TopTop
Begin typing your search above and press return to search.

പരീക്ഷകളും ഫെസ്റ്റുകളും സപ്ലികളും വാഷ്ഔട്ടുകളുമായുള്ള ജീവിതം

പരീക്ഷകളും ഫെസ്റ്റുകളും സപ്ലികളും വാഷ്ഔട്ടുകളുമായുള്ള ജീവിതം

എ കെ ആദിത്യ

ഇതൊരു അനുഭവത്തിന്റെ നേര്‍ കാഴ്ചയാണ്. തീരെ ചെറുതല്ലാത്ത നാല് വര്‍ഷങ്ങളുടെ, 1,460 ദിവസങ്ങളുടെ, 35,040 മണിക്കൂറുകളുടെ, ബ്രേക്കിട്ടു പാതിവഴിയില്‍ നിരത്തുന്ന സ്വപ്നങ്ങളുടെ...

പ്ലസ്ടുവിന് സയന്‍സ് തെരഞ്ഞെടുത്തില്ല എങ്കില്‍ ചോദ്യമാണ് 'എന്തേ എന്‍ട്രന്‍സ്എഴുതുന്നില്ലേ? ഹയര്‍ ഓപ്ഷനില്‍ സയന്‍സ് ഉണ്ടല്ലോ അല്ലെ? ' ഇതിനെല്ലാം റെഡിമെയിഡ് ഉത്തരം പറയുക അസാധ്യമായതു കൊണ്ട് നൂറില്‍ എണ്‍പത് പേരും സയന്‍സ് തന്നങ്ങു തെരഞ്ഞെടുക്കും. അപ്പോളാണ് അടുത്ത ചോദ്യം 'എന്‍ട്രന്‍സ് കോച്ചിങ്ങിനു പോയിത്തുടങ്ങിയോ? പ്ലസ്ടു മുതല്‍ പോയാല്‍ മതിയെന്ന് ഒരുപക്ഷം, അതല്ല അടിസ്ഥാനം അടിയുറക്കാന്‍ പ്ലസ്‌വണ്‍ മുതല്‍ പോകണമെന്ന് അടുത്തപക്ഷം. ഒടുവില്‍ സൂര്യനുദിക്കും മുന്‍പേ ഓടിത്തളര്‍ന്നു ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ശീതളിമയില്‍ ബാക്കിയുറക്കം! ലാബും റെക്കോര്‍ഡും എഴുത്തും, കലോല്‍സവങ്ങളും എല്ലാം കഴിഞ്ഞു ദീര്‍ഘമായ നെടുവീര്‍പ്പിടുമ്പോള്‍ ആണ് സന്തോഷത്തിന്റെ പനിനീര്‍പ്പൂക്കളും ആയി പൊതുപരീക്ഷ ടൈംടേബിള്‍ എത്തുന്നത്. (ഇതിനിടയില്‍ എന്‍ട്രന്‍സ് എക്‌സാമിന്റെ ഫോം കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് ഓഫീസില്‍ വെരിഫിക്കേഷനുള്ള ഊഴവും കാത്തിരിക്കയാകും കേട്ടോ). ചില നേരങ്ങളില്‍ ഓട്ട പാച്ചിലിനിടയില്‍ ഒന്ന് കരഞ്ഞാലോ എന്ന് ചിന്തിക്കുമ്പോള്‍ ആകും അമ്മയുടെ വരവ് ഒപ്പം ഒരാശ്വാസവാക്കും... 'മോള്‍ക്ക് ഇനി ഇങ്ങനെ കഷ്ടപ്പെടണ്ടല്ലോ, പ്ലസ്ടു കഴിഞ്ഞാല്‍ എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍... അതിനല്ലേ ഈ കഷ്ടപ്പാട് ' നമ്മളും 17 വയസ്സിന്റെ പൊട്ട ബുദ്ധിയില്‍ അതങ്ങ്ശരിവക്കും. ദിവസങ്ങളും ആഴ്ചകളും അങ്ങനെ എണ്ണി തിട്ടപ്പെടുത്തി മുന്നോട്ട് പോകും. എന്‍ട്രന്‍സ് യുദ്ധവും അങ്ങനെ തീരും.മിനിമം മാര്‍ക്ക് വേണമോ വേണ്ടയോ, നെഗറ്റീവ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്കും അഡ്മിഷന്‍! സ്വാശ്രയ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു, ഫ്രീയായും സ്‌കോളര്‍ഷിപ്പോടു കൂടിയും എഞ്ചിനീയറിംഗ് പഠിപ്പിക്കാന്‍ മത്സരരംഗം സജ്ജമായിക്കഴിഞ്ഞു. ഒപ്പം ഗവണ്‍മെന്റിന്റെ ദീന രോദനവും. സ്‌കൂളിലെ ഈ ഞെരുങ്ങിയമര്‍ന്ന അന്തരീക്ഷം 'ഹാപ്പി ഡെയ്‌സ്' സിനിമകളില്‍ കാണാറുള്ള എഞ്ചിനീയറിംഗിന്റെ വര്‍ണ്ണപ്പൊലിമ തുളുമ്പി നില്ക്കുന്ന കോളേജുകളിലേക്ക് എത്തിനോക്കാന്‍ നമ്മെ പ്രേരിപ്പിക്കും. പക്ഷെ ആദ്യം വാതിലില്‍ പോയി നിന്നാല്‍ ആദ്യം അഡ്മിഷന്‍ കിട്ടില്ലല്ലോ. 1939 മുതല്‍ അഭിമാന സ്തംഭമായി നിലകൊള്ളുന്ന സിഇടിയിലേക്ക് തന്നെയാകും നമ്മളൊക്കെയും എത്തിനോക്കിയത്.

