TopTop
Begin typing your search above and press return to search.

2019ല്‍ ബി ജെ പിയെ തോല്‍പ്പിക്കാന്‍ സി പി എം ചെയ്യേണ്ടത്

2019ല്‍ ബി ജെ പിയെ തോല്‍പ്പിക്കാന്‍ സി പി എം ചെയ്യേണ്ടത്

സി പി ഐ (എം) കേന്ദ്ര സമിതിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായി (2016, ജൂണ്‍ 20) പി ബിക്ക് ഇര്‍ഫാന്‍ ഹബീബും,സയെറാ ഹബീബും എഴുതിയ കത്ത്.

ജൂണ്‍ 18-20നു ചേര്‍ന്ന കേന്ദ്ര സമിതി (സി സി) അതിന്റെ ചര്‍ച്ചകള്‍ക്കുശേഷം പുറപ്പെടുവിച്ച പ്രസ്താവന രാജ്യത്തെ നിലവിലെ സാഹചര്യത്തിന്റെ സുപ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാത്തതും അതുകൊണ്ടുതന്നെ ആ സാഹചര്യത്തിന് അനുയോജ്യമായ ഒരു അടവുനയം നല്കാന്‍ അപ്രാപ്തമായതുമാണ്.

ബി ജെ പി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സി സി പ്രസ്താവന എന്നാല്‍ ഈ സര്‍ക്കാര്‍ ഒരു ബൂര്‍ഷ്വാ കക്ഷിയുടെ മറ്റൊരു പാര്‍ലമെന്‍ററി സര്‍ക്കാര്‍ മാത്രമല്ലെന്ന കാര്യം വിസ്മരിക്കുന്നു. ഇത് ആര്‍ എസ് എസിന്റെ അര്‍ദ്ധ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ പരസ്യമായി കൊണ്ടാടുന്ന ഒരു ഭരണസംവിധാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും കോര്‍പ്പറേറ്റ് മേഖലയിലെ ഉന്നതശ്രേണിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പ്രതിബദ്ധമായ, നഗ്നമായ രീതിയില്‍ തുടര്‍ച്ചയായി (വിദ്യാഭ്യാസത്തെ കാവിവത്കരിക്കുക, പുതിയ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവ) നമ്മുടെ രാജ്യത്തിന്റെ മതേതര അടിത്തറയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്നാണത്. ഒന്നിന് പിറകെ ഒന്നായി സംസ്ഥാനങ്ങളിലെ ഭരണം ഭരണഘടനാവിരുദ്ധമായി പിടിച്ചെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത് (അരുണാചല്‍, ഉത്തരാഖണ്ട് എന്നിവിടങ്ങളിലെ പരാജിതശ്രമങ്ങള്‍), അസമിലെ തീവ്ര വര്‍ഗീയ,ധ്രുവീകരണ ശ്രമങ്ങള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സി പി എം അടക്കമുള്ള എല്ലാ ജനാധിപത്യ കക്ഷികളുടെയും ഇന്നത്തെ പ്രധാന ചുമതല ബി ജെ പിയുടെ ആക്രമണത്തെയും സമ്പൂര്‍ണ്ണ അധികാരം പിടിച്ചെടുക്കാനുള്ള അതിന്റെ ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കുക എന്നതാണ്.

നമ്മുടെ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം, അതുകൊണ്ടുതന്നെ ബി ജെ പിയെ സാധ്യമായത്ര ഒറ്റപ്പെടുത്തുകയും മറ്റെല്ലാ ജനാധിപത്യ ശക്തികളുമായും ചേര്‍ന്ന് ഒരു വിശാല ഐക്യനിര രൂപപ്പെടുത്തി തങ്ങള്‍ക്ക് ആധിപത്യമില്ലാത്ത സംസ്ഥാനങ്ങളില്‍ക്കൂടി അത് നേടാനുള്ള ബി ജെ പിയുടെ ശ്രമത്തെ തകര്‍ക്കുകയും അന്തിമമായി 2019-ലെ പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ അതിന്റെ പരാജയം ഉറപ്പുവരുത്തുകയുമാണ്.

