TopTop
Begin typing your search above and press return to search.

പുര കത്തുമ്പോള്‍ കോണ്‍ഗ്രസില്‍ വാഴവെട്ടുന്നവര്‍

പുര കത്തുമ്പോള്‍ കോണ്‍ഗ്രസില്‍ വാഴവെട്ടുന്നവര്‍

കെ എ ആന്റണി

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും വല്ലാത്തൊരു പ്രതിസന്ധിയില്‍ ചെന്ന് ചാടിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടമായിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ചതായി പറയുന്ന കത്താണ് പുതിയ പ്രതിസന്ധിക്ക് കാരണം. സോളാര്‍ അടക്കം അനവധി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ കേരളത്തിലെ തന്നെ ഒരു പഴയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഓര്‍ക്കുന്നു. ആള്‍ മറ്റാരുമല്ല. ലീഡര്‍ എന്ന് അണികള്‍ ഓമനപ്പേരിട്ട് വിളിച്ചിരുന്ന സാക്ഷാല്‍ കെ കരുണാകരന്‍ തന്നെ.

രാഷ്ട്രീയം ഒരു കളിക്കളം ആണെന്ന് എല്ലാ അര്‍ത്ഥത്തിലും തെളിയിച്ച ആളായിരുന്നു കണ്ണോത്ത് കരുണാകരന്‍ എന്ന കെ കരുണാകരന്‍. 19-ാം വയസ്സില്‍ ഐഎന്‍ടിയുസിയിലൂടെ രാഷ്ട്രീയത്തിലെത്തി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സ്വന്തമായി ഒരു ഭാഷ്യം ചമച്ചയാള്‍. ചിത്ര കല പഠിച്ചെങ്കിലും ഒരു തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനാകാന്‍ വിധിക്കപ്പെട്ട കണ്ണൂര്‍ക്കാരന്‍ മാരാര്‍ പയ്യന്റെ രാഷ്ട്രീയ വളര്‍ച്ച പെട്ടെന്നായിരുന്നു. 1970-ല്‍ മഴവില്‍ മുന്നണി സൃഷ്ടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ഓടിക്കയറിയയാള്‍.

ഗോലിയാത്തിനെ വീഴ്ത്താന്‍ ഒടുവില്‍ ഒരു ദാവീദ് വന്നു. അടിയന്തരാവസ്ഥയില്‍ അടിപതറാതെ ഇന്ദിരാജിക്കൊപ്പം നിന്ന ലീഡര്‍ക്ക് പക്ഷേ കാര്യങ്ങള്‍ കൈവിട്ടു പോയത് പെട്ടെന്നായിരുന്നു. നാളത് വരെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരുന്ന എകെ ആന്റണിയായിരുന്നില്ല ഇത്തവണ പ്രധാന പ്രതിയോഗി. ആന്റണിയുടെ അടുത്തയാള്‍ പുതുപ്പള്ളിക്കാരാന്‍ കുഞ്ഞൂഞ്ഞെന്ന ഉമ്മന്‍ചാണ്ടിയായിരുന്നു ഇക്കഥയിലെ നായകന്‍.

അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് അരസ് കോണ്‍ഗ്രസായി മാറി കേരളത്തില്‍ ഇടതുപക്ഷത്തിന് ഒപ്പം ചേര്‍ന്ന ആന്റണിയോട് ലീഡര്‍ പകരം വീട്ടിയത് 1987-ലെ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ്. ആന്റണിക്കൊപ്പം നിന്നിരുന്ന വയലാര്‍ രവിയെ ഇറക്കിയാണ് ലീഡര്‍ ആന്റണിയെ തളച്ചത്. ഈ ആഹ്ലാദത്തില്‍ മതിമറന്ന് നില്‍ക്കുമ്പോഴായിരുന്നു ചാണ്ടിയും കൂട്ടരും ചേര്‍ന്ന് ഏല്‍പ്പിച്ച ആഘാതം. വല്ലാത്തൊരു അടിപതറല്‍ ഒപ്പം കൊണ്ടു നടന്നിരുന്നവരും എതിരായ കാലം. ഞങ്ങള്‍ ഇംഗ്ലീഷ് പത്രക്കാര്‍ റിഫോര്‍മിസ്റ്റ് ട്രോയിക്ക എന്ന് ഓമന പേരിട്ട് വിളിച്ച ആ മൂവര്‍ സംഘത്തിന്റെ നേതാവ് ജി കാര്‍ത്തികേയനായിരുന്നു. മറ്റു രണ്ടുപേര്‍ രമേശ് ചെന്നിത്തലയും എംഐ ഷാനവാസും.

പ്രമാദമായ രാജന്‍ കേസിന്റെ പേരില്‍ ആഭ്യന്തരമന്ത്രി പദം ഒഴിയേണ്ടി വന്നപ്പോള്‍ പോലും കുലുങ്ങാതിരുന്ന ലീഡര്‍ കിടുങ്ങിപ്പോയ സംഭവമായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. മറിയം റഷീദയും ഫൗസിയയും ഒക്കെ ചാരവനിതകളും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായിരുന്ന നമ്പിനാരായണനും ശശി കുമാറും ഒക്കെ ഒറ്റുകാരും ആയ കാലം. അവര്‍ക്കൊപ്പം പ്രതിസ്ഥാനത്താണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി. കേസ് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ആകെ ഒറ്റപ്പെട്ടിരിക്കുന്നു.അതായിരുന്നു പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞിന് വീണ് കിട്ടിയ അവസരം. കുഞ്ഞൂഞ്ഞ് ചാരക്കഥ ഏറ്റുപിടിച്ചു. കേരളമാകെ അതേറ്റു പാടി. മാധ്യമങ്ങളുടേയും പൊലീസിലെ ഒരു വിഭാഗത്തിന്റേയും പരിപൂര്‍ണ പിന്തുണ കൂടിയായപ്പോള്‍ അരങ്ങ് കൊഴുത്തു.

ഇന്ദിരാ ഗാന്ധിക്ക് പാലക്കാട്ടെ ഒരു ക്ഷേത്രത്തില്‍ നിന്നും കൈപ്പത്തി ചിഹ്നം കണ്ടെടുത്ത് നല്‍കിയ കരുണാകരന്‍ രാജീവ് ഗാന്ധിയുടെ മരണശേഷം നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാള്‍. 1977-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിന്റെ ജനമനസിനെ കോണ്‍ഗ്രസിനും ഇന്ദിരാജിക്കും ഒപ്പം നിര്‍ത്തിയയാള്‍.

ആ കരുണാകരന്‍ പിന്നീട് ഒരു നെട്ടോട്ടത്തിലായിരുന്നു. കാരണം വളരെ ലളിതം. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി എതിരെ നില്‍ക്കുന്നു. കൂടെ നിന്നവരും കൈയൊഴിഞ്ഞിരിക്കുന്നു. മകന്‍ മുരളിയെ സേവാദളിലൂടെ പാര്‍ട്ടിയിലെത്തിച്ച് പാര്‍ലമെന്റില്‍ എത്തിച്ചെങ്കിലും ക്ലച്ച് പിടിച്ചിട്ടില്ല. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനുവേണ്ടി ഫണ്ടു പിരിക്കാന്‍ കൂടെ പോയ കുഞ്ഞാലിക്കുട്ടി പോലും മുരളി ശുദ്ധ ഭോഷ്‌കനാണെന്ന് സ്വകാര്യം പറഞ്ഞു. പോരെങ്കില്‍ ആകാശവാണിയുടെ വക കിങ്ങിണിക്കുട്ടന്‍ എന്ന നാടകവും. മകള്‍ പദ്മജയുടെ രാഷ്ട്രീയ പ്രവേശന മോഹങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുന്നു. ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥ.

