TopTop
Begin typing your search above and press return to search.

ഇസ്ലാമോഫോബിയയുടെ കാലത്ത് ഒരു അമേരിക്കന്‍ മുസ്ലീം പെണ്‍കുട്ടിയുടെ ജീവിതം

ഇസ്ലാമോഫോബിയയുടെ കാലത്ത് ഒരു അമേരിക്കന്‍ മുസ്ലീം പെണ്‍കുട്ടിയുടെ ജീവിതം

ആന്‍ ഹള്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

രണ്ടു കൈകള്‍, ഒരു സെയ്ഫ്ടി പിന്‍, രണ്ടു മൊട്ടു സൂചികള്‍, ഇതുമതി ഒരു രണ്ടാംമുണ്ടിനെ ഒരു ശിരോവസ്ത്രമാക്കി (ഹിജാബ്) മാറ്റാന്‍. കാറ്റ് വീശുന്നുണ്ടെങ്കില്‍ മൂന്നു സൂചികള്‍. നിറയെ തലയില്‍ കെട്ടാന്‍ പാകത്തില്‍ തുണികളുള്ള ആ മുറിയില്‍ വായിലൊരു മൊട്ടുസൂചിയുമായി നിലക്കണ്ണാടിക്ക് മുന്നില്‍ നിന്നു. അവളുടെ നീളന്‍മുടി ആദ്യം അപ്രത്യക്ഷമായി, പിന്നെ കഴുത്തും. മൈറ ഒന്നുകൂടി ചെരിഞ്ഞും തിരിഞ്ഞും നോക്കി, തന്റെ മുടി ഒട്ടും പുറത്തുകാണുന്നില്ലെന്ന് ഉറപ്പാക്കാന്‍.

ഓരോ വസ്ത്രത്തിനും വെവ്വേറെ തുണിയുണ്ട് തലയിലിടാന്‍. ചിലതിടുമ്പോള്‍ അവളുടെ അമ്മ ദേഷ്യപ്പെടും, “നീ ഒരാണ്‍കുട്ടിയെപ്പോലെയിരിക്കുന്നു.!” പക്ഷേ തന്റെ വലിയ സണ്‍ ഗ്ലാസുമായി അത് നല്ലവണ്ണം യോജിക്കുന്നുവെന്ന് മൈറ കരുതുന്നു.

“എനിക്കൊരിക്കലും മതത്തിന്റെ ചിട്ടയിലുള്ള ഒതുങ്ങിക്കൂടിയ ഒരു പെണ്‍കുട്ടിയാകേണ്ട.”

ശിരോവസ്ത്രം മാറ്റിയാല്‍ അവള്‍ മാതാപിതാക്കളും, രണ്ടു ഇളയ സഹോദരങ്ങളും, മുത്തച്ഛനുമൊത്തു കഴിയുന്ന ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണ്. ഇളയ അനുജത്തിയെ നീന്തലിന് ശേഷം വിളിച്ചുകൊണ്ടുവരുന്നതില്‍ അല്പമൊക്കെ വിമ്മിട്ടമുള്ളവള്‍. അച്ഛന്‍ നടത്തുന്ന ഉപയോഗിച്ച കാറുകളുടെ വില്‍പ്പനക്കടയില്‍ ചില്ലറ ജോലിയൊക്കെ ചെയ്യുന്ന ഒരു 21-കാരി. പരീക്ഷക്ക് പടിക്കാതെ ടി വി കാണുന്ന ഒരു വിദ്യാര്‍ത്ഥിനി.

ശിരോവസ്ത്രം ധരിച്ചാല്‍ അവളുടെ രാജ്യം അവളെ ഒരു ശിരോവസ്ത്രത്തിനുള്ളിലെ മുസ്ലീമായാണ് അവളെ കാണുന്നത്. പഴ്സും താക്കോലുമെടുത്ത് പുറത്തിറങ്ങുമ്പോള്‍ പതിവുചോദ്യങ്ങളെന്തോക്കെയെന്ന് അവള്‍ക്കറിയാം.

“ഉറങ്ങുമ്പോഴും ഇത് ധരിപ്പിക്കാറുണ്ടോ?”
“ഇത് നിലം തൊടാന്‍ അനുവദിക്കുമോ?”
“ഇതിട്ടാല്‍ ഞാന്‍ പറയുന്നതു കേള്‍ക്കാമോ?”
“ഇത് വിദേശത്തു നിന്നാണോ വരുന്നത്?”ആവര്‍ത്തനമെങ്കിലും അവള്‍ ഒരേ ഉത്തരങ്ങള്‍ നല്കുന്നു. പരമാവധി വിനയത്തോടെയും, കാര്യങ്ങള്‍ അറിയിക്കാനും ശ്രമിച്ചുകൊണ്ട്. മുസ്ലീങ്ങളെക്കുറിച്ചുള്ള അടിസ്ഥാനവിവരത്തിന്റെ അഭാവം പലപ്പോഴും മൈറയെ നിരാശപ്പെടുത്തുന്നു. അതും അമേരിക്കയിലെ ടെലിവിഷന്‍ നിലയങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന വിഷയ്ത്തില്‍ മുഴുകിയ ഈ വര്‍ഷത്തില്‍. ഒരു ദിവസം അവളൊരു കവലയില്‍ നില്‍ക്കവേ ഒരു സ്ത്രീ അവരുടെ കാറിന്റെ ചില്ലുതാഴ്ത്തി അലറി, “നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോ.” അതുപോലൊന്ന് അതിനുമുമ്പ് ഉണ്ടായിട്ടില്ല. മൈറ വല്ലാതെ ഭയപ്പെട്ടു. പിന്നെ ദേഷ്യം വന്നു. ഞാനെന്റെ സ്വന്തം രാജ്യത്താണെന്ന് തിരിച്ചാക്രോശിക്കണമായിരുന്നു എന്ന് അവള്‍ക്ക് തോന്നി.

“ഞാനൊരു മുസ്ലീമാണ്, എന്നോടൊരു ചോദ്യം ചോദിക്കൂ,” എന്നെഴുതിയ ഉടുപ്പില്‍ കുത്തുന്ന ചെറിയൊരു കുടുക്ക് ധരിക്കാന്‍ തുടങ്ങി അവള്‍. പക്ഷേ ഇസ്ലാമിക് സ്റ്റേറ്റിനെയും അത് പറയുന്നതരം ആശയങ്ങളെയും താന്‍ വെറുക്കുന്നുവെന്ന്‍ പലതവണ പറഞ്ഞിട്ടും ആളുകള്‍ തൃപ്തരാകുന്നില്ല. ഓരോ പുതിയ ഭീകരാക്രമണവും ഇതിനെ കൂടുതല്‍ വഷളാക്കി. പാരീസിലെ ജിഹാദി അക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം ഒരു കൌണ്ടി കമ്മീഷണര്‍ ഒരു പൊതുയോഗത്തില്‍ വെച്ച് ഏറെക്കാലം താന്‍ രാഷ്ട്രീയശരി പാലിക്കുകയായിരുന്നു എന്നുപറഞ്ഞുകൊണ്ടു, മുഹമ്മദ് എന്നുപേരുള്ള കുറ്റവാളികളുടെ ചിത്രങള്‍ കാണിക്കാന്‍ തുടങ്ങി. റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മോഹിയായ ഡൊണാള്‍ഡ് ട്രംപ് മുസ്ലീങ്ങള്‍ യു.എസില്‍ കടക്കുന്നത് നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യത്തെ 25% അതിനെ പിന്തുണക്കുകയും ചെയ്തു.

അപ്പോഴെല്ലാം തന്റെ കിടപ്പുമുറിയില്‍ നൂറോളം ശിരോവസ്ത്രങ്ങളുമായി താന്‍ 2 വയസുമുതല്‍ ജീവിക്കുന്ന നഗരത്തില്‍ കഴിയുകയായിരുന്നു മൈറ.

2050 ആകുമ്പോഴേക്കും അമേരിക്കയില്‍ കൃസ്ത്യാനികള്‍ക്ക് പിന്നില്‍ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമാകും മുസ്ലീങ്ങള്‍. മറിയയുടെ പ്രായത്തിലുള്ളവരാണ് ആ മാറ്റത്തിനെ നിശ്ചയിക്കുന്നത്. അവരുടെ ജീവിതകാലത്ത് നേരിടുന്ന ഏറ്റവും മോശമായ ഇസ്ലാമോഫോബിയയായിരിക്കും അമേരിക്കയുമായുള്ള അവരുടെ ബന്ധം നിശ്ചയിക്കുക.

അവര്‍ രൂപപ്പെടുത്തുന്ന മറ്റൊരു ബന്ധം ഇസ്ലാമുമായാണ്. “എല്ലാ ദിവസവും ഞാന്‍ രതിമൂര്‍ച്ഛ ആവശ്യപ്പെടുന്നു” എന്നു മാസികകളില്‍ അടിച്ചുവരുന്ന ഒരു രാജ്യത്തു മതനിഷ്ഠ അത്ര എളുപ്പമല്ല. അതിലാര്‍ക്കും പരാതിയുമില്ല. കൊച്ചുമകളുമൊത്ത് അത് കാണുന്ന അമ്മൂമ്മയ്ക്കും. അവരെല്ലാം തുറിച്ചുനോക്കുന്നത് ശിരോവസ്ത്രമിട്ട മൈറയെയാണ്.തുറിച്ചുനോട്ടങ്ങള്‍ അവള്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ മാസികകള്‍ നോക്കാറില്ല. പാകിസ്താനില്‍ നിന്നും കുടുംബത്തോടൊപ്പം എത്തിയതില്‍പ്പിന്നെ 19 വര്‍ഷമായി അവള്‍ യു എസിലാണ്. “ഞാന്‍ ഇതിനൊപ്പമാണ് വളര്‍ന്നത്.”

കൂടുതല്‍ ഉള്‍ച്ചേരരുതെന്ന് അവളുടെ ഇമാം താക്കീതു നല്‍കാറുണ്ട്. ഉമ്മയും അതുതന്നെ പറയും. എന്നാല്‍ മൈറയുടെ അച്ഛന് മകള്‍ ശിരോവസ്ത്രം/ഹിജാബ് ധരിക്കുന്നതിനോട് യോജിപ്പില്ല. “കൂടുതല്‍ വളരൂ. ഇത് അമേരിക്കയാണ്,” അവസരങ്ങളുടെ നാടിനെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കവേ അയാള്‍ പറയും. സ്വന്തം വഴിക്ക് പോകാനാണ് മൈറയ്ക്ക് ഇഷ്ടം.

ഒരു ദിവസം സന്ദേശം വന്നു: രാത്രി 7 മണിക്ക് കബാബ്സില്‍. മൂന്നു കാറുകള്‍ എത്തും വരെ ആ ഭക്ഷണശാല ഏതാണ്ട് കാലിയായിരുന്നു. “ഫോട്ടോയെടുക്ക്”ഒരാള്‍ ഉറക്കെപ്പറഞ്ഞു. മൈറ ക്യാമറയെടുത്തു. “അടുത്തുനില്‍ക്കിന്‍,” അവള്‍ പറഞ്ഞു. എല്ലാവരും തിങ്ങിനിന്നു. ലിപ്സ്റ്റിക്കിട്ട ചിരികളും 5 ഹിജാബുകളും.