നിര്‍ഭാഗ്യവശാല്‍, നമ്മുടെ പാര്‍ട്ടിയുടെ ഔദ്യോഗിക അടവുനയം അതിനു വിപരീതമാണ്. ബിഹാറില്‍ 2015-ല്‍ നമ്മള്‍ സി പി ഐ എം (എല്‍), സി പി ഐ എന്നിവരുമായി മാത്രമേ ഐക്യമുണ്ടാക്കിയുള്ളൂ. ജെ ഡി (യു)-ആര്‍ ജെ ഡി- കോണ്‍ഗ്രസ് സഖ്യവുമായുള്ള ഏത് ധാരണയും തള്ളിക്കളഞ്ഞു. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിച്ചില്ല എന്നതും നാം വിട്ടുനിന്ന ഒരു ജനകീയ തരംഗത്തില്‍ ബി ജെ പി പരാജയപ്പെട്ടു എന്നതുമായിരുന്നു ഫലം. നാം ആ തെരഞ്ഞെടുപ്പുഫലത്തെ സ്വാഗതം ചെയ്തു. പക്ഷേ നമ്മുടെ അടവ് നയം പൂര്‍ണമായും അപകടകരമായി പിഴച്ചു എന്നും ബി ജെ പി വിരുദ്ധ വോട്ടുകളെ അപായകരമായി വിഭജിക്കുമായിരുന്നു എന്നും സി സി ഒരിയ്ക്കലും ആലോചിച്ചില്ല.പശ്ചിമ ബംഗാളില്‍ നാം കോണ്‍ഗ്രസുമായി ഒരു ധാരണ ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ തൃണമൂലിന്റെ ആക്രമണത്തിന് കീഴില്‍ നമ്മുടെ പരാജയം കൂടുതല്‍ കനത്തതായേനെ. പാര്‍ട്ടിയും അതിലെ അംഗങ്ങളും കൂടുതല്‍ ആക്രമണങ്ങള്‍ നേരിടുകയും നമ്മള്‍ ബി ജെ പിയെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാക്കുകയും ചെയ്യുമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു യഥാര്‍ത്ഥ ബദല്‍ പശ്ചിമ ബംഗാള്‍ ജനതയ്ക്ക് മുന്നില്‍ വെക്കുന്നതിന് യഥാസമയത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു പൊതുപരിപാടി തയ്യാറാക്കാന്‍ നമുക്കായില്ല എന്നതാണ് നമ്മുടെ പിഴവ് എന്നതില്‍ സംശയമില്ല. നമ്മുടെ ശ്രമങ്ങളുടെ ഒരു ഫലവും കാണിക്കാനില്ലാതെ വന്ന വിധത്തില്‍ ‘ഇടതു’കക്ഷികളുമായും മറ്റ് നിസാര കക്ഷികളുമായും മാത്രം ചേരാനുള്ള നമ്മുടെ നയം നമ്മെ കൊണ്ടുചെന്നെത്തിച്ചതിന്റെ മറ്റൊരു ഉദാഹരണമാണ് തമിഴ്നാട്. ഡി എം കെ-കോണ്‍ഗ്രസ് സഖ്യവുമായി ധാരണ ഉണ്ടാക്കുന്നതായിരുന്നില്ലേ കൂടുതല്‍ നല്ലത്? ഔദ്യോഗിക നയം മതബദ്ധമായ ശ്രദ്ധയോടെ പിന്തുടര്‍ന്ന തമിഴ്നാനാട്ടിലെ അനുഭവത്തില്‍ നിന്നും ഒന്നും പഠിക്കാന്‍ കഴിയാത്ത സി സിയുടെ പരാജയം നിര്‍ഭാഗ്യകാരമാണ്.

തെരഞ്ഞെടുപ്പ് ധാരണകള്‍ക്കുള്ള കോണ്‍ഗ്രസിന്റെ തുറന്ന വാഗ്ദാനം തള്ളിക്കളഞ്ഞുകൊണ്ട് അസമിലും നമ്മള്‍ ഔദ്യോഗിക അടവുനയം പിന്തുടര്‍ന്നു. അങ്ങനെ ബി ജെ പി വിരുദ്ധ വോട്ടുകളെ പിളര്‍ത്തുന്നതിലേക്ക് നമ്മുടെ ചെറിയ സംഭാവനയും നല്കി. അസമില്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും പുറത്താക്കാന്‍ വോട്ടര്‍മാരോടു ആവശ്യപ്പെട്ടുള്ള സി സിയുടെ പ്രസ്താവന നിരാശാജനകമായിരുന്നു. കോണ്‍ഗ്രസിന് ഒരു ബദല്‍ വാഗ്ദാനം ചെയ്യുന്നതുപോയിട്ട് ഒറ്റയ്ക്ക് ഒരു സീറ്റിലെങ്കിലും ജയിക്കാനാകാത്ത ഇടതുപക്ഷം, ഇത് ബി ജെ പിയെ അധികാരത്തിലെത്തിക്കലാണ് എന്നു മുന്‍കൂട്ടി കാണണമായിരുന്നു.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ഇടതു ജനാധിപത്യ മുന്നണി നേടിയ വിജയം മാത്രമാണ് നമുക്കുള്ള ഏക ആശ്വാസം. പക്ഷേ കേരളത്തില്‍ ‘ബി ജെ പിയും കോണ്‍ഗ്രസും’ നമ്മുടെ മുഖ്യശത്രുക്കള്‍ എന്ന സി സിയുടെ സമവാക്യം നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ ആര്‍ എസ് എസിനെതിരെ മറ്റ് മതേതര രാഷ്ട്രീയക്കാരെയും അനുഭാവികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു മുന്നേറ്റം കെട്ടിപ്പടുക്കാന്‍ നാം തയ്യാറാകണം. കേരളത്തിലെ ന്യായമായ തെരഞ്ഞെടുപ്പ് പരിഗണനകള്‍ യു ഡി എഫ് ഘടകങ്ങളുമായും മറ്റുള്ളവരുമായും ആര്‍ എസ് എസിനെതിരായ പോരാട്ടത്തില്‍ സഹകരിക്കുന്നതിന് തടസമായിക്കൂട.

കേന്ദ്ര സമിതിയും പോളിറ്റ് ബ്യൂറോയും അടവുനയത്തിന്റെ വിഷയം ഗൌരവമായി പരിഗണിക്കണം. അല്ലാതെ അനുഭവത്തിന്റെയോ യുക്തിയുടെയോ ന്യായീകരണമില്ലാത്ത ഒരു നയത്തിനെ പിന്തുടരുന്നതിന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനങ്ങളുടെ സാങ്കേതിക ഉയര്‍ത്തരുത്.