വിളിപ്പിച്ചിരിക്കുന്നത് ദില്ലിയിലേക്കാണ്. കാര്യം വ്യക്തം. മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരും. നെട്ടോട്ടത്തിന് ഇടയില്‍ ഗുരുവായൂരപ്പനെ കാണാന്‍ മറന്നില്ല. കൂട്ടത്തില്‍ കാടാമ്പുഴ ക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെയാകുമ്പോള്‍ പൂമൂടലും മുട്ടറുക്കലും. പൂമൂടല്‍ ശത്രുസംഹാര പൂജയാണ്. മുട്ടറുക്കലാകട്ടെ കര്‍മ്മ വിഘ്‌നങ്ങള്‍ ഒഴിവാക്കാനുള്ളതാണ്. അന്ന് മലപ്പുറത്ത് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്തിരുന്ന ഈയുള്ളവനും ലീഡറെ കാണാന്‍ എത്തിയിരുന്നു. പത്രക്കാരോട് ഒന്നും പറയാതെ ലീഡര്‍ തിരക്കിട്ട് കരിപ്പൂരിലേക്കും പിന്നീട് ദില്ലിയിലേക്കും പോയി. പിന്നീട് ലീഡറുടെ ഉള്ള് തുറന്നതും എക്കാലത്തും അദ്ദേഹത്തിന്റെ സ്വന്തക്കാരനായിരുന്ന പി ടി മോഹനകൃഷ്ണനായിരുന്നു. പി ടി പൊന്നാനിക്കാരനാണ്. കറകളഞ്ഞ കോണ്‍ഗ്രസുകാരന്‍. അതും കരുണാകര വിഭാഗം. പൊന്നാനിയിലെ പഴയ എംഎല്‍എ അന്ന് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍. സിപിഐ നേതാവും എഴുത്തുകാരനുമായിരുന്ന കൊളാടി ഗോവിന്ദന്‍ക്കുട്ടിയുടെ കസിന്‍. തീര്‍ന്നില്ല, കുട്ടിച്ചാത്തന്‍ മഠങ്ങളില്‍ പ്രധാനമായ കാട്ടുമാഠം ഇല്ലത്തെ നാരായണന്‍ നമ്പൂതിരിയുടെ അടുത്തയാള്‍. ഇബ്‌സന്‍റെ നാടകലോകത്തെ കുറിച്ച് എഴുതിയിട്ടുള്ള നാരായണന്‍ നമ്പൂതിരിയെ കാണാന്‍ പോയപ്പോഴാണ് ആദ്യമായി പി ടിയെ കണ്ടതും പരിചയപ്പെട്ടതും. ആ പരിചയം വച്ചാണ് പി ടിയോട് കാര്യങ്ങള്‍ തിരക്കിയതും അദ്ദേഹം തുറന്നു പറഞ്ഞതും.കാടാമ്പുഴയില്‍ വച്ച് പി ടി പറഞ്ഞത് ലീഡര്‍ അതീവ ദുഖിതനാണെന്നാണ്. എല്ലാവരും ചേര്‍ന്ന് ലീഡറെ രാജ്യദ്രോഹിയാക്കിയിരിക്കുന്നു. കൂടെ കൊണ്ടു നടന്നിരുന്ന വിശ്വസ്തരായ കാര്‍ത്തികേയനും ചെന്നിത്തലയും ഷാനവാസും ഒക്കെ മറുപക്ഷത്തിന് ഒപ്പം നില്‍ക്കുന്നു. രാജ്യദ്രോഹി. പൊതുജനശത്രു. ഇതില്‍പ്പരം എന്ത് അഭിമാനക്ഷതം ആണ് ഒരാള്‍ക്ക് ഉണ്ടാകേണ്ടത്, പി ടി ചോദിച്ചു.

