UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രഘുറാം രാജനെ പറഞ്ഞുവിടുന്നതിന് മുന്‍പ് മോദി ചെയ്യേണ്ടത്

Avatar

പ്രിയപ്പെട്ട പ്രധാനമന്ത്രി,

നമ്മുടെ ജനതയുടെ മഹാഭൂരിപക്ഷത്തിന്റെ ഉപജീവനമാര്‍ഗത്തിന്റെ സുരക്ഷയെയും അവരുടെ ജീവിത സമ്പാദ്യത്തേയും കുറിച്ചുള്ള ആശങ്കകള്‍ സംബന്ധിച്ച സുപ്രധാനമായ വിഷയത്തെക്കുറിച്ചാണ് ഞാന്‍ താങ്കള്‍ക്ക് എഴുതുന്നത്. താങ്കളുടെ അടിയന്തര ശ്രദ്ധയും ഇടപെടലും ഇതിലാവശ്യമുണ്ട്.

ആര്‍ ബി ഐയുടെ പുതിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട് ഒരിക്കല്‍ക്കൂടി നമ്മുടെ ബാങ്കിംഗ് മേഖലയുടെ അപകടാവസ്ഥകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. 2016 മാര്‍ച്ച് അവസാനത്തില്‍ പട്ടികയില്‍പ്പെടുത്തിയ എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും കൂടി പ്രവര്‍ത്തനരഹിത ആസ്തി (NPA)5,60,822 കോടി രൂപയാണ്. അവരുടെ ഗ്രോസ്സ് അഡ്വാന്‍സ് (gross advance) ആയ 72,73,927 കോടി രൂപയുടെ 7.71% വരുമിത്. ഇതുകൂടാതെ പുതുക്കി നിശ്ചയിച്ച സ്റ്റാന്‍ഡേര്‍ഡ് അഡ്വാന്‍സ് (standard advance) 2,94,729 കോടി രൂപ ഗ്രോസ്സ് അഡ്വാന്‍സിന്റെ 4.05% ആണ്.

ബാങ്കുകള്‍ നല്കിയ വായ്പയിലെ 8,55,551 കോടി രൂപയിലേറെ കടക്കാര്‍ തിരിച്ചടച്ചിട്ടില്ല എന്നാണ് ഇതിനര്‍ത്ഥം. അവരുടെ പ്രതികരണവും താങ്കളുടെ സര്‍ക്കാരെടുത്ത നടപടികളും നോക്കിയാല്‍ അടുത്തെപ്പോഴെങ്കിലും ആ പണം തിരിച്ചുകിട്ടാനുള്ള സാധ്യതയുമില്ല. വമ്പന്‍ കോര്‍പ്പറേറ്റുകളടക്കമുള്ള ഈ കടക്കാര്‍ തിരിമറി നടത്തിയ ഈ പണം ഓരോ ഇന്ത്യക്കാരന്റെയുമാണെന്ന് പറയേണ്ടതില്ലല്ലോ.

2016 ജൂലായ് 1-നു ഒരു പൊതുചടങ്ങില്‍വെച്ച് സി എ ജി ശശി കാന്ത് ശര്‍മ ഇങ്ങനെ പറയുന്നു: “ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും തട്ടിപ്പില്‍ നേടിയതാണ് ഈ NPA-യിലെ ഭൂരിഭാഗവും എന്നു പൊതുവേ വിശ്വാസമുണ്ട്. ഈ തുകയുടെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തിയെന്നും ഇനിയൊരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്നും കരുതുന്നുണ്ട്.”

പ്രധാനമന്ത്രിയായാല്‍ വിദേശത്തുനിന്നും കള്ളപ്പണം തിരിച്ചുപിടിക്കുകയും ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് എക്കൌണ്ടില്‍ 1-20 ലക്ഷം രൂപ വരെ  നിക്ഷേപിക്കുകയും ചെയ്യുമെന്നായിരുന്നു തെരെഞ്ഞെടുപ്പുകാലത്തെ താങ്കളുടെ പ്രശസ്തമായ വാഗ്ദാനം. കള്ളപ്പണം തിരികെക്കൊണ്ടുവന്നില്ല എന്നു മാത്രമല്ല, രാജ്യത്തെ സി എ ജിയെ വിശ്വസിക്കാമെങ്കില്‍, താങ്കളുടെ കീഴില്‍ നിന്നും ബാങ്കുകളിലെ പണം ഒരിയ്ക്കലും തിരികെ കിട്ടാത്ത രീതിയില്‍ വിദേശത്തേക്ക് കടത്തുകയും ചെയ്യുന്നു.