ലോഹ്യ മാതൃകയിലുള്ള കോണ്‍ഗ്രസ് വിരുദ്ധത നമ്മെ എവിടേയും കൊണ്ടുചെന്നെത്തിക്കില്ല. എന്നാല്‍, നമ്മള്‍ ബിഹാറില്‍ കണ്ടതുപോലെ നിരവധി ജനാധിപത്യ ശക്തികളിലും മതേതര കക്ഷികളിലും ബി ജെ പിയുടെ ലക്ഷ്യങ്ങള്‍ക്കും നീക്കങ്ങള്‍ക്കുമെതിരായ എതിര്‍പ്പ് ശക്തമാകുന്നുണ്ട്. ദേശീയതലത്തില്‍ ഇപ്പൊഴും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് അതിലുണ്ടെന്നുള്ള ഒറ്റക്കാരണത്താല്‍ ആ മുന്നേറ്റത്തില്‍ ചേരാതെ നമുക്ക് മാറിനില്‍ക്കാനാകുമോ എന്നും നാം തീരുമാനിക്കണം. സാന്ദര്‍ഭികമായി പറയട്ടെ, നാം വിയോജിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കേണ്ടെന്നോ എല്ലായിടത്തും അവരുടെ എല്ലാ ഉപാധികളുടെ അടിസ്ഥാനത്തിലും സഖ്യമാകണമെന്നോ ആരും പറയുന്നില്ല.മേല്‍പ്പറഞ്ഞതൊന്നും നമ്മുടെ പാര്‍ട്ടിയോ അതിന്റെ ബഹുജന സംഘടനകളോ കെട്ടിപ്പടുക്കുന്നത് ഒരു പ്രധാന കടമയാകുന്നില്ല എന്നു അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ അസമിലും തമിഴ്നാട്ടിലും മറ്റെല്ലായിടത്തും (സി സിയുടെ പ്രസ്താവന) ‘വര്‍ഗ ബഹുജന സമരങ്ങളിലൂടെ’ പാര്‍ടി കെട്ടിപ്പടുക്കാനുള്ള വെറും ആഹ്വാനങ്ങള്‍ മാത്രം പോര.

പ്രത്യയശാസ്ത്ര വിദ്യാഭ്യാസവും സംഘടന ശ്രമവും ആവശ്യമാണ്. പക്ഷേ നമ്മുടെ ജനതയുടെ സാധ്യമായ വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു അടവുനയം പാര്‍ടിക്കുണ്ടെങ്കിലേ ഇത് ശരിക്കും വിജയകരമാകൂ. മറ്റ് മതേതര മുഖ്യധാര കക്ഷികളോടുള്ള വിഭാഗീയ സമീപനം സാധാരണ ജനങ്ങള്‍ക്കിടയ്ക്ക് വലിയ സ്വീകാര്യത ഉണ്ടാക്കില്ല.

ഒറ്റപ്പെടലിന്റെ അവസ്ഥയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കാനാകില്ലെന്നും നാം തിരിച്ചറിയണം. ഒരു തൊഴിലാളി സംഘടന വളര്‍ത്തിയെടുക്കുന്നതിന്നുപോലും ഫാക്ടറി തൊഴിലാളികളുടെ മാത്രം പിന്തുണ പോര, പുറത്തുള്ള ആളുകളുടെ അനുഭാവവും കൂടി വേണം.

ജങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ചില അടിയന്തര മാര്‍ഗങ്ങള്‍ അതിനുണ്ട് എന്നു തോന്നുമ്പോഴാണ് പാര്‍ട്ടി അനുഭാവികളെ ആകര്‍ഷിക്കുന്നത്; ഇതാണ് ഒരു വിശാല ഐക്യമുന്നണിക്ക് നല്‍കാനാവുന്ന സാധ്യത.

ലോകത്തെങ്ങുമുള്ള അനുഭവം കാണിക്കുന്നത് ഒരു ഐക്യമുന്നണി കെട്ടിപ്പടുക്കുന്നത് പാര്‍ട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചിട്ടുള്ളത് ദേശീയ മുന്നേറ്റത്തിന്റെ ഒരു തീവ്ര വിഘടിത വിഭാഗമായി അത് സ്വയം കരുതിയിരുന്ന 1930-കളിലും 1940-കളിലുമാണ് എന്നും ഓര്‍ക്കണം: തീര്‍ച്ചയായും പാര്‍ട്ടി എല്ലായ്പ്പോഴും എടുത്തുകാണിച്ചിരുന്ന ദത്ത്-ബ്രാഡ്ലീ തീസിസില്‍ നിന്നും നാം പഠിക്കേണ്ടതുണ്ട്.

അറുപത് കൊല്ലത്തിലേറെക്കാലമായുള്ള പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയ്ക്ക് പി ബിയിലും സി സിയിലും നിന്ന് ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇര്‍ഫാന്‍ ഹബീബ്, സയെറാ ഹബീബ്
അലിഗഡ്Next Story

Related Stories