TopTop
Begin typing your search above and press return to search.

വാര്‍ണര്‍ ബ്രദേഴ്‌സിനു വേണ്ടിയൊരു ചിത്രം ചെയ്യുന്നു; ലിപ്സ്റ്റിക്കിന്റെ സംവിധായകന്‍ ഖയസ് മിലന്‍/ അഭിമുഖം

വാര്‍ണര്‍ ബ്രദേഴ്‌സിനു വേണ്ടിയൊരു ചിത്രം ചെയ്യുന്നു; ലിപ്സ്റ്റിക്കിന്റെ സംവിധായകന്‍ ഖയസ് മിലന്‍/ അഭിമുഖം

അഭിമുഖം: ഖയസ് മിലന്‍/ പിജിഎസ് സൂരജ്

ലൈംഗികതയുടെ പുത്തന്‍ രീതിശാസ്ത്രങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച രാജ്യമാണ് ഇന്ത്യ. സ്വവര്‍ഗ്ഗരതി ഉള്‍പ്പെടെ ലൈംഗികതയുടെ പുതിയ പരീക്ഷണങ്ങളും ചിന്തകളും ലോകജനതയ്ക്ക് പരിചയപ്പെടുത്തിയതില്‍ ഇന്ത്യയുമുണ്ട്. എന്നാല്‍ ലൈംഗികത പാപമാണെന്ന സദാചാര ബോധങ്ങളിലേക്ക് കാര്യങ്ങള്‍ മാറുന്നതാണ് പിന്നീട് സംഭവിച്ചത്. ലൈംഗികതയുടെ അത്തരം പാപബോധങ്ങളുടെ ശിരസ്സില്‍ അടിക്കുന്ന ആണിയാണ് ചലച്ചിത്ര സംവിധായകന്‍ ഖയസ് മിലന്‍ സംവിധാനം നിര്‍വഹിച്ച 'ലിപ്സ്റ്റിക്ക്' എന്ന ഹ്രസ്വചിത്രം. ഹ്രസ്വ ചിത്രങ്ങളുടെ നിര്‍മാണ ചരിത്രം പരിശോധിച്ചാല്‍ നിലവിലുള്ള സകലതിനെയും പൊളിച്ചെഴുതുന്ന ഒരു പരീക്ഷണം എന്നതിലുപരി വലിയൊരു ആശയം പറഞ്ഞവതരിപ്പിച്ച് ചരിത്രത്തിലേയ്ക്ക് നടന്നു കയറുന്ന ഹ്രസ്വ ചിത്രമാണ് 'ലിപ്സ്റ്റിക്ക്'. ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കൊല്‍ക്കട്ട ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ഈ ഹ്രസ്വചിത്രം പറയുന്നത് സെക്‌സില്‍ പുതുമ അന്വേഷിക്കുന്ന കൃഷ്ണന്‍ എന്ന ചെറുപ്പക്കാരനും കുട്ടിക്കാലത്ത് തന്റെ ഉള്ളിലേയ്ക്ക് അറിയാതെ വന്നുപോയ സ്ത്രൈണത എന്ന കൗതുകത്തെ പിന്തുടരാന്‍ വിധിക്കപ്പെട്ടുപോയ ശ്യാം എന്ന ചെറുപ്പക്കാരന്റെ ആത്മസംഘര്‍ഷങ്ങളുമാണ്. വിജയ് ബാബുവും കാവ്യാമാധവനും നായികാ നായകന്മാരായ ആകാശവാണി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് തിരുവനന്തപുരം സ്വദേശി ഖയസ് മിലന്‍. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ വച്ച് ലിപ്സ്റ്റിക് കാണാനിടയായ വാര്‍ണര്‍ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് നിര്‍മാണ കബനിയുടെ പ്രതിനിധികള്‍ ഖയസിന്റെ അടുത്ത പ്രോജക്റ്റില്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. സംവിധായകന്‍ ഖയസ് മിലനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.

സൂരജ്: എങ്ങനെയാണ് ലിപ്സ്റ്റിക് എന്ന ഹ്രസ്വചിത്രത്തിലേയ്ക്കു എത്തുന്നത് ?

ഖയസ്: സിനിമയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ലിപ്സ്റ്റിക്ക് എന്ന ഹ്രസ്വചിത്രത്തെകുറിച്ച് ആലോചിക്കുന്നത്. നാലഞ്ചു ചിത്രങ്ങളില്‍ സഹസംവിധായകന്‍ ആയി ജോലി ചെയ്തപ്പോള്‍ തന്നെ സ്വതന്ത്രമായി ഒരു സിനിമയെടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ മനസിലേയ്ക്ക് വന്നു. വലിയ ക്യാന്‍വ്യാസായ ഫീച്ചര്‍ സിനിമ ചെയ്യുന്നതിന് മുന്നേ തന്നെ അതിനു ഞാന്‍ പ്രാപ്തനാണെന്നു തെളിയിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു ലിപ്സ്റ്റിക് എന്ന ഹ്രസ്വചിത്രം. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം ചെയ്യുമ്പോള്‍ വളരെ ഗൗരവമുള്ള ഒരു വിഷയം തന്നെ ചെയ്യണമെന്ന് ആദ്യമേ തന്നെ തീരുമാനിച്ചു. ചൈല്‍ഡ് സൈക്കോളജി സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന എന്റെ ഭാര്യയാണ് ഈ വിഷയത്തെ പറ്റി ആദ്യമായി എന്നോട് പറയുന്നത്. സ്‌കൂളുകളില്‍ കൗണ്‍സിലിംഗിന്റെ ഭാഗമായി കുട്ടികളുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞ ചില പ്രശ്‌നങ്ങള്‍ അവള്‍ എന്നോടു പറയുകയുണ്ടായി. ഭാര്യയില്‍ നിന്നും അറിയാന്‍ കഴിഞ്ഞ ചില അനുഭവങ്ങളില്‍ നിന്നുമാണു ഞാന്‍ ലിപ്സ്റ്റിക്കിന്റെ കഥ മെനയുന്നത്. ചില ആണ്‍കുട്ടികളില്‍ കുട്ടിക്കാലം മുതല്‍ ഉണ്ടായേക്കാവുന്ന ഒരു തരം ലൈംഗിക കൗതുകമുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ സംഭവിക്കുന്ന ലൈംഗിക ഇടപെടലുകളെ ഒരിക്കലും കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ രീതിയല്ല. ഈ ചിത്രത്തിലെ ശ്യാം എന്ന ചെറുപ്പക്കാരന് അയാളുടെ കുട്ടിക്കാലത്തു തോന്നിയ സ്‌ത്രൈണതയോടുള്ള താല്‍പര്യം വളര്‍ന്നു വലുതായി പില്‍ക്കാലത്ത് അവനിലെ പുരുഷന്‍ എന്ന സ്വത്വബോധത്തെ തന്നെ കീഴ്‌പ്പെടുത്തുന്ന ഭീകരമായ അവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം.khais-2

സൂ: സ്വവര്‍ഗ്ഗ രതിയും സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹവുമെല്ലാം നിയമം മൂലം നിരോധിച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ആ സമകാലിക ഇന്ത്യയില്‍ ഈ ഹ്രസ്വചിത്രത്തിന്റെ പ്രസക്തി എത്രമാത്രമാണ് ?

ഖ: 2013 ഡിസംബര്‍ മാസത്തിലാണ് സ്വവര്‍ഗ്ഗരതി കുറ്റകരമാണെന്നുള്ള സുപ്രീം കോടതി വിധി വന്നത്. 2013 ഡിസംബര്‍ അവസാനം തന്നെയാണ് ലിപ്സ്റ്റിക് ചിത്രീകരണം പൂര്‍ത്തിയാക്കിയതും. ചിലപ്പോള്‍ കോടതിവിധി അനുകൂലമാകില്ലേ എന്ന കൃഷ്‌ണോടുള്ള ശ്യാമിന്റെ ചോദ്യത്തിന് കൃഷ്ണന്റെ മറുപടി ആവശ്യക്കാരന്റെ താത്പ്പര്യത്തിനനുസരിച്ച് ഉടുതുണി അഴിക്കുന്ന വേശ്യയെ പോലെയാണ് ഈ നാട്ടിലെ കോടതിയും നിയമവും എന്നാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ വൈവിധ്യവും സ്വതന്ത്രവും വിശാലവുമായ സംസ്‌കാരം എന്തെന്ന് മനസ്സിലാക്കാത്ത കോടതിയും നിയമവുമാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളത്. 2013-ല്‍ നിന്നും 2016 ആകുമ്പോഴേക്കും ഇത്തരം വിഷയങ്ങളില്‍ യാതൊരു പുരോഗതിയും ഇല്ലാതെ പ്രാകൃതമായ രീതിയില്‍ ഇത്തരം വിഷയങ്ങളെ നേരിടുന്ന കപട സദാചാരവാദികളെയാണ് നമുക്ക് കാണാന്‍ കഴിയുക. എന്നാല്‍ കേരളത്തില്‍ ഇത്തരം ലൈംഗിക വൈവിധ്യങ്ങളെ കുറിച്ചുള്ള അവബോധം കൂടിയിട്ടുണ്ട് എന്നു തന്നെ പറയാം. ഐ.എഫ്.എഫ്.കെയില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയത് വലിയ നേട്ടമായി കാണാം. ലിപ്സ്റ്റിക്കിന്റെ പ്രമേയം ഒരിക്കലും സ്വവര്‍ഗ രതിയല്ല. ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും സെക്‌സില്‍ അവരുടേതായ കാഴ്ചപ്പാടും അഭിരുചികളും ഉണ്ട്. കൃഷ്ണന്‍ എന്ന കഥാപാത്രം സെക്‌സില്‍ പുതുമ കണ്ടെത്തുകയും പുതുമ അന്വേഷിക്കുകയും ചെയ്യുന്ന ഒരാളാണ്. ശ്യാമിന് കൃഷ്ണനുമായി കുട്ടിക്കാലത്ത് അറിയാതെ സംഭവിച്ചുപോയ ലൈംഗിക ബന്ധത്തില്‍ നിന്നും തുടങ്ങുന്ന സ്വവര്‍ഗ്ഗ പ്രണയം അവനിലെ പുരുഷനെ എന്നെന്നേക്കുമായി മായ്ച്ചു കളയുന്നു എന്നു ഞെട്ടലോടെ ശ്യാം തിരിച്ചറിയുന്നിടതാണ് ലിപ്സ്റ്റിക് എന്ന ഹ്രസ്വചിത്രം അവസാനിക്കുന്നത്. ജന്മനാ ഉണ്ടാകുന്ന വ്യതിയാനത്താലോ സാഹചര്യങ്ങളുടെ പ്രേരണയാലോ ആണ് ഒരാള്‍ സ്വവര്‍ഗ്ഗാനുരാഗിയായി മാറുന്നത്. വെറും കുട്ടിക്കളിയായി ശ്യാമിന്റെ ഉള്ളില്‍ മൊട്ടിടുന്ന സ്ത്രീത്വം അവന്‍ പോലും അറിയാതെ അവന്റെ വ്യക്തിത്വത്തെ കീഴ്‌പ്പെടുത്തുന്നു. കൃഷ്ണന്റെ വ്യത്യസ്ത ലൈംഗിക രുചികള്‍ക്കുള്ള ഒരു ഇര മാത്രമാണ് താന്‍ എന്നു ശ്യാം തിരിച്ചറിയപ്പെടുന്നത് അവന് ഇരുപത്തിയെട്ടു വയസ്സ് തികയുമ്പോഴാണ്.

സൂ: സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വാഭാവിക ലൈഗിക ബന്ധത്തില്‍ നിന്നും ഇത്തരം വിചിത്രമായ ലൈംഗിക സങ്കല്‍പ്പങ്ങള്‍ ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ അവബോധം സൃഷ്ടിക്കുവാന്‍ കാരണമാകില്ലേ?

ഖ: സമൂഹത്തിനു ശരിയായ ലൈംഗിക അവബോധം സൃഷ്ടിക്കുക എന്നുള്ളതല്ല ലിപ്സ്റ്റിക്കിന്റെ ലക്ഷ്യം. ലൈംഗികത എന്നു പറയുമ്പോള്‍ സ്വയംഭോഗവും അതില്‍ വരാം. അതിന് ഒരാള്‍ക്ക് പങ്കാളിയുടെ ആവശ്യം തന്നെയില്ല. വ്യത്യസ്ത അഭിരുചികള്‍ ഉള്ള ഒരു സമൂഹത്തില്‍ ഒരാണിനു മറ്റൊരാണിനോട് പ്രണയം തോന്നുക ഒരു കുറ്റമല്ല. അത്തരക്കാരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്താതെ എങ്ങനെ അത്തരം പ്രശ്‌നങ്ങളില്‍ അകപ്പെട്ടു എന്ന് അന്വേഷിക്കുകയും അവരിലെ മാനുഷികതയെ പിന്തുണക്കുകയുമാണ് വേണ്ടത്. ലിപ്സ്റ്റിക് ഒരിക്കലും ഒരു ലൈംഗിക ഉദ്‌ബോധന ചിത്രമല്ല.-

സൂ: ലിപ്സ്റ്റിക്കിനു ലഭിച്ച പുരസ്‌ക്കാരങ്ങളെ കുറിച്ച് പറയാമോ?

ഖ: ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡല്‍ഹി, നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ചെന്നൈ ഇന്റര്‍നാഷണല്‍ വുമെന്‍ ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, കൊല്‍ക്കട്ട ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, കാനഡ, ലോസ് ഏഞ്ചല്‍സ്, ബെല്‍ജിയം, ന്യൂയോര്‍ക്ക് , ഓസ്‌ട്രേലിയ, ജപ്പാന്‍, ദുബായ് തുടങ്ങി ഇന്ത്യക്ക് അകത്തും വിദേശത്തും ഉള്ള എഴുപതോളം ഹ്രസ്വചിത്രമേളകളില്‍ നിന്നായി നൂറോളം അവാര്‍ഡുകളാണു ലിപ്സ്റ്റിക് നേടിയത്. മികച്ച ഹ്രസ്വ ചിത്രമായി തെരഞ്ഞെടുത്തത് നാല്‍പ്പതോളം മേളകളില്‍. കേന്ദ്ര കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ജിനു കുറ്റിക്കാടിനെ മികച്ച നടനായി തെരഞ്ഞടുത്തത് ഇരുപതോളം മേളകളില്‍. ഏഷ്യയിലെ ഏറ്റവും വലിയ LGBT ഫിലിം ഫെസ്റ്റിവല്‍ ആയ 'Kashish'-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതടക്കം ദാദാസാഹിബ് ഫാല്‍ക്കേ ഫെസ്റ്റ്, എമര്‍ജിംഗ് ഫിലിം മേക്കര്‍, നേറ്റീവ് മൂവി തുടങ്ങിയ മികച്ച നേട്ടങ്ങളും അംഗീകാരങ്ങളും ലിപ്സ്റ്റിക്കിനെ തേടിയെത്തി.

സൂ: ലിപ്സ്റ്റിക്കിന്റെ കാസ്റ്റിംഗ് എങ്ങനെയായിരുന്നു?

ഖ: സ്‌ക്രിപ്റ്റിംഗ് സമയത്ത് തന്നെ ചിത്രത്തിലെ കൃഷ്ണന്റെയും ശ്യാമിന്റെയും സ്വവര്‍ഗ്ഗ ബന്ധത്തിന്റെ തീവ്രത കാണിക്കുന്ന സെക്ഷ്വല്‍ രംഗങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ അല്‍പ്പം പോലും വിട്ടുവീഴ്ചയില്ലാതെ ചിത്രീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അതിനായി നാല്‍പ്പതോളം നടന്മാരുമായി നമ്മള്‍ സംസാരിച്ചിട്ടും ആരും അതിനു തയ്യാറായില്ല. അവസാനം പ്രൊജക്ട് തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജിനു കുറ്റിക്കാടും പ്രേം ശങ്കറും വരുന്നത്. അവരില്ലായിരുന്നെങ്കില്‍ ലിപ്സ്റ്റിക് എന്ന ഹ്രസ്വ ചിത്രം സംഭവിക്കില്ലായിരുന്നു. എന്റെ ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ച് കിട്ടിയ കാശ് കൊണ്ടാണ് ലിപ്സ്റ്റിക്കിന്റെ ചിത്രീകരണം തുടങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയായി പൂര്‍ണമായ ഔട്ട് കിട്ടിയതിനു ശേഷം വിദേശ ഫെസ്റ്റിവല്‍സിന്റെ എന്‍ട്രി ഫീസ് ഉള്‍പ്പെടെ 3.5 ലക്ഷം രൂപ ചെലവായി.

lipstick-2

സൂ: ലിപ്സ്റ്റിക് എന്ന ഹ്രസ്വ ചിത്രത്തില്‍ നിന്നും എങ്ങനെയാണ് ആകാശവാണി എന്ന ഫീച്ചര്‍ സിനിമയിലേയ്ക്ക് എത്തുന്നത് ?

ഖ: ലിപ്സ്റ്റിക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായ സമയത്താണ് ഫ്രൈഡേ ഫിലിംസിന്റെ പെരുച്ചാഴി എന്ന ചിത്രത്തില്‍ സഹസംവിധായകനായി ഞാന്‍ ജോലിചെയ്യുന്നത്. പെരുച്ചാഴിയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്ന സമയത്ത് തന്നെ ലിപ്സ്റ്റിക് പല വിദേശ ചലച്ചിത്ര മേളകളിലേക്കും തെരഞ്ഞടുക്കപ്പെടുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു. പെരുച്ചാഴി എന്ന ചിത്രത്തിനു ശേഷം ഫ്രൈഡേ ഫിലിംസിനു മുന്നില്‍ വന്ന ആകാശവാണി എന്ന സിനിമയുടെ സ്‌ക്രിപ്റ്റിലേയ്ക്ക് അവര്‍ എന്നെ സംവിധായകനായി പരിഗണിക്കുകയായിരുന്നു. പലരും എന്നോട് ചോദിക്കുകയുണ്ടായി ലിപ്സ്റ്റിക് എന്ന ആഴമേറിയ വിഷയത്തില്‍ നിന്നും എങ്ങനെയാണ് ആകാശവാണി എന്ന ഫാമിലി സബ്‌ജെക്റ്റിലേയ്ക്ക് വന്നതെന്ന്. എന്നെ സംബധിച്ചിടത്തോളം ഒരു സ്വതന്ത്ര സംവിധായകനായി പ്രവര്‍ത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന സമയത്ത് എന്നെ തേടിയെത്തിയ അവസരമാണ് ആകാശവാണിയുടേത്. ആ അവസരം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ആകാശവാണി, തിയേറ്ററില്‍ പൂര്‍ണവിജയം എന്നു പറയാന്‍ കഴിയിലെങ്കിലും സാറ്റ്‌ലൈറ്റ് റൈറ്റ് ഉള്‍പ്പെടെ നിര്‍മാതാവിന് നഷ്ടം വരാത്ത സിനിമയാണ്.

സൂ: ഭാവി പ്രൊജക്റ്റുകള്‍?

ഖ: ന്യൂയോര്‍ക്ക് ഷോര്‍ട് ഫിലിം ഫെസ്റ്റ് നടക്കുന്ന സമയത്ത് ലിപ്സ്റ്റിക്കിന്റെ സ്‌ക്രീനിംഗ് വാര്‍ണര്‍ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് കമ്പനിയുടെ പ്രതിനിധികള്‍ കാണാന്‍ ഇടയായി. അവര്‍ എന്റെ അടുത്ത വര്‍ക്കിനു താല്‍പ്പര്യം പ്രകടിപ്പിച്ചതനുസരിച്ച് ഞാന്‍ ഒരു പുതിയ പ്രോജക്റ്റ് അവര്‍ക്ക് സബ്മിറ്റ് ചെയ്തിരുന്നു. അവര്‍ ആ പ്രോജക്റ്റ് അംഗീകരിച്ചു. ധാരാളം തയ്യാറെടുപ്പുകള്‍ വേണ്ടി വരുന്ന എണ്‍പത് കോടിയോളം മുതല്‍മുടക്ക് വരുന്ന ഒന്നാണ്. 2020 ല്‍ ചിത്രീകരണം തുടങ്ങും. അതിനു മുന്നേ തന്നെ മലയാളത്തില്‍ മമ്മൂട്ടി നായകനായ ഒരു ചിത്രവും പ്ലാന്‍ ചെയുന്നുണ്ട്.


Next Story

Related Stories