ഇസ്ലാമിക് വിദ്യാലയം മുതല്‍ മൈറയുടെ സുഹൃത്തുക്കളാണവര്‍. വിചിറ്റയിലെ മുസ്ലീം ജനസംഖ്യ അവരുടെ കുട്ടിക്കാലത്തേതിനേക്കാള്‍ വളര്‍ന്ന് 9,000ത്തില്‍ എത്തിയിരിക്കുന്നു. 1980-കളില്‍ നഗരത്തില്‍ ആസ്ഥാനമാക്കിയ ബോയിങ്, സെസ്ന, തുടങ്ങിയ വ്യോമയാന കമ്പനികള്‍ സാങ്കേതിക വിദഗ്ധരെ തേടുന്ന സമയമായിരുന്നു അത്. ഇപ്പോള്‍ Costco-യില്‍ ഹലാല്‍ ഇറച്ചി കിട്ടും. ഒരു ചെറിയ പള്ളി ഇന്നിപ്പോള്‍ വലിയ മിനാരത്തോടുകൂടിയ എട്ടേക്കര്‍ സമുച്ചയമാണ്. ശരിയാ വിരുദ്ധ നിയമം ആദ്യം അംഗീകരിച്ച സംസ്ഥാനങ്ങളിലൊന്നു കന്‍സാസ് ആയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അസ്വസ്ഥതകള്‍ നടക്കും വരെ വിചിറ്റ സമാധാനപരമായ ഒരു നഗരമായാണ് മൈറയും കൂട്ടുകാരും കണക്കാക്കിയിരുന്നത്.

മക്കളുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. പക്ഷേ 5-ല്‍ കണ്ടുമുട്ടിയ ആ പെണ്‍കുട്ടികള്‍ ഇപ്പോള്‍ കോളേജ് കഴിയാറായി. വിശ്വാസികളായ മുസ്ലീങ്ങള്‍ എന്ന നിലക്ക് അവര്‍ മദ്യം, മയക്കുമരുന്ന്, വിവാഹപൂര്‍വ ലൈംഗികബന്ധങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കണം. ഖുര്‍ ആന്റെ മറ്റ് ഭാഗങ്ങള്‍-ആണ്‍ നോട്ടം ആകര്‍ഷിക്കാതിരിക്കാനുള്ള സ്ത്രീകളുടെ ഉത്തരവാദിത്തം പോലുള്ളവ-അവരുടെ അമേരിക്കന്‍ വ്യാഖ്യാനത്തിന് വിധേയമാണ്.

“എന്തിനാണ് സൌന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതെന്ന് ചോദിച്ചാല്‍ അത് നിശ്ചയിക്കേണ്ടത് നിങ്ങളല്ല എന്നു ഞാന്‍ പറയും,” കന്‍സാസ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി റാബ്യ അഹമ്മദ് പറഞ്ഞു. “നിങ്ങളുടെ ഭാഗം ശരിയാക്കൂ, നോട്ടം താഴ്ത്തൂ.”

കന്‍സാസ് സര്‍വകലാശാലയില്‍ ഒരു മുസ്ലീം ആയിരിക്കുന്നതിലെ ഒറ്റപ്പെടലും ‘നിന്നെപ്പോലുള്ള ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാനാണ് ഇഷ്ടമെന്ന്’ പറയുന്ന അടക്കമുള്ള ഭാര്യയെ ആഗ്രഹിക്കുന്ന കുഴപ്പക്കാരായ വെള്ളക്കാരായ ആണ്‍കുട്ടികളെയും കുറിച്ചു കൂട്ടുകാരികള്‍ പറയുന്നു.

മൈറ അതെല്ലാം കേള്‍ക്കുകയാണ്. അക്കൂട്ടത്തില്‍ ബിരുദത്തിനുശേഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ധാരണയില്ലാത്ത ഒരാള്‍ താന്‍ മാത്രമാണു എന്നതിനെക്കുറിച്ച് അവള്‍ മറക്കാന്‍ ശ്രമിച്ചു. വിചിറ്റ സര്‍വകലാശാലയിലെ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനയുടെ അധ്യക്ഷകൂടിയാണവള്‍. സമ്മര്‍ദമുള്ള പണിയാണ്. ഒറ്റക്കായിരിക്കവേ അവള്‍ ഉറക്കെ ദൈവത്തോട് ശക്തിതരാന്‍ പ്രാര്‍ത്ഥിക്കും. അതുമതിയായില്ലെങ്കില്‍ പുലര്‍ച്ചെ 2:30-നു Candy Crush കളിക്കും.

“മൈറ നീ എപ്പഴെങ്കിലുമൊക്കെ ഒന്നുറങ്ങണം,” മേശക്കപ്പുറത്തുനിന്നും ഒരു സുഹൃത് വിളിച്ചുപറഞ്ഞു.

അവരെല്ലാം സമ്മര്‍ദത്തിലാണ് എന്നതാണു വസ്തുത.“ഒരു മുസ്ലീം കുട്ടിക്ക് തെറാപ്പി വേണ്ടിവന്നാല്‍ മറുപടി, “ഓ, പോയി പ്രാര്‍ത്ഥിക്ക്’ എന്നാണ്,” മനശാസ്ത്ര വിദ്യാര്‍ത്ഥി മഹാ മാഡി പറഞ്ഞു. “എപ്പോഴും ഉത്തരം പ്രാര്‍ത്ഥനയാണ്. മാനസികാരോഗ്യം എന്താണെന്ന് ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് മനസിലായിട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ക്ക് തെറാപ്പിയെക്കുറിച്ചറിയാം.”

