UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

The BookMark

അഭിലാഷ് മേലേതില്‍

വായന/സംസ്കാരം

അത്താഴത്തിനൊപ്പം വേവുന്നത്; The Mussel Feast ഒരു വായന

പതിനെട്ടു വയസ്സുകാരിയായ മകളുടെ കണ്ണിലൂടെ ഒരു സാധാരണ മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുകയാണ് Birgit Vanderbeke

The Mussel Feast എന്ന ജർമ്മൻ നോവൽ Birgit Vanderbeke -യുടെ ആദ്യ കൃതിയാണ്. പതിനെട്ടു വയസ്സുകാരിയായ മകളുടെ കണ്ണിലൂടെ ഒരു സാധാരണ മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുകയാണ് ഇവിടെ. ഒരു വൈകുന്നേരം അത്താഴത്തിന് കടുക്ക (Mussel) വിഭവമുണ്ടാകുന്ന തിരക്കിലാണ് അമ്മ. അച്ഛന് ഏറെയിഷ്ടപ്പെട്ടതാണത്. ചെറുപ്പത്തിൽ കുളിമുറിയിലിരുന്ന് അച്ഛനുമമ്മയും കഷ്ടപ്പെട്ട് കടുക്ക കഴുകി വൃത്തിയാക്കി ഒരുക്കുന്നത് കണ്ട ഓർമ്മ മകൾക്കുണ്ട് – പണ്ട് സ്വന്തം വീട്ടിലായിരുന്നപ്പോൾ ഭാര്യയും ഭർത്താവും ഇതിനൊപ്പം പഴയ വിപ്ലവ ഗാനങ്ങൾ പാടുമായിരുന്നു. ഇപ്പോൾ കമ്പനിയുടെ അപ്പാർട്ട്മെട്ട്മെന്റിൽ താമസിക്കുന്നതു കൊണ്ട് അത് പറ്റില്ല. ഇന്ന് അമ്മ ഒറ്റക്കിരുന്ന് കടുക്ക വൃത്തിയാക്കുകയാണ്. അമ്മയ്ക്കും മകൾക്കും കടുക്കയിഷ്ടമല്ല. മകൻ കഴിക്കും, പക്ഷെ അത് ഇഷ്ടം കൊണ്ടാണെന്നു പറയുക വയ്യ. എന്നാൽ അമ്മയും മകനും ഒരു വശത്തും മകളും അച്ഛനും മറുവശത്തും എന്നാണ് വെപ്പ്. മകളിരിക്കേ അച്ഛനെപ്പറ്റി മോശമായി മറ്റുള്ളവർ ഒന്നും പറയാറുപോലുമില്ല – അവളെങ്ങാനും അച്ഛനോട് ചെന്ന് പറഞ്ഞാലോ? അച്ഛൻ അന്ന് അത്താഴത്തിന് എത്തുമ്പോൾ ഒരു ശുഭവാർത്ത കൂടിയുണ്ടാകും – അയാൾക്ക് പ്രൊമോഷൻ അറിയിപ്പ് കിട്ടുന്ന ദിവസം കൂടിയാണത്. ഇങ്ങനെയുള്ള സന്തോഷാവസരങ്ങളിലെല്ലാം ഭക്ഷണത്തോടൊപ്പം കടുക്ക കാണും. അച്ഛൻ വീട്ടിൽ ഉണ്ടാകാറില്ല, അധികം. ഉണ്ടെങ്കിൽ ഈ സമാധാനാം പോലും മക്കൾക്കും അമ്മയ്ക്കും കിട്ടില്ല എന്നതാണ് നേര്. അച്ഛന് ഭക്ഷണത്തോടൊപ്പം പട്ടാണിപ്പയർ സൂപ്പും കാണും – തന്റെ ബാല്യകാലത്തെപ്പറ്റിയുള്ള ആതുരതയോടെയാണ് അയാളത് കഴിയ്ക്കുക. ഇത്തരത്തിൽ അച്ഛൻ വരാൻ വൈകുന്തോറും, മകളുടെ കണ്ണിലൂടെ ഒരു അണുകുടുംബത്തിൽ നടക്കുന്ന നിശബ്ദ അതിക്രമത്തിന്റെ വിവരണം വായനക്കാരന് ലഭിക്കുകയാണ്. ആ വീട്ടിൽ എല്ലാം അച്ഛന്റെ ഇഷ്ടത്തിനൊത്താണ് നടക്കുന്നത്. മക്കൾ രണ്ടു പേർക്കും – മറ്റേത് ആൺകുട്ടിയാണ്, അനിയൻ – എല്ലാ ദിവസവും ഒരു മണിക്കൂർ പിയാനോ പഠനമുണ്ട്. രണ്ടുപേർക്കും അതിൽ താൽപ്പര്യമില്ല. എന്നാൽ അച്ഛന് അത് നിർബ്ബന്ധമാണ്. അമ്മ ഒരു സ്‌കൂളിൽ ജോലി ചെയ്യുന്നുണ്ട്, അവിടെ എല്ലാവരും അവരെ ബഹുമാനിക്കുന്നു, പക്ഷെ വീട്ടിൽ വന്നാൽ പിന്നെ ഭർത്താവിന്റെ സേവനത്തിനായി തന്റെ ‘wifey mode’-ലേക്ക് മാറുകയാണ് അവർ. മകൾക്ക് തീരെയിഷ്ടമില്ലാത്തതും ഈ മാറ്റം തന്നെയാണ് (“Luckily I never regarded my ultimate aim in life as being to switch to wifey mode at half past five every evening”). അച്ഛന്റെ സിഗരറ്റുവലി അവർക്കിഷ്ടമല്ല. പക്ഷെ അപ്പോഴും അവർക്കു മിണ്ടാൻ വയ്യ.

അമ്മയ്ക്ക് നല്ല സംഗീത പരിജ്ഞാനമുണ്ട്, അച്ഛനും നല്ല അഭിരുചിയുണ്ട്. എന്നാൽ വീട്ടിൽ കേൾക്കുന്ന സംഗീതം Verdi -യുടെ മാത്രമാണ് (ഓപ്പറായാണ് Verdi പ്രശസ്ത രചനകളെല്ലാം). അച്ഛൻ Verdi കേൾക്കുക മാത്രമല്ല ഒപ്പം ചൂളമടിക്കുകയും ചെയ്യും. അമ്മ അത് തീരുന്നതുവരെ അടുക്കളയിൽ കയറി വാതിലടയ്ക്കും. ഇതുമാത്രമേ കേൾക്കാൻ കൊള്ളാവുന്ന സംഗീതമുള്ളൂ എന്ന് അച്ഛൻ പറയുമ്പോൾ അമ്മയുടെ ശ്രമം “Chorus of the Hebrew Slaves” കേൾക്കാതിരിക്കാനാണ്. അമ്മ വയലിൻ പഠിച്ചിട്ടുണ്ട്, എന്നാലവരതു വായിക്കില്ല. അവർ പിയാനോ വായിച്ചുകൊണ്ട് ഷുബെർട് കൃതികൾ പാടുന്നതുകേട്ടാൽ അവർ പണ്ട് നല്ലൊരു പാട്ടുകാരിയായിരുന്നെന്നത് ഊഹിക്കാനേയുള്ളൂ, ഇപ്പോൾ അവർക്ക് കരച്ചിൽ വരും. അത് കേട്ട് മക്കൾ അവർ കാണാതെ ചിരിക്കും. അച്ഛനാണെങ്കിൽ ഭാര്യയുടെ ഈ തരളത തീരെയിഷ്ടമല്ല.

ചെറിയ മുഹൂര്‍ത്തങ്ങളുടെ ലളിത സമവാക്യങ്ങള്‍; A Distant Father വായിക്കുമ്പോള്‍

മകളെപ്പറ്റി അച്ഛന് പരാതിയില്ലെന്ന് കരുതരുത് – മകൾ പുസ്‌തകപ്പുഴു ആണെന്നതാണ് അച്ഛന്റെ പ്രശ്നം (“The child doesn’t look healthy, my father said; that comes from reading”). മകളുടെ പിയാനോ വായനയും അയാൾക്കിഷ്ടമല്ല. എന്നാൽ മകനോടാണ് അയാൾക്ക്‌ കൂടുതൽ ഇഷ്ടക്കേട്. മകൾ നല്ല മാർക്ക് വാങ്ങുമ്പോൾ തന്റെ അഭിമാനം കാക്കേണ്ട മകൻ സ്‌കൂളിൽ മോശമാണ്. അവൻ ഫുട്‍ബോൾ കളിക്കുന്നത് കണ്ട് അയാൾക്ക്‌ കലി വരും – അവൻ പന്ത് വരുമ്പോൾ ഓടിയൊളിക്കുകയാണ്, അവന്റെ ജീനുകൾ, അവന്റെ ബുദ്ധി എല്ലാം അമ്മയുടെ വീട്ടുകാരുടേതാണ്, അയാൾ പറയും. അമ്മയ്ക്ക് ബുദ്ധിയില്ലല്ലോ (“his lack of intelligence can’t be down to me, my father said, you see my father’s an intelligent man, so the failure couldn’t be down to him.”). എന്നാൽ അയാളുടെ പ്രവർത്തികളിൽ ഏറ്റവും ക്രൂരമായത് മറ്റു ചിലതായിരുന്നു – ഭാര്യയെ അയാളുടെ കമ്പനി നടത്തുന്ന വിരുന്നുകളിൽ കൊണ്ടുപോകാറില്ലായിരുന്നു. ഒരു പ്രാവശ്യം അവർ അവിടെ വിളമ്പിയ കോക്റ്റൈലിനെപ്പറ്റി ഒരു മണ്ടത്തരം പറഞ്ഞതായിരുന്നു അയാളുടെ പ്രകോപനം, ബാക്കിയുള്ളവരുടെ ഭാര്യമാർ ഉന്നതജാതരെപ്പോലെ പെരുമാറുമ്പോൾ ലോകം കുറേ കണ്ട തന്റെ വീട്ടുകാരി എന്തുകൊണ്ട് വിദ്യാഭ്യാസമില്ലാത്തവരെപ്പോലെ പെരുമാറുന്നു എന്നാണ് അയാളുടെ വിഷമം. തന്റെ ദരിദ്രയായ അമ്മയുടെ വീട്ടിൽ പോവുകയോ, അവിടെനിന്നു ഭക്ഷണം കഴിക്കുകയോ ചെയ്യാറില്ല എന്നതായിരുന്നു മറ്റൊന്ന്. ആ സ്ത്രീക്കാണെങ്കിൽ ബുദ്ധിമാനായ മകനെയോർത്ത് അങ്ങേയറ്റത്തെ അഭിമാനവും.

ഇങ്ങനെ അച്ഛനെ കാത്തിരിക്കുന്ന കുറച്ചു മണിക്കൂറുകളിൽ മകൾ തന്റെ അച്ഛനെ കേന്ദ്രീകരിച്ചുള്ള ഗൃഹജീവിതത്തിന്റെ സങ്കീർണ്ണതകൾ നമുക്ക് മുന്നിൽ തുറന്നുവയ്ക്കുകയാണ്. ഇതിൽ പലതും ഇന്നാട്ടിലിരുന്ന് വായിക്കുമ്പോൾ, തികച്ചും സ്വാഭാവികമായ ഒരു കാര്യമായി നമുക്ക് തോന്നും എന്നതാണ് കാര്യം. പല ഭാഗങ്ങളിലും നമ്മുടെ തന്നെ അസുഖകരമായ അനുഭവങ്ങളെ നമ്മളോർമ്മിക്കും. അതാണ് ഒരു മോഡേൺ ക്ലാസിക് ആയി കരുതപ്പെടുന്ന ഈ നോവലിന്റെ പ്രത്യേകതയും. എന്നാൽ എഴുത്തുകാരി പറയുന്നതുകൂടി ശ്രദ്ധിക്കുക – “I wrote this book in August 1989, just before the fall of the Berlin Wall” – അതോടെ നോവലിന്റെ മൊത്തം അന്തരീക്ഷവും ആന്തരാർത്ഥവും മാറുന്നതായി കാണാം. “ഒരു വിപ്ലവം എങ്ങനെയാണു തുടങ്ങുന്നത് എന്നെനിക്കറിയണമായിരുന്നു, ഏകാധിപത്യ സ്വഭാവമുള്ള ഒരച്ഛനെ അവതരിപ്പിയ്ക്കുന്നത് അതുകൊണ്ടുതന്നെ സ്വാഭാവികമായി തോന്നി” – എന്നും എഴുത്തുകാരി കൂട്ടിച്ചേർക്കുന്നു.

താരതമ്യേന എളുപ്പത്തിൽ വായിച്ചു പോകാവുന്ന, ചെറിയ നർമ്മത്തിന്റെ മേമ്പൊടിയുള്ള ലഘുനോവലാണ് The Mussel Feast. എന്നാൽ പലപ്പോഴും ആ നർമ്മത്തെ ചുറ്റിയുള്ള നിശബ്ദമായ വയലൻസ് ആ ചിരി മായ്ക്കുകയും ചെയ്യും. വ്യക്തിപരമായി, നോവലിലെ പരിചിതമായ സാഹചര്യങ്ങൾ എനിക്ക് വായന കഴിഞ്ഞും ദിവസങ്ങളോളം അസുഖകരമായിത്തോന്നി എന്നതാണ് സത്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിഷ്കാസിതരുടെ മാന്ത്രികവാതിലുകള്‍; മൊഹ്സിന്‍ ഹമീദിന്റെ Exit West വായിക്കുമ്പോള്‍

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