TopTop
Begin typing your search above and press return to search.

പെനല്‍റ്റി കിക്ക് പാഴാക്കിയ മെസ്സിയുടെ ഏകാന്തത

പെനല്‍റ്റി കിക്ക് പാഴാക്കിയ മെസ്സിയുടെ ഏകാന്തത

സി വി പാപ്പച്ചന്‍

യേശുദാസിന്റെ പാട്ടോ മട്ടന്നൂരിന്റെ കൊട്ടോ നമുക്ക് അനുകരിക്കാം, ഒരു ഫുട്‌ബോളറുടെ കാര്യത്തില്‍ അതു സാധ്യമല്ല. പെലെയെ പോലെ പെലെ മാത്രം, മറഡോണയെ പോലെ മറഡോണയും. അതു പോലെയാണ് ലയണല്‍ മെസ്സിയും. മെസ്സിക്കു പകരം ഇനി മറ്റൊരു മെസ്സി ഉണ്ടാകില്ല, മെസ്സിയെ അനുകരിക്കാനും കഴിയില്ല.

എത്ര വലിയ ഫുട്‌ബോളറാണെങ്കിലും ഒരിക്കല്‍ വിരമിച്ചേ മതിയാകൂ. പ്രായവും ശരീരവും അനുവദിക്കുന്നതുവരെയാണ് ഒരാള്‍ക്ക് കളത്തില്‍ നില്‍ക്കാന്‍ കഴിയുക. മെസ്സിയും ഒരു ദിവസം വിരമിക്കേണ്ടയാള്‍ തന്നെ. പക്ഷേ ഇപ്പോള്‍, ഇത്ര പെട്ടെന്ന് അയാള്‍ അങ്ങനെയൊരു തീരുമാനം എടുത്തത് ഞെട്ടിക്കുന്നതാണ്, വേദനിപ്പിക്കുന്നതും.

ഒരു പരാജിതനെപോലെ തലകുനിച്ചു പോകേണ്ടയാളല്ല ലയണല്‍ മെസ്സി. അയാള്‍ ബൂട്ടഴിക്കേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന തലയെടുപ്പോടു കൂടിയാണ്. ഈസ്റ്റ് റൂഥര്‍ഫോര്‍ഡില്‍ കണ്ട മെസ്സിയെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരാളും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ല.

കുറ്റബോധം ആയിരിക്കാം മെസ്സിയെ കൊണ്ട് ഇത്ര കഠിനമായൊരു തീരുമാനം എടുപ്പിച്ചത്. ലോകത്തിലെ മികച്ച കളിക്കാരനെന്നു വാഴ്ത്തപ്പെടുമ്പോഴും സ്വന്തം രാജ്യത്തിനായി ഒരു കീരീടം പോലും നേടിക്കൊടുക്കാന്‍ കഴിയാത്തതിന്റെ വേദന അയാളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടാവും. പക്ഷെ മെസ്സി, അതൊരിക്കലും താങ്കളുടെ പരാജയമല്ല, ഞാനതിനെ നിര്‍ഭാഗ്യം എന്നുമാത്രമാണ് വിളിക്കുന്നത്. നെയ്മര്‍ക്ക് ബ്രസീലിനു വേണ്ടിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗലിനു വേണ്ടിയും ചെയ്യാന്‍ കഴിയാതെ പോകുന്നതെന്താണോ അതാണ് താങ്കളുടെ കാര്യത്തിലും സംഭവിക്കുന്നത്. അത് നിര്‍ഭാഗ്യം മാത്രമാണ്, നിങ്ങളുടെ ആരുടെയും കഴിവുകേടല്ല.രാജ്യത്തിനുവേണ്ടി കിരീടം നേടാത്തതിന്റെ പേരില്‍ മെസ്സിയെ കുറ്റപ്പെടുത്തുന്നവര്‍ പലരുണ്ട്. മറഡോണപോലും അയാളെ കുറ്റപ്പെടുത്തി സംസാരിച്ചതായി കേട്ടു. ഇതേ മറോഡണ കോച്ചായി വന്നിട്ടും അര്‍ജന്റീനയ്ക്ക് ലോകകിരീടം കിട്ടിയില്ലെന്നോര്‍ക്കണം. കളിയില്‍ പരാജയപ്പെട്ടാല്‍ കളിക്കാരെ കുറ്റപ്പെടുത്തുന്നത് പതിവാണ്. സമ്മര്‍ദ്ദമല്ല, ഊര്‍ജ്ജമാണ് കളിക്കാരനില്‍ നിറയ്‌ക്കേണ്ടത്. അര്‍ജന്റീന എന്നും മെസ്സിക്ക് സമ്മര്‍ദ്ദം മാത്രമാണ് നല്‍കിയിട്ടുള്ളത്. ബാഴ്‌സയ്ക്കു വേണ്ടി കളിക്കുമ്പോള്‍ കാണുന്ന മെസ്സിയല്ല ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ കളത്തിലുള്ളതെന്നു വിമര്‍ശിക്കാറുണ്ട്. ബാഴ്‌സയിലും അര്‍ജന്റീന ദേശീയ ടീമിലും മെസ്സിയെ രണ്ടു വിധത്തിലാണ് ഉപയോഗപ്പെടുത്തുന്നത്. ബാഴ്‌സയില്‍ മെസ്സിയും നെയ്മറും സുവാരസും എങ്ങനെയാണ് ഇഴചേര്‍ന്ന് കളിക്കുന്നതെന്നു നോക്കണം. അവര്‍ക്കിടയില്‍ അതിശക്തമായ പരസ്പരധാരണയാണ്. മെസ്സി ഗോളടിച്ചാലും സുവരാസോ നെയ്മറോ അടിച്ചാലും അവര്‍ മൂന്നുപേരും ചേര്‍ന്ന് നേടുന്ന ഒരു ഗോള്‍ പോലെയാണ് നാമത് ആഘോഷിക്കുന്നത്. മാതൃരാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ അത്തരമൊരു കൂട്ടുകെട്ട് അയാള്‍ക്ക് കിട്ടുന്നില്ല. മൈതാനത്ത് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നു. ആകെ മെസ്സിയെ മനസിലാക്കി കളിക്കുന്നത് എയ്ഞ്ചല്‍ ഡി മരിയ മാത്രമാണ്. മെസ്സി എപ്പോള്‍ പന്തു തരുമെന്നും മെസ്സിക്ക് എപ്പോള്‍ പന്ത് എത്തിക്കണമെന്നും ഡി മരിയയ്ക്ക് അറിയാം. നിര്‍ഭാഗ്യവശാല്‍ കോപ്പയില്‍ ആ കൂട്ടുകെട്ട് ഉണ്ടായില്ല. ഡി മരിയയെ പരിക്ക് ചതിച്ചു. അതേ, നിര്‍ഭാഗ്യം തന്നെയായിരുന്നു ഇത്തവണ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. അത് മെസ്സിയുടെ മാത്രമല്ല, അര്‍ജന്റീനയുടെ മൊത്തം നിര്‍ഭാഗ്യമായിരുന്നു. എന്നാല്‍ പാപഭാരം മുഴുവന്‍ ഒരാളിലേക്കും.

മെസ്സി നായകനെന്ന നിലയില്‍ പരാജയമാണെന്നു പറയുന്നു. ഫുട്‌ബോളില്‍ ക്യാപ്റ്റന് വലിയ റോളില്ല. ക്രിക്കറ്റിലെ ക്യാപ്റ്റനെപോലെയല്ല ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍. സീനിയര്‍ ആയ ഒരാള്‍ ടീമിന്റെ നേതൃത്വം ഏറ്റെടുക്കുന്നു എന്നുമാത്രം. കളത്തില്‍ പതിനൊന്നുപേരും നായകന്മാരാണ്. ഗോളി ഗോള്‍ വഴങ്ങിയാല്‍ അത് നായകന്റെ കുഴപ്പമല്ല. ഓരോ നിമിഷത്തെയും തന്ത്രങ്ങള്‍ മെനയാന്‍ ഫുട്‌ബോള്‍ മൈതാനത്ത് സമയമില്ല. അതൊക്കെ ക്രിക്കറ്റില്‍. അങ്ങനെയുള്ളപ്പോള്‍ മെസ്സിയെ എങ്ങനെ പരാജയപ്പെട്ട നായകനായി ചിത്രീകരിക്കും?

മെസ്സി ഒരിക്കലും പരാജയപ്പെട്ട കളിക്കാരനല്ല. അയാള്‍ മറഡോണയെക്കാളും പെലെയെക്കാളും ഉയരത്തില്‍ നില്‍ക്കുന്നു. കഴിഞ്ഞ ലോകകപ്പിലും കോപ്പയിലും ഭാഗ്യം കൈവിട്ടില്ലായിരുന്നെങ്കില്‍ മെസ്സിയുടെ സ്ഥാനം ഇതിലും ഉയരത്തില്‍ എത്തുമായിരുന്നു.

ഇത്രവലിയ കളിക്കാരനായിട്ടും പെനാല്‍റ്റി കിക്ക് പാഴാക്കിയില്ലേ എന്നാണ് ഇപ്പോള്‍ പരിഹാസം. ലോകത്തിലെ ഏതു മികച്ച കളിക്കാരന്റെ കാലുകള്‍ക്കും പിഴവു സംഭവിച്ചിട്ടുണ്ട്. സീക്കോയും പ്ലാറ്റിനിയും പെലെയുമെല്ലാം പെനാല്‍റ്റി നഷ്ടപ്പെടുത്തിയ കളിക്കാരാണ്. ഗോളിക്കും കളിക്കാരനും ഇടയില്‍ ഒരു നിമിഷത്തിന്റെ അളവില്‍ സംഭവിക്കുന്ന ഒരു തീരുമാനം, അത് പിഴയ്ക്കാം ഫലിക്കാം. മെസ്സിക്ക് ഇത്തവണ പിഴച്ചു.

വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ മെസ്സിയെ നഷ്ടപ്പെടുന്നത് അര്‍ജന്റീനയ്ക്കാണ്. അവര്‍ക്ക് അയാളെ ഇനിയും വേണോ വേണ്ടയോ എന്നറിയില്ല. പോകുന്നെങ്കില്‍ പോയ്‌ക്കോട്ടെ എന്നായിരിക്കാം ഒരുപക്ഷേ അവര്‍ വിചാരിക്കുന്നത്. അവരോര്‍ക്കണം, നഷ്ടപ്പെടുന്നത് സമാനതകളില്ലാത്ത ഒരു പ്രതിഭയെയാണ്.ദേശീയ ടീമില്‍ കളിക്കുമ്പോള്‍ എത്രമാത്രം പ്രതിസന്ധിയാണ് മെസ്സി നേരിടുന്നതെന്ന് നാം കണ്ടിട്ടുള്ളതാണ്. മൂന്നും നാലുംപേരാണ് ആയാളെ വളയുന്നത്. നിരന്തരം ടാക്ലിംഗിന് വിധേയനാകുന്നു. എത്ര മികച്ച കളിക്കാരനാണെങ്കിലും രണ്ടു പേരെ കൂടുതല്‍ ഡ്രിബ്ലിങ് ചെയ്തു മുന്നേറുക അസാധ്യമാണ്. എന്നാല്‍ മെസ്സി നാലുപേരെയൊക്കെ ഒരേസമയം ഡ്രിബ്ലിങ് ചെയ്യുന്നത് നാം കാണുന്നതാണ്. ചിലിയെപ്പോലെ ഹാര്‍ഡ് ഫുട്‌ബോള്‍ കളിക്കുന്ന ടീമൊക്കെ മെസ്സിയെ ചങ്ങലയ്ക്കു കെട്ടിയിടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ബന്ധനം സ്വയം തകര്‍ത്തെറിയേണ്ടിവരികയാണ് മെസ്സിക്ക്.

നിങ്ങള്‍ മെസ്സിയുടെ കളി ശ്രദ്ധിക്കൂ, ഓരോ ദിവസവും ഡ്രിബ്ലിങ്ങിന്റെ പുതിയരൂപങ്ങള്‍ രചിക്കുകയാണയാള്‍. എന്നിട്ടും അര്‍ജന്റീനക്കാര്‍ മെസ്സിയെ പഠിക്കാന്‍ ഇപ്പോഴും ശ്രമിച്ചിട്ടില്ല, ബാഴ്‌സലോണയ്ക്ക് സാധിച്ചതുപോലെ...

മെസ്സിയെ അര്‍ജന്റീനയ്ക്ക് നഷ്ടപ്പെടരുതെന്ന് ലോകമെങ്ങുമുള്ള അവരുടെ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ആ നാടിനും ടീമിനും അതേ ആഗ്രഹം തന്നെയാണെന്നു വിശ്വസിക്കാം. അടുത്ത ലോകകപ്പും കോപ്പയും കളിക്കാന്‍ മെസ്സിക്ക് കഴിയും. അതുവരെ അയാള്‍ നീലജേഴ്‌സിയില്‍ ഉണ്ടാകണം. പെലെ മൂന്നുവട്ടം അന്താരാഷ്്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓരോ തവണയും തീരുമാനം മാറ്റി. മെസ്സി കഠിനഹൃദയനല്ല. അയാള്‍ക്ക് അയാളെ സ്‌നേഹിക്കുന്നവരുടെ ആഗ്രഹം നിഷേധിക്കാനാവില്ല. മെസ്സി തിരിച്ചു വരും...

(മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗവും കേരളത്തിന്റെ നായകനും സന്തോഷ് ട്രോഫി താരവുമായിരുന്നു സി വി പാപ്പച്ചന്‍)

(സി വി പാപ്പച്ചനുമായി അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനി ബിബിന്‍ ടി ബാബു സംസാരിച്ചു തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories