വായന/സംസ്കാരം

ഇവര്‍ കഥയുടെ തൈക്കൂട്ടം; വേറിട്ട അനുഭവമായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കഥാ ക്യാമ്പ്

Print Friendly, PDF & Email

മനസ്സ് വലുതാക്കാനും വിചാര മണ്ഡലം വികസിപ്പിക്കാനും വായനയിലൂടെ സാധിയ്ക്കുമെന്ന് കുട്ടികളോട് ടി പത്മനാഭന്‍

A A A

Print Friendly, PDF & Email

തേന്‍ വെള്ളവും പഴുത്ത മാങ്ങയും ചക്കച്ചുളയും വീട്ടിലേക്ക് പോകുമ്പോള്‍ ഓര്‍മ്മയായി കൊണ്ടുപോകാന്‍ ഒരു കുഞ്ഞുതൈയും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂരില്‍ സംഘടിപ്പിച്ച സര്‍ഗ്ഗവസന്തം കഥാക്യാമ്പ് വേറിട്ട അനുഭവം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത നയം പ്രാവര്‍ത്തികമാക്കുന്ന തരത്തിലായിരുന്നു ക്യാമ്പിന്റെ നടത്തിപ്പ്.

മെയ് 9നു മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭനാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഏകാധിപതികള്‍ എല്ലാ കാലത്തും എഴുത്തുകാര്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട് എന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ടി പത്മനാഭന്‍ പറഞ്ഞു. “നമ്മുടെ രാജ്യത്തെ ഇന്നത്തെ കാലാവസ്ഥ ഏകാധിപതികള്‍ക്ക് അനുകൂലമല്ല. എന്നാല്‍ പതുക്കെ മെരുക്കിയെടുക്കാനുള്ള ശ്രമത്തിലാണ്.” ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ പല അര്‍ത്ഥത്തിലും ഭാഗ്യവാനാണ്. നല്ല അദ്ധ്യാപകരും മികച്ച വായനയുള്ള കുടുംബാന്തരീക്ഷവും ഒട്ടേറെ വായനശാലകളുള്ള പള്ളിക്കുന്നു ഗ്രാമവുമെല്ലാം ഒരുപാട് പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരം ഒരുക്കി.” നന്നായി വായിക്കണം എന്നു കുട്ടികളെ ഉപദേശിച്ച കഥാകാരന്‍ “മനസ്സ് വലുതാക്കാനും വിചാര മണ്ഡലം വികസിപ്പിക്കാനും വായനയിലൂടെ സാധിയ്ക്കും” എന്നു കൂട്ടിച്ചേര്‍ത്തു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ എഴുത്തുകാരനും ക്യാമ്പ് ഡയറക്ടറുമായ പയ്യന്നൂര്‍ കുഞ്ഞിരാമനും പങ്കെടുത്തു.

മൂന്നു ദിവസമായി നടന്ന ക്യാമ്പില്‍ നാടോടിക്കഥകളും മലയാള ചെറുകഥയും എന്ന വിഷയത്തില്‍ നാരായണന്‍ കാവുമ്പായിയും കഥയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ പായിപ്ര രാധാകൃഷ്ണനും കഥയുടെ വഴിയില്‍ എന്ന വിഷയത്തില്‍ ടി പി വേണുഗോപാലനും സമകാലീന മലയാള കഥ എന്ന വിഷയത്തില്‍ വി എച്ച് നിഷാദും കുട്ടികളുമായി സംവദിച്ചു. മലയാളത്തിലെ മികച്ച കഥകളെ പരിചയപ്പെടുത്തിക്കൊണ്ട് കെ പി സുധീര സംസാരിച്ചു. ക്യാമ്പിലെ കുട്ടികള്‍ എഴുതിയ മികച്ച കഥകളെ വി എച്ച് നിഷാദ് പരിചയപ്പെടുത്തി. കുട്ടികൾ ക്യാമ്പിൽ വെച്ച് എഴുതിയ കഥകളിൽ ഏറ്റവും മികച്ച മൂന്നു കഥകൾക്ക് പുസ്തകം സമ്മാനിച്ചു.

കേരള ഫോൾക്‌ലോർ അക്കാദമി, സയൻസ് പാർക്ക്‌, കണ്ണൂർ കോട്ട, പയ്യാമ്പലം ബീച്ച് എന്നിവ ക്യാമ്പ് അംഗങ്ങള്‍ സന്ദർശിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 40 കുട്ടികൾ ക്യാമ്പില്‍ പങ്കെടുത്തു.

കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ഗ്ഗവസന്തം സഹവാസ ക്യാമ്പ് എന്നു പേരിട്ടുകൊണ്ട് വേനലവധിക്കാലത്ത് വിവിധ ജില്ലകളിലായി ശാസ്ത്രം, കവിത, പരിസ്ഥിതി, നാടകം, ചിത്രരചന, പ്രകൃതി, കഥ എന്നിങ്ങനെ ഏഴ് ക്യാമ്പുകളാണ് സംഘടിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