കുഴപ്പത്തിലായ വായ്പകളുടെ അനുപാതം 2016 മാര്‍ച്ചില്‍ 14.5% എന്ന നിലയില്‍ നില്‍ക്കേ നമ്മുടെ പൊതുമേഖല ബാങ്കുകളുടെ ആസ്തി ഗുണം കൂടുതല്‍ ദുര്‍ബലമാണ്. പൊതുമേഖല ബാങ്കുകളുടെ സംശയത്തിലുള്ളതും നഷ്ടമായതുമായ ആസ്തികള്‍ക്കുള്ള വകുപ്പില്‍ ഇപ്പോള്‍ 1,85,840 കോടി രൂപയാണുള്ളത്. ഇത് എല്ലാ ദേശസാല്‍കൃത ബാങ്കുകളുടെയും ആകെനഷ്ടം 20,590 കോടി രൂപയാക്കിയിരിക്കുന്നു. വാസ്തവത്തില്‍ പൊതുമേഖല ബാങ്കുകളുടെ മൊത്തം വിപണിമൂല്യം അവര്‍ക്ക് കിട്ടാനുള്ള GNPA-യേക്കാള്‍ കുറവാണ് എന്ന അപായകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

മുന്‍നിരയിലുള്ള 10 കോര്‍പ്പറേറ്റ് സംഘങ്ങള്‍ പൊതുമേഖല ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും 7 ലക്ഷം കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന അമ്പരപ്പിക്കുന്ന വസ്തുതയും താങ്കള്‍ക്ക് അറിയാതിരിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ ഒരു റിപ്പോര്‍ട് അനുസരിച്ച് അദാനി ഗ്രൂപ്പ് 96,031 കോടി രൂപ, എസ്സാര്‍ ഗ്രൂപ്പ്  1.01 ട്രില്ല്യന്‍, ജി എം ആര്‍ ഗ്രൂപ്പ്  47,976, ജി വി കെ ഗ്രൂപ്പ്  33,933, ജെയ്പീ ഗ്രൂപ്പ്  75,163 കോടി. JSW ഗ്രൂപ്പ് 58,171 കോടി ലാന്‍കോ ഗ്രൂപ്പ് 47,102 കോടി, റിലയന്‍സ് ഗ്രൂപ്പ് 1.25 ട്രില്ല്യന്‍, വേദാന്ത ഗ്രൂപ്പ്  1.03 ട്രില്ല്യന്‍, വീഡിയോകോണ്‍ ഗ്രൂപ്പ് 45,405 കോടി (Credit Suisse Report) എന്നിങ്ങനെയാണ് കടം.

ആര്‍ ബി ഐ കണക്കനുസരിച്ച് ബാങ്കുകളുടെ പ്രവര്‍ത്തനരഹിത ആസ്തിയുമായി ആദ്യത്തെ 100 കടക്കാര്‍ക്കുള്ള വായ്പയുടെ അനുപാതം 2016 മാര്‍ച്ചില്‍ 19.3% ആണ്. 2015 മാര്‍ച്ചില്‍ ഇത് 0.7% ആയിരുന്നു.

കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ NPA ഏതാണ്ട് 80% കൂടിയെങ്കിലും താങ്കളുടെ സര്‍ക്കാര്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടത്തുമെന്ന് പറയുന്നതൊന്നും ഫലത്തില്‍ കാണാനില്ല. എല്ലാ പൊതുമേഖല വായ്പാ ദാതാക്കളും കൂടി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ തിരിച്ചുപിടിക്കല്‍ 1.28 ലക്ഷം കോടിയാണ് ഇതില്‍ 46% എഴുതിതള്ളിയതുമാണ്. 2014-15-ല്‍ ഇത് 1.28 ലക്ഷം കോടിയാണ്. വായ്പ വെട്ടിച്ചവരില്‍ നിന്നും പണം തിരിച്ചുപ്പിടിക്കാന്‍ താങ്കളുടെ സര്‍ക്കാരിന് ഗൌരവമായ താത്പര്യമില്ല എന്നാണ് ഇത് കാണിക്കുന്നത്.

രഘുറാം രാജന്റെ കീഴില്‍ ആര്‍ ബി ഐ നടത്തിയ കര്‍ശനമായ ആസ്തി ഗുണ അവലോകനത്തിന്റെ (Asset Quality Review -AQR) ഫലമായാണ് ഈ സംഗതികളില്‍ പലതും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. താങ്കളുടെ പാര്‍ട്ടിയിലെ എം പിമാരും നേതാക്കളും നിരന്തരമായി നടത്തിയ ആക്രമണങ്ങള്‍ക്കൊടുവില്‍ രാജന്‍ സെപ്തംബറില്‍ സ്ഥാനമൊഴിയുകയാണ്. AQR പ്രക്രിയ അടുത്ത വര്‍ഷം മാര്‍ച്ചിലെ അവസാനിക്കുകയുള്ളൂ. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ നടത്തിയ ഈ ഹീനമായ ആരോപണങ്ങള്‍ക്കുനേരെ താങ്കള്‍ പുലര്‍ത്തിയ നിശബ്ദത കാണുമ്പോള്‍ ഈ കിട്ടാക്കടം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ താങ്കള്‍ക്ക് താത്പര്യമില്ലെന്നാണ് പലറും വിശ്വസിക്കുന്നത്. താങ്കളുടെ സര്‍ക്കാര്‍ സജീവമായി ആശ്രിത മുതലാളിത്തത്തെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്.

