TopTop

ശ്രീലങ്കൻ തമിഴകം കവിഞ്ഞൊഴുകുന്ന രുദ്രമൂർത്തി ചേരന്റെ അന്ത്യവെളിപാടുകള്‍

ശ്രീലങ്കൻ തമിഴകം കവിഞ്ഞൊഴുകുന്ന രുദ്രമൂർത്തി ചേരന്റെ അന്ത്യവെളിപാടുകള്‍
രുദ്രമൂര്‍ത്തി ചേരന്റെ കവിതകള്‍ക്കൊപ്പം അലയുക എന്നാല്‍ ശ്രീലങ്കയിലെ തമിഴരുടെ ചരിത്രത്തോടൊപ്പം കലങ്ങിമറിഞ്ഞൊഴുക എന്നു തന്നെയാണ്. പതിറ്റാണ്ടുകളോളം തമ്മില്‍ 'മത്സരിച്ചുകൊണ്ടിരുന്ന രണ്ടു ദേശീയതാവാദങ്ങള്‍' സൃഷ്ടിച്ച സംഘര്‍ഷവും ദുരിതവും അവിടത്തെ തമിഴ് ജീവിതത്തില്‍ സൂക്ഷ്മമായും സ്ഥൂലമായും വരുത്തിയ മാറ്റങ്ങളുടെയും അക്രമത്തിന്റെയും വിചാരണകളുടെയും അതുപോലെ തന്നെ പ്രതീക്ഷയുടെയും സാക്ഷികളാണ് ചേരന്റെ കവിതകള്‍. നാടുകടത്തപ്പെട്ട കവിതാനുഭവം കൂടിയാണത്. അപരിചിതവും ആഴത്തില്‍ അപ്രാപ്യവുമായ പുതുവിടങ്ങളില്‍ ജീവിക്കാന്‍ വീടുണ്ടാക്കിയ കവിത. ഒരിടത്തിന്റെ സ്വന്തമാവല്‍ പോലെ തന്നെ അങ്ങോട്ടുള്ള മടക്കവും അസാധ്യമാണെന്ന് കുത്തിക്കുറിച്ച കവിത. മൂപ്പെത്താത്ത മരണം നിത്യസന്ദര്‍ശകനായിരുന്ന ഒരു കാലത്തിന്റെ ഓര്‍മകളും ഓര്‍മിക്കലുകളും അവയുടെ കലക്കങ്ങളും, മായും മുന്‍പേ കൊത്തിയെടുത്തു സൂക്ഷിക്കാന്‍ പണിപ്പെടുന്ന കവിത. ദിനംപ്രതി നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ക്കും പുത്തന്‍ ഉരുവപ്പെടലുകള്‍ക്കും ഇടയില്‍ ചേരന്‍ എന്ന കവി എഴുതിക്കൊണ്ടേയിരുന്നു.

തീര്‍ത്തും ഉലയാതെ,

അയാള്‍ തന്റെ കവിതയെഴുതി.

(ശ്രദ്ധാഞ്ജലി, Tribute, 2011)

എല്ലാ അര്‍ത്ഥത്തിലും കവിയുടെ സ്വപ്നഭാഷയാണ് തമിഴിവിടെ. അതിലെഴുതപ്പെടുന്ന കവിത അതിന്റെ പ്രവചനസ്വഭാവം കൊണ്ട് നമ്മെ അമ്പരപ്പിക്കുന്നു. 1981 ജൂണ്‍ ഒന്നാം തിയതി ജാഫ്ന ലൈബ്രറി കത്തിച്ച ഇരുണ്ടനാളിലെ സൂര്യാസ്തമയത്തെ 'രണ്ടാം സൂര്യോദയം' എന്നാണ് ചേരന്‍റെ കവിത എഴുതിയത്. പിന്നീട് അയാളുടെ ആദ്യ കവിതാസമാഹാരത്തിന്റെ പേരായി അത് മാറി. 97000-ഓളം പുസ്തകങ്ങള്‍, എണ്ണമില്ലാത്ത കയ്യെഴുത്ത് പ്രതികള്‍, വിലമതിക്കാനാവാത്ത മറ്റു രേഖകള്‍ എന്നിവയടങ്ങിയ ആ പുസ്തകാലയം കത്തിച്ചു ചാമ്പലാക്കിയത് ശ്രീലങ്കന്‍ പോലീസാണ്. ഇതിനെത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശ്രീലങ്കയിലെ സിംഹള ഭരണകൂടം തമിഴ് ജനതയ്ക്കെതിരെ നടത്തിയ കടുത്ത അക്രമങ്ങളെ പ്രതിരോധിക്കാന്‍ തീവ്രമായ ഒരു തമിഴ് ദേശീയതാവാദം ഉയരുകയും തമിഴ് ഈഴം എന്ന തമിഴ്-ജന്മദേശം വിഭാവനം ചെയ്യപ്പെടുകയും അതിനായുള്ള പോരാട്ടം ശക്തമാവുകയും ചെയ്തു. എന്നാല്‍, ഈ ദേശീയതയെ ഏകശിലാത്മകമായി പ്രതിനിധീകരിക്കാന്‍ സൈനികമായി ഒരുങ്ങിയ എല്‍.ടി.ടി.ഇ എന്ന സംഘടനയുടെ അക്രമങ്ങളെയും 'കവിക്ക് അതിരുകളില്ലെ'ന്നതിനാല്‍ ചേരന്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ സായുധസേന ആഭ്യന്തര യുദ്ധത്തില്‍ ഇടപെട്ടു, ശ്രീലങ്കയിലെ തമിഴര്‍ക്കെതിരേ അഴിച്ചുവിട്ട അക്രമങ്ങളെയും അതിലുണ്ടായ നാഷനഷ്ടങ്ങളെയും ചേരന്‍ രൂക്ഷമായി എതിര്‍ത്തു. ഇതിലൂടെയെല്ലാം ഒരു അന്ത്യവെളിപാട് അടുത്തുവരുന്നത് ചേരനിലെ കവി അറിഞ്ഞു. 1999-ല്‍ എഴുതിയ അന്ത്യവെളിപാട് (Apocalypse) എന്ന കവിതയില്‍ അയാള്‍ ഇങ്ങനെ എഴുതി:

നമ്മുടെ കാലത്തു തന്നെ നാം

അന്ത്യ വെളിപാടു കണ്ടിരിക്കുന്നു.

ഭൂമി മരണത്തിന്‍റെ നൃത്തത്തില്‍

വിറയ്ക്കുന്നു;

കൊടുംകാറ്റില്‍ ഉടലുകള്‍ ഉടഞ്ഞു തകരുന്നു;

...

ഇപ്പോഴവിടെ

മുറിവേറ്റൊരു

പെരുംനാടു മാത്രം.

നാം മടങ്ങും വരെ

ഒരു കിളി പോലും അതിന്മീതേ

പാറുകയില്ല.

തന്റെ എട്ടാമത്തെ കവിതാസമാഹാരത്തിനു ചേരന്‍ നല്‍കിയ പേര് 'കാടാട്ട്ര്', ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് കാടിന്റെ സുഖപ്പെടല്‍ (Healing of the Forest) എന്നാണ്. എന്നാല്‍, മലയാളത്തിലെ സഞ്ചയനം (മൃതദേഹം ദഹിപ്പിച്ചിടത്തു നിന്നും അസ്ഥിക്കഷണങ്ങളും മറ്റും ശേഖരിക്കുന്ന ചടങ്ങ്) എന്ന വാക്കിന് ഏകദേശം തത്തുല്യമാണത്.  മുറിവേറ്റ കരപ്പരപ്പ്, ചാവിന്റെ നൃത്തം, കണ്ണീരിന്റെ ചോര, ഇതെല്ലാം കവിതയില്‍ നിന്നും ജീവിതത്തിലേക്ക് മൊഴിമാറ്റപ്പെട്ടിരുന്നു അപ്പോഴേക്കും. യുദ്ധത്തിലൂടെ ജീവിച്ചു മാറ്റപ്പെട്ട ചേരന്റെ കവിത, വിണ്ടുണങ്ങിയ അനുഭൂതികളും ഭാഷയും സ്വരുക്കൂട്ടി 2009 മെയിലെ കൂട്ടക്കൊലയോര്‍ത്ത്,  അതില്‍ കത്തിച്ചു കൊന്ന മനുഷ്യരേയോര്‍ത്ത് ഇങ്ങനെ വിലപിക്കുന്നു

