Top

കണ്ണൂരിലെ ചോരക്കളങ്ങള്‍: കൊലപാതക രാഷ്ട്രീയത്തിന്റെ അകംപുറങ്ങള്‍

കണ്ണൂരിലെ ചോരക്കളങ്ങള്‍: കൊലപാതക രാഷ്ട്രീയത്തിന്റെ അകംപുറങ്ങള്‍
(കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ അകംപുറം വരച്ചിടുന്ന പുസ്തകമാണ് ഡല്‍ഹിയില്‍ ഓപ്പണ്‍ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ ഉല്ലേഖ് എന്‍.പിയുടെ "KANNUR, INSIDE INDIA’S BLOODIEST REVENGE POLITICS". കേരളത്തിലെ സിപിഎം - ആര്‍എസ്എസ് സംഘട്ടനത്തിന്റെ ആദ്യ ഇര വാടിക്കല്‍ രാമകൃഷ്ണന്‍ ആണെന്ന ആര്‍എസ്എസ് പ്രചരണം ശരിയല്ലെന്ന് "FIRST BLOOD" എന്ന അധ്യായത്തില്‍ ഉല്ലേഖ് ചൂണ്ടിക്കാണിക്കുന്നു. ആ അധ്യായത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങള്‍)


വാടിക്കല്‍ രാമകൃഷ്ണന്‍, സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തെത്തുടര്‍ന്ന് തലശ്ശേരിയിലെ ഒരു ആശുപത്രിയില്‍ വെച്ച് 1969 ഏപ്രില്‍ 28-നാണ് മരിച്ചത്. മധുരപലഹാര നിര്‍മ്മാതാവും തുന്നല്‍ക്കാരനുമായിരുന്ന ഈ ആര്‍എസ്എസ്-ഭാരതീയ ജനസംഘ് (ബിജെഎസ്) പ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍, 2016-ല്‍ കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയനും പ്രതിയായിരുന്നു. ഒരു ആര്‍എസ്എസ് അനുഭാവി പൊലീസിന് നല്കിയ പരാതിയില്‍ പിണറായിയുടെ പേര് പ്രതിപ്പട്ടികയില്‍ ഒന്നാമതായിരുന്നു. പിണറായി പറയുന്നത് പോലെ, പിന്നീട് സംസ്ഥാനത്ത് തങ്ങളുടെ ‘ആദ്യ ബലിദാനി’യുടെ മരണത്തില്‍ പിണറായിക്കുള്ള പങ്ക് എടുത്തുകാണിക്കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍എസ്എസ് ശ്രമിച്ചത് ഇതുവഴിയായിരുന്നു എന്നും. കേസ് കോടതിയില്‍ തള്ളിപ്പോയെങ്കിലും സംഭവത്തില്‍ പുനരന്വേഷണം വേണം എന്ന ആവശ്യം ശക്തമായി; പ്രത്യേകിച്ച് പിണറായി കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായതോടെ.

അന്നത്തെ കാലത്തെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ആര്‍എസ്എസിന് എതിരെ സിപിഎം നടത്തിയ ഒരു പ്രത്യാക്രമണത്തിലായിരുന്നു രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത് എന്നാണ്. നഗരത്തിലെ കോടിയേരി ജൂണിയര്‍ ബേസിക് സ്കൂള്‍ & ഒനിയന്‍ ഹൈസ്കൂളില്‍ നിന്നും മടങ്ങിവന്നിരുന്ന ഒരു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിനുള്ള പ്രതികരണമായിരുന്നു ഇത്. 2015-ല്‍ സിപി എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരിക്ക് അന്ന് 16 വയസായിരുന്നു പ്രായം. ചെട്ടിപ്പീടിക എന്ന സ്ഥലത്തുണ്ടായിരുന്ന മുകുന്ദ് ടാക്കീസിന് സമീപത്തുവെച്ചാണ് കോടിയേരിയെ മര്‍ദ്ദിച്ചത്. ഒട്ടും വൈകാതെ കോടിയേരിയുടെ സിപിഎം സുഹൃത്തുക്കള്‍ തിരിച്ചടിച്ചു, അടുത്തുള്ള കല്ലുവെട്ടുകാരുടെ കയ്യിലുണ്ടായിരുന്ന മഴു കൈക്കലാക്കിയാണ് അവര്‍ രാമകൃഷ്ണന് മേല്‍ ചാടിവീണത്. രാമകൃഷ്ണന്റെ വിവാഹം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങളെ ആയിരുന്നുള്ളൂ.

അന്ന് പ്രചരിച്ചിരുന്ന മറ്റൊരു വ്യാഖ്യാനം, മഴു കൊണ്ടല്ല രാമകൃഷ്ണനെ കൊന്നതെന്നും, പോത്തിന്റെ തുടയെല്ല് കൊണ്ടുണ്ടാക്കിയ വളരെ പരുക്കന്‍ രൂപത്തിലുള്ള എന്നാല്‍ പുത്തനായ ഒരു ആയുധം കൊണ്ടാണ് എന്നുമാണ്; എല്ലിനുള്ളില്‍ ഉരുക്കിയ ഈയം നിറച്ച് ദിവസങ്ങളോളം തണുക്കാന്‍ വെച്ച് അത് നല്ല ഉറപ്പുള്ളതും ദൃഢവുമാക്കുന്നു. അതിനുശേഷം അതൊരു തുണിയില്‍ പൊതിഞ്ഞു കെട്ടും.

രാമകൃഷ്ണന്‍ മരിച്ച ദിവസത്തിന് പിറ്റേന്ന് (1969 ഏപ്രില്‍ 29) മലയാള പത്രം മാതൃഭൂമിയില്‍ വന്ന വാര്‍ത്തയില്‍ കോടിയേരി ബാലകൃഷ്ണന്‍, രാമകൃഷ്ണന്‍, രാഷ്ട്രീയ സംഘട്ടനത്തില്‍ പരിക്കേറ്റ് തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റൊരാള്‍ എന്നിവരെക്കുറിച്ചു പറയുന്നുണ്ട്. കോടിയേരിയെ, സിപിഎം പോഷകസംഘടനയിലെ- കേരള സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (കെ എസ് എഫ്), പിന്നീട് സിപിഎം)-ന്റെ മറ്റു സംസ്ഥാന ഘടകങ്ങളുമായി ചേര്‍ന്ന് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ) ഉണ്ടാക്കി- അംഗം എന്നു പറയുമ്പോള്‍, രാമകൃഷ്ണനെ ജനസംഘം പ്രവര്‍ത്തകനായാണ് പറയുന്നത്. കല്‍പ്പണിക്കാര്‍ ഉപയോഗിച്ചിരുന്ന തരം ഒരു മഴുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യം ആസൂത്രിതമായ ഒന്നായി തോന്നുന്നില്ലെന്നും അതില്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ ആഖ്യാനങ്ങളെല്ലാം കാലംകൊണ്ട് മാറി.

ഒരു വലതു പക്ഷ, ഹിന്ദുത്വ അനുകൂല, ദേശീയവാദി മലയാളം ചാനല്‍ ജനം ടി വി 2016 ഒക്ടോബര്‍ 13-നു സംപ്രേഷണം ചെയ്ത ഒരു റിപ്പോര്‍ട്ടില്‍ ഉമേഷ്, ബാലകൃഷ്ണന്‍ എന്നീ രണ്ടു പേര്‍ സാക്ഷികളായി പ്രത്യക്ഷപ്പെട്ടു. അതിലൊരാള്‍ പറഞ്ഞത് താന്‍ ഗോലി കളിക്കുകയായിരുന്നു എന്നും അപ്പോള്‍ ഒരു ആള്‍ക്കൂട്ടം മഴുവും വടികളുമായി ആക്രോശിച്ച് വരുന്നത് കേട്ടു എന്നുമാണ്. കരളും മറ്റ് ആന്തരാവയവങ്ങളും പുറത്തു തൂങ്ങിയ നിലയിലുള്ള രാമകൃഷ്ണനെ ജോണി എന്നൊരാളുടെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകുന്നത് താന്‍ കണ്ടുവെന്ന് അയാള്‍ പറയുന്നു. മറ്റൊരു ‘സാക്ഷി’ പറയുന്നത് രാമകൃഷ്ണനെ മഴു ഉപയോഗിച്ച് ആക്രമിച്ചവരുടെ കൂട്ടത്തില്‍ പിണറായി വിജയനും ഉണ്ടായിരുന്നു എന്നാണ്. അതിലൊരാള്‍ അന്നൊരു കൌമാരക്കാരനായിരുന്നു എങ്കിലും അയാള്‍ക്ക് അക്രമികള്‍ ആരെന്നു കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്നാല്‍ പിണറായി വിജയനാണ് രാമകൃഷ്ണനെ കൊന്നതെന്ന് ജനം ടി വി ലേഖകന്‍ പ്രഖ്യാപിക്കുന്നു. അന്ന് സിപിഎമ്മിന്റെ യുവജന നേതാവായിരുന്ന 23-കാരനായ വിജയനെ രക്ഷിക്കാന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാക്ഷികളെ സ്വാധീനിച്ചെന്നു വ്യാഖ്യാനിക്കാന്‍ പാകത്തില്‍ ആ സമയത്ത് കേസ് ‘അട്ടിമറിച്ചെ'ന്നും ജനം ടിവിക്കാര്‍ നിഗമനത്തിലെത്തി. PGurus എന്ന വെബ്സൈറ്റ് അത് ഏറ്റെടുത്തതോടെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അക്കഥ പടര്‍ന്ന് പ്രചരിച്ചു.

ഈ കൊലപാതകവുമായി കേരള മുഖ്യമന്ത്രിയുടെ പേര് ബന്ധിപ്പിക്കുന്നതില്‍ ആര്‍എസ്എസും ബിജെപിയും മടി കാണിക്കുന്നില്ലെങ്കിലും കേസ് വീണ്ടും അന്വേഷിക്കാന്‍ അവര്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല. വാസ്തവത്തില്‍, ആര്‍എസ്എസ് രാജ്യത്തെങ്ങും പ്രചരിപ്പിക്കുന്നപോലെ വാടിക്കല്‍ രാമകൃഷ്ണനല്ല കേരളത്തിലെ സംഘപരിവാര്‍-മാര്‍ക്സിസ്റ്റ് സംഘട്ടനങ്ങളുടെ ആദ്യ ഇര. ആ സ്ഥാനം കോഴിക്കോട് നിന്നുള്ള പി. സുലൈമാനാണ്. കോഴിക്കോട് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ (ഇപ്പോള്‍ ഗ്രാസിം എന്ന് വിളിക്കുന്ന) തൊഴിലാളിയായിരുന്ന അയാളെ, 1968 ഏപ്രില്‍ 29-നു ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി ആര്‍എസ്എസുകാര്‍ കുത്തിക്കൊല്ലുകയായിരുന്നു; രാമകൃഷ്ണന്റെ വധത്തിനും ഒരു വര്‍ഷം മുമ്പ്. പള്‍പ്പും ഫൈബറും ഉണ്ടാക്കാനാണ് ഗ്വാളിയോര്‍ റയോണ്‍സ് 1960-കളില്‍ കോഴിക്കോട് മാവൂരില്‍ ഒരു ഫാക്ടറി തുടങ്ങിയത്. കോഴിക്കോട് ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ രേഖകള്‍ അനുസരിച്ച് സുലൈമാന്‍ ഫാക്ടറിയിലെ ഇടതു തൊഴിലാളി സംഘടനയുടെ ഉശിരന്‍ നേതാവും പ്രാദേശിക സിപിഎം നേതാവുമായിരുന്നു.ശ്രദ്ധേയമായ കാര്യം രാമകൃഷ്ണന്‍ വധത്തില്‍ പിണറായിക്കുണ്ടെന്ന് ആരോപിക്കുന്ന പങ്ക് അദ്ദേഹത്തിന്റെ പാര്‍ട്ടി അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ്. ചിലര്‍ വിശ്വസിക്കുന്നത് തങ്ങളുടെ നേതാവിന് ഒരു ഘോരമായ ഉശിരന്‍ ഭൂതകാലം ഉണ്ടെന്നാണ്. സമകാലികര്‍ വിജയനെ ഓര്‍ക്കുന്നത് ചുറുചുറുക്കുള്ള, ആവേശക്കാരനായ, പെട്ടന്ന് ദേഷ്യംപിടിക്കുന്ന പ്രവണതയുള്ള ഒരാളായാണ്. തന്റെ പെട്ടന്നുള്ള ആവേശത്തെക്കുറിച്ച് പിണറായി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. യൂത്ത് ഫെഡറേഷനില്‍ പിണറായിയേക്കാള്‍ മുതിര്‍ന്ന, ഏറെക്കാലം സിപിഎം മാടായി ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്ന ഐ വി ശിവരാമനെയും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ സഹപാഠി പാട്യം രാജനും- സിപിഎംമ്മിന്റെ വിദ്യാര്‍ത്ഥി, യുവജന സംഘടനകളില്‍ പിണറായിക്കൊപ്പം അടുത്ത് പ്രവര്‍ത്തിക്കുകയും പിന്നീട് പിണറായിക്കൊപ്പം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മറ്റിയിലും സംസ്ഥാന സമിതിയിലും എത്തുകയും ചെയ്തു- ആ യുവ സഖാവിന്റെ ധീരതയും നിശ്ചയദാര്‍ഢ്യവും ഓര്‍ക്കുന്നു. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി വിഭാഗം എസ്എഫ്ഐയും കോണ്‍ഗ്രസിന്റെ കേരള സ്റ്റുഡന്റ്സ് യൂണിയനും (കെ എസ് യു) ആര്‍എസ്എസിന്റെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും (എബിവിപി) തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കൊണ്ട് കലുഷിതമായ നാളുകളില്‍, തെരഞ്ഞെടുത്ത ഒരു സംഘം എസ്എഫ്ഐക്കാരെ പിണറായി, കലാലയ വളപ്പില്‍ സ്വയം പ്രതിരോധിക്കാനുള്ള അടവുകള്‍ എല്ലാവരും കാണ്‍കെ പരിശീലിപ്പിക്കുമായിരുന്നു. 1960-കളുടെ അവസാനം വയനാട്ടിലെ മാനന്തവാടിയില്‍ സിപിഎം സംഘടിപ്പിച്ച സംസ്ഥാനതല സ്വയം പ്രതിരോധ പരിശീലനകളരിയില്‍ പിണറായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ രാഷ്ട്രീയത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പിണറായി എന്റെ അച്ഛനോട് വലിയ ആദരവ് കാണിച്ചിരുന്നു. 1978-ല്‍ 41-ആം വയസില്‍ ഹൃദയാഘാതം വന്ന് അച്ഛന്‍ അകാലത്തില്‍ മരിക്കും വരെയും അവര്‍ അടുത്ത സുഹൃത്തുക്കളും സഖാക്കളുമായി തുടര്‍ന്നു. ഉള്‍ക്കരുത്തുണ്ടെങ്കിലും പാട്യം ഗോപാലന്റെ മരണം തന്നെ ആകെ ഉലച്ചുകളഞ്ഞെന്നും വേദിയില്‍ വികാരഭരിതനാകുമോ എന്ന ആശങ്കയില്‍ അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പ്രസംഗിക്കുന്നതില്‍ നിന്നും താന്‍ ഒഴിഞ്ഞുനില്‍ക്കാറുണ്ടെന്നും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷവും മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളില്‍ പിണറായി ആവര്‍ത്തിക്കാറുണ്ട്.

പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പിന്നീട് കേരള മുഖ്യമന്ത്രിയുമായി അദ്ദേഹം മാറുമ്പോള്‍ തന്റെ ഏത് മുന്‍ഗാമിയെക്കാളുമേറെ- അതില്‍ പലരും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശികളുമാണ്- സിപിഎമ്മിന്റെ പേശീബല രാഷ്ട്രീയത്തിന്റെ പ്രതീകമായി പിണറായി വിജയന്‍ മാറിയിരുന്നു. ഇതദ്ദേഹത്തെ പാര്‍ട്ടി അംഗങ്ങളുടെ പ്രിയ താരവും, എതിരാളികളുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശത്രുവുമാക്കി മാറ്റി. ലോകവ്യാപകമായി അംഗീകാരം നേടിയ ഒരു പ്രത്യശാസ്ത്രത്തില്‍ വേരുറപ്പിച്ച, ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന് കരുതുന്ന ഒരു കക്ഷിക്ക് അക്രമം ഒരു വിലക്കപ്പെട്ട വാക്കല്ല. ഒരു ആദര്‍ശ ലോകത്തില്‍ ഇത് രാഷ്ട്രീയമായി ശരിയല്ല എന്ന് പറയാമെങ്കിലും, അത്തരം ചിന്തകളാണ് ലോക ചരിത്രത്തില്‍ നിര്‍ണായകമായ വിപ്ലവങ്ങളിലേക്ക് നയിച്ചത്-ഫ്രഞ്ച്, റഷ്യന്‍ വിപ്ലവങ്ങളടക്കം, ലോകത്താകെ മാറ്റങ്ങള്‍ വരുത്തിയ മറ്റ് പല കലാപങ്ങളും; പ്രത്യേകിച്ചും ദരിദ്രര്‍ക്ക് മേലുള്ള ഉപരിവര്‍ഗത്തിന്റെ അടിച്ചമര്‍ത്തല്‍ അസഹനീയമാകുമ്പോള്‍. ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന നിലയില്‍ തങ്ങളുടെ ആക്രമണോത്സുകതയെ ന്യായീകരിക്കാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എപ്പോഴും അവരുടെ 'സൈദ്ധാന്തിക ദലൈലാമ', കാള്‍ മാര്‍ക്സിനെ ഉദ്ധരിക്കും: “
ഇന്നുവരെയുള്ള എല്ലാ സമൂഹങ്ങളുടെയും (എഴുതപ്പെട്ട) എല്ലാ ചരിത്രവും വര്‍ഗ സമരങ്ങളുടെ ചരിത്രമാണ്. സ്വതന്ത്രനായ മനുഷ്യനും അടിമയും, അഭിജാതരും സാധാരണക്കാരും, പ്രഭുകളും ഭൃത്യരും ഗില്‍ഡ് മാസ്റ്ററും വേലക്കാരനും, ചുരുക്കിപ്പറഞ്ഞാല്‍, മര്‍ദ്ദകനും മര്‍ദ്ദിതനും ഇടതടവില്ലാതെ, തീരാവൈരികളായി നിലകൊള്ളുകയും ചിലപ്പോള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും പോരാട്ടം നടത്തുകയും ചെയ്തു. സമൂഹത്തിന്റെ വിപ്ലവകരമായ പുന:സംഘടനയിലോ അല്ലെങ്കില്‍ ഏറ്റുമുട്ടുന്ന വര്‍ഗങ്ങളുടെ പൊതുനാശത്തിലോ ആണ് ഈ പോരാട്ടം ഓരോ തവണയും അവസാനിച്ചിട്ടുള്ളത്.
” പാര്‍ട്ടി നേതാക്കളുടെ പഠന ക്ലാസുകളിലെ യുവ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈ വരികള്‍ മലയാളത്തില്‍ മന:പാഠമാക്കേണ്ടിയിരുന്നു. ഒരു സമയത്ത് എനിക്കും ഒപ്പമുള്ളവര്‍ക്കുമെല്ലാം ഈ വരികള്‍ ഇംഗ്ലീഷിലും മലയാളത്തിലും അതേപടി പറയാനാകുമായിരുന്നു.

പക്ഷേ, ഒരു തരത്തില്‍ സ്വയം മേധാവിത്തം നേടിയ തൊണ്ണൂറുകളിലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വന്തം ആവശ്യത്തിനോ എതിരാളികളെ നേരിടാനോ അക്രമത്തില്‍ ഏര്‍പ്പെടേണ്ട ഒരു കാര്യവുമില്ല. ചെറുത്തുനില്‍പ്പിന്റെ ആ കാലം കഴിഞ്ഞിരിക്കുന്നു.

കണ്ണൂരിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പിന്നീട് മുഖ്യമന്ത്രി ഇ കെ നായനാരുടെ രാഷ്ട്രീയ സെക്രട്ടറിയുമായിരുന്ന (1996-2001) പി ശശിയുമായി 1993-ല്‍ നടത്തിയ ദീര്‍ഘമായ സംഭാഷണം ഞാന്‍ ഓര്‍ക്കുന്നുണ്ട്. പാര്‍ട്ടി പലപ്പോഴും അതിന്റെ 'താത്പര്യങ്ങള്‍ സംരക്ഷിക്കാനാ'ണ് 'കാര്യങ്ങള്‍' ചെയ്യൂന്നതെന്ന് ശശി സമ്മതിച്ചു-ഒരു രാഷ്ട്രീയ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഒരാള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയ വിമതശബ്ദങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പാര്‍ട്ടി ഭാഷ്യം നല്‍കുകയായിരുന്നു ശശി. തടവില്‍ നിന്നും പുറത്തിറങ്ങിയ അയാള്‍, താന്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് അവകാശപ്പെട്ടു, പാര്‍ട്ടി അയാളെ കയ്യോടെ പുറത്താക്കുകയും ചെയ്തു. വളരെ ചെറുപ്പമായിരുന്നിട്ടും ശശി ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കുടനെ മനസിലായി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ 'ടീമിനെ നിയോഗിക്കാറുള്ള'തിനെ കുറിച്ച് മുന്‍ സിപിഎം ജില്ലാ സെക്രട്ടറി വീമ്പിളക്കാറുണ്ടെന്ന് ശശിയുടെ ഗ്രാമമായ മാവിലായിലെ നിരവധി പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. "
താനാണ് പരിപാടിയുടെ മുന്നിലുണ്ടായിരുന്നത് എന്ന തരത്തിലാണ് ശശി സംസാരിക്കാറുള്ളത്, എന്നാല്‍ അയാള്‍ തന്റെ സ്ഥാനത്തിന്റെയും സുഖ ജീവിതത്തിന്റെയും സുരക്ഷയിലിരുന്നുകൊണ്ട് വിദൂര നിയന്ത്രണം മാത്രമായിരുന്നു,"
കുറ്റകരമായ അക്രമത്തെയാണ് താനിത്ര ലാഘവത്തോടെ വരച്ചുകാണിക്കുന്നത് എന്നതോര്‍ക്കാതെ അതിലൊരാള്‍ പറഞ്ഞു.

രാഷ്ട്രീയ കക്ഷികള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയ സംവാദങ്ങള്‍ പക്വതയാര്‍ജിക്കുകയും യുവാക്കള്‍ക്കിടയില്‍ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യങ്ങള്‍ കൂടുതല്‍ ഉച്ചത്തിലാവുകയും ചെയ്തു. 24X7 വാര്‍ത്തകളുടെ കാലത്തിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള സിപിഎമ്മിന്റെ പരാജയവും ആഴത്തിലുള്ള സോഷ്യല്‍മീഡിയ സ്വാധീനവുമാണ് ഇതുമായി ഒത്തുപോകാനാകാത്ത അതിന്റെ നേതാക്കളുടെ വികല ബോധത്തിന് കാരണമായി പറയുന്നത്. പേശീബലം ഉപയോഗിക്കുന്നതില്‍ വിശ്വസിക്കുന്ന നേതാക്കളുടെ മേധാവിത്തം ഉണ്ടെങ്കിലും, പാര്‍ട്ടിയിലെ സമാധാനപ്രേമികളായ ഒരു ചെറിയ വിഭാഗം വാദിക്കുന്നത് അക്രമത്തില്‍ ഏര്‍പ്പെടുന്നത്തിലൂടെ മാര്‍ക്സിസ്റ്റുകാര്‍ ആര്‍എസ്എസിനെ സഹായിക്കുക മാത്രമാണ് ചെയ്യുക എന്നാണ്. ആര്‍എസ്എസ് പണമൊഴുക്കുമെന്നും ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നേട്ടമുണ്ടാക്കാന്‍ പോന്ന 'അക്രമരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനരൂപം' ഉണ്ടാക്കിയെടുക്കാന്‍ ആര്‍എസ്എസിന് ശേഷിയുണ്ടെന്നും ഇവര്‍ കരുതുന്നു.

Next Story

Related Stories