“എന്റെ അച്ഛനുമമ്മയും രണ്ട് തരക്കാരാണ്. കാനഡയില്‍ നിന്നും വന്നപ്പോള്‍ ഞാനൊരു ‘പലസ്തീന് സ്വാതന്ത്ര്യം’ എന്നെഴുതിയ ഒരു കുപ്പായമിട്ട്. എന്റെ അമ്മ അതിടരുതെന്ന് പറഞ്ഞു. അച്ഛന്‍ പറഞ്ഞു, അവളതിട്ടോട്ടെ”

വീട്ടില്‍ അവള്‍ തന്റെ ചില ചിത്രങ്ങളൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടുന്നു. ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു പുരോഹിതന്‍ അതൊക്കെ ഹറാമാണ് എന്നുപറഞ്ഞു വിലക്കുന്നതു വ്യാപകമായി പ്രചരിച്ചിരുന്നു. പോയി തുലയാനാണ് അവള്‍ പറഞ്ഞത്.

തന്റെ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി വിരുന്നില്‍ മൈലാഞ്ചിയിട്ടുകൊടുക്കാന്‍ പോയാല്‍ അവള്‍ അപ്രത്യക്ഷയായതുപോലെയാണ് എന്നു പറയാം. മുസ്ലീം, ഹിന്ദു കല്യാണങ്ങള്‍ക്ക് അവള്‍ മൈലാഞ്ചിയിടാന്‍ പോകും. കുറച്ചു പോക്കറ്റ് മണി. ഒരുദിവസം ഒരു പരിചയക്കാരി വിളിച്ചപ്പോള്‍ അവള്‍ കരുതിയത് തുര്‍ക്കി പെണ്ണുങ്ങളുടെ വിരുന്നാണെന്ന്.

മൈലാഞ്ചി സഞ്ചിയുമായി അവള്‍ ആ പാര്‍പ്പിടസമുച്ചയം കയറി. ഒരു ഹുക്ക കുഴല്‍ ഇരിക്കുന്നു. തുര്‍ക്കി വധുവിന്റെ ലക്ഷണമൊന്നുമില്ല. കറുത്ത കുപ്പായമിട്ട കുറെ പെണ്ണുങ്ങള്‍. ‘ഹെയ്’ അവളെ കണ്ട വഴി ആരോ വിളിച്ചു. മൈലാഞ്ചിയിട്ട് പുറത്തുപോകാനിരുന്ന ബിരുദവിദ്യാര്‍ത്ഥിനികളായിരുന്നു. അവള്‍ പണി തുടങ്ങുന്നതിനിടക്ക് ഒരു കുപ്പി മദ്യം പ്രത്യക്ഷപ്പെട്ടു. ‘നന്ദി എനിക്കു വേണ്ട’ അവള്‍ പറഞ്ഞു. താന്‍ പടിക്കുകയാണെന്നും മൈലാഞ്ചിയിടല്‍ ഒരു വിനോദം കൂടിയാണെന്നും മൈറ മറുപടി പറഞ്ഞു.

“അപ്പോള്‍ നിങ്ങളുടെ രാജ്യത്ത് ഇതിന് ആളുകള്‍ പണം തരുമോ,?” ഒരു സ്ത്രീ ചോദിച്ചു.

“അതിപ്പോള്‍ ഞാനിവിടെ 2 വയസില്‍ വന്നതാണ്, ഞാനിത് ഒരു രസത്തിന്നാണ് ചെയ്യുന്നത്,” കന്‍സാസ് ഉച്ചാരണത്തില്‍ മൈറ പറഞ്ഞു.

“അപ്പോള്‍ നിങ്ങള്ക്ക് ടാറ്റുവുണ്ടോ?’

“വാസ്തവത്തില്‍ ഞങ്ങളുടെ മതത്തില്‍ ടാറ്റൂ പാടില്ല.” അപ്പോഴേക്കും അവളുടെ ഫോണ്‍ ശബ്ദിച്ചു. അമ്മ. അവള്‍ വന്ന സ്ഥലത്തെക്കുറിച്ചൊന്നും പറഞ്ഞില്ല. പക്ഷേ പിന്നീട് പറയും. കാരണം ഒരു നോട്ടത്തിനായി അമ്മ കൂടെയയച്ച 10 വയസുകാരി ഇളയസഹോദരി അവള്‍ക്കൊപ്പമുണ്ട്.

“നിങ്ങളപ്പോള്‍ വിചിറ്റയില്‍ നിന്നാണോ,?” അടുത്ത സ്ത്രീ ചോദിച്ചു.

“അതേ.”

മൈറയുടെ തെരുവിലെ പള്ളിയുടെ അടയാളപ്പലകയില്‍ക്രിസ്തുവിനെ സ്നേഹിക്കാനുള്ള സന്ദേശം മിന്നിമായുന്നു. വളവുതിരിഞ്ഞൊരു മൂലയിലെ വീട്ടില്‍ അടുക്കളയില്‍ പാകിസ്താനി ഭക്ഷണത്തിനൊരുങ്ങുകയാണ് മൈറയുടെ അമ്മ അസീമ സലീം. “ഞങ്ങള്‍ക്ക് ഞങ്ങളുടെ രീതിയില്‍ ചെയ്യണം.”

മൂത്ത മോള്‍ വല്ലാതെ അമേരിക്കക്കാരിയാകുന്നുവോ എന്ന് അവര്‍ക്ക് ആശങ്കയുണ്ട്. മൈറ ഒരു ഹിജാബെങ്കിലും ധരിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ അബായ എന്ന ആ ളോഹയും. പക്ഷേ പകുതി സമയവും അബായ അവള്‍ ഒരു മൂലയിലിട്ട് പോവുകയാണ് പതിവ്.

കല്യാണം കഴിക്കാന്‍ തന്റെ മകള്‍ക്കൊരു ധൃതിയുമില്ല എന്നതാണു അസൈമയുടെ പ്രധാന ആധി. എല്ലാ സ്ത്രീകള്‍ക്കും പാചകം ചെയ്യാന്‍ അറിയണം എന്ന വിശ്വാസത്തില്‍ മൈറക്ക് 9 വയസുള്ളപ്പോഴേ അതിനുള്ള തയ്യാറെടുപ്പിക്കല്‍ തുടങ്ങിയതാണ്. ഹൈസ്കൂളിലെത്തുമ്പോഴേക്കും അവള്‍ നല്ലൊരു പാചകക്കാരിയായി. ഇപ്പോള്‍ ഹിജാബി പാചകക്കാര്‍ എന്ന പേരിലുള്ള ബ്ലോഗില്‍ വിവിധതരം കറികളുമായി പ്രത്യക്ഷപ്പെടുന്നു മൈറയും 19-കാരി സഹോദരി മെഹ്മയും. പക്ഷേ ഇങ്ങനെയുള്ള ചോക്കലേറ്റ് വിഭവങ്ങളൊന്നുമല്ല അവരുടെ അമ്മയുടെ മനസില്‍ ഉണ്ടായിരുന്നത്.

അസൈമ സ്വയം മാതൃകയാകാന്‍ ശ്രമിക്കുന്നുണ്ട്. കാര്‍ഡിയാക് സോനോഗ്രാഫര്‍ ആയവര്‍ ആശുപത്രിയില്‍ നിന്നും വന്നാലുടന്‍ ഭര്‍ത്താവെത്തും മുമ്പ് ഭക്ഷണം ഒരുക്കാനുള്ള പണി തുടങ്ങും. ആ സമയം മക്കള്‍ ടെലിവിഷന്‍ കാണുകയാകും.

അമ്മയെ അത്താഴമുണ്ടാക്കാന്‍ സഹായിക്കാന്‍ മൈറ അടുക്കളയിലെത്താറുണ്ട്. പെണ്‍മക്കളുടെ കല്യാണം കഴിഞ്ഞാല്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും മക്കള്‍ക്കും വന്നുതാമസിക്കാന്‍ കുറെക്കൂടി വലിയ വീട് വേണമെന്ന് അസീമ പറയുന്നുണ്ട്. തന്റെ ഇളയ അനുജത്തിക്ക് 10 വയസേ ആയുള്ളൂ എന്നു മൈറ ഓര്‍മ്മിപ്പിക്കും.

അമ്മയുടെ ചോദ്യങ്ങള്‍ അവസാനിക്കില്ല. എപ്പോഴാണ് യോഗം? ആരൊക്കെയുണ്ടാകും? നീ എന്താണ് ധരിക്കുന്നത്? റാബ്യനിന്നോടൊപ്പം വരുന്നുണ്ടോ? ഏറെ പിശുക്കിക്കൊണ്ട് മുക്കിയും മൂളിയും മൈറ എന്തെങ്കിലുമൊക്കെ മറുപടി പറയും.

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല, കാരണം മുന്‍വാതിലിനപ്പുറം അമേരിക്കയാണ്. “ഇവിടെ എല്ലാവരും വ്യത്യസ്തരാകാന്‍ ആഗ്രഹിക്കുന്നു,” അസീമ പറഞ്ഞു. “നിങ്ങളുടെ മുടിയുടെ അലങ്കാരം എല്ലാവര്ക്കും പ്രധാനമാണ്. ശരിയാണ് , മുടി കാണിക്കുന്നത് നിങ്ങളെ സുന്ദരിയാക്കും. എന്റെ മുടിമറച്ചതുകൊണ്ടു ഞാനല്‍പം ഗൌരവക്കാരിയാണെന്ന് തോന്നും.”

തന്റെ മാതാപിതാക്കളുടെ ആദ്യനാളുകളിലെ ചിത്രങ്ങള്‍ മൈറ നോക്കും. കറാച്ചിയിലെ ഒരു മെഡിക്കല്‍ സ്കൂളിലാണ് അവര്‍ കണ്ടുമുട്ടിയത്. അവള്‍ക്കതില്‍ സന്തോഷം കാണാം, പ്രണയം കാണാം, അമ്മയുടെ സുന്ദരമായ തവിട്ടുമുടിയും കാണാം. യു. എസിലെത്തും വരെ അസീമ ഹിജാബ് ധരിച്ചിരുന്നില്ല. മുലകളും മദ്യവും ആനന്ദവാഞ്ചയും തുളുമ്പിനില്‍ക്കുന്ന പരസ്യപ്പലകകള്‍, മക്കളെ ദൈവവും കുടുംബവുമാണ് ഏറെ പ്രധാനം എന്നു കാണിക്കാനായി ഒരു മതയാഥാസ്ഥിതിക ആകാന്‍ പ്രേരിപ്പിച്ചു. ഇപ്പോളവര്‍ പള്ളിയിലെ ഖുര്‍ആന്‍ പഠനസംഘത്തില്‍പ്പെട്ട ഹിജാബ്ധാരി അമ്മയാണ്.

പുറത്തുനിന്നുള്ള ശബ്ദം. മൈറയുടെ അച്ഛന്‍ വന്നതാണ്. “ഞാന്‍ കുറച്ചു കോഴിക്കറിയും ചോറും ഉണ്ടാക്കിയിട്ടുണ്ട്,”അസീമ പറഞ്ഞു. സലീം സത്താര്‍ പാകിസ്ഥാനില്‍ ഒരു ആശുപത്രി നടത്തുന്ന ഡോക്ടറായിരുന്നു. വിചിറ്റയില്‍ ഉപയോഗിച്ച കാറുകളുടെ കച്ചവടത്തിലേക്കിറങ്ങി. Samm Motors Inc. ‘പൊരുത്തപ്പെടുക’ എന്നതാണു അയാളുടെ വാക്കുകള്‍. അസീമ മൈറയെ പാചകം ശീലിപ്പിച്ചപ്പോള്‍ അയാള്‍ മകളെ കച്ചവടം നോക്കാന്‍ പഠിപ്പിച്ചു. “നമ്മള്‍ പാകിസ്ഥാനിലല്ല ജീവിക്കുന്നത്,” അയാള്‍ ഭാര്യയോട് പറയും. “ഇത് അമേരിക്കയാണ്.” ഒരു കാര്യത്തില്‍ രണ്ടുപേര്‍ക്കും യോജിപ്പാണ്. മൂത്ത മകള്‍ കല്യാണക്കാര്യം കുറച്ചുകൂടി ഗൌരവമായെടുക്കണം.

മൈറക്ക് തിടുക്കമില്ല. അവളതിന് മാതാപിതാക്കളുടെയോ പള്ളിയിലെ കല്യാണാലോചനവിദഗ്ദ്ധരായ അമ്മായിമാരുടെയോ സേവനവും ആവശ്യപ്പെടുന്നില്ല. തന്റെ പങ്കാളിയെ സ്വയം കണ്ടെത്താനാണ് അവള്‍ക്ക് താത്പര്യം.“10 കൊല്ലംകൂടി നിങ്ങള്‍ അടിച്ചുപൊളിക്കൂ,” അവള്‍ അച്ഛനോടും അമ്മയോടും പറഞ്ഞു.

സെപ്റ്റംബര്‍ 11-നു കലാലയവളപ്പിലൂടെ ഒരു കറുത്ത ശിരോവസ്ത്രവും ധരിച്ചു ഒറ്റയ്ക്ക് നടക്കുകയായിരുന്നു മൈറ. അന്നാണവള്‍ക്ക് ആ വസ്ത്രം തീരെ അസ്വസ്ഥമായി തോന്നിയത്. അന്നാദ്യമായാണ് അവള്‍ക്കാ തുറിച്ചുനോട്ടം അനുഭവപ്പെട്ടത്. 2001- സെപ്റ്റബര്‍ 11-ലെ സംഭവത്തിലെ-അന്നവള്‍ക്ക് 7 വയസാണ്- വിശദാംശങ്ങളൊന്നും ഓര്‍മ്മയില്ലെങ്കിലും അതവളുടെ ജീവിതത്തില്‍ നിഴല്‍ വീഴ്ത്തി. MSA-യുടെ അധ്യക്ഷയാകാന്‍ അവളെ പ്രേരിപ്പിച്ചതും 1200-ഓളം മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് ശബ്ദം നല്‍കണമെന്ന ആ തോന്നലാണ്. “ഞങ്ങളുടെ സ്വന്തം കഥ പറയാനുള്ള സമയമായി.”

MSA-യുടെ വിവാദ ചരിത്രത്തെക്കുറിച്ച് അവള്‍ക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. 1960-കളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസിലെ കലാലയ വളപ്പില്‍ പ്രാര്‍ത്ഥിക്കാന്‍ ഇടം നല്കാന്‍ തുടങ്ങിയ പ്രസ്ഥാനം ഇസ്ലാമിന്റെ തീവ്ര യാഥാസ്ഥിതിക ധാരയുടെ വക്താക്കളായ സൌദിയില്‍ നിന്നുള്ള ധനസഹായത്തിലാണ് പ്രവര്‍ത്തിച്ചത്.

മൈറയുടെ തലമുറക്ക് ആണുങ്ങളും അറബിയും മാത്രമുള്ള പഴയ MSA അല്ല. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പണം പിരിക്കുന്ന വിചിറ്റ സംസ്ഥാനത്തിലെ ആദ്യ വനിതാ അധ്യക്ഷയായി അവളെ തെരഞ്ഞെടുത്ത പുതിയ MSA-യെയാണ് പരിചയം.

സെപ്റ്റംബര്‍ 11 എങ്ങനെ ആചരിക്കണം എന്നതിനെക്കുറിച്ച് അവളും സമിതി അംഗങ്ങളും ആലോചിച്ചു. അതുമായി ബന്ധപ്പെട്ടു ഒരു മുസ്ലീം ബോധവത്കരണ വാരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 2001-നു ശേഷം അമേരിക്കന്‍ മുസ്ലീങ്ങളുടെ ജീവിതം എങ്ങനെ സ്വാധീനിക്കപ്പെട്ടു എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും. ചര്‍ച്ചക്കെതിരെ പലരും പറഞ്ഞു.

“അവര്‍ കരുതിയത് ഞങ്ങള്‍ ഇരകളെ ആദരിക്കുകയാണ് എന്നാണ്,” MSA ഉപാധ്യക്ഷന്‍ തപന്‍ ആസാദ് പറഞ്ഞു. “അത് ന്യായമാണ്.”

“എന്തുകൊണ്ടാണ് നമ്മളെപ്പോഴും വേദനയുടെ ഒരുവശം മാത്രം കാണുന്നത്,” മൈറ ചോദിക്കുന്നു.

സെപ്റ്റംബര്‍ ആയതോടെ മൈറക്ക് പരിപാടികളുടെ തിരക്കായി. അമുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കുന്ന അനുഭവം എന്താണെന്ന് മനസിലാക്കിക്കാന്‍ ഒരു സഞ്ചിയില്‍ കുറച്ചു വലിയ തലയില്‍കെട്ടുന്ന തൂവാലകളും വെച്ചാണ് യാത്ര. തിരക്കുപിടിച്ച MSA ബൂത്തില്‍ ‘ഞാനൊരു മുസ്ലീമാണ്, എന്നോടൊരു ചോദ്യം ചോദിക്കൂ’ എന്ന കുപ്പായകുടുക്കുമായി അവളിരിക്കും.