ആരും മുഖം ചുളിക്കരുത്, അത്രയ്ക്ക് ഹാപ്പ്യോന്നും അല്ല ഈ പറഞ്ഞ 1460 ദിവസങ്ങള്‍! ആദ്യമായി കോളേജില്‍ എത്തിയ ആവേശം, പഠിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സ് (ചിരിക്കരുത്, ആദ്യവര്‍ഷം നമ്മളും ഇങ്ങനൊക്കെ തന്നെയായിരുന്നു). പത്തു ടെക്സ്റ്റ് ബുക്കുകളും മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകളും മാറോടണക്കി, സീനിയേഴ്‌സിനെ കാണുമെന്ന ഭയത്തോടെ, ലൈബ്രറിയിലേക്ക് അന്ധാളിപ്പോടെ കയറിയ ആ ദിവസം ഇന്നുമെന്റെ ഓര്‍മയിലുണ്ട്. ഗ്രാഫിക്‌സ് പരീക്ഷയുടെ തലേ ദിവസം ഒഴുകിയിറങ്ങിയ കണ്ണീര്‍ ചാലുകള്‍, ഇലക്ട്രിക്കല്‍ പരീക്ഷക്ക് SMPSന്റെ പൂര്‍ണരൂപം മറന്നുപോയപ്പോള്‍ സ്വയം പഴിച്ചത്, ഒക്കെയും പോരാഞ്ഞിട്ട് വാലന്‍റൈന്‍സ് ദിനത്തില്‍ ആദ്യമായി റോസാപ്പൂ തന്ന ചെക്കനെ, തുറിച്ചു നോക്കി വീട്ടിലെത്തിയിട്ട് വൈകുവോളം അവനെ മനസ്സില്‍ ചീത്ത പറഞ്ഞത്. അങ്ങനെയങ്ങനെ നീളുന്നു അനന്തമായി ഒന്നാം വര്‍ഷ ഓര്‍മ്മകള്‍. കിന്റെര്‍ ഗാര്‍ട്ടന്‍ സമീപനമുള്ള എഞ്ചിനീയറിംഗ് കോളേജുകളുടെ സ്ഥിതി ഇങ്ങനെയാകണമെന്നില്ല എന്ന നഗ്‌ന സത്യം ഞാന്‍ മറച്ചു വയ്ക്കുന്നില്ല.രണ്ടാം വര്‍ഷത്തില്‍ നമ്മള്‍ സീനിയേഴ്‌സ് ആണ്. ഒന്നാം വര്‍ഷത്തിലെ തെറ്റുകളെല്ലാം രണ്ടാം വര്‍ഷത്തിലെ ശരികളായി മാറും. യഥേഷ്ടം ക്ലാസ്സ് കട്ട് ചെയ്തു കാറ്റ് കൊണ്ടിരിക്കാം. ലൈബ്രറിയില്‍ വെറുതെ കയറാം, കാന്റീനിലും പൂര്‍ണ സ്വാതന്ത്ര്യം.

