TopTop
Begin typing your search above and press return to search.

പിന്‍വലിച്ച പുസ്തകത്തിന് അക്കാദമി പുരസ്ക്കാരം: കല്ലെറിയും മുമ്പ് കവയത്രിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ

പിന്‍വലിച്ച പുസ്തകത്തിന് അക്കാദമി പുരസ്ക്കാരം: കല്ലെറിയും മുമ്പ് കവയത്രിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ

2015ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം ശാന്തി ജയകുമാറിന്റെ ‘ഈര്‍പ്പം നിറഞ്ഞ മുറികള്‍’ എന്ന കവിതാ സമാഹാരത്തിനാണ്. എന്നാല്‍ ഈ പുസ്തകം താന്‍ പ്രസാധകരായ ഡിസി ബുക്സുമായി സംസാരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പിന്‍വലിച്ചതാണെന്നും അവാര്‍ഡിന് സമര്‍പ്പിച്ചിട്ടില്ലെന്നും ശാന്തി പറയുന്നു. എന്നാല്‍ ഇത്തരമൊരു പ്രസ്താവനയ്ക്കെതിരെ എഴുത്തുകാരനായ അശോകന്‍ ചെരുവില്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്ന സാഹചര്യത്തില്‍ കെ ആര്‍ ധന്യയുമായി സംസാരിക്കുകയാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ ശാന്തി ജയകുമാര്‍.

ധന്യ: 'ഈര്‍പ്പം നിറഞ്ഞ മുറികള്‍' എന്ന ആദ്യ കവിതാ സമാഹാരത്തിന് 2015ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം. പുരസ്‌കാര ലബ്ധി ആകസ്മികമായിരുന്നോ?

ശാന്തി ജയകുമാര്‍: ആര്‍ക്കും എന്നോട് വിരോധമില്ലെന്നൊരു ധാരണയുണ്ടായിരുന്നു. അത് മാറിക്കിട്ടി. യാതൊരു പരിചയവുമില്ലാത്ത കുറേ എഴുത്തുകാര്‍ ഇതിനെച്ചൊല്ലി എനിക്കെതിരെ ദുരാരോപണങ്ങളുമായി വരാന്‍ തുടങ്ങി.

ധ: പുരസ്‌കാര വാര്‍ത്ത വന്നതിന് തൊട്ടു പിന്നാലെ പുരസ്‌കാരത്തിനര്‍ഹമായ പുസ്തകം താന്‍ പിന്‍വലിച്ചതാണെന്ന വിശദീകരണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നല്ലോ?

ശാ: അതെ. 'ഈര്‍പ്പം നിറഞ്ഞ മുറികള്‍' എന്റെ ആദ്യ കവിതാ സമാഹാരമാണ്. 2013 ഡിസംബറില്‍ ഡിസി ബുക്‌സാണ് അത് പ്രസിദ്ധീകരിച്ചത്. ഏതാനും മാസം കഴിഞ്ഞപ്പോള്‍ ആ പുസ്തകം പിന്‍വലിക്കണമെന്ന് ഡിസി ബുക്‌സിനോട് ആവശ്യപ്പെടുകയും അവരംഗീകരിക്കുകയും ചെയ്തു. പുസ്തകം പിന്‍വലിക്കപ്പെട്ട കാര്യം എനിക്കും പ്രസാധകര്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. എന്റെ അടുത്ത സുഹൃത്തുക്കളോ അമ്മയോ പോലും ഇതറിയുന്നത് വളരെ നാള്‍ കഴിഞ്ഞാണ്. പുരസ്ക്കാരം ലഭിച്ച സ്ഥിതിക്ക് ഇക്കാര്യം ഒളിച്ചുവയ്ക്കുന്നത് ശരിയല്ലെന്ന് തോന്നി.

ധ: പുസ്തകം പിന്‍വലിക്കാന്‍ എന്തായിരുന്നു കാരണം?