അവള്‍ക്ക് തൊട്ടടുത്ത് LGBT വിദ്യാര്‍ത്ഥികളാണ്. അവള്‍ക്കൊരു സ്വവര്‍ഗാനുരാഗിയായ മുസ്ലീം സുഹൃത്തുണ്ട്. ഖുര്‍ആന്റെ തൊട്ടടുത്ത് മാരിവില്‍ക്കൊടി കിടക്കുന്നതില്‍ ഒരു കുഴപ്പവും അവള്‍ക്ക് തോന്നുന്നില്ല. അപ്പുറത്ത് മുലകള്‍ പരസ്യമാക്കുന്ന ഒരു ഭക്ഷണശാല ജോലിക്കാരികളെ തേടാനായി വെച്ച ആറടി ഉയരമുള്ള നൂല്‍ ബിക്കിനി ധരിച്ച കാര്‍ഡ്ബോര്‍ഡില്‍ വെച്ച സ്ത്രീരൂപം അവളെ വിഷമത്തിലാക്കുന്നുമില്ല. മൂന്ന് പോലീസുകാര്‍ അവിടെ ചുറ്റിത്തിരിയുന്നതാണ് അവള്‍ ശ്രദ്ധിച്ച സംഗതി. MSA-ക്കും പാകിസ്ഥാനിലെ തന്റെ വീട്ടുകാര്‍ക്കുള്ള ഫോണ്‍വിളിക്കുമിടയില്‍ തന്റെ ഫോണ്‍വിളികള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടോ എന്നാണ് അവള്‍ നോക്കിയത്.

അവസാനം സെപ്റ്റംബര്‍ 11-ആയി. പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഒരു സംഘവുമായിച്ചേര്‍ന്ന് ചര്‍ച്ച നടത്താമെന്നുള്ള വാഗ്ദാനം സ്വീകരിക്കപ്പെട്ടില്ല. MSA രണ്ടു പ്രാദേശിക രക്ഷാപ്രവര്‍ത്തകരുമൊത്തുള്ള മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. മൈറയ്ക്കാകെ പിരിമുറുക്കമാണ്. ടി വിയിലെല്ലാം വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഒരുച്ചഭാഷിണിയുമായി പ്രസിഡണ്ട് ജോര്‍ജ് ബുഷ് നില്‍ക്കുന്ന ചിത്രം. വിമാനങ്ങള്‍ കെട്ടിടങ്ങളില്‍ ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നു. കറുത്ത ശിരോവസ്ത്രവുമായി അവള്‍ MSA-യിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ടി വി സ്ക്രീനിന് അടുത്തിരുന്നു. അവര്‍ പ്രതികരിക്കുന്നവര്‍ക്ക് നല്‍കാനുള്ള കാര്‍ഡുകളില്‍ എഴുതാന്‍ ശരിയായ വാക്കുകള്‍ തേടുകയാണ്. പക്ഷേ ഓരോ വാക്കും ഒരു മാപ്പപേക്ഷപോലെ തോന്നിക്കും. ഒരു ചെറുപ്പക്കാരി ISIS-നെക്കുറിച്ച് ഒരു കവിതയുണ്ടാക്കി.

Roses are red
Violets are blue
You hate them
And we do, tooമൈറ ചോദിച്ചു, “ അസലാം അലൈകും എന്നെഴുതാമോ?”

“ഇംഗ്ലീഷിലോ?”, മറ്റൊരാള്‍.

“അറബിയിലും,”മൈറ പറഞ്ഞു. അടുത്ത കാര്‍ഡില്‍ അവളെഴുതി,“നിങ്ങളുടെ സേവനത്തിന് നന്ദി.”

രണ്ടുമാസം മുമ്പ് അവളുടെ കുടുംബത്തിന്റെ ഒരു ഒഴിവുകാലയാത്രക്കിടെ മൈറ ഓടിച്ച കാര്‍ വഴി തെറ്റിച്ചുവന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അത്ഭുതകരമായാണ് അവര്‍ രക്ഷപ്പെട്ടത്. “ഞങ്ങള്‍ നിസഹായരായിപ്പോയ ഒരു ഘട്ടത്തില്‍ ഞങ്ങളെ സമാശ്വസിപ്പിച്ച എല്ലാവര്‍ക്കും നന്ദി,” അവസാന കാര്‍ഡില്‍ അവളെഴുതി.

ചടങ്ങിന് സമയമായപ്പോള്‍ അവരെല്ലാം കാര്‍ഡുകളും പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടി. ഹബാര്‍ഡ് ഹാളില്‍ “ആഗോള ഗ്രാമ കൂട്ടായ്മ: അകത്തും പുറത്തുമുള്ള ശത്രുക്കള്‍ (ആഭ്യന്തര, വിദേശ ഭീകരവാദം)” എന്ന പരിപാടി നടക്കുന്നു. മൈറയും സുഹൃത്തുക്കളും കലാലയവളപ്പില്‍ നടന്നു. ആരും അധികമൊന്നും മിണ്ടിയില്ല. ഹാളിന്റെ വാതിലുകള്‍ അടച്ചിട്ടിരിക്കുന്നു.

അവര്‍ പുറത്തുനിന്നു. വാതില്‍ തുറന്നുവന്ന സ്ത്രീയുടെ ടീ ഷര്‍ടില്‍ ‘ഓരോ നിമിഷവും ഓരോ ജീവന്‍ നഷ്ടപ്പെടുന്നു’ എന്നെഴുതിയിരിക്കുന്നു. ആംഫി തിയറ്ററിന്റെ മുകള്‍ഭാഗത്തായി ഇരുന്നൂറോളം പേര്‍ക്കിടയില്‍ ഹിജാബ് ധരിച്ച 6 സ്ത്രീകളും കറുത്ത മുടിയുള്ള നിരവധി പുരുഷന്മാരും ഇരിക്കുന്നുണ്ട്.

