TopTop
Begin typing your search above and press return to search.

മലിനീകരണം കുറ്റകൃത്യങ്ങളെ കൂട്ടുമോ?

മലിനീകരണം കുറ്റകൃത്യങ്ങളെ കൂട്ടുമോ?

ക്രിസ് മൂണി
(വാഷിങ്ടണ്‍ പോസ്റ്റ്)

അന്തരീക്ഷ മലിനീകരണവും അക്രമം നിറഞ്ഞ കുറ്റകൃത്യങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. നാഷനല്‍ ബ്യൂറോ ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് (എന്‍ ബി ഇ ആര്‍) പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഹാര്‍വാഡ് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റിലെ ഇവാന്‍ ഹെര്‍സ്റ്ററ്റും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ എറിക് മ്യുലെഗറും ഈ കണ്ടെത്തല്‍ നടത്തിയത്. ഷിക്കാഗോ പൊലീസ് വകുപ്പില്‍ നിന്ന് ശേഖരിച്ച, 2001നും 2012നും ഇടയ്ക്കുനടന്ന രണ്ടു മില്യണ്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്താണ് പഠനം തയാറാക്കിയത്.

കുറ്റകൃത്യങ്ങള്‍ നടന്ന സമയവും തീയതിയും, കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലവും വാഹനമലിനീകരണം ശക്തമായ ഇന്റര്‍‌സ്റ്റേറ്റ് ഹൈവേകളുമായുള്ള ദൂരം, കാലാവസ്ഥാ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍, വാഹന മലിനീകരണത്തെ പരിസരമെങ്ങും വ്യാപിപ്പിക്കുന്ന കാറ്റിന്റെ ആ ദിവസത്തെ ഗതി എന്നിവയെല്ലാം വിശകലനം ചെയ്യപ്പെട്ടു.

മലിനീകരണം വ്യാപിപ്പിക്കുന്ന കാറ്റിന്റെ ഗതി ഒരു പ്രദേശത്തിനുനേരെയാകുന്ന ദിവസം അവിടെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 2.2ശതമാനം വര്‍ധനയുണ്ടെന്നാണു പഠനത്തില്‍ കണ്ടത്. വാഹന മാലിന്യങ്ങളില്‍ കാര്‍ബണ്‍ മോണോക്‌സൈഡാണോ നൈട്രജന്‍ ഓക്‌സൈഡുകളാണോ കുഴപ്പമുണ്ടാക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയാനായില്ല.

വാഹനമലിനീകരണത്തിന്റെ സ്വാധീനത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തികനഷ്ടം വര്‍ഷം 100 മുതല്‍ 200 വരെ മില്യണാണ് എന്നും ഗവേഷകര്‍ പറയുന്നു.

വാഹനമലിനീകരണം ആളുകളില്‍ അക്രമസ്വഭാവം കൂട്ടുന്നത് എങ്ങനെ എന്നു വ്യക്തമല്ല. എങ്കിലും ചിന്താശേഷി നഷ്ടമാകല്‍, അസുഖകരമായ അവസ്ഥ എന്നിങ്ങനെ ചില കാരണങ്ങള്‍ ഗവേഷകര്‍ നിരത്തുന്നുണ്ട്. മലിനകാരികള്‍ മനുഷ്യന്റെ പ്രതികരണ സംവിധാനത്തെ സ്വാധീനിച്ച് ചില ലക്ഷ്മണരേഖകള്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ഇവാന്‍ ഹെര്‍സ്റ്ററ്റിന്റെ നിഗമനം.എന്‍ ബി ഇ ആറിന്റെ ' വര്‍ക്കിങ് പേപ്പര്‍' പരമ്പരയില്‍പ്പെട്ടതാണ് ഈ പ്രബന്ധം. ഔദ്യോഗിക പ്രബന്ധങ്ങളെപ്പോലെ പുനരവലോകനത്തിന് വിധേയമായവയല്ല ഈ പഠനങ്ങള്‍. ഗവേഷകര്‍ക്ക് കണ്ടെത്തലുകള്‍ മറ്റുള്ളവരുമായി പങ്കിടാനും അവ ചര്‍ച്ചകള്‍ക്കായി തുറന്നുകൊടുക്കാനുമുള്ള എളുപ്പവഴിയാണ് വര്‍ക്കിങ് പേപ്പറുകളെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പോള്‍ ക്രഗ്മാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കണോമിക് ജേണലുകളില്‍ വര്‍ക്കിങ് പേപ്പറുകള്‍ പ്രസിദ്ധീകരിക്കാന്‍ കാലതാമസം വരികയും ചെയ്യും.

ഗവേഷണഫലം അപ്രതീക്ഷിതമല്ലെന്ന് കാലിഫോര്‍ണിയ - സാന്‍ഡിയാഗോ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിദഗ്ധന്‍ ജോഷ് ഗ്രഫ് സിവിന്‍ അഭിപ്രായപ്പെട്ടു. മലിനീകരണം തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കുന്നതായും അക്രമസ്വഭാവത്തെ കൂട്ടുന്നതായും ചിന്താശേഷിയെ കുറയ്ക്കുന്നതായും കാണിക്കുന്ന നിരവധി പഠനങ്ങള്‍ എപ്പിഡെമിയോളജിയില്‍ നേരത്തെതന്നെയുണ്ടെന്ന് സിവിന്‍ ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന താപനിലയും കുറ്റകൃത്യങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നു കാണിക്കുന്ന പഠനങ്ങള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. ലെഡ് മലിനീകരണം കുറ്റകൃത്യത്തോത് ഉയര്‍ത്തുന്നുവെന്നും കണ്ടെത്തിയിരുന്നു. ലെഡ് ഇല്ലാതായതോടെ ഈ വര്‍ധനയും ഇല്ലാതായി. വീടുകള്‍ക്കും ഓഫിസുകള്‍ക്കും ഉള്ളിലെ വായുവിന്റെ ഗുണനിലവാരം ചിന്താശേഷിയെ ബാധിക്കുന്നതായി കാണിക്കുന്നവയാണ് പുതിയ പഠനങ്ങള്‍.

മലിനീകരണം എടുത്തുചാടിയുള്ള പ്രതികരണത്തിന് പേരിപ്പിക്കുന്നു എന്നാണ് കണ്ടെത്തലെങ്കില്‍ അത് പുതുമയാണെന്ന് സിവിന്‍ പറയുന്നു. ഇത്തരമൊരു പഠനം ഇതുവരെ നടന്നിട്ടില്ല.

ഈ ഗവേഷണം പ്രധാനമാണെന്നും കുറ്റകൃത്യങ്ങളും മലിനീകരണവും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൂടുതല്‍ പഠനം ആവശ്യമാണെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ - ബെര്‍ക്ക്‌ലിയിലെ സാമ്പത്തികശാസ്ത്രജ്ഞന്‍ റീഡ് വാക്കര്‍ പറഞ്ഞു.

വാഹന മലിനീകരണം മാത്രം അടിസ്ഥാനമാക്കിയാണ് ഇവാന്‍ ഹെര്‍സ്റ്ററ്റും എറിക് മ്യുലെഗറും പഠനം നടത്തിയത്. പഠനം ശരിയായ രീതിയിലാണെങ്കില്‍ ഇത് വലിയൊരു പ്രശ്‌നത്തിന്റെ തുമ്പാകും. ' എല്ലാത്തരം മലിനീകരണങ്ങളും പഠനവിധേയമാക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കും,' ഹെര്‍സ്റ്റര്‍ പറയുന്നു.


അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക


Next Story

Related Stories