ഗുണമുണ്ടെങ്കിലും ഇന്ത്യ-യു.എസ് ബന്ധത്തില്‍ ഇത് പ്രതികൂല സ്വാധീനം സൃഷ്ടിക്കുമെന്ന പ്രശ്നമുണ്ട്. ഒപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നു എന്നവകാശപ്പെടുന്ന സംരംഭങ്ങള്‍ക്കുള്ള ട്രംപ് പദ്ധതിയില്‍ വിള്ളലും.


Next Story

Related Stories