Top

കാട് മനുഷ്യര്‍ കയ്യേറുമ്പോള്‍ മൃഗങ്ങള്‍ നാട്ടിലെത്താതെ എന്തു ചെയ്യും? ലക്ഷ്മിക്കുട്ടിയമ്മ ചോദിക്കുന്നു

കാട് മനുഷ്യര്‍ കയ്യേറുമ്പോള്‍ മൃഗങ്ങള്‍ നാട്ടിലെത്താതെ എന്തു ചെയ്യും? ലക്ഷ്മിക്കുട്ടിയമ്മ ചോദിക്കുന്നു
കാടിന്റെ ഓരോ സ്പന്ദനങ്ങളും അറിയാവുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കാണിവിഭാഗത്തില്‍ പെട്ട ലക്ഷ്മിക്കുട്ടി. കഴിഞ്ഞ നാല്പത്തിമൂന്ന് വര്‍ഷമായി പാരമ്പര്യ വിഷ ചികിത്സകയാണ്. കാടിനെകുറച്ചും കാട്ടറിവുകളെ കുറിച്ചുമുള്ള അവരുടെ ലേഖനങ്ങള്‍ ഡി സി ബുക്‌സ് അടക്കം പുസ്തകമാക്കിയിട്ടുണ്ട്.കവയത്രി കൂടിയായ ലക്ഷിമിക്കുട്ടിയമ്മ കല്ലാറിനടുത്തുള്ള മൊട്ടമൂട് വനത്തിനടുത്ത് ആദിവാസി ഊരിലാണ് താമസം. വനനശീകരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണമെന്ന പേരില്‍ നടക്കുന്ന പ്രവര്‍ത്തികളെക്കുറിച്ചും
ലക്ഷ്മിക്കുട്ടിയമ്മ,
 സഫിയയുമായി സംസാരിക്കുന്നു.


എപ്പോള്‍ എങ്ങും എവിടേയും പ്രകൃതി സംരക്ഷണം പൊടിപൊടിക്കുകയാണല്ലോ. പേരും പടവും വരാന്‍ ഇതൊക്കെയുള്ളൂ മാര്‍ഗ്ഗം. മരത്തൈകള്‍ വെച്ചു പിടിപ്പിക്കുന്ന വനവത്കരണം കൊണ്ട് കോടികള്‍ തുലയ്ക്കുന്നു. സോഷ്യല്‍ വനം വകുപ്പ് ഓടകള്‍ തെളിച്ചു സൈഡ് വാള്‍ കെട്ടി റോഡ് സുരക്ഷിതമാക്കുന്നതിന് പണം ചിലവിടുന്നു. കോണ്‍ക്രീറ്റുകള്‍ക്ക് മുകളില്‍ മഹാഗണിപോലുള്ള വന്മരങ്ങളുടെ തൈകള്‍ വെച്ചു പിടിപ്പിക്കുന്ന പരിസ്ഥിതി വാദികള്‍ സ്‌കൂളിലും മറ്റും മരത്തൈകള്‍ വിതരണം ചെയ്തു ആഘോഷിക്കുന്നു.

ഇതിന്റെയെല്ലാം മറുവശത്തെപ്പറ്റി, ഭാവിയിലെ ഗുണദോഷങ്ങളെ പറ്റി ആര്‍ക്കും ചിന്തിക്കാന്‍ സമയമില്ല. പ്രകൃതിദത്തമായ നാനാതരം വള്ളി, പുല്ല്, ചെറുമരങ്ങള്‍, വന്മരങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് കാടും പര്‍വ്വതഭാഗങ്ങളും. വേനല്‍ക്കാലത്ത് തീ കത്തിച്ചാല്‍ ഉണങ്ങി നശിച്ച പാഴ്‌ച്ചെടികള്‍ നശിച്ചുപോകുകയും തുടര്‍ന്നുണ്ടാകുന്ന പുതുമഴയില്‍ പൂര്‍വ്വാധികം പലതരം സസ്യലതാദികള്‍ മുളച്ചുണ്ടാകുകയും ചെയ്യുന്നതാണ് പ്രകൃതി നിയമം. മനുഷ്യന്റെ അതിക്രമം നിയന്ത്രിച്ചാല്‍ പ്രകൃതി സ്വമേധയാ തന്നെ സംരക്ഷണം മുറതെറ്റാതെ നടത്തിക്കൊള്ളും. ഇന്നോ ഇന്നലെയോ ഉണ്ടായതല്ല വനവും തീ കത്തിുക്കലുമൊക്കെ. മനുഷ്യന്‍ ലോറി കണക്കിന് വളം കൊണ്ട് പോയി തട്ടിക്കൊടുക്കേണ്ട ആവശ്യമൊന്നും ഇല്ല. യുഗങ്ങളായി മനുഷ്യന്റെ നിയന്ത്രണമില്ലാതെ തീ കത്തലും വനപുഷ്ടിയും സമൃദ്ധമായി നടന്നുവന്ന നാട് തന്നെയാണ് ഈ കേരളം.ഇളം നാമ്പുകള്‍ തിന്നു വളരുന്ന വന്യമൃഗങ്ങള്‍ക്ക് വനത്തിനകത്ത് തിന്നാനെന്തുണ്ട്. വെറുതെ അധരവ്യായാമം ചെയ്യുന്ന വന, മൃഗസ്‌നേഹികള്‍ ഇക്കാര്യം എന്തുകൊണ്ട് മറക്കുന്നു? മരം വെച്ചു പിടിപ്പിക്കുന്ന വനവത്കരണക്കാര്‍ ഭൂമിയുടെ പുതപ്പായി പച്ച നിറം നല്‍കി ഈറന്‍ കാത്തു സൂക്ഷിയ്ക്കുന്ന ചേര് സസ്യങ്ങളെ കളകളെന്ന പേരില്‍ വെട്ടിമാറ്റുന്നു. തറയില്‍ മേഞ്ഞു വളരുന്ന വന്യമൃഗങ്ങള്‍ക്ക് വന്മരങ്ങളുടെ മുകളില്‍ കയറി ഇലയും തോലും തിന്നാന്‍ പറ്റുമോ? തിന്നാന്‍ കിട്ടാതെ വരുന്നത് കൊണ്ട് അവ മനുഷ്യരുടെ കൃഷിഭൂമികളില്‍ കയറി നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. റബ്ബര്‍ മരങ്ങള്‍ പോലും മാനും കേഴയും പന്നിയും നശിപ്പിക്കുന്നു. ഔഷധ സസ്യങ്ങളെ പോലും അവ നശിപ്പിക്കുന്നു. കാട് മന്‍ഷ്യന്‍ കയ്യേറുമ്പോള്‍ മൃഗങ്ങള്‍ നാട്ടിലെത്താതെ എന്തു ചെയ്യും? ഇന്നു മലയോരവാസികള്‍ കൃഷി മതിയാക്കി ദാരിദ്രക്കാരായി മാറുന്നത് ഇത്തരക്കാരുടെ ചിന്താശൂന്യത കൊണ്ടാണ്.

ഫോറസ്റ്റ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം വിലപ്പെട്ട ഔഷധ സസ്യങ്ങളും പച്ചപ്പാര്‍ന്ന പുല്‍മേടുകളും അപ്രത്യക്ഷമായി. വന സംരക്ഷണം എന്നു പറഞ്ഞു ചിലവഴിക്കുന്നത് കോടികളാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും വനത്തിനുള്ളിലും കോടികളുടെ തടികളാണ് ചിതലെടുത്ത് നശിക്കുന്നത്. പലപ്പോഴും വനം വകുപ്പിന്റെ ഒത്താശയോടെയാണ് വനം കൊള്ളയും വന്യമൃഗ വേട്ടയും നടക്കുന്നത്. നാടിനും വനത്തിനും ഉപകാരമില്ലാത്ത ഈ വകുപ്പ് എന്തിനാണ്. ഖജനാവ് മുടിക്കാനോ? അശാസ്ത്രീയമായി മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നവര്‍ ഫലവൃക്ഷങ്ങള്‍ വെച്ചു പിടിപ്പിച്ചാല്‍ അത് ഭാവിയില്‍ പക്ഷി മൃഗാദികള്‍ക്ക് കൂടി ഉപകാരപ്പെടും.'ഇരുട്ടും വെളുക്കും കാലചക്രം പിന്നെയും ഇരുളും'. അതുപോലെയാണ് വനവും. കത്തും, നശിക്കും പിന്നേയും വളരും പ്രകൃതി സമ്പുഷ്ടമാകും. ആരും കണ്ണീരൊഴുക്കേണ്ട, ആര്‍ക്കും അവാര്‍ഡ് കൊടുക്കേണ്ട. തീപ്പുക കൊണ്ട് വാനം കറുത്ത് മഴമേഘങ്ങള്‍ ഉറവെടുക്കും. ഭൂമി കുളിരെ മഴ കിട്ടും. കര്‍ഷകര്‍ കണ്ണും മനസ്സും നിറഞ്ഞു കൃഷിക്കിറങ്ങും. അവര്‍ പലതരം ധാന്യങ്ങള്‍ മണ്ണില്‍ തൂവും. അവ മനുഷ്യര്‍ക്ക് പ്രതിഫലം നല്‍കും. മനുഷ്യപ്പറ്റും കുടുംബ ബന്ധവും നിലനിര്‍ത്തി ആരോഗ്യവും ആയുസ്സും സംരക്ഷിച്ച് അല്ലല്‍ മറന്നു ആഘോഷമായി കഴിഞ്ഞു കൂടാന്‍ സാധിച്ചു എന്നതാണു മേന്‍മയേറിയ പ്രകൃതിയുടെ വരദാനം.

വാനം നോക്കി മഴയുടെ പോക്കുവരവറിയാം. ദിക്ക് നോക്കി വെയിലിന്റെ ഏറ്റക്കുറച്ചറിയാം.
ചെറുപ്രാണികളുടെ ശബ്ദം കൊണ്ട് സമയ നിര്‍ണ്ണയം ചെയ്യാം. നക്ഷത്ര ഗതികൊണ്ട് രാത്രിയാമ സമയം അറിയാം. മൃഗങ്ങളുടെ ഭാവ ചലനം കൊണ്ട് ദുരന്തങ്ങള്‍ മനസ്സിലാക്കാം. ഇങ്ങനെ എത്രയോ ഗുണപ്രദമായ പാഠങ്ങള്‍ പ്രകൃതിയില്‍ നിന്ന് നമുക്ക് കിട്ടുന്നുണ്ട്. ഞങ്ങളുടെ പൂര്‍വ്വികര്‍ക്ക് അക്ഷരാഭ്യാസമില്ല. പക്ഷേ അറിവിന്റെ നിറകുടങ്ങളാണ് കാടിന്റെ സന്തതികള്‍. ഗവേഷകര്‍ തല പുകഞ്ഞു ഭൂമി തുരന്ന് ഭൂമിക്കടിയില്‍ കടലുണ്ടെന്ന് കണ്ടെത്തുന്നതിനും എത്രയോ നൂറ്റാണ്ട് മുമ്പ് കണ്ടെത്തിയതാണ് ഭൂമിയാ പെരുങ്കടല്‍. ശുദ്ധികര്‍മ്മ മന്ത്രത്തില്‍ കെങ്കയാ പെരുന്തിര കൊണ്ടടിച്ച് കുട്ടി പൂമീയാ പെരുങ്കടലില്‍ കൊണ്ടു തള്ളണം. സകല മാലിന്യങ്ങളും ഇങ്ങനെ മാറ്റി ശുദ്ധി ചെയ്തു വരുന്ന രീതിയാണിത്.

(ചിത്രങ്ങള്‍- അഭിലാഷ് ഗോപകുമാര്‍)

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)


Next Story

Related Stories