ആര്‍ ബി ഐ-യുടെ മൂലധന അടിത്തറയില്‍ നിന്നും 3 മുതല്‍ 4 ലക്ഷം വരെ കോടി രൂപ ഉപയോഗിച്ചുകൊണ്ട് പൊതുമേഖല ബാങ്കുകളിലേക്ക് വീണ്ടും മൂലധനമിറക്കാനുള്ള ഒരു പദ്ധതി താങ്കളുടെ കാര്യാലയം ആലോചിക്കുന്നു എന്ന് ഈയിടെ മാധ്യമ വാര്‍ത്തകള്‍ കണ്ടു. ആഭ്യന്തരവും ബാഹ്യവുമായ സാമ്പത്തികാഘാതങ്ങളെ അതിജീവിക്കാനുള്ള ആര്‍ ബി ഐ-യുടെ ശേഷിയെ കുറയ്ക്കുന്ന അപകടകരമായ ആശയമാണിത്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ ബി ഐ-യെ ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിച്ചാല്‍  കേന്ദ്രബാങ്ക് കേവലം സര്‍ക്കാര്‍ ഉപകരണമായി മാറും. ധനനയം നിയന്ത്രിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ആര്‍ ബി ഐ ഈ ബാങ്കുകളുടെ ഉടമകളായാല്‍ അത് കൂടിക്കലര്‍ന്ന ലക്ഷ്യങ്ങളായിരിക്കും അവര്‍ക്കുണ്ടാവുക.

ഈ വര്‍ഷത്തെ വാര്‍ഷിക സാമ്പത്തിക സര്‍വേയില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഈ ആശയത്തെ ആദ്യം എതിര്‍ത്തത് ആര്‍ ബി ഐ ഗവര്‍ണര്‍ തന്നെയാണ്. “ആര്‍ ബി ഐ പൊതുമേഖല ബാങ്കുകളില്‍ മൂലധനമിറക്കണമെന്ന് സാമ്പത്തിക സര്‍വെ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ബാങ്കിംഗ് നിയന്ത്രകനെ ഒരിക്കല്‍ക്കൂടി ബാങ്കുകളുടെ ഉടമസ്ഥത ഏല്‍പ്പിക്കുന്നത് വിരുദ്ധ താത്പര്യങ്ങളുണ്ടാക്കുന്ന, മുന്നോട്ടുപോകാനുള്ള അതാര്യമായ വഴിയാണ്,” എന്ന് കഴിഞ്ഞ മാസം ബംഗളൂരുവില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം വിരുദ്ധ താത്പര്യങ്ങള്‍ ഒഴിവാക്കാന്‍ മലേഗം സമിതിയുടെ ശുപാര്‍ശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ 2007-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആര്‍ ബി ഐക്കുണ്ടായിരുന്ന 59.7% ഓഹരി 35,531 കോടി രൂപയ്ക്കു വാങ്ങിയ കാര്യം ഞാന്‍ താങ്കളെ ഓര്‍മ്മിപ്പിക്കുകയാണ്.

ഇതുകൂടാതെ അത്തരമൊരു ശുപാര്‍ശ വാര്‍ഷിക സാമ്പത്തിക സര്‍വേയില്‍ വെച്ച സമയത്ത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഇങ്ങനെ മുന്നറിയിപ്പും നല്കി,“ഏറ്റവും പ്രധാനം ഇത്തരത്തിലുള്ള ഏത് നീക്കവും സര്‍ക്കാരും ആര്‍ ബി ഐ-യുമായി സംയുക്തമായും സഹകരിച്ചും മാത്രമേ നടപ്പാക്കാവൂ. മൂലധനത്തിന്റെ ഏതുതരത്തിലുള്ള പുനര്‍വിന്യാസവും ആര്‍ ബി ഐയുടെ സ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും പരിഗണിച്ചുകൊണ്ടു മാത്രമേ പാടുള്ളൂ.”