കടല്‍ വറ്റിയിരിക്കുന്നു

തമിഴിനു ഇടമില്ലാതായിരിക്കുന്നു

ബന്ധങ്ങള്‍ക്ക് പേരുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

(അന്ത്യ വെളിപാടിനു ശേഷം, After Apocalypse, 2009)

ഇക്കാലയളവിനു ശേഷമുള്ള ചേരന്‍റെ കവിതകളെ ചൂഴ്ന്നു നില്‍ക്കുന്നത് കനത്ത നഷ്ടബോധവും അതിനെ അതിജീവിക്കാനുള്ള ഓര്‍മയുടെ ശ്രമങ്ങളുമാണ്. അതിജീവനത്തിന്റെ ചുവടുകളെ കനപ്പെടുത്തുന്ന ദുഃഖം, 'കാടാട്ട്ര്' എന്ന കവിതയെ നിറയ്ക്കുന്നു. മേല്‍പ്പറഞ്ഞതുപോലെ മൃതദേഹം ദഹിപ്പിച്ചതിനു മൂന്നുനാള്‍ കഴിഞ്ഞ് ചാരവും അസ്ഥികളും തിരഞ്ഞെടുക്കുന്ന ചടങ്ങാണിത്‌. മരണവുമായി പൊരുത്തപ്പെട്ടു, ദുഃഖത്തിന്‍റെ ഊറ്റം കുറഞ്ഞു, നഷ്ടത്തിന്റെ ആഴം കുറയ്കാന്‍ സഹായിക്കുന്ന ചടങ്ങ് കൂടിയാണിത്. എന്നാല്‍, ആ കവിത പറയുന്നത്, അത്തരമൊരു മുന്നോട്ടു പോക്കിനെ, മരണവും നഷ്ടവുമായുള്ള പൊരുത്തപ്പെടലിനെ, യുദ്ധം അസാധ്യമാക്കുന്നത് എങ്ങനെ എന്നാണ്.

പുകഞ്ഞു തീരാത്ത ഒരു നാടിനെ

സുഖപ്പെടുത്താന്‍

അവന്‍ എഴുതുന്നു,

ഞങ്ങള്‍ പോയി;

ഒരൊറ്റ കിളിയില്ല കണ്ണില്‍.

...

എങ്കിലും

...

ഇനിയുമുണങ്ങാത്ത

ചോരയ്ക്ക്

സാക്ഷികളില്ല.

മുറിവുമൂടാന്‍

ചാരം, കടലില്‍

വായുവിലും,

കലര്‍ത്താന്‍;

തന്റെ കണ്ണ് ഒന്ന് പൂട്ടാന്‍,

അവിടെ വായുവില്ല

അവിടെ കടലില്ല

(കാടിനെ) ശമിപ്പിക്കാന്‍

അവിടെ വഴിയില്ല.

(കാടാട്ട്ര്, 2009)