രണ്ടു നിരകളിലായിരുന്നു അവര്‍ പാട്ടും കവിതകളും താളമടിയുമെല്ലാം കേള്‍ക്കുകയാണ്. ഒരു അന്ധ വിദ്യാര്‍ത്ഥി ഒസാമയുടെ അശ്ലീലച്ചിത്രങ്ങളോടുള്ള ഭ്രമത്തെ കളിയാക്കുന്നു.

മൈറ എല്ലാം കേട്ടിരുന്നു. പിന്നെയവള്‍ വേദിക്കരികിലേക്ക് നടന്നു. ഒരു ദീര്‍ഘശ്വാസത്തിനുശേഷം മൈക്കെടുത്തു. ഓരോ വാക്കും അളന്നു തൂക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു. ടീ ഷര്‍ട് ധരിച്ചുകണ്ട സ്ത്രീ കൈകള്‍ പിണച്ചുകെട്ടി നില്ക്കുന്നു. അതിജീവിക്കണമെങ്കില്‍ മറ്റുള്ളവരുടെ ഭയം നമ്മെ നിര്‍വചിക്കരുതെന്ന് വളരെ മുമ്പ് താന്‍ പഠിച്ചതായി അവള്‍ പറഞ്ഞു. “ലോകത്ത് നന്‍മയുണ്ടെന്ന് നിങ്ങള്‍ ആളുകളെ കാണിക്കണം,” രണ്ടു പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി അവള്‍ പറഞ്ഞു.

ഒരു രക്ഷാപ്രവര്‍ത്തകനെ വേദിയില്‍ എത്തിയുള്ളൂ. “ഈ ദിവസം ഓര്‍മ്മിച്ചതിന് നന്ദി,” അയാള്‍ പറഞ്ഞു.

ആ ദിവസം സെപ്റ്റംബര്‍ 11 കടന്നുപോയി. കടുത്ത നിമിഷങ്ങള്‍ കഴിഞ്ഞെന്നവള്‍ ആശ്വസിച്ചു. എന്നാല്‍ അത് തുടങ്ങിയിട്ടുപോലും ഉണ്ടായിരുന്നില്ല.

കുറച്ചാഴ്ച്ചകള്‍ക്ക് ശേഷം കലാലയവളപ്പിലെ പള്ളിയിലെ നീളന്‍ ബഞ്ചുകള്‍ നീക്കം ചെയ്തതായി പൂര്‍വവിദ്യാര്‍ത്ഥികള്‍ കണ്ടെത്തി. എല്ലാ തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ക്കും യോജിക്കുന്നില്ല എന്നു കാണിച്ചു MSA അവ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാല അദ്ധ്യക്ഷന്‍ സമ്മതിക്കുകയും ചെയ്തു. 1964-മുതല്‍ അവിടെയുണ്ടായിരുന്ന 22 ഓക് ബഞ്ചുകള്‍ മാറ്റിയത് ആരും കണ്ടിരുന്നില്ല.

ഒക്ടോബറില്‍ അതറിഞ്ഞപ്പോള്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രോഷം ഉയര്‍ന്നു. ഒരു Fox News മുഖപ്രസംഗത്തില്‍, ‘ക്രിസ്ത്യന്‍ ശുദ്ധീകരണം’ എന്നാണ് വിശേഷിപ്പിച്ചത്. ഇന്റെര്‍നെറ്റില്‍ ചിലര്‍ താന്‍ നരകത്തീയില്‍ കത്തണമെന്ന് പറയുന്നത് വായിച്ചു.

അടുത്ത മാസം പാരീസ്. അതിനുശേഷം സാന്‍ ബെര്‍ണാര്‍ഡിനോ. “അത് മുസ്ലീങ്ങളായിരിക്കരുതെ,” രണ്ടുതവണയും അവള്‍ ആഗ്രഹിച്ചു.

ഡിസംബറിലെ തണുപ്പില്‍ അവള്‍ കാറോടിക്കുകയാണ്. ഉറക്കെ റേഡിയോ വെച്ചിരിക്കുന്നു. ഒരു അമേരിക്കന്‍ മുസ്ലീം എന്നാല്‍ എന്തെന്നറിഞ്ഞ വര്‍ഷമാണിത്. എന്നാല്‍ ഇപ്പോളവള്‍ നിരാശയില്‍ അലറുകയാണ്. വാക്കുകളില്ല. ഒടുവില്‍ വീട്ടിലെത്തി നൂറ് ശിരോവസ്ത്രതുണികളുള്ള കിടപ്പുമുറിയിലേക്ക് പോയി.

“നമ്മള്‍ ചെയ്യുന്നതൊന്നും ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ലല്ലോ?” അവള്‍ അത്ഭുതപ്പെട്ടു.

ആ രാത്രി അവള്‍ തന്റെ അഞ്ചാമത്തെ പ്രാര്‍ത്ഥനയും ചെയ്തു. ചാറ്റ് ബോക്സ് തുറന്നുനോക്കി. കാലിലൊട്ടിക്കിടക്കുന്ന ജീന്‍സ് മെക്കയില്‍ നിന്നും കൊണ്ടുവന്ന പ്രാര്‍ത്ഥനമാലയ്ക്കരികിലുണ്ട്. സന്ദിഗ്ദമായ ഒരു വര്‍ഷത്തിന് അതുപോലരവസാനം. പക്ഷേ അടുത്ത ദിവസം പ്രഭാതത്തില്‍ മൈറ തന്റെ നിലക്കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുകയാണ്, രണ്ട് സൂചികള്‍ വേണോ അതോ മൂന്നോ.


Next Story

Related Stories