ആനന്ദ തുന്ദിലമായ നാളുകള്‍ മനസ്സിലൂടെ തളിര്‍ത്തു പാകപ്പെട്ടു വരുമ്പോളേക്കും മൂന്നാം സെമസ്റ്ററിന്റെ സീരീസ് ടെസ്റ്റ് ഓടുന്ന ട്രാക്കില്‍ മുന്‍പേ എത്തും. ഒപ്പം ഒന്നാം വര്‍ഷ റിസള്‍ട്ട്! ഗദ്ഗദങ്ങള്‍ ഓരോ ദിക്കില്‍ നിന്നും ഉയരുന്നു. ഇനി മറ്റു ചിലര്‍ക്കാകട്ടെ സമാധാനത്തിന്റെ മേച്ചില്‍ പുറങ്ങള്‍.

പരിചിതങ്ങളായ കുറെ വാക്കുകള്‍ അത് എഞ്ചിനീയറിംഗിനു മാത്രം സ്വന്തം. 'സപ്ലി', വാഷ് ഔട്ട് (സമ്പൂര്‍ണ പരാജയത്തെ സൂചിപ്പിക്കുന്നു) എന്നിങ്ങനെ നീളുന്നു ആ നിര. ഏറ്റവും ഒടുവില്‍ 'ഈ സെമസ്റ്റര്‍ ഇങ്ങനെ പോയി അടുത്തതെങ്കിലും ആദ്യമേ പഠിക്കണം, പഠിക്കും തീര്‍ച്ച.' ദൈവം പോലും ഇപ്പൊ ഈ വാക്കുകള്‍ കേട്ട ഭാവം കാണിക്കാറില്ല, എന്താണാവോ കാരണം?

പത്തൊന്‍പതും ഇരുപതും വയസുള്ള ഈ യുവരത്‌നങ്ങള്‍ പരീക്ഷയെഴുതാന്‍ വേണ്ടി ജനിച്ചവരാണ്. പണ്ടൊക്കെ സെമസ്റ്റര്‍ ആറു മാസമായിരുന്നെങ്കില്‍ ഇന്നത് രണ്ടും മൂന്നും മാസമായി നിജപ്പെടുത്തിയിരിക്കുന്നു. നാല് വര്‍ഷത്തിനിടയ്ക്ക് 66 പേപ്പര്‍ ആണ് എഴുതിയെടുക്കേണ്ടത്. മൊത്തമുള്ള 66 പേപ്പറില്‍ 58 ഉം പോയി , മേലോട്ട് നോക്കി ഇരിക്കുന്നവരും ഉണ്ട്. രണ്ടാം വര്‍ഷവും ജനശതാബ്ദി പോലെ പാഞ്ഞങ്ങു പോകും. പക്ഷെ ഇത്തവണ ഇന്റേണല്‍ മാര്‍ക്കുകളില്‍ അദ്ധ്യാപകര്‍ കടന്നാക്രമണം നടത്തും. ഒടുവില്‍ നോട്ടീസ് ബോര്‍ഡിലെ ലിസ്റ്റില്‍ കറുത്തതും ചുവന്നതുമായ അക്ഷരങ്ങള്‍ക്കിടയ്ക്കു നമ്മുടെ പേരിനു ഭംഗി കൂടുന്നുണ്ടല്ലോ എന്നറിയുമ്പോള്‍ മാത്രമാണ്, അതിനെപ്പറ്റിയുള്ള അന്വേഷണം ആരംഭിക്കുന്നത്. ഇല്ലാത്ത ഡ്യൂട്ടി ലീവും ഇന്റേര്‍ണ്‍ഷിപ്പ് ഫോമും കാണിച്ചു അറ്റെന്‍ഡന്‍സ് ഒപ്പിക്കാം. പക്ഷെ സമയം ഒത്തിരി അതിക്രമിച്ചിട്ടുണ്ടാകും. പരീക്ഷ വരാറായി. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഉറ്റ തോഴരാണ് ഫോട്ടോസ്റ്റാറ്റ് കടയിലെ ചേട്ടന്മാരും ചേച്ചിമാരും. കാരണം കുടുംബത്തിലെ സകലതും വിറ്റുപെറുക്കിയാലും തീരാത്തത്ര ഫോട്ടോസ്‌റാറ്റ് എടുക്കുമ്പോള്‍ ചങ്ങാത്തം കൂടിയില്ലെങ്കിലുള്ളൂ.ഏറ്റവും നിര്‍ണായകമായ മൂന്നാം വര്‍ഷമെത്തുകയായി. കുറച്ചു ജാഡയൊക്കെ അധികമായി കാണിക്കാനുള്ള സമയമാണ്. കാരണം നമുക്ക് താഴെ രണ്ട് കാലഘട്ടത്തിലെ ജൂനിയേഴ്‌സ് ഉണ്ടല്ലോ (റാഗിംഗ് അല്ല ഞങ്ങളുടെ ഉദ്ദേശം!). ഈ വര്‍ഷം ഞങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പദം 'മാസ്സ് ബംഗ്' ആണ് (ക്ലാസ്സ് മൊത്തതോടെയുള്ള കട്ട് അടിക്കല്‍!). ഈ വര്‍ഷം ഫെസ്റ്റുകളുടേയും കളികളുടേയും ഒക്കെയാണ്. അങ്ങനെ സര്‍വസേനയോടും കൂടി കാഹളം മുഴക്കി രസീത് കുറ്റികളുമായി ഓടി നടന്നു സ്‌പോണ്‍സര്‍ഷിപ്പ് പിടിച്ചു ഗംഭീരമായി തന്നെ ഫെസ്റ്റ് നടത്തും. ഒരു മനുഷ്യനും ഉച്ചരിക്കാനാവാത്ത വിധം പേര് ഫെസ്റ്റിനിടുന്നവരത്രേ കേമന്മാര്‍. ഫെസ്റ്റിന്റെ ഓവറോള്‍ ട്രോഫിയും നേടി ആ സ്റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ കുരുക്ഷേത്രയുദ്ധം വിജയിച്ച പ്രതീതിയാണ്. പക്ഷെ ഇനിയാണ് രസം, ഫെസ്റ്റ് ആയതു കാരണം സിലബസ് ഒന്നും നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല പക്ഷെ യുണിവേഴ്‌സിറ്റിക്കു ഇത് വല്ലതും അറിയണോ? അവരങ്ങ് പരീക്ഷാ ടൈം ടേബിള്‍ പുറപ്പെടുവിക്കും. ഇതോടു കൂടി നമ്മള്‍ നൂതന ടെക്‌നോളജിയിലേക്ക് പ്രവേശിക്കുകയായി . NPTEL , e .tuition .കോം തുടങ്ങിയ സൈറ്റുകളെ അഭിനിവേശത്തോട് കൂടി സമീപിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഞങ്ങള്‍ തന്നെയാണ്.

വിടപറയാന്‍ ഒരുങ്ങുന്ന അവസാന വര്‍ഷമെത്തുകയായി. ഈ വര്‍ഷം നമ്മള്‍ നേരിടുന്ന ഒരു ചോദ്യമുണ്ട് 'പ്ലേസ്‌മെന്റ് എവിടെയാ? 'ഹെന്റമ്മോ!ഒരു ഇരുന്നൂറു പേരോട് പറയാനുള്ള മറുപടി ഇപ്പോഴേ കരുതിവയ്ക്കണം. ജീവിതത്തില്‍ ഇന്നോളം ഒരു സദസ്സിനെ അഭിമുഖീകരിക്കാത്തവര്‍ക്കു സെമിനാര്‍, പ്രൊജക്റ്റ് കള്‍... എന്നിങ്ങനെ എന്തെല്ലാം വൈവിധ്യത്തിന്റെ നൂലാമാലകളാണ് എഞ്ചിനീയറിംഗ് സമ്മാനിക്കുന്നത്. ഇതൊക്കെ കഴിഞ്ഞു ഞങ്ങളുടെ തലമുറ അല്‍പനേരം ഫേസ്ബുക്കിനു മുന്നിലിരുന്നാല്‍ ശകാരവര്‍ഷം!വാട്‌സ് ആപ്പിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്താല്‍ നൂറായിരം ചോദ്യങ്ങള്‍.

ചോദ്യങ്ങള്‍ നേരിടാന്‍ ഇനിയും ധാരാളം പേര്‍ ഈ വഴിയിലൂടെ എന്‍ട്രന്‍സും തെളിച്ചു കൊണ്ടു വരും.

(തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആദിത്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories