Top

‘ഉദാര തരംഗം’ യൂറോപ്പിനെ മൂടുമോ? ഇനി പ്രശ്നങ്ങള്‍ക്ക് ലളിത ഉത്തരം പോര

‘ഉദാര തരംഗം’ യൂറോപ്പിനെ മൂടുമോ? ഇനി പ്രശ്നങ്ങള്‍ക്ക് ലളിത ഉത്തരം പോര

ആനീ ആപ്പിള്‍ബൌം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

എന്നെങ്കിലും അതങ്ങനെയായിരുന്നോ എന്നെനിക്കുറപ്പില്ല, പക്ഷേ എല്ലാ രാഷ്ട്രീയവും ഇനി പ്രാദേശികമല്ല. ആശയങ്ങള്‍ രാജ്യാതിര്‍ത്തികള്‍ ലംഘിക്കുന്നു; രാഷ്ട്രീയ അടവുകള്‍ ഇന്റര്‍നെറ്റിലൂടെ പറക്കുന്നു; അതുപോലെ വാക്കുകളും പ്രയോഗങ്ങളും, തര്‍ജ്ജമയിലൂടെപ്പോലും. കുറച്ചുവര്‍ഷം മുമ്പ് ഹംഗറിയിലെ തീവ്ര-വലതുപക്ഷ കക്ഷിയായ ജോബിക് സ്ഥാപകരിലൊരാള്‍ എന്നോടു പറഞ്ഞത്, ആസ്ട്രിയയിലെ തീവ്ര-വലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ടി നടത്തിയ ഒരു പ്രകടനത്തില്‍ പങ്കെടുത്താണ് പ്രചോദിതനായതെന്നാണ്. ഇന്നിപ്പോള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ അതേ ജാഥ അയാള്‍ക്ക് യു ട്യൂബില്‍ കാണാം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പടിഞ്ഞാറന്‍ രാജ്യങ്ങളിലും ലോകത്താകെയും രാഷ്ട്രീയാശയങ്ങളുടെയും അടവുകളുടെയും പൊടുന്നനെയുള്ള വ്യാപനം ഉദാരവിരുദ്ധ ജനാധിപത്യക്കാരെ സഹായിച്ചിട്ടുണ്ട്. പ്രതിസന്ധികളുടെ ഒരു പടയും-യൂറോപ്പിലേക്കുള്ള കുടിയേറ്റം, സിറിയന്‍ യുദ്ധം, ഇസ്ലാമിക ഭീകരവാദം-സാമ്പത്തിക വിപണികളിലെ അനിശ്ചിതത്വവും അരക്ഷിതാവസ്ഥ ശരിക്കുമുണ്ടാക്കി. സാമൂഹ്യ മാധ്യമങ്ങളാകട്ടെ ഈ അരക്ഷിതാവസ്ഥയെ ശക്തമായ വികാരപ്രകടനങ്ങളിലൂടെ-അസൂയ, വെറുപ്പ്, സംശയം- അതിവേഗം ആളിക്കത്തിച്ചു. യു.എസ് മുതല്‍ ഫിലിപ്പന്‍സും, യൂറോപ്പും വരെ എല്ലായിടത്തും തെരഞ്ഞെടുപ്പുകളില്‍ ഇത്തരം പ്രചാരണ സംവിധാനങ്ങളും ട്രോള്‍ സേനയും ഇറങ്ങി.

ലളിതമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന നേതാക്കള്‍ക്ക് വലിയ പിന്തുണ ലഭിച്ചതായിരുന്നു ഇതിന്റെ ഫലം-“എനിക്കു മാത്രമേ ഇത് പരിഹരിക്കാനാകൂ’, ‘മയക്കുമരുന്ന് കടത്തുകാരെ പിടികൂടൂ,’‘വിദേശികളെ പുറത്താക്കൂ,’‘മതില്‍ കെട്ടൂ,’ തുടങ്ങിയവ. മറ്റൊരു കാലത്തിലും വ്യത്യസ്ഥമായ ഇടത്തിലും ഉടലെടുത്തതെങ്കിലും ‘വ്യക്തിപൂജ’ ഒരു ഡസന്‍ ജനാധിപത്യരാജ്യങ്ങളിലും, ഏതാണ്ട് ലോകം മുഴുവനും, പ്രയോഗിക്കാന്‍ തുടങ്ങി. പലര്‍ക്കും അനുയായികളെ കിട്ടി- യു.എസില്‍ ഡൊണാള്‍ഡ് ട്രംപ്, നെതര്‍ലാണ്ട്സില്‍ ഗീര്‍ട് വില്‍ഡേഴ്സ്, ഫ്രാന്‍സില്‍ മേരി ലീ പെന്‍. പലര്‍ക്കും അധികാരത്തിലേറാനായി. ചിലരെങ്കിലും അധികാരത്തിലെത്തിയപ്പോള്‍ ജനാധിപത്യത്തെക്കാളേറെ സ്വേച്ഛാധിപത്യത്തിന്റെ അടവുകള്‍ പ്രയോഗിച്ചു. സ്വതന്ത്ര രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ചിന്തകര്‍ എന്നിവരെ തുര്‍ക്കിയില്‍ അടിച്ചമര്‍ത്തുകയാണ്. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബാനോടു അടുപ്പമുള്ള ഭീമന്‍മാര്‍ മിക്ക മാധ്യമങ്ങളെയും സ്വന്തമാക്കിക്കഴിഞ്ഞു. ഭരണകക്ഷിയെ വിമര്‍ശിച്ച് നിരവധി ലേഖനങ്ങള്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്തെ അവസാനത്തെ പ്രതിപക്ഷ ദിനപ്പത്രമായ Nepszabadsag അടച്ചുപൂട്ടിക്കുകയും ചെയ്തു. പോളണ്ടില്‍ സര്‍ക്കാര്‍ ടെലിവിഷനെ ഭരണക്ഷിയുടെ പ്രചാരണ മാര്‍ഗമാക്കി മാറ്റിയിരിക്കുന്നു.ഓരോ സംഭവത്തിലും ‘ഉദാരവാദികളും’ ജനാധിപത്യാനുകൂല, യൂറോപ്യന്‍ അനുകൂല രാഷ്ട്രീയക്കാരിലെ ഭിന്നതയും തളര്‍ച്ചയും രാഷ്ട്രീയ ദൌര്‍ബല്യവും ഈ പുതിയ കക്ഷികളുടെ വിജയത്തെ വിശദീകരിക്കും. പക്ഷേ അവര്‍ക്ക് പരസ്പരം പാഠങ്ങള്‍ പഠിക്കാനാകുമോ?

യൂറോപ്പിലാകെ പുതിയ കക്ഷികള്‍-സാമൂഹ്യ ഉദാരവാദി, യൂറോപ്യന്‍ അനുകൂല, ജനപ്രിയതാവിരുദ്ധ കക്ഷികള്‍- ഈ ഉദാരതാവിരുദ്ധ തരംഗത്തിനെ ചെറുക്കാന്‍ രൂപംകൊള്ളുകയും പുതുക്കുകയും ചെയ്യുകയാണ്. അവരുടെ പ്രതിയോഗികളെപ്പോലെ അവര്‍ ‘വലതോ’, ‘ഇടതോ’ അല്ല. പക്ഷേ യുക്തിസഹവും, കാര്യക്ഷമവും, എതിരാളികളുടെ അന്യരോടുള്ള വെറുപ്പിനെയും ജനപ്രിയതട്ടിപ്പുകളെയും എതിര്‍ക്കുന്നവരും, ആളുകളെ ആകര്‍ഷിക്കുന്ന വ്യക്തികളുടെതല്ല, മറിച്ച് സംഘത്തിന്റെ പ്രതിനിധികളുമാണവര്‍. സ്പെയിനില്‍ Ciudadanos (പൌരന്‍മാര്‍ എന്നാണ് ആ വാക്കിനര്‍ത്ഥം) പ്രാദേശിക ദേശീയതക്കെതിരെ പിന്തുണ നേടിയത്, ‘കാറ്റലോണിയ എന്റെ ജന്‍മനാട്, സ്പെയിന്‍ എന്റെ രാജ്യം, യൂറോപ് എന്റെ ഭാവി’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്. പോളണ്ടില്‍ സ്വജനപക്ഷപാതത്തിനെതിരായ പ്രചാരണമാണ് Nowoczesna (ആധുനികം എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം) പിന്തുണ നേടിയത്.