മറക്കാനരുതായ്ക, ഒരിക്കല്‍ കടന്നുപോയ അക്രമത്തിന്‍റെ അനുഭവങ്ങള്‍ നിരന്തരം മടങ്ങിയെത്തുന്ന വേദന എന്നീ അവസ്ഥകള്‍ കവിതയായവയാണ് ഈ വര്‍ഷം പുറത്തിറക്കാനിരിക്കുന്ന മൂന്ന് പുസ്തകങ്ങളില്‍ സമാഹാരിക്കപ്പെടുന്നത്. 'ചിതറാന്‍ സമ്മതിക്കാത്ത സ്വപ്‌നങ്ങള്‍' എന്ന് ചേരന്‍ വിളിക്കുന്ന, ദു:സ്വപ്നങ്ങളില്‍ നിന്ന് വേര്‍തിരിക്കാന്‍ ആവാത്ത ഓര്‍മ്മകള്‍, ഈ കവിതകളില്‍ വീണ്ടും വീണ്ടും വരുന്നു. സിംഹള സൈന്യവും ഇന്ത്യന്‍ സൈന്യവും തമിഴ് ജനതയ്ക്ക് മേല്‍ ചൊരിഞ്ഞ വിഷഭരിതമായ ഹിംസയെ, അതിലെ വൈകാരിക അനുഭവത്തെ ഖനനം ചെയ്തെടുത്ത് നിര്‍മ്മിച്ച ഈ കവിതകളിലെ ചിത്രങ്ങള്‍, നമ്മുടെ കാവ്യഭാവുകത്വത്തെ തകര്‍ത്തുകളയുന്നു. അമ്മയെ ബലാത്സംഗം ചെയ്യുന്നത് കണ്ടു കരഞ്ഞുകൊണ്ട്‌ അത് തടയാനൊരുങ്ങിയ കുഞ്ഞിനെ കിണറ്റിലേക്കെറിയുമ്പോള്‍ 'ഒച്ചയില്ലാത്ത ഒരു കിണര്‍' ആ അഭിശപ്തമായ നാട്ടില്‍ ഉപേക്ഷിക്കപ്പെടുന്നു, കുഞ്ഞിന്‍റെ ശവമഞ്ചം കാണേണ്ടി വന്ന നേരത്തെ കവിയും. ചേരന്‍റെ കവിതകള്‍ വായിച്ചു നിര്‍ത്തുമ്പോള്‍ ഇങ്ങനെ ഒരു നൂറു കണക്കുകളും ചിത്രങ്ങളും നമ്മെ വിട്ടു പോവാന്‍ വിസമ്മതിച്ച് ചുറ്റും നിന്ന് സ്വൈര്യം കെടുത്തുന്നു. ഒന്നും ചെയ്യാതെ മൌനത്തില്‍ അഭയം തേടുന്ന നമ്മുടെ നിസ്സംഗത നമ്മെ ഇതിനു അര്‍ഹരാക്കുന്നു.

കവിയുടെ നാടുകടത്തപ്പെട്ട ജീവിതത്തിന്‍റെ സത്യവാങ്മൂലവും ഈ കവിതകള്‍ തന്നെയാണ്. വംശീയ സ്വത്വങ്ങളുടെ 'ശുദ്ധ' നിശ്ചിതത്വത്തെ അതില്‍ തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന 'തെറ്റിദ്ധാരണ'യുടെ, 'തെറ്റിയ അംഗീകാരത്തിന്റെ' (misrecognition) സാധ്യതകള്‍ കൊണ്ട് കളിയാക്കുന്നുമുണ്ട് ചേരന്‍റെ എഴുത്തുകള്‍ എന്നത് ഈ കവിതകളെ കൂട്ടത്തില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നു. സ്നേഹത്തിലധിവസിക്കുന്ന ഹിംസയെ വെളിപ്പെടുത്തുമ്പോള്‍ തന്നെ നമ്മെ കവിഞ്ഞു വളരാന്‍ കെല്‍പ്പുള്ള അതിന്റെ സാധ്യതകളെക്കൂടി ഈ കവിതകള്‍ വരച്ചുവെക്കുന്നു. ലോകമെങ്ങുമുള്ള അരികുവത്ക്കരിക്കപ്പെട്ടവര്‍, പലായനവും വംശീയ അതിക്രമങ്ങളും അനുഭവിക്കുന്നവര്‍ എന്നിവരുടെ അടയാളങ്ങള്‍ പേറുന്നു ചേരന്‍റെ സമീപകാല കവിതകള്‍. തവിട്ടുനിറമുള്ള തൊലിയോടെ ലോകത്തില്‍ അലയേണ്ടി വരുന്നവര്‍ നേരിടുന്ന പല മാനങ്ങളുള്ള ഹിംസയും വേട്ടയാടപ്പെടലും വ്യക്തമായി കുറിക്കുന്നു. 'രോഹിംഗ്യന്‍ കവിതകള്‍' എന്ന് പേരിട്ട ഏറ്റവും പുതിയ തുടര്‍കവിതകളിലൊന്നില്‍, തന്‍റെ തൊലിനിറത്തിന്‍റെ പേരില്‍ വീണ്ടും വീണ്ടും നടക്കുന്ന വയലന്‍സിനെ കുറിച്ച് ചേരന്‍ എഴുതുന്നുണ്ട്.

അടുത്ത ചുവടിനുമുന്‍പേ,

കുതിച്ചെത്തുന്ന

ബുദ്ധജനക്കൂട്ടത്തിന് മുന്നില്‍

ഞാന്‍ ബംഗ്ലാദേശല്ലെന്ന്

തെളിയിക്കാന്‍ ആവാതെ,

എന്റെ നിറവും കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു.