ഇതേ രീതിയില്‍ ആര്‍ ബി ഐ ഗവര്‍ണറും ഈ നീക്കത്തെ എതിര്‍ത്തു എന്നത് ഒന്നിച്ചുകാണേണ്ടതാണ്. ആര്‍ ബി ഐയുടെ മൂലധനാടിത്തറയെ ഇല്ലാതാക്കിക്കൊണ്ട് വളഞ്ഞവഴിയിലൂടെ തങ്ങളുടെ ധനക്കമ്മി  നിലനിര്‍ത്താനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

ഏതവസ്ഥയിലും കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള കര്‍മ്മപദ്ധതി ഇല്ലാതെ ബാങ്കുകളില്‍ മൂലധനമിറക്കാനുള്ള ഒരു പരിപാടിയും നടപ്പാക്കരുത്. വായ്പ തിരിച്ചടക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ വമ്പന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുമേല്‍ ഒരു സമ്മര്‍ദവും ചെലുത്തുന്നില്ല. അവര്‍ അവരുടെ ആഡംബര ജീവിതങ്ങള്‍ തുടരുകയും അവരുടെ വ്യക്തിഗത സമ്പത്തിനെ ഇതൊന്നും ബാധിക്കാതിരിക്കുകയുമാണ്. ആശ്രിത മുതലാളിത്തം തിമിര്‍ക്കുമ്പോള്‍ തുടര്‍ച്ചയായ രണ്ടു വരള്‍ച്ച മൂലം നടുവൊടിഞ്ഞ, ഏതാനും ആയിരം രൂപയുടെ  വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത പാവപ്പെട്ട കര്‍ഷകരെ പശുവിനെയും പാത്രങ്ങളെയും വരെ ജപ്തി ചെയ്താണ് താങ്കളുടെ സര്‍ക്കാര്‍ ദ്രോഹിക്കുന്നത്.

വായ്പ തിരിച്ചടയ്ക്കാത്തവരുടെ പട്ടികയിലെ ആദ്യത്തെ 100 വമ്പന്‍ കടക്കാരില്‍ നിന്നും പണം തിരിച്ചുപിടിക്കാനുള്ള അടിയന്തര കര്‍മപദ്ധതി പ്രധാനമന്ത്രിയെന്ന നിലയില്‍ നടപ്പാക്കാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്. കിട്ടാക്കടവും അവരുടെ പേരുകളും താങ്കള്‍ പരസ്യമാക്കണം. ആ പട്ടിക ആര്‍ ബി ഐ, സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ വശം ഇപ്പോഴുണ്ട്. കടം തിരിച്ചടക്കാത്തവരുടെ ആസ്തികള്‍ പിടിച്ചെടുക്കുന്നതുവരെ പൊതുമേഖല ബാങ്കുകള്‍ക്ക് ഇനിയും പൊതുപണം നല്‍കരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആശ്രിത മുതലാളിത്തത്തിന്റെ കൂത്താട്ടങ്ങള്‍ക്ക് പാവപ്പെട്ട ഇന്ത്യക്കാരനെക്കൊണ്ടു പണമടപ്പിക്കുകയായിരിക്കും താങ്കളുടെ സര്‍ക്കാര്‍  ചെയ്യുന്നത്.

അവസാനമായി, ഈ പ്രശ്നത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട് വായ്പ തിരിച്ചടയ്ക്കാത്തവരുടെ പട്ടിക വെളിപ്പെടുത്തുന്നതില്‍ തുടങ്ങി അവരുടെ ആസ്തികള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള ഒരു ദൌത്യപദ്ധതി തുടങ്ങാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ആര്‍ ബി ഐയുടെ മൂലധാനടിത്തറ ഉപയോഗിച്ചുകൊണ്ട് പൊതുമേഖല ബാങ്കുകളില്‍ വീണ്ടും മൂലധനമിറക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം. ആദ്യം കടം തിരിച്ചിച്ചുപിടിക്കല്‍, പിന്നെ മൂലധനവത്കരിക്കല്‍ എന്ന തത്വം അതിന്റെ എല്ലാ അര്‍ത്ഥത്തിലും താങ്കളുടെ സര്‍ക്കാര്‍ പിന്തുടരേണ്ടതുണ്ട്. അല്ലാത്ത പക്ഷം അനധികൃത പണത്തിന്റെ ശക്തിയോട് കടപ്പെട്ടിരിക്കുന്ന താങ്കളുടെ സര്‍ക്കാര്‍ അതിനെ സംരക്ഷിക്കുകയും ആശ്രിത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന നിരീക്ഷണത്തെ ഊട്ടിയുറപ്പിക്കും.

എന്ന്,
സീതാറാം യെച്ചൂരി
ജനറല്‍ സെക്രട്ടറി, സി പി എം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