Top

പെണ്ണൊരുമ്പെട്ടാൽ ലോകം മാറുന്നു: ലിംഗനീതിയുടെ വിപ്ലവങ്ങൾ; ജെ. ദേവികയെ വായിക്കുമ്പോള്‍

പെണ്ണൊരുമ്പെട്ടാൽ ലോകം മാറുന്നു: ലിംഗനീതിയുടെ വിപ്ലവങ്ങൾ; ജെ. ദേവികയെ വായിക്കുമ്പോള്‍
ഫെമിനിസം ഏകശിലാത്മകമായ ഒരു സൈദ്ധാന്തിക പദ്ധതിയല്ലെന്നു വർത്തമാന സൈദ്ധാന്തിക ചർച്ചകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നമ്മുടെ വൈജ്ഞാനിക മണ്ഡലത്തിൽ അഭൂതപൂർവമായ പരിവർത്തനങ്ങളാണ് സ്ത്രീവിമോചനവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീപുരുഷ സമത്വത്തിലധിഷ്ഠിതമായ സ്വതന്ത്രവും സംഘർഷരഹിതവുമായ ഒരു ജനാധിപത്യക്രമത്തെ സംബന്ധിച്ച നൂതനാവബോധത്തിലേക്ക് സമൂഹത്തെ വിളിച്ചുണർത്തി ജനാധിപത്യപ്രക്രിയയ്ക്ക് വിശാലവും ഉദാരവുമായ ഒരു മാനം നൽകാൻ ലക്ഷ്യമാക്കുന്ന ഫെമിനിസം സ്ത്രീപുരുഷ അസമത്വത്തിനെതിരെ നിലകൊള്ളുക മാത്രമല്ല ബ്രാഹ്മണിക്കൽ പുരുഷാധിപത്യത്തിനെതിരെ സംഘർഷത്തിൽ ഏർപ്പെടുക കൂടി ചെയ്യുന്നു. സമൂഹവും സംസ്കാരവും ചരിത്രവും സാഹിത്യവും എല്ലാം ഒരു വിഭാഗത്തിന്റെ മാത്രം താത്പര്യങ്ങൾക്കും വീക്ഷണങ്ങൾക്കും അനുപൂരകമായാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്നും മറുപകുതി ആയ സ്ത്രീകൾ അവയുടെ ഓരങ്ങളിലേക്ക് അകറ്റിനിർത്തപ്പെടുകയോ കീഴടക്കപ്പെടുകയോ ചെയ്യുന്നു എന്നും ഇന്ന് പരക്കെ മനസ്സിലാക്കപ്പെടുന്നു. മുഖ്യധാരാരീതികൾ പിന്തുടർന്നാൽ വെളിവാകാത്ത അനീതികൾ ലിംഗഭേദത്തിന്റെ ചില്ലുകളിലൂടെ നോക്കിയാൽ കാണാം.

കേരളത്തിലെ പ്രബലങ്ങളായ ആധുനിക സമുദായതന്മകളോട് ഇടഞ്ഞു തന്നെയാണ് സ്ത്രീവാദത്തിന്റെ സ്ഥാനമെന്ന് അടിവരയിട്ടു പറയുന്ന ജെ. ദേവികയുടെ ഫെമിനിസ്റ്റ് സൈദ്ധാന്തിക പുസ്തകങ്ങളിൽ ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമാണ് 'പെണ്ണൊരുമ്പെട്ടാൽ ലോകം മാറുന്നു: ലിംഗനീതിയുടെ വിപ്ലവങ്ങൾ' എന്നത്.