അടുത്ത വിമാനത്തില്‍ മടങ്ങവേ,

ആംഗ്സാന്‍ സ്യുകിക്ക്

ഞാനൊരു താമരപ്പൂ സമ്മാനിച്ചു.

(രോഹിംഗ്യന്‍ കവിതകള്‍, അപ്രകാശിതം)

പഴയതിനെ, നിരന്തരം മറക്കപ്പെടുന്ന പാഠങ്ങളെ, അനുഭവങ്ങളെ, വര്‍ത്തമാനവുമായി കൊരുത്തുവെക്കുന്ന പാടവം ചേരന്‍റെ കവിതകള്‍ക്കുണ്ട്. ഈ കവിതകള്‍, മറവിക്കെതിരെ നമ്മെ നിരന്തരം ജാഗരൂകരാക്കുന്നത്, ചരിത്രം മറക്കുമ്പോള്‍, അതാവര്‍ത്തിച്ചുകൊണ്ട്, മാനുഷികതയെ ശ്വാസം മുട്ടിച്ചുകൊണ്ട്, ഹിംസ കാലത്തിന്‍റെ  ഇടവഴികളിലൂടെ നുഴഞ്ഞെത്തുമെന്ന്  മുന്നറിയിക്കുന്നത്, കടലിന്‍റെയും കരിമ്പനകളുടെയും സാന്നിധ്യത്തിലാണ്. അതിക്രമത്തിന്റെയും ഹിംസയുടെയും നീണ്ട ശൃംഖലയിലെ കണ്ണികള്‍ തന്നെയാണ് മനുഷ്യത്വത്തിനെതിരായ ഏറ്റവും പുതിയ കുറ്റകൃത്യം കൂടി എന്നും ഈ ഓര്‍മപ്പെടുത്തലുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.  മൂര്‍ച്ചയുള്ള ചില വരികളിതാ,

വിശന്നു കരയുന്ന ഒരു കുഞ്ഞിനു മുന്നില്‍

ഒരുപിടി ചോറോ ഒരു ബിസ്ക്കറ്റോ നീട്ടിക്കാട്ടി

ആ കുഞ്ഞു തലവെട്ടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

മ്യാന്മാറില്‍, ശ്രീലങ്കയില്‍, വിയറ്റ്നാമില്‍, കോംഗോയില്‍,

കാശ്മീരില്‍, യെമനില്‍, പാലസ്തീനില്‍, എല്‍ സാല്‍വദോറില്‍...

(രോഹിംഗ്യന്‍ കവിതകള്‍, അപ്രകാശിതം)

നമ്മുടെ തുടര്‍ജീവിതത്തെ മുഴുവന്‍ അസ്വസ്ഥമാക്കിക്കൊണ്ട്, ഈ ചോദ്യം നമുക്ക് ചുറ്റിലും തങ്ങിനില്‍ക്കട്ടെ, കുറേനേരം കൂടി. 'ഇവ അതിജീവിച്ച വാക്കുകള്‍', എന്ന് ചേരന്‍ ഒരു കവിതയില്‍ കുറിച്ചത് പോലെ.

ഈ വര്‍ഷാവസാനം പുറത്തിറക്കാനിരിക്കുന്ന മൂന്നു സമാഹാരങ്ങളുടെ പണിപ്പുരയിലാണ് ചേരന്‍ ഇപ്പോള്‍. സൌഭിക് ദേ സര്‍ക്കാര്‍ ബംഗാളിയിലേക്ക് തര്‍ജമ ചെയ്ത ചില കവിതകള്‍ ഈയിടെ കൊല്‍ക്കത്തയിലെ ധനശ്രീ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 8-ന് കോഴിക്കോട്ട് ആരംഭിച്ച കേരള സാഹിത്യോത്സവത്തില്‍ അതിഥിയായി ചേരനുമുണ്ട്. അവിടെ അദ്ദേഹം തന്റെ കവിതകള്‍ വായിക്കുകയും വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യും.  

വിവര്‍ത്തനം: ആര്‍ദ്ര എന്‍.ജി

http://www.azhimukham.com/national-anthem-tagore-srilanka-ananda-theatre/

http://www.azhimukham.com/srilanka-election-rajapaksa-defeat-sirisena-new-president/

Next Story

Related Stories