TopTop
Begin typing your search above and press return to search.

ലോകമിന്നുറങ്ങാതെ മാരക്കാനയില്‍- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

ലോകമിന്നുറങ്ങാതെ മാരക്കാനയില്‍- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

എന്‍ പി പ്രദീപ്

ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഇന്ന് പുതിയൊരു ചരിത്രമുണരും. ജര്‍മ്മനി ജയിച്ചാല്‍ ലാറ്റിന്‍ അമേരിക്കന്‍ മണ്ണില്‍ ആദ്യമായി ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ പട്ടാഭിഷേകം. അല്ലെങ്കില്‍ ലാറ്റിന്‍ അമേരിക്കന്‍ മണ്ണിന്റെ പാരമ്പര്യം മാറ്റിയെഴുതാന്‍ സമ്മതിക്കാതെ 28 വര്‍ഷത്തിന്റെ കടംവീട്ടി അര്‍ജന്റീന കപ്പ് ഉയര്‍ത്തും.

ഇന്ന് എല്ലാവര്‍ക്കും ചോദിക്കാന്‍ ഒരേയൊരു ചോദ്യമായിരിക്കും ഉള്ളത്- ആര് നേടും? ഞാന്‍ സാധ്യതനല്കുന്നത് ജര്‍മ്മനിക്കാണ്. നിലവിലെ ഫോം വച്ച് നോക്കിയാല്‍ കപ്പ് യൂറോപ്പിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. ഗോളി ന്യൂയര്‍ മുതല്‍ ക്ലോസെ വരെയുള്ളവര്‍ മിന്നുന്ന ഫോമില്‍. അഞ്ചു ഗോളുകളടിച്ച് മുള്ളര്‍ തുളച്ചു കയറുന്നൊരു അസ്ത്രംപോലെ അര്‍ജന്റീനിയന്‍ ഗോള്‍വല ലക്ഷ്യം വച്ച് നില്‍ക്കുന്നു. ഷ്വ്റ്റ്‌സ്വനെഗറും ഷ്രൂളും ക്രൂസെയും ക്ലോസെയും ഹമ്മല്‍സും ലാംപുംഖെദീരയും- പറയാന്‍ തുടങ്ങിയാല്‍ പതിനൊന്ന് പേരെക്കുറിച്ചും പറയണം. ഈ ലോകകപ്പില്‍ ഇതുപോലെ ഒത്തിണക്കത്തോടെ കളിക്കുന്ന മറ്റൊരു ടീം ഉണ്ടായിരുന്നില്ല. എല്ലാവരും ഫോമില്‍, ആര്‍ക്കും പരിക്കില്ല. ഈ ടീമിനെക്കാള്‍ കൂടുതല്‍ ഭയക്കേണ്ടത് കളത്തിലിറങ്ങി കളിക്കാതെ വരയ്ക്കിപ്പുറം നിന്ന് കളിമെനയുന്ന അവരുടെ ദ്രോണാചാര്യര്‍ യാക്കിംലോ എന്ന കോച്ചിനെയാണ്. അയാള്‍ കളത്തില്‍ നിരത്തിവയ്ക്കുന്ന 11 കരുക്കളെ വെട്ടിയൊഴിഞ്ഞ് വിജയം നേടാന്‍ എതിരാളികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.മറ്റൊന്ന്, ജര്‍മ്മന്‍ ടീം കാഴ്ച്ചവയ്ക്കുന്ന ഈ മുന്നേറ്റത്തിന് അഭിനന്ദിക്കേണ്ടത് അവരുടെ രാജ്യത്തെ ഫുട്‌ബോള്‍ അസോസിയേഷനെയാണ്. ഒലിവര്‍ കാനും ലോതര്‍ മത്തേയൂസുമുക്കെ ഇടറി വീണപ്പോള്‍ നിസ്സാരരായി മാറിയ തങ്ങളുടെ ഫുട്‌ബോള്‍ ടീമിനെ അവര്‍ ഒന്നില്‍ നിന്നു തുടങ്ങി വാര്‍ത്തൊരുക്കി. ചെറുപ്രായത്തിലെ പ്രതിഭകളെ കണ്ടെത്തി, കളി പഠിപ്പിച്ച് രാജ്യത്തിന്റെ നിധികളാക്കി. പതിനെട്ട് വയസ്സുള്ളപ്പോള്‍ മുള്ളര്‍ ഇന്‍ഡ്യയില്‍ വന്നു കളിച്ചതൊക്കെ നമുക്ക് ഓര്‍മ്മയുണ്ടാകുമല്ലോ. ഇപ്പോഴുള്ളതില്‍ ഒന്നോ രണ്ടോപേരൊഴിച്ച് ബാക്കിയെല്ലാവരും ജര്‍മ്മന്‍ ലീഗില്‍ കളിക്കുന്നവരാണ്. ബയണ്‍ മ്യൂണിച്ചില്‍ കളിക്കുന്നത് ഏഴുപേരാണ്. മറ്റ് രാജ്യങ്ങളുടെ ഭൂരിഭാഗം കളിക്കാരും വ്യത്യസ്ത ക്ലബുകളില്‍ കളിക്കുന്നവരാണ്. മാതൃരാജ്യത്തിനായി അവര്‍ ഒന്നിക്കുന്നത് ഏതാനും മാസങ്ങളില്‍ മാത്രം. ജര്‍മ്മനി അങ്ങനെയല്ല. അതാണ് ജര്‍മ്മനിക്ക് കിട്ടുന്ന ഒത്തിണക്കം. മറ്റാര്‍ക്കും ഇല്ലാത്തത്.ഗോളടിക്കാനും ഗോള്‍ തടയാനും കഴിവുള്ളവരാണ് ജര്‍മ്മനി. അര്‍ദ്ധ അവസരങ്ങള്‍ പോലും ഗോളാക്കാന്‍ അവര്‍ മിടുക്കരാണ്. ബ്രസീലിനെതിരേയുള്ള മത്സരം അവരുടെ പ്രോഗസ് റിപ്പോര്‍ട്ടാണ്. എല്ലാവരും ബ്രസീല്‍ തോറ്റെന്നാണ് പറഞ്ഞത്. ജര്‍മ്മനിയുടെ വിജയത്തിന് ബ്രസീലിന്റെ തോല്‍വി മാറ്റു കുറച്ചതുപോലെ. ജര്‍മ്മനിയില്‍ ഞാന്‍ കാണുന്ന പ്രത്യേകത, തിരിച്ചടിക്കാനുള്ള അവരുടെ മിടുക്കാണ്. എതിരാളികള്‍ ഒരു ഗോള്‍ ആദ്യമടിച്ചാല്‍ മാനസികമായി തകര്‍ന്നുപോകുന്ന ടീമുകളില്‍ നിന്ന് ജര്‍മ്മനി മാറി നില്‍ക്കുന്നു. ആദ്യം ഗോളടിക്കുന്നയാള്‍ ജയിക്കും എന്ന സ്ഥിതി ജര്‍മ്മനിയുടെ കാര്യത്തില്‍ മാറ്റിപ്പറയേണ്ടി വരും. അതായത് അര്‍ജന്റീന ഇന്ന് ആദ്യം ഗോളടിച്ചാലും ജര്‍മ്മനിക്ക് തിരിച്ചടിക്കാന്‍ കഴിയും. പതിനാറ് ഗോളുകളുമായി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ക്ലോസെ തന്നെ ഇന്നും സ്‌ട്രൈക്കറുടെ റോള്‍ കൈകാര്യം ചെയ്യുമെന്ന് കരുതുന്നു. മുള്ളര്‍ തന്നെയായിരിക്കും കൂടുതല്‍ അപകടകാരി. സെമിയില്‍ ബ്രസീലിനെതിരെ പകരക്കാരനായി ഇറങ്ങി രണ്ടുഗോളടിച്ച ഷ്രൂള്‍ തന്റെ ഗോള്‍ ദാഹം ഇന്നും തുടരുമെന്നുതന്നെയാണ് എന്റെ വിശ്വാസം. ബ്രസീലിനെതിരെ ഗോള്‍ നേടിയ ഖെദീരയെ വിസ്മരിക്കരുത്. പരുക്കില്‍ നിന്ന് എത്രവേഗമാണ് അയാള്‍ മുക്തനായി ടീമില്‍ തന്റെ ചുമതല നിര്‍വഹിക്കുന്നത്.ലോകകപ്പില്‍ എന്നും സ്ഥിരത കാഴ്ച്ചവയക്കുന്ന ടീം കൂടിയാണ് ജര്‍മ്മനി. ഫൈനലിലും സെമിയിലും വീണുപോയതിന്റെ നിര്‍ഭാഗ്യകഥകളാണ് കഴിഞ്ഞ കാലങ്ങളില്‍ ജര്‍മ്മനിക്ക് പറയാനുള്ളത്. നിലവില്‍ മൂന്ന് കിരീടങ്ങളാണ് അവര്‍ക്കുള്ളത്. രണ്ടുതവണ അര്‍ജന്റീനയെ തോല്‍പ്പിച്ചാണ് അവര്‍ കിരീടം നേടിയത്. ഒരിക്കല്‍ കൂടി അര്‍ജന്റീന അവര്‍ക്ക് മുന്നില്‍ വന്നിരിക്കുകയാണ്.

എന്നാല്‍ അതൊരു സ്വപ്‌നം മാത്രമാക്കി ബര്‍ലിനിലേക്ക് ജര്‍മ്മനിയെ തിരികെ അയക്കാനായിരിക്കും അര്‍ജന്റീനയ്ക്ക് ഇഷ്ടം. അവര്‍ക്ക് ഇതൊരു അവസരമാണ്. 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇന്ന് അറുതി വരുത്തേണ്ടത്. മെസി, നിനക്ക് ഇതുപോലൊരു അവസരം ഇനി കിട്ടണമെന്നില്ല. ഇന്ന് നേടിയില്ലെങ്കില്‍ ലോകം നാളെ നിന്നെ എത്ര മഹാനായ കളിക്കാരനെന്ന് വാഴ്ത്തിയാലും നിന്റെ കൈകളില്‍ ഒരു ലോകകപ്പിന്റെ ശൂന്യത ഉണ്ടാകും.എല്ലാ കളിയിലും മികച്ചുനിന്ന ടീമാണ് ജര്‍മ്മനിയെങ്കില്‍ ഓരോ കളിയിലും മെച്ചപ്പെട്ടുവന്ന ടീമാണ് അര്‍ജന്റീന. എല്ലാ കളിയും ജയിച്ചാണ് അവര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. വളരെ കുറവ് ഗോളുകളെ അവര്‍ വഴങ്ങിയിട്ടുമുള്ളൂ. അതുപോലെ തിരിച്ച് അടിച്ചിട്ടുമുള്ളൂ. പ്രതിരോധത്തിലെ സ്ഥിരതയും മികവുമാണ് അര്‍ജന്റീനയുടെ ശക്തി. ഗോളി റൊമറോ ആത്മവിശ്വാസത്തോടെയാകും ഇന്ന് കാവലിനിറങ്ങുക. ഹോളണ്ടിനെ ഷൂട്ടൗട്ടില്‍ തടഞ്ഞിട്ട ആ കൈകളില്‍ അര്‍ജന്റീന ഇന്ന് ഏറെ പ്രതീക്ഷയര്‍പ്പിക്കും. മസ്‌കരാനോയെയും സൂക്ഷിക്കണം, അയാള്‍ക്ക് ജര്‍മ്മന്‍ പടയെ തടയാനുള്ള കരുത്തുണ്ട്. കാത്തിരിക്കുന്നത് ഡി മരിയ കളിക്കുമോ എന്നാണ്. പരിക്ക് ഗുരുതരമെങ്കിലും ടീം ഫൈനലില്‍ എത്തിയാല്‍ ഡി മരിയയെ കളിപ്പിക്കുമെന്ന് സാബെല്ല പറഞ്ഞിരുന്നൂ. ഡി മരിയ കളിച്ചാല്‍ വലിയ ആശ്വാസമാണ്. മെസിക്ക് ഭാരം കുറയും, ജര്‍മ്മനിക്ക് കൂടും. ഹിഗ്വയനും അഗ്വെറയും ഇന്നെങ്കിലും തങ്ങളുടെ കരുത്ത് എന്താണെന്ന് എതിരാളികളെ ബോധ്യപ്പെടുത്തണം. ഇന്നതിന് സാധിച്ചില്ലെങ്കില്‍ പിന്നെ എന്തിന്?ഇരുപത് കാലുകള്‍ക്കും രണ്ടു കൈകള്‍ക്കുംമുകളില്‍ അര്‍ജന്റീന ഇന്ന് പ്രാര്‍ഥനയോടെ കണ്ണയക്കുന്നത് ഒരു ഇടങ്കാലിലേക്കായിരിക്കും- അവരുടെ മിശിഹായുടെ ഇടങ്കാലിലേക്ക്. അതേ മെസി ഇന്ന് ഗോളടിക്കണം; ഗോളടിപ്പിക്കുകയും വേണം. അതു സംഭവിച്ചില്ലെങ്കില്‍? ക്ലബിനുവേണ്ടി മാത്രം കളിക്കുന്നവന്‍ എന്ന കളിയാക്കല്‍ ഇനി വേണ്ട എന്ന താക്കീത് മെസി തന്നു കഴിഞ്ഞു. ഇത്തവണ ഫൈനലില്‍ വരെ എത്തിയ അര്‍ജന്റീന അതിന് കടപ്പെട്ടത് മെസിയോടാണ്. ഗോളടിച്ചും അടുപ്പിച്ചും അയാള്‍ ശരിക്കും മിശിഹ ആകുന്നു.

ഒരു കളിക്കാരന്‍ കൂടിയുണ്ട് അര്‍ജന്റീനിയന്‍ നിരയില്‍. അയാള്‍ പക്ഷെ അദൃശ്യനായാണ് ബൂട്ട് കെട്ടുന്നത്. വേറാരുമല്ല ആ കളിക്കാരന്‍- ഭാഗ്യം. ചെറുതാക്കി പറയുന്നതല്ല, ഈ ഫൈനലില്‍ അര്‍ജന്റീനയ്ക്ക് കളിക്കാന്‍ കഴിയുന്നതിന് ഭാഗ്യത്തിന്റെ സഹായം ഒത്തിരി ലഭിച്ചു. ധീരന്മാര്‍ക്ക് ഒപ്പം ഭാഗ്യവും കൂട്ടുകൂടും എന്ന് പറയാറുണ്ടല്ലോ.കാത്തിരിപ്പിന് മണിക്കൂറുകളുടെ ഇടവേളയെയുള്ളൂ. എന്നാലും വയ്യ, മാരക്കാനയില്‍ പന്തുരുളാന്‍ മനസ്സ് തുടിക്കുന്നു. ഫുട്‌ബോള്‍, അതിനും മേലെ മറ്റൊരു കായികയിനത്തിനും മനുഷ്യനെ ഇത്രമേല്‍ വികാരഭരിതനാക്കാന്‍ പറ്റില്ല. ആ ഫുട്‌ബോളിന്റെ അടുത്ത രാജാവ് ആരായിരിക്കും? ഈ കാത്തിരിപ്പിനുപോലും എന്തൊരു ആവേശം.


Next Story

Related Stories