നിലനിൽക്കുന്ന വരേണ്യ പ്രത്യശാസ്ത്ര ബോധത്തിനുള്ളിലാണ് സമൂഹം എക്കാലവും പ്രവർത്തിച്ചിട്ടുള്ളത്. അതിനാൽ തന്നെ സമൂഹം നിർമ്മിക്കപ്പെടുന്നതും മനസ്സിലാക്കപ്പെടുന്നതും പുരുഷകേന്ദ്രീകൃതവും സവർണവുമായ ഭാവുകത്വ സങ്കല്പങ്ങൾക്കകത്താണ്. ഇവ സൃഷ്ടിക്കുന്ന അധികാര ബലതന്ത്രങ്ങൾക്കുള്ളിലാണ് സാമൂഹ്യ വ്യവഹാരങ്ങൾ ഇക്കാലമത്രയും രൂപപ്പെട്ടു വന്നിട്ടുള്ളത്. സാമൂഹിക ക്രമത്തിൽ ആളുകളുടെ സ്വത്വനിർമ്മിതി എന്നത് സ്വയം നിർണയത്തിൽ അധിഷ്ഠിതമാണ്. സ്വത്വം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ട് ഇരിക്കുന്നതാണ്. സ്വത്വത്തിന്റെ ഈ ചലനാത്മകത എവിടെവച്ചാണ് തടസ്സപ്പെടുന്നത് അവിടെ സമൂഹം തളം കെട്ടി കിടക്കുന്നു. സ്വത്വാന്വേഷണം എന്നത് വിമർശന ബോധവുമായി (ക്രിട്ടിക്കൽ കോൺഷ്യസ്നെസ്) ഇഴപിരിയാതെ കിടക്കുന്ന ഒന്നാണ്. സങ്കൽപ്പനപരമായ വിഷയങ്ങളുടെ കൂടിച്ചേരൽ നടക്കുകയും അതുവഴി സ്വത്വബോധത്തിന്റെ വിവേചനാത്മകവും രാഷ്ട്രീയവുമായ ഇടപെടലുകൾ കൂട്ടിച്ചേർത്തും കൊണ്ടുമാത്രമേ ഈ വിമർശനബോധത്തെ കരുപ്പിടിപ്പിക്കാൻ കഴിയൂ.

സ്ത്രീയെ മുൻനിർത്തിയുള്ള ഈ വിമർശന ബോധ്യത്തിൽ ഇന്ന് ഏറ്റവും ശക്തമായി ഇടപെടുകയും സംഭാവനകൾ നൽകുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ് ജെ. ദേവിക. ആധുനികാനന്തര സ്ത്രീവാദം കഥ/കവിത/നോവൽ തുടങ്ങിയ വ്യവഹാരങ്ങളിൽ മാത്രം ഒതുങ്ങാതെ സിദ്ധാന്തപരമായ പക്വതയിലേക്ക് വളർന്നതിനു പിന്നിൽ അവരുടെ സൈദ്ധാന്തിക ജാഗ്രത പ്രവർത്തിച്ചിട്ടുള്ളതായി കാണാം. തങ്ങൾ അനുഭവങ്ങൾ മാത്രം വർണ്ണിക്കുന്നവരാണെന്നും സിദ്ധാന്തം അറിയില്ല എന്നും പറഞ്ഞ സിദ്ധാന്തനിഷേധികളായ ഒരുപറ്റം സ്ത്രീവാദികളിൽ നിന്ന് ജെ ദേവിക വ്യത്യസ്തയാകാൻ കാരണം അവർ സിദ്ധാന്തത്തെ നിർമ്മിച്ചും അപനിർമ്മിച്ചും അതിനെ ആധാരമാക്കി സാഹിത്യത്തിലും സമൂഹത്തിലും ഇടപെടുന്നതിനാലാണ്.

ആധുനികാനന്തര സ്ത്രീവാദം കേരളീയ അക്കാദമിക് പൊതുപഠന പ്രവർത്തനത്തിന്റെ ഭാഗമാകുന്നത് തന്നെ ജെ ദേവികയിലൂടെയാണെന്നിരിക്കെ അവരുടെ സൈദ്ധാന്തിക വളർച്ചയും ന്യൂനതകളും ചൂണ്ടിക്കാട്ടുക അത്യന്താപേക്ഷിതമായിത്തീരുന്നു.