കഴിഞ്ഞ രണ്ടാഴ്ച്ച ഇത്തരത്തിലെ വഴിത്തിരിവായിരുന്നു. ഹംഗറിയില്‍ ഭരണക്ഷിക്ക് പിന്തുണ ഉറപ്പാക്കാനും അന്യദേശക്കാരോടുള്ള വെറുപ്പിനെ ആളിക്കത്തിക്കാനും ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ ഒരു ഹിതപരിശോധന ബഹിഷ്കരിക്കാന്‍ ഭിന്നിച്ചുനിന്ന പ്രതിപക്ഷം ഒന്നിച്ചിറങ്ങി. വളരെ കൌശലത്തോടെ ഉണ്ടാക്കിയ ഹിതപരിശോധന ചോദ്യം, സര്‍ക്കാര്‍ നടത്തുന്ന വന്‍ പ്രചാരണം-കാല്‍ ലക്ഷം പരസ്യപ്പലകകളാണ് സര്‍ക്കാര്‍ ഇതിനായി രാജ്യത്തു സ്ഥാപിച്ചത്- അഭയാര്‍ത്ഥികള്‍ രാജ്യത്തു നടത്തിയ ബലാത്സംഗത്തിന്റെയും കൊലപാതകങ്ങളുടെയും കഥകള്‍ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളില്‍ നിറഞ്ഞു-ഇതെല്ലാം സിറിയന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെത്തിയ കുറച്ചായിരം അഭയാര്‍ത്ഥികള്‍ക്ക് താവളം നല്‍കരുതെന്ന് ഹംഗറിക്കാരെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിന്നവര്‍ക്ക് പ്രചാരണത്തിനായി സര്‍ക്കാര്‍ പണം നല്‍കിയില്ല. പക്ഷേ ഒക്ടോബര്‍ 2-നു ഭൂരിഭാഗം ഹംഗറിക്കാരും ഹിതപരിശോധന ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷാഹ്വാനം ചെവികൊണ്ടു. “തെറ്റിദ്ധരിപ്പിക്കുന്ന, കപടമായ ഒരു ചോദ്യം ഉത്തരം അര്‍ഹിക്കുന്നില്ല,” എന്നാണ് Egyutt (‘ഒരുമിച്ച്’ എന്നാണ് ആ വാക്കിനര്‍ത്ഥം) അദ്ധ്യക്ഷന്‍ വിക്ടര്‍ സീഗേടാവരി പറഞ്ഞത്. സര്‍ക്കാര്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു; പക്ഷേ കുറഞ്ഞ പങ്കാളിത്തം ഹിതപരിശോധനഫലത്തെ അസാധുവാക്കി.കക്ഷിരഹിത പൌരമുന്നേറ്റങ്ങളും ആളുകളെ പഴയ രാഷ്ട്രീയ രീതിയില്‍ നിന്നും മാറി ആളുകളെ ഒന്നിപ്പിക്കുന്നു. ഹംഗറിയിലെ ഹിതപരിശോധന കഴിഞ്ഞു ഒരു ദിവസത്തിന് ശേഷം പതിനായിരക്കണക്കിന് പോളിഷ് സ്ത്രീകള്‍ പോളണ്ടിലെ നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും കറുത്ത കുപ്പായമണിഞ്ഞു, ഗര്‍ഭച്ഛിദ്രത്തിന്റെ പേരില്‍ സ്ത്രീകളെ തടവിലിടാന്‍ അനുമതി നല്‍കുന്ന ഒരു നിയമത്തിനെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. തങ്ങള്‍ ഗര്‍ഭച്ഛിദ്രത്തെ ഇഷ്ടപ്പെടുന്നില്ലെങ്കിലും നിര്‍ദിഷ്ട നടപടി ഏറെ കര്‍ക്കശമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത പല സ്ത്രീകളും പറഞ്ഞു. ഏതാണ്ട് ഉടനെതന്നെ സര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയും ചെയ്തു.

ഒരു ‘ഉദാര തരംഗത്തെ’ക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ല. പക്ഷേ ഒരു രാഷ്ട്രീയ പുനര്‍വിന്യാസം നടക്കുന്നുണ്ട്. ഒരു രാജ്യത്തെ സംഭവ വികാസങ്ങള്‍ മറ്റൊരു രാജ്യത്തെ ബാധിക്കുന്നു. പോളണ്ടിലെ വിജയത്തില്‍ പ്രചോദിതരായിട്ടാകാം ഹംഗറിക്കാര്‍ ദിനപത്രം അടച്ചുപൂട്ടിയതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ലണ്ടനിലെ Ciudadanos ആരാധകര്‍ സമാനമായ കാര്യം ബ്രിട്ടനില്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ട്രംപ് തോല്‍പ്പിക്കപ്പെട്ടാല്‍- പ്രത്യേകിച്ചും അയാളെ തൂത്തെറിഞ്ഞാല്‍-അത് കൂടുതല്‍ ഉത്തേജനമുണ്ടാക്കും. സമഗ്രാധിപത്യം അതിന്റെ ആഗോള ആകര്‍ഷണീയത നിലനിര്‍ത്തുന്നു, അതേപോലെ അതിന്റെ എതിരാളികളും.


Next Story

Related Stories