TopTop
Begin typing your search above and press return to search.

വേദനയുടെ ഭാഷയില്‍ നിന്ന്‍ ജീവിതം ഇറങ്ങിനടക്കുമ്പോള്‍

വേദനയുടെ ഭാഷയില്‍ നിന്ന്‍ ജീവിതം ഇറങ്ങിനടക്കുമ്പോള്‍

മെഡിക്കല്‍ ടൂറിസത്തിന്റെ പരസ്യങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. വിസ്താരമുള്ള മുറികളും, വര്‍ണശബളമായ സ്വീകരണമുറികളും കണ്ണഞ്ചിപ്പിക്കുന്ന വിളക്കുകളും പിന്നെ പേരറിയാത്ത ഒത്തിരി യന്ത്രങ്ങളും. കൂടാതെ ഒത്തിരി ചിരികളും. ഡോക്ടര്‍മാരും നഴ്സ്മാരും രോഗികളുമെല്ലാം ചിരിയോടു ചിരി. അസുഖം ഭേദമായിട്ടല്ല, പലരും അങ്ങോട്ട് വരുമ്പോഴേ ചിരിച്ചോണ്ടാണത്രേ വരുന്നത്. ചിരിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ ഈ ചിരിക്കിടയില്‍ സൌകര്യപൂര്‍വം മായ്ക്കപ്പെടുന്ന ഒന്ന് വേദന എന്ന സത്യമാണ്. വേദന എത്രത്തോളം പ്രാതിനിധ്യവിഷയകമായ ഒന്നാണെന്ന് ചിന്തിക്കുമ്പോള്‍ വേദനയുടെ രാഷ്ട്രീയം തെളിഞ്ഞു വരുന്നുണ്ട്.രോഗങ്ങളെക്കുറിച്ചുള്ള ഒരു തിയറി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന സ്‌കോളര്‍ പറഞ്ഞത് അവിടെ ഡോക്ടര്‍മാരും രോഗികളും ഒഴിച്ച് മറ്റെല്ലാരും ഉണ്ടായിരുന്നു എന്നാണ്. അവര്‍ വേദനയെ കുറിച്ച് സംസാരിച്ചതേയില്ല എന്നും അവര്‍ പരാതിപ്പെട്ടു. വേദന ഒരു ലിവിംഗ് ട്രൂത് ആണെന്നും അതിന്റെ ഒഴിവാക്കലുകള്‍ ആപത്കരമല്ലേ എന്നും അവര്‍ ചോദിച്ചു പിരിഞ്ഞു. വേദനക്ക് നമ്മുടെ ചിന്തയിലും ദൈനംദിന ഇടപെടലുകളിലും ഉള്ള സ്ഥാനമെന്താണ്? വേദന ആവിഷ്‌കരിക്കാനുള്ള ഇടങ്ങള്‍ ഏതോക്കെയാണ്? ആര്‍ക്കൊക്കെ വേദനയെക്കുറിച്ച് സംസാരിക്കാം? ദു:ഖിച്ചിരിക്കാനുള്ള ഇടങ്ങള്‍ എവിടെയാണ് കിട്ടുക?ഞാനിവിടെ പറയുന്ന വേദന ശാരീരിക വേദനയില്‍ മാത്രം ഒതുങ്ങുന്നില്ല. ചിണുങ്ങലുകള്‍ മുതല്‍ കടുത്ത വിഷാദം വരെ ഇതില്‍ പെടുന്നു. ഏതു പുസ്തകക്കടയില്‍ പോയാലും കണ്ടു മടുത്ത കാഴ്ചയാണ്, കുറെ 'സന്തോഷവിജയ' പുസ്തകങ്ങളുടെ കൂമ്പാരം. എങ്ങനെ സന്തോഷിക്കാം? എങ്ങനെ ജീവിത വിജയം നേടാം? സന്തോഷത്തിലൂടെ വിജയം എങ്ങനെ നേടാം തുടങ്ങി ഇപ്പോള്‍ തന്നെ ഇത്തരം സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ എത്രയുണ്ടെന്ന്‍ ആര്‍ക്കും നിശ്ചയമില്ല. ഈ പുസ്തകങ്ങളൊക്കെ തന്നെ സന്തോഷത്തിന്റെയും വിജയത്തിന്റെയും കാരണങ്ങളെ വ്യക്തികളിലേക്ക് ഒതുക്കുന്നു. അതിനെ കുറിച്ച് ഇതിനു മുന്‍പും ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ ഒരാള്‍ക്ക് സന്തോഷവും ഇപ്പറയുന്ന വിജയവും ഇല്ലെങ്കില്‍ അവനവന്‍ അല്ലെങ്കില്‍ അവളവള്‍ തന്നെയാണ് കാരണം എന്ന് വരുത്തിത്തീര്‍ക്കുന്നു.ഇവ്വിധം കാര്യങ്ങളെ കാണുമ്പോള്‍ നാം പലപ്പോഴും നമ്മുടെ വേദനകളെ നിസാരവല്‍ക്കരിക്കുവാന്‍ ശ്രമിക്കും. നമ്മുടെ പലരുടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലെ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ തന്നെ അവ മനസിലാക്കാം. ഒരുവിധം എല്ലാ ചിത്രങ്ങളിലും നമ്മള്‍ ചിരിച്ച്, അല്ലെങ്കില്‍ സന്തോഷത്തോടു കൂടിയാണ് നില്ക്കുക. ദു:ഖിച്ചോ, വേദനിച്ചോ, ദേഷ്യത്തോടെയൊ ഇരിക്കുന്ന ചിത്രങ്ങള്‍ നമുക്കില്ലേ? അവ എന്ത് കൊണ്ട് നമ്മള്‍ പോസ്റ്റ് ചെയ്യുന്നില്ല? കാമറയുടെ മുന്നില്‍ ചിരിച്ചു മാത്രം നില്ക്കണമെന്ന് നമ്മെ ആരാണ് പഠിപ്പിച്ചത്? വേദന ചിരിയേക്കാളും വ്യക്തിപരമായ ഒന്നാണെന്ന് നമ്മള്‍ കരുതുന്നത് കൊണ്ടാണോ?Audre Lorde-ഉം Susan Sontag- ഉം മറ്റു പലരും കാന്‍സറിന്റെ വേദനയെ കുറിച്ചെഴുതിയിട്ടുണ്ട്. അവയൊക്കെ തന്നെ ബോധത്തിന്റെ അറിയപ്പെടാത്ത അറകളില്‍ നിന്നും എഴുതുന്നവയാണെന്ന്‍ എനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അത്തരം എഴുത്തുകളുടെ പുതുമ തന്നെയായിരിക്കാം കാരണം. വേദന വളരെ ഫിസിക്കലായ ഒന്നു തന്നെയാണ്. ഏതു തലത്തിലേതായാലും അതിന്റെ മിടിപ്പുകള്‍ വളരെ അടുത്ത്, നമ്മുടെ ഉള്ളില്‍ അനുഭവിക്കുവാന്‍ സാധിക്കും. വേദന പോലെ വളരെ കുറച്ചു വട്ടം മാത്രമേ മറ്റു പല വികാരങ്ങള്‍ക്കും നമ്മെ തൊടാനാകൂ. വേദനയെ റൊമാന്‍റിസൈസ് ചെയ്യുകയല്ല ഇവിടെ ഉദ്ദേശിക്കുന്നത്, മറിച്ച് വേദനയുടെ ഭാഷയെ വീണ്ടെടുക്കലാണ്.നമ്മള്‍ നമ്മുടെ വേദനകളെ ഇന്നിന്റെ ഇമേജിന്റെ ലോകത്തു നിന്ന്‍ അപ്പാടെ മാറ്റി നിര്‍ത്തുമ്പോള്‍ ചില വേദനകള്‍ മാത്രം പ്രത്യക്ഷമാവുകയും അവയില്‍ ചിലത് മാത്രം സഹാനുഭൂതി അര്‍ഹിക്കുന്നതുമാകുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളെ നാം മറക്കുന്നതും നില്‍പ്പ് സമരത്തോട് നമ്മള്‍ കാട്ടുന്ന നിര്‍വികാരതയും സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയില്‍ നമ്മള്‍ കാണാതിരുന്ന മനുഷ്യത്വം അതിലെ കുടുംബസ്ഥനായ പ്രതിയില്‍ നമ്മളൊക്കെ വായിച്ചെടുത്തതുമൊക്കെ സെലക്ടീവ് ആയി വേദന കാണുന്നത് കൊണ്ടാണ്.

വേദനയെ തോല്‍വിയായി ഉപമിക്കുന്നത് കൊണ്ടാണ് നമ്മള്‍ നമ്മുടെ വേദനയെ കുറിച്ച് സംസാരിക്കാത്തതും, അത് കേട്ടിരിക്കുന്നത് ത്യാഗമായും കാണുന്നത്. ചില വേദനകള്‍ കച്ചവടയോഗ്യമാവുന്നതും മറ്റു ചില വേദനകളുടെ അടിച്ചമര്‍ത്തല്‍ കാരണം തന്നെയാണ്. Audre Lorde പറഞ്ഞത് ഓര്‍ത്തുകൊണ്ട് നിര്‍ത്തട്ടെ, "Pain is important: how we evade it, how we succumb to it, how we deal with it, how we transcend it.”വീണാ വിമല മണി

വീണാ വിമല മണി

ചെന്നൈയില്‍ അസി. പ്രൊഫസര്‍, ആലപ്പുഴ സ്വദേശി

Next Story

Related Stories