ശാ: ഒരു നീണ്ട കാലയളവിനിടയില്‍ പലപ്പോഴായി എഴുതിയിരുന്ന കവിതകളാണ് പുസ്തകത്തിലുണ്ടായിരുന്നത്. പിന്നീട് വായിച്ചപ്പോള്‍ എനിക്ക് തോന്നി ചില വാക്കുകള്‍ക്ക് പകരം മറ്റ ചില വാക്കുകളാണ് വേണ്ടിയിരുന്നതെന്ന്. പല കവിതകളും ഒഴിവാക്കേണ്ടതായിരുന്നുവെന്നും തോന്നി. ഈ ചിന്തകള്‍ പങ്കുവയ്ക്കാന്‍ മാത്രം അടുപ്പമുള്ള സുഹൃത്തുക്കളൊന്നും ആ സമയത്ത് എനിക്ക് ഉണ്ടായിരുന്നില്ല. വളരെ ഇംപള്‍സീവ് ആയി എടുത്ത ഒരു തീരുമാനമായിരുന്നു അത്. ഡിസി ബുക്‌സ് കാണിച്ച കണക്കനുസരിച്ച് പുസ്തകങ്ങളുടെ വില മുഴുവനായി കൊടുത്തിരുന്നു. ഇനി വില്‍ക്കുകയില്ലെന്ന് അന്നവര്‍ എനിക്ക് വാക്ക് തന്നിരുന്നു.

ധ: ഫേസ്ബുക്ക് പോസ്റ്റിന്റേയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടേയും ചുവടുപിടിച്ച് ഒരു കൂട്ടമാളുകള്‍ വിമര്‍ശനങ്ങളുമായി എത്തിയിട്ടുണ്ടല്ലോ?

ശാ: വളരെ വിചിത്രമായ രീതിയിലാണ് വിമര്‍ശനങ്ങള്‍. 'പിന്‍വലിച്ച പുസ്തകം എന്തിന് അവാര്‍ഡിനയച്ചു' എന്ന് ഒരാള്‍ ആരോപണമുന്നയിച്ചിരുന്നു. ഞാന്‍ ഒരു പുരസ്‌കാരത്തിനും കവിത അയയ്ക്കാറില്ല. ഇതിനും അയച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ വേറെ ചിലര്‍ക്ക് അതിലേറെ ഈര്‍ഷ്യയായി. ഔദ്യോഗിക പദവിയെ ദുരുപയോഗം ചെയ്തിട്ടാണ് ഇത്ര വേഗം അവാര്‍ഡ് കിട്ടിയതെന്നാണ് മറ്റൊരാരോപണം. ഡോക്ടര്‍ ഒരു പദവിയല്ല. എന്റെ തൊഴിലാണ്. ഏത് മാസികയില്‍ കവിത പ്രസിദ്ധീകരിച്ചാലും പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ക്കാറില്ല. പുസ്തകത്തിലുമില്ല. ഇതിനേക്കാള്‍ വിചിത്രമായ വേറെയും ചില ആരോപണങ്ങള്‍! ആദ്യമൊക്കെ സങ്കടം തോന്നി. ഇനിയൊന്നിനും മറുപടി പറയുന്നില്ല.

ധ: വളരെ ചെറുപ്പം തൊട്ടേ എഴുതുന്നുണ്ടല്ലോ. എങ്ങനെയാണ് എഴുത്ത് ലോകത്തെ പരിചയിക്കുന്നത്?

ശാ: സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ വളരെ വിമുഖരായിരുന്നു എന്റെ വീട്ടിലെ മുതിര്‍ന്നവര്‍. അമ്മയുടെ ജീവിതത്തിലെ വേദനകള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ സന്തോഷകരമായതൊന്നുമില്ല. ആ വൈകാരിക അരക്ഷിതാവസ്ഥ എന്റെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിച്ചിരിക്കാം. ഇക്കാലത്ത് കവിതകള്‍ വായിച്ച് അതില്‍ ജീവിക്കുന്ന ഒരു മാരക ദുശ്ശീലത്തില്‍ ഞാന്‍ പെട്ടുപോയി. അമ്മ നല്ല വായനക്കാരിയായിരുന്നു. കുമാരനാശാന്റെയൊക്കെ കവിതകള്‍ വായിച്ചിട്ട് വിമര്‍ശിക്കും. അധ്യാപികയായതുകൊണ്ടാവാം ആരേയും പെട്ടെന്ന് അംഗീകരിക്കില്ല. അതുകൊണ്ട് എന്റെ രചനകള്‍ അമ്മയെ കാണിക്കാന്‍ എനിക്ക് മടി തോന്നിയിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാതൃഭൂമിയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. മനോരമ പത്രത്തില്‍ വന്ന 'സത്രത്തിലെ അവസാന രാത്രി' എന്ന കവിതയ്ക്ക് കുറേ വായനക്കാരുണ്ടായി. മെഡിക്കല്‍ കോളേജില്‍ പഠിയ്ക്കുമ്പോഴാണ് ആദ്യമായി ഒരു കവിത കലാകൗമുദിയില്‍ വരുന്നത്. തൊട്ടടുത്ത ലക്കത്തില്‍ അതിനെ പ്രശംസിച്ചുകൊണ്ട് മഹാകവി അക്കിത്തത്തിന്റെ ഒരു കത്തുണ്ടായിരുന്നു. അതെന്നെ ശരിക്കും വിസ്മയിപ്പിച്ചു.

ധ: വൈകാരിക സംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോളേജ് ജീവിതത്തെ ബാധിച്ചില്ലേ?

ശാ: വളരെ സര്‍ഗാത്മകമായ ഒരു കാമ്പസായിരുന്നു ആലപ്പുഴ ടി.ഡി.എം.സി. എഴുത്തും പാട്ടും ചിത്രരചനയും കൊളാഷ് നിര്‍മ്മാണവും അങ്ങനെ മിക്ക ദിവസങ്ങളിലും എന്തെങ്കിലുമൊക്കെക്കാണും. കോളേജ് മാഗസിനൊക്കെ വളരെ സജീവമായിരുന്നു. ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് ചെറിയൊരു സിനിമയെടുത്തിരുന്നു. ഇതോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചു. എന്നാല്‍ മൂന്നാം വര്‍ഷം പത്ത് പോസ്റ്റ്മോര്‍ട്ടമെങ്കിലും നിര്‍ബന്ധമായും നേരില്‍ കാണണമെന്നുണ്ട്. അതുപോലെ പ്രസവവും. ആദ്യം മുതല്‍ എനിക്കത് കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ക്ലാസില്‍ നിന്ന് രക്ഷപെട്ടോടി പറവൂര്‍ പബ്ലിക് ലൈബ്രറിയില്‍ പോയിരിക്കുമായിരുന്നു. അക്കാലത്ത് കുറേ വായിച്ചു. എഴുതി. പിന്നീട് ക്രമേണ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ സാധിച്ചിരുന്നു. ഡോക്ടര്‍/കവി എന്നത് രണ്ട് എക്‌സ്ട്രീമുകളാണ്. അതിന്റെ ആന്തരിക സംഘര്‍ഷം അന്നും ഇപ്പോഴുമുണ്ട്.

ധ: ഇക്കാരണം കൊണ്ടുതന്നെയായിരിക്കും ഡോക്ടര്‍മാരായ എഴുത്തുകാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായത്?

ശാ: മുമ്പ് പറഞ്ഞത് എന്റെ മാത്രം കാര്യമാണ്. ഒരുപക്ഷെ മറ്റുചിലര്‍ക്കെങ്കിലും ഇതേവിധം അനുഭവപ്പെട്ടേക്കാം. ഹൗസ് സര്‍ജന്‍സിയോടുകൂടി 'എട്ടുമണിക്കൂര്‍ ജോലി' എന്നൊക്കെയുള്ള വിശ്വാസങ്ങള്‍ ഏതോ വിദൂര സങ്കല്‍പ്പം മാത്രമായിത്തീരുന്നു. ഗവ. മെഡിക്കല്‍ കോളേജുകളില്‍ ഹൗസ് സര്‍ജനും പി.ജി. വിദ്യാര്‍ഥികള്‍ക്കുമൊക്കെ എട്ടുമണിക്കൂറായിരിക്കും ഒരാഴ്ചയില്‍ കിട്ടുന്ന വിശ്രമ സമയം! എം.ബി.ബി.എസിന് പഠിയ്ക്കുമ്പോള്‍ എഴുത്തിലും കലയിലുമെല്ലാം സാമര്‍ഥ്യം തെളിയിക്കുന്നവരാണ് പലരും. പക്ഷെ കോഴ്‌സ് കഴിയുന്നതോടെ ആര്‍ക്കും അതൊന്നും തുടരാനുള്ള സമയമില്ലാതെ വരുന്നു. നൂറ് ശതമാനം ഡെഡിക്കേഷന്‍ ആവശ്യപ്പെടുന്ന ഒരു മേഖലയാണ് മെഡിസിന്‍. തുടര്‍ പഠനത്തിനുള്ള ത്യാഗ സന്നദ്ധത എനിക്കില്ല. കവിത ധ്യാനം ആവശ്യപ്പെടുന്ന ഒന്നാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ധ: എഴുത്തുകാരിയെന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും ശാന്തി എങ്ങനെയാണ് സ്വയം അടയാളപ്പെടുത്തുന്നത്?

ശാ: ഞാന്‍ ഒരു 'ആട്ടിന്‍ തോലണിഞ്ഞ ചെന്നായ' ആണെന്ന് തോന്നാറുണ്ട്. ഡോക്ടറുടെ ആട്ടിന്‍ തോല്‍, കവിയുടെ ചെന്നായ ജീവിതം. കവിയാണെന്ന് പുറത്തറിഞ്ഞാല്‍ ആ നിമിഷം നാട്ടുകാര്‍ എന്നെ തല്ലിക്കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഈ ആട്ടിന്‍ തോല്‍ ഒരു രക്ഷാകവചമാണ്- അതെന്നെ ശ്വാസം മുട്ടിക്കും വരെ.

ധ: കവിതയ്ക്കും കവിഭാവനയ്ക്കും സമൂഹമിപ്പോള്‍ സെന്‍സറിങ് ആവശ്യപ്പെട്ട് തുടങ്ങിയതായി തോന്നുന്നുണ്ടോ?

ശാ: വളരെ സ്‌പൊണ്ടേനിയസ് ആയി ജീവിക്കാന്‍ ഇവിടെ ആരും ആരേയും അനുവദിക്കാറില്ല. എല്ലാറ്റിനും ബൈനറി യുക്തിയ്ക്കകത്തു നിന്നുകൊണ്ടുള്ള ഒരു വിശദീകരണം ആവശ്യപ്പെടുന്ന ലോകത്തിന് കവിത എന്തിനാണ്?

രണ്ട് കവിതകള്‍

വിശുദ്ധകന്യ

മിസ്സ്‌ ചിലപ്പോൾ മിസ്സിസാകും

കൂടിവന്നാൽ മിസ്ട്രസ് ആകും

അപ്പോൾ മിസ്റ്റർ ?

കല്യാണം കഴിച്ചാലും, അല്ലാതെ

കൂടെ പാർത്താലും

അവനെന്നും മിസ്റ്റർ തന്നെയോ?

Miss, Mrs, Mistress =Mr

ഭാഷയിലെ ഈ

(അ)സമവാക്യം

രുചിക്കാഞ്ഞിട്ടോ..

ദഹിക്കാഞ്ഞിട്ടോ..

മിസ്സിസാകാതെ അമ്മയാകാൻ

പ്രാർത്ഥിക്കുന്നു കുഞ്ഞു മേരി

"നൻമ നിറഞ്ഞ മറിയമേ,

സ്ത്രീകളിലങ്ങ്

അനുഗ്രഹിക്കപ്പെട്ടവളാകുന്നു..."

എന്നുറച്ച് ചൊല്ലുമ്പോൾ

അവൾക്കുള്ളിലെന്തിനോ

ഭീതി വന്നു നിറയുന്നു

തൻറെ സ്വപ്നത്തിലെ കുഞ്ഞിനെ

ഇവർ നാളെയൊരു

തന്തയില്ലാത്ത ദൈവമാക്കുമോ...

മരണം കവിതയോട് ചെയ്യുന്നത്

പെണ്ണേ,

നിന്‍റെ പേനയിലെ മഷി വറ്റിയാൽ

ഒരിക്കലും നീ അവരോട്

കടം ചോദിച്ച് ചെല്ലരുത്

പകരം

നിന്‍റെ ആർത്തവരക്തം,

നിന്‍റെ ദൈവങ്ങളുടെ വിശുദ്ധമായ ചോര,

അതിൽ നിറയ്‌ക്കൂ

ഒരിക്കൽ നീ കണ്ണീരുകൊണ്ടെഴുതിയപ്പോൾ

അത് കണ്ടില്ലെന്ന് നടിക്കാൻ

എല്ലാവർക്കും കഴിഞ്ഞു

കണ്ണീരിന് നിറമില്ലല്ലോ...

ഇന്ന് ഈ കടുംചുവപ്പ്

അവരുടെ കണ്ണിൽ കുത്തട്ടെ

പെണ്ണേ,

ഒരു സുന്ദരിയായ കവിയല്ല നീയെന്ന്,

അഥവാ അവർ നിന്നിൽ

വൈരൂപ്യമെന്ന് കരുതുന്നതൊക്കെയാണ്

നിന്‍റെ സൗന്ദര്യമെന്ന്

പരസ്യമായി പ്രഖ്യാപിക്കൂ

പുകവലിച്ച് കറുത്ത് പോയ

നിന്‍റെ ചുണ്ടുകളെ പരിഹസിക്കുന്നവരോട്

ഭാഷയിലെ കുപ്പിച്ചില്ലുകൾ നുണഞ്ഞ്

മുറിഞ്ഞുചുവന്ന നാവു കൂടി

വിലയിരുത്താൻ ആവശ്യപ്പെടൂ

പരുപരുത്ത മുടിയെക്കുറിച്ച് ചോദിച്ചാൽ

അത്

തീപടർന്ന തലച്ചോറിൻറെ മൂടുപടമാണെന്ന സത്യം വെളിപ്പെടുത്തൂ

കാളിദാസന്റെയോ രവിവർമ്മയുടെയോ

പൊടിപിടിച്ച നിലക്കണ്ണാടി

വീണ്ടും വീണ്ടും

നിനക്കെതിരെ പ്രതിഷ്ഠിക്കുന്നവർക്ക്

മറുപടി കൊടുക്കാൻ മിനക്കെടാതെ

ഒരു ചെറിയ കല്ലെടുത്തെറിഞ്ഞാൽ

പൊട്ടിത്തകരുന്നതാണതെന്നും

കണ്ണാടിയിലല്ല, നിന്നെ കാണണമെങ്കിൽ

ഉന്നമുള്ള ആ കല്ലിലേക്കാണ് നോക്കേണ്ടതെന്നും തെളിയിക്കൂ..

പെണ്ണേ,

നീ കരയുന്നത് കാണാൻ കൊതിക്കുന്ന ലോകത്തിനു മുന്നിൽ ചെന്നുനിന്ന്

ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കൂ

തിളക്കവും മൂർച്ചയുമുള്ള നിൻറെ പല്ലുകൾ

അവർക്ക് കാട്ടിക്കൊടുക്കൂ

"മുല്ലമൊട്ട് പോലെ" എന്ന

ആ പഴഞ്ചൻ ഉപമയ്ക്കു പകരം

മറ്റൊന്ന് കണ്ടെത്താൻ

അവരുടെ മഹാകവികളെ ഓരോരുത്തരെയായി വെല്ലുവിളിക്കൂ

അവന്‍റെ പിൻകഴുത്തിൽ

മൃദുവായ് കടിക്കുമ്പോഴും നീ കവിയാണ്...

അവന്‍റെ മരുഭൂമിയില്‍

ഉറവകള്‍ ഉദ്ഭവിപ്പിക്കുമ്പോഴും നീ കവിയാണ്...

എങ്കിലും

"നീ കവിയല്ല, കൊടിച്ചിപ്പട്ടിയാണ്" എന്നു പറയുന്നവനോട് ഒരിക്കലും തർക്കിക്കരുത്

നിന്‍റെ വാക്കുകൾ അവനെ

എപ്പോഴെങ്കിലുമൊക്കെ കടിച്ചുപറിച്ചിട്ടുണ്ടാവാം

നിന്‍റെ ഉമിനീരിൻറെ രുചി

ഓർമ്മകളിൽ പോലും അവനെ

പേ പിടിപ്പിക്കുന്നുണ്ടാവാം

അവൻറെ നഗരങ്ങളിൽ വച്ച് വന്ധ്യംകരിക്കപ്പെട്ട

നിന്‍റെ ചിന്തകൾ

അതേ തെരുവുകളിൽ പെറ്റുപെരുകുന്നുണ്ടാവാം

പെണ്ണേ,

അവരുടെ മഹാകവിപ്പട്ടം നിനക്ക് വേണ്ടേ വേണ്ട

നീ ഓണപ്പതിപ്പിലേക്ക് അയച്ചുകൊടുത്ത കവിതയുടെ ചുവട്ടിൽ

അവർ നിന്‍റെ പേരിനൊപ്പം

മറ്റെന്തോ തിരയും

എഴുത്തിൽ നിനക്കെന്താണ് പാരമ്പര്യം?

നിന്‍റെ അച്ഛൻ എഴുത്തുകാരനാണോ?

നിന്‍റെ അമ്മാവൻ...?

നിന്‍റെ ഭർത്താവ്..?

ഇവരിലാരെങ്കിലും എഴുത്തുകാരനല്ലെങ്കിൽ പിന്നെ

ഈ വിലകുറഞ്ഞ പേരിനിവിടെ എന്താണ് പ്രസക്തിയെന്ന്

ഒരു നിമിഷം ചിന്തിക്കൂ

അവരുടെ പട്ടും വളയും

നിനക്കൊരിക്കലും വേണ്ട

ജീവിച്ചിരിക്കുമ്പോൾ നീ

'കവിതയെഴുതുന്ന ഒരു പെണ്ണ്'

മരിച്ചുകഴിഞ്ഞാൽ നിന്‍റെ കവിത

'ഒരു ഭ്രാന്തിപെണ്ണിന്‍റെ ജല്പനം'

എന്നാലും മരിക്കുന്നതോടെ കാര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടും

അവർ നിന്‍റെ മുഖത്തു നോക്കും

അതുവരെ മുലകളിൽ നോക്കിനിന്നവർ

ഓർക്കാപ്പുറത്ത് കരണത്തൊരടി കിട്ടിയപോലെ

പെട്ടെന്ന് നിന്‍റെ മുഖത്ത് നോക്കും

എന്നത് മാത്രമാണ്

മരണത്തിന് നിന്‍റെ കവിതയോട് ചെയ്യാൻ കഴിയുന്ന ഒരേയൊരു സൗജന്യം


Next Story

Related Stories