ഏതു സ്ത്രീയുടേയും സ്വതന്ത്ര നിർവാഹകത്വത്തെ നോക്കിക്കാണേണ്ടത് സാംസ്കാരിക, സാമ്പത്തിക, ജൈവിക വിഭവങ്ങൾക്ക് മേലുള്ള വിനിമയ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ്. ഗ്രന്ഥകാരി ഈ പുസ്തകത്തിൽ തന്റെ ഫെമിനിസ്റ്റ് നിലപാടിനെ പറ്റി പറയുന്നത് ഇപ്രകാരമാണ്:
"എല്ലാവിധ പിതൃമേധാവിത്വങ്ങളേയും എതിർക്കുന്ന രാഷ്ട്രീയമായ ഫെമിനിസം കേഡർ പാർട്ടി സംവിധാനപ്രകാരം അല്ല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് പരസ്പര സംവാദങ്ങളിലൂടെ ബന്ധപ്പെട്ടുകിടക്കുന്ന അതിവിശാലമായ പല തലങ്ങളുള്ള ആഗോളവ്യാപ്തിയുള്ള ശൃംഖലയാണ് ഇന്ന് ഫെമിനിസം. ആ ശൃംഖലക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രത്യേക ബിന്ദുവിൽ നിന്നാണ് ഈ പുസ്തകം രചിക്കപ്പെടുന്നത്. ഈ ബിന്ദു എന്റെ തന്നെ ഫെമിനിസം ആണ്. ഇടതു ജനാധിപത്യത്തിൽ വിശ്വസിക്കുന്നതും ഭിന്ന ലൈംഗികതയ്ക്ക് പുറത്തുള്ളവരെ അംഗീകരിക്കുന്നതും അമേരിക്കൻ ഉദാരവാദ ഫെമിനിസ്റ്റുകളെ ചെറുക്കുന്നതും തദ്ദേശ സാഹചര്യങ്ങളെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഊന്നുന്നതും ഫെമിനിസത്തിലെ വൈവിധ്യങ്ങളെ ശക്തിയായി കണക്കാക്കുന്നതുമായ ഒരു സവിശേഷ ഫെമിനിസം- എന്റെ ഫെമിനിസം- പല ഫെമിനിസ്റ്റ് നിലപാടുകളിൽ ഒന്നുമാത്രമാണ്."


'രാഷ്ട്രീയത്തിൽ പഠിക്കാൻ എന്തിരിക്കുന്നു?', 'പെണ്ണുങ്ങൾക്ക് രാഷ്ട്രീയം ആവശ്യമോ?', 'സ്ത്രീകൾക്ക് സ്വന്തം പാർട്ടി ആയാലെന്താ?', 'ലോക വിപ്ലവങ്ങളിൽ ഏറ്റവും നീണ്ടത്', 'സ്ത്രീകളും വിപ്ലവവും ചരിത്രത്തിൽ', 'കുടുംബത്തിൻറെ രാഷ്ട്രീയം', 'ഏറ്റവും മുകളിലെത്തിയാൽ: പെൺ നേതാക്കൾ', 'സുരക്ഷയോ സ്വാതന്ത്ര്യമോ?', ' മോചനം വേണോ ശാക്തീകരണം പോരെ?', 'ശിരോ വസ്ത്രം ധരിച്ചാൽ രാഷ്ട്രീയം ആകുമോ?', 'ഫെമിനിസം വിദേശ അജണ്ട അല്ലേ?' എന്നീ പത്ത് അധ്യായങ്ങളിലായി സമകാലിക ലോകത്തിന്റെ തന്നെ രാഷ്ട്രീയ പരിച്ഛേദം അവർ അവതരിപ്പിക്കുന്നു. സമൂഹത്തിൻറെ കീഴ്തട്ടുകളിൽ അകപ്പെട്ടു പോയവർ രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയ പഠനത്തിലേക്കും നടത്തിയ തള്ളിക്കയറ്റത്തിൽ ഭാഗമായിരുന്നു രാഷ്ട്രീയത്തെക്കുറിച്ചുള്ള ഫെമിനിസ്റ്റ് പഠനങ്ങൾ എന്നും എന്നാൽ രാഷ്ട്രീയചിന്തയുടെ മുഖ്യധാര, സ്ത്രീകളായ രാഷ്ട്രീയ ചിന്തകരെ അവഗണിച്ചു എന്നും ലിംഗഭേദം പരിഗണിക്കാത്തതുകൊണ്ടുതന്നെ മുഖ്യധാരയുടെ ചിന്ത അപൂർണമോ അബദ്ധമോ ആണെന്നും ചൂണ്ടിക്കാണിക്കൽ മാത്രമല്ല, സ്വാതന്ത്ര്യം തുല്യത മുതലായവയെ സ്ത്രീപക്ഷത്തു നിന്ന് വ്യാഖ്യാനിക്കൽ കൂടിയാണ് ഫെമിനിസ്റ്റ് വിമർശനം എന്ന് ജെ ദേവിക അഭിപ്രായപ്പെടുന്നു.

പൊതുവേ രാഷ്ട്രീയത്തെ കൂടുതൽ വിശാലമായി കാണുന്ന കാഴ്ചപ്പാടിൽനിന്ന് അമൂർത്തങ്ങളായ രാഷ്ട്രീയ പ്രതിഭാസങ്ങളെ പഠിക്കുന്ന രീതിയാണ് ഫെമിനിസ്റ്റ് രാഷ്ട്രീയ പഠനം സ്വീകരിച്ചിട്ടുള്ളത് എന്ന് അവർ മുന്നോട്ടു വയ്ക്കുന്നു. രാഷ്ട്രീയ ചിന്ത മുഖ്യധാരയുടെ പിതാക്കന്മാർ പറയുന്നത് അതേപടി വിഴുങ്ങേണ്ടി കാര്യമൊന്നുമില്ലെന്ന് ലിംഗ അധികാരത്തെ വെളിവാക്കുന്ന വിധത്തിൽ രാഷ്ട്രീയ ചിന്തയെ മാറ്റി പണിയാം എന്നുമുള്ള ശുഭാപ്തിവിശ്വാസം ഇന്ന് ഫെമിനിസ്റ്റ് ചിന്തകർക്കുണ്ട് എന്ന ധിഷണാപരമായ നിലപാട് അവർ സ്വീകരിക്കുന്നു.

പാഠങ്ങളുടെ ചരിത്രപരതയ്ക്കും ചരിത്രത്തിന്റെ പാഠപരതക്കും ഊന്നൽ നൽകുന്ന നവചരിത്രവാദത്തിന്റെ രീതിശാസ്ത്രം പാലിച്ചുകൊണ്ടാണ് അവർ ഗ്രന്ഥരചന നടത്തുന്നത്. കഴിഞ്ഞകാലം സമ്പൂർണമായി വീണ്ടെടുക്കാൻ നമുക്ക് ഒരിക്കലും കഴിയില്ലയെങ്കിലും ചരിത്രം സമീപ കാലത്തോളം സമൂഹത്തിലെ മേലാള വിഭാഗങ്ങളുടെ കുത്തകയായിരുന്നുവെന്ന് തിരിച്ചറിയുക പ്രധാനമാണെന്ന് അവർ ഉന്നയിക്കുന്നു. ബൗദ്ധിക വ്യായാമങ്ങളും അത് കടം കൊള്ളുന്ന ശ്രുതിസ്മൃതികളുമാണ് അറിവ് ഉത്പാദിപ്പിക്കുന്നത് എന്ന 'തിരിച്ചറിവിൽ' നിന്നാണ് ഒരു ശരാശരി ഇന്ത്യക്കാരൻ ജീവിതം ആരംഭിക്കുന്നത്. അങ്ങനെ ജ്ഞാനം അധികാരത്തിലേക്കും അധികാരം ജ്ഞാനത്തിലേക്കുമുള്ള വഴികളായി മാറിയാണ് ഇന്ത്യൻ സാമൂഹ്യ നിർമിതി രൂപം പ്രാപിച്ചു കൊണ്ടിരിക്കുന്നത് എന്ന വർത്തമാനകാല അവസ്ഥയെ ജെ ദേവിക പ്രതിഫലിപ്പിക്കുന്നു.

Azhimukham Special: കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

Next Story

Related Stories