വായന/സംസ്കാരം

ചുള്ളിക്കാടിന്റെ സീരിയല്‍ അഭിനയത്തെ പരിഹസിക്കുന്നവരോട്; നിങ്ങള്‍ വിഷയത്തിന്റെ കാതല്‍ ചര്‍ച്ച ചെയ്യൂ…

വിദ്യാഭ്യാസ മേഖലയെ വളരെ ഹീനമായ രീതിയിൽ കച്ചവടം ചെയ്ത കേരളത്തിലെ രാഷ്ട്രീയ മുന്നണികളെക്കുറിച്ചുള്ള വിമർശനമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ

തന്റെ കവിതകള്‍ ഇനി കോളേജുകളിലും സര്‍വ്വകലാശാലകളിലും പഠിപ്പിക്കേണ്ട എന്നും അതില്‍ ഗവേഷണം നടത്തേണ്ട എന്നുമുള്ള കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവന സാഹിത്യ-വിദ്യാഭ്യാസ മേഖലകളില്‍ വലിയ സംവാദം തുറന്നുവിട്ടിരിക്കുന്നു. അതോടൊപ്പം അതിനെ വിവാദമാക്കാനുള്ള ശ്രമങ്ങളും മറ്റൊരു ഭാഗത്ത് നടക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വവുമാണ് വിദ്യാഭ്യാസ മേഖലയെ തകര്‍ത്തത് എന്നാണ് ചുള്ളിക്കാട് പറഞ്ഞത് എന്നു വ്യക്തമാക്കുകയാണ് മാധ്യമ പ്രവര്‍ത്തകനും ചലചിത്ര സംവിധായകനുമായ കെ ബി വേണു. “മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാൾ ഗൗരവമുള്ള ഒരു പ്രശ്നം ഉന്നയിക്കുമ്പോൾ അതിന്റെ കാതലിലല്ലേ നമ്മുടെ ശ്രദ്ധ പതിയേണ്ടത്? അങ്ങനെ ചെയ്യാതെ അങ്ങേരുടെ സീരിയൽ അഭിനയത്തെ വിമർശിച്ചിട്ട് എന്തു കാര്യം…?” വേണു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വിദ്യാഭ്യാസ മേഖലയെ വളരെ ഹീനമായ രീതിയിൽ കച്ചവടം ചെയ്ത കേരളത്തിലെ രാഷ്ട്രീയ മുന്നണികളെക്കുറിച്ചുള്ള വിമർശനമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ. മുന്നണി രാഷ്ട്രീയത്തിൻറെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയും അല്ലാതെയും ഇരു മുന്നണികളും വിദ്യാഭ്യാസ മേഖലയിൽ നടത്തിയ നെറികേടുകൾ അക്ഷന്തവ്യമാണ്. “അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കുകയാണ്” എന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയല്ലേ?

“മലയാളം അധ്യാപകരുടെ കൈയെഴുത്തു പ്രതികള്‍ കാണാന്‍ അവസരങ്ങളുണ്ടായിട്ടുണ്ട്. അധ്യാപകരുടെ എഴുത്തില്‍ പോലും അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളും പതിവാണ്…….” അദ്ദേഹം ചൂണ്ടിക്കാണിച്ച ഇക്കാര്യവും സത്യമാണ്. തെറ്റായി എഴുതിയ ഉത്തരങ്ങൾക്ക് “ശരി” എന്നു കാണിച്ചു മാർക്ക് കൊടുത്ത ഉത്തരക്കടലാസുകൾ ഞാൻ എത്രയോ കണ്ടിരിക്കുന്നു. ഗവേഷണ പ്രബന്ധങ്ങളുടെ കാര്യത്തിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പലതും ശരിയാണ്. നമ്മുടെ ഭാഷാ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ പത്രപ്രവർത്തന മേഖലയിലും പ്രകടമാണ്.

വിവരംകെട്ടവര്‍ ഇനി എന്റെ കവിത പഠിപ്പിക്കേണ്ട-ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുന്നു

ചുള്ളിക്കാട് ചൂണ്ടിക്കാണിച്ച കാര്യങ്ങളുടെ പിറകിലേക്ക് നടക്കുമ്പോൾ ജനപ്രീതി നേടാൻ വേണ്ടി ലക്ഷക്കണക്കിനു വിദ്യാർത്ഥികളെ ചതിച്ച കേരളത്തിലെ സർക്കാരുകളെ നിങ്ങൾക്ക് കാണാൻ കഴിയും.
എനിക്ക് വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയമുണ്ട്. പക്ഷെ, വിദ്യാഭ്യാസ രംഗത്തോടും വിദ്യാർത്ഥികളോടും ഇത്തരം ഒരു അനീതി കാട്ടിയ എല്ലാവരും എനിക്ക് ഒരുപോലെയാണ്.

പുതിയ തലമുറയിലെ അദ്ധ്യാപക സുഹൃത്തുക്കളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അവർ ചുള്ളിക്കാട് ചൂണ്ടിക്കാട്ടിയ ഈ വ്യവസ്ഥിതിയിൽ വളർന്നു വന്നവരാണ്. ആ വ്യവസ്ഥിതി സൃഷ്ടിച്ച രാഷ്ട്രീയ നേതൃത്വത്തിനെതിരെയാണ് വിമർശനം. അത് ഉൾക്കൊള്ളാൻ കഴിയണം. മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാൾ ഗൗരവമുള്ള ഒരു പ്രശ്നം ഉന്നയിക്കുമ്പോൾ അതിന്റെ കാതലിലല്ലേ നമ്മുടെ ശ്രദ്ധ പതിയേണ്ടത്? അങ്ങനെ ചെയ്യാതെ അങ്ങേരുടെ സീരിയൽ അഭിനയത്തെ വിമർശിച്ചിട്ട് എന്തു കാര്യം…?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