ദില്ലിയിലെത്തിയ ലീഡറെ അനുനയിപ്പിച്ച് കേന്ദ്രമന്ത്രിയാക്കി. കേരളത്തില്‍ പകരം മുഖ്യമന്ത്രി വേണം. ലീഡര്‍ക്ക് എതിരെ പടനയിച്ച ഉമ്മന്‍ചാണ്ടി തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തി. എകെ ആന്റണി മുഖ്യമന്ത്രിയാകട്ടെ. ആന്റണിക്കെതിരെ പഞ്ചസാര കുംഭകോണം എന്ന പ്രതിപക്ഷ ആരോപണം ഉയര്‍ന്ന സമയം. മന്ത്രിസ്ഥാനം രാജിവച്ച് ദില്ലിയില്‍ കഴിയുന്നു. പിന്നീട് ഒന്നിനും താമസം ഉണ്ടായില്ല. ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ ആന്റണിയെ കേരളത്തില്‍ എത്തിച്ചു. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആറു മാസത്തിനുശേഷം മുസ്ലിംലീഗ് നല്‍കിയ തിരൂരങ്ങാടി സീറ്റില്‍ നിന്നും തിളക്കമാര്‍ന്ന വിജയവും കരസ്ഥമാക്കി.


അന്ന് ലീഡര്‍ക്കെതിരെ പട നയിച്ച ഉമ്മന്‍ചാണ്ടി ഇന്ന് ഏതാണ്ട് സമാനമായ അവസ്ഥയിലാണ്. സോളാര്‍ അടക്കമുള്ള ആരോപണ ശരങ്ങള്‍ ഒരുഭാഗത്ത്. വെള്ളാപ്പള്ളിയുടെ അവഹേളനം ഒരു അര്‍ത്ഥത്തില്‍ സഹതാപ തരംഗമായി രക്ഷയ്‌ക്കെത്തിയ ഘട്ടത്തിലാണ് ഈ കത്ത് വിവാദം. താന്‍ അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് ചെന്നിത്തല ആണയിട്ട് പറയുന്നുണ്ടെങ്കിലും പലരും അത് വിശ്വസിക്കുന്നില്ല. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുന്നതാണ് വിവാദകത്ത്. അതിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ. 'തോല്‍വിക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ്. അഴിമതി വ്യാപകമായി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. വിവാദങ്ങള്‍, സ്വജനപക്ഷപാതം, ഏകാധിപത്യ മനോഭാവം തുടങ്ങിയവ യുഡിഎഫിനേയും കോണ്‍ഗ്രസിനേയും ജനങ്ങളില്‍ നിന്ന് അകറ്റി. സര്‍ക്കാരിലെ ന്യൂനപക്ഷ മേധാവിത്തം ഹൈന്ദവ വോട്ടര്‍മാരെ യുഡിഎഫിന് എതിരാക്കി. നാളിത് വരെ യുഡിഎഫിനെ ശക്തമായി പിന്തുണച്ചിരുന്ന നായര്‍ സമുദായം എല്‍ഡിഎഫിലേക്കും ബിജെപിയിലേക്കും പതുക്കെ ചായുകയാണ്. എസ്എന്‍ഡിപി ഇതിനകം തന്നെ ബിജെപിയുമായി സഖ്യത്തിലായിരിക്കുന്നു. ഇത് ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കുകയും ചെയ്തു'. കത്ത് അയച്ചത് ആരായാലും ആ കത്തില്‍ പറയുന്ന പല കാര്യങ്ങളും നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വച്ചു നോക്കുമ്പോള്‍ ശരിയാണെന്നേ ആര്‍ക്കും തോന്നൂ. ഇതാദ്യമായല്ല ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍ വരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചെന്നിത്തലയായിരുന്നു ഐ വിഭാഗം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടി തന്നെ വേണമെന്ന എ വിഭാഗത്തിന്റെ വാദത്തിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ യുഡിഎഫ് സര്‍ക്കാരില്‍ കുറഞ്ഞ കാലയളവ് മാത്രമേ ചാണ്ടിക്ക് ഭരിക്കാന്‍ ലഭിച്ചുള്ളൂവെന്നതും തുണയായി.

വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയരുകയാണ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസും യുഡിഎഫും കത്തുന്ന പുരപോലെയാണ്. ആ തീ അണയ്ക്കാന്‍ എന്നുള്ള വ്യാജേന ആരൊക്കെയോ ചേര്‍ന്ന് വാഴ വെട്ടുകയാണെന്ന് വേണം കരുതാന്‍.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories