TopTop
Begin typing your search above and press return to search.

ഇനിയാണ് എസ്.ഹരീഷ് ശരിക്കും വായിക്കപ്പെടാൻ പോകുന്നത്

ഇനിയാണ് എസ്.ഹരീഷ് ശരിക്കും വായിക്കപ്പെടാൻ പോകുന്നത്

എഴുത്തുകൊണ്ട് തന്റെ സമകാലികരേക്കാൾ ഏറെ മുന്നിൽ നടന്ന കഥാകൃത്താണ് എസ്.ഹരീഷ്. ഭാഷയിൽ, ഭാവനയിൽ ഹരീഷിന് മാത്രമറിയാവുന്ന രസവിദ്യയുടെ ചരിത്രമുണ്ട്. ആ രസവിദ്യ പരിചയമുള്ള വായനക്കാരും കുറവാണ്. അതുകൊണ്ടാണ് മലയാളത്തിലെ യുവ, ജനപ്രിയ കഥാകൃത്തുക്കളുടെ കൂട്ടത്തിൽ ഇത്ര കാലമായിട്ടും ഹരീഷ് പെടാതിരുന്നത്. എളുപ്പമൊരാൾക്ക് വഴങ്ങുന്നതല്ല ഹരീഷിന്റെ എഴുത്തുകൾ. പ്രത്യേകിച്ച് ഹരീഷിന്റെ ആദ്യഘട്ടത്തിലെ എഴുത്തുകൾ. ഈ എഴുത്തുകാരന്റെ മൂന്ന് കഥാസമാഹാരം മാത്രമാണ് ഇതുവരെയായി ഇറങ്ങിയത്. രസവിദ്യയുടെ ചരിത്രവും ആദവും അപ്പനും. ആദ്യ കഥാസമാഹാരം അർഹിക്കുന്ന വായനയിലേക്ക് ഇതുവരെ എത്തിയിട്ടുമില്ല. ഈ കഥാസമാഹാരങ്ങൾക്കിടയിൽ ഒൻപതു വർഷത്തെ അകലമുണ്ട്. ഹരീഷ് അത്രയധികം എഴുതിയിട്ടില്ല. ഇരുപത് കൊല്ലം കൊണ്ട് വെറും ഇരുപത് കഥ മാത്രമാണെഴുതിയത്.

ഭാഷയിലും, പ്രമേയത്തിലുമൊക്കെ മറ്റൊരാളോട് ചേർത്തുവെക്കാൻ കഴിയാത്ത വിധം അത്ര നൂതനത്വം കൊണ്ടുവന്ന എഴുത്തുകാരനാണ് ഹരീഷ്. ചരിത്രവും പുരാവൃത്തവും വർത്തമാനവുമൊക്കെ ഇഴപിരിച്ചെടുത്തവതരിപ്പിക്കുന്ന രീതി. ഈ കഥകളിലൊന്നും വിശുദ്ധ മനുഷ്യരെക്കുറിച്ചും അവരുടെ മനോലോകത്തെക്കുറിച്ചും ഹരീഷ് വേണ്ടത്ര എഴുതിയിട്ടില്ലെന്നു പറയാം. കാരണം പാപികളാണ് കഥകളെ സമ്പന്നമാക്കുന്നതെന്ന് കരുതുന്നൊരാളാരാളാണ് ഹരീഷ്. അതുകൊണ്ടാണ് ശുദ്ധ മനുഷ്യരെ മുന്നിൽ നിർത്തിയുള്ള 'കഥ'കളി രണ്ട് സമാഹാരത്തിലും കൂടിയുള്ള പതിനേഴ് കഥകളിലും നമ്മൾ കാണാത്തത്. ഹരീഷിനെ മുൻപേ വായിച്ചവരാരും ഹിന്ദുത്വ ശക്തികൾ ഇപ്പോൾ വലിച്ചു താഴ്ത്തിയ 'മീശ' യുടെ ആഖ്യാനത്തിലെ ഉടുത്തൊരുങ്ങി ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെക്കുറിച്ചുള്ള പരാമർശത്തിൽ ഒട്ടും അത്ഭുതപ്പെടില്ല. കാരണം ഹരീഷിന്റെ മുൻകാല കഥകളിലൊക്കെ ഇതിനെയൊക്കെ അമ്പരപ്പിക്കുന്ന മനുഷ്യരുടെ 'അധോ'ലോകങ്ങളും അവരുടെ സംഭാഷണങ്ങളുമുണ്ട്. നിത്യയാഥാർത്ഥ്യമെന്ന് നാം തെറ്റിദ്ധരിക്കുന്ന പൗരലോകത്തിന്റെ ഭദ്രതയ്ക്കെതിരെ നീങ്ങുന്നവരുടെ സ്ഥലകാലങ്ങളിലുള്ള മനുഷ്യ വിനിമയങ്ങളിലാണ് ഈ എഴുത്തിന്റെ താൽപ്പര്യം. ഹരീഷ് കൊണ്ടുവന്ന ആ മനുഷ്യരുടെ ഭാഷണങ്ങളെ പിൻപറ്റി പ്രതിനിധാന യുക്തിയാൽ എഴുത്തുകാരനെതിരെ ചോര തിളയ്ക്കാൻ തുടങ്ങിയാൽ ഒരു വായനക്കാരൻ / വായനക്കാരി എന്ന നിലയിൽ അവർ സ്വയം ഉരുകി അവസാനിക്കുകയേ ഉള്ളൂ. അത്ര വൈവിധ്യമാണ് ആ അധോതലം. സ്വർഗം തീർന്നു പോയി നരകം നിലനിൽക്കുന്നു എന്നു നമുക്കു തോന്നുന്ന മനുഷ്യരുടെ ഭൂപടം. അതു കൊണ്ടു തന്നെ ആദമെന്ന സമാഹാരത്തിന് ഹരീഷ് എഴുതിച്ചേർത്ത കുറിപ്പിൽ ഹരീഷ് ഇങ്ങനെ ജാമ്യമെടുക്കുന്നുണ്ട്.'ഇതിലെ കഥകളൊന്നും ഞാനുണ്ടാക്കിയതല്ല. സുഹൃത്തുക്കൾ പരിചയക്കാർ അങ്ങനെ പലരുടെയും സംഭാഷണത്തിൽ നിന്നും ജീവിതത്തിൽ നിന്നുമൊക്കെ കടം കൊണ്ടതാണ്' എന്ന്. ഇവിടെ അനുഭവവും സാഹിത്യവും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണികളെ പുതുക്കിപ്പണിയുക മാത്രമാണീ എഴുത്ത് എന്ന് സാരം.

കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ ഒരു / പല ദേശത്തിന്റെ, സംസ്കാരത്തിന്റെ ആന്തരിക ലോകത്തിന്റെ പ്രകാശനങ്ങൾക്ക് നാം സാക്ഷിയാവുന്നു എന്നു മാത്രം.'മര്യാദക്കാർ മര്യാദയ്ക്കങ്ങ് ജീവിച്ചു പോകുകയേ ഉള്ളൂ. ലോകത്ത് മാറ്റമുണ്ടാക്കുന്നത് പാപികളാണ്. ചെകുത്താൻ വന്നില്ലായിരുന്നുവെങ്കിൽ നമ്മളിപ്പോഴും ഏദൻ തോട്ടത്തിൽക്കൂടി പഴങ്ങളും തിന്ന് തൂറി ബുദ്ധിയില്ലാതെ, തുണിയുടുക്കാതെ അലഞ്ഞേനെ എന്ന് 'നിര്യാതരായി എന്ന കഥയിൽ ഹരീഷിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുകൊണ്ടു തന്നെ നിത്യജീവിതത്തിലെ പാപികളെ പിടികൂടുന്നവരാണ് സർഗാത്മകതയെ ഉയർന്ന മാനത്തിൽ എത്തിക്കുന്നതെന്ന് ഈ എഴുത്തുകാരന് നല്ല ബോധ്യമുണ്ട്. മനുഷ്യന്റെ ഉള്ളിലെ ചെകുത്താനും ദൈവവും തമ്മിലുള്ള സംഘർഷത്തിന്റെ സങ്കൽപ്പനങ്ങളല്ലേ ഹരീഷിന്റെ ഇഷ്ട എഴുത്തുകാരിലൊരാളായ വിഖ്യാതനായ ദസ്തയേവിസ്കി എന്ന എഴുത്തുകാരനും കൊണ്ടുവന്നത്. കഥകൾക്കും ഇതിഹാസങ്ങൾക്കുമൊക്കെ അധികമാനം നൽകിയത് പാപികളുടെ സാന്നിധ്യമല്ലേ!

ചരിത്രത്തിലും ഇതിഹാസങ്ങളിലും എത്രയെത്ര പാപികൾ. അവരുടെ ചെയ്തികളല്ലേ ഇതിഹാസത്തെ ഇതിഹാസമാക്കിയത്! ദ്രൗപദിയെ വസ്ത്രാക്ഷേപം നടത്തിയത് തിൻമയുടെ ആ ആൺരൂപമല്ലേ. അതവിടെ നിന്നില്ല. ഇതിഹാസത്തിൽ നിന്നും ചരിത്രത്തിൽ നിന്നും വർത്തമാനത്തിന്റെ ചതുപ്പുകളിലേക്ക് അവ ഇപ്പോഴും ഒഴുകിപ്പരക്കുന്നുണ്ട്. ഹരീഷിന്റെ മിക്ക കഥകളും ഒരർത്ഥത്തിൽ ഈ പാപികളെക്കുറിച്ചുള്ളതു കൂടിയാണ്. ഒരു ദുരന്തകഥ പറയാൻ ക്ഷണിച്ചു വരുത്തുന്നതല്ല അവരെ. സാധാരണ മനുഷ്യരിൽ ജീവിക്കുന്ന പാപികൾ. കള്ളുകുടിച്ചും പെണ്ണുപിടിച്ചും തല്ലുകൂടിയും ലൈംഗികാഹ്ളാദ കഥകൾ പറഞ്ഞും ജീവിക്കുന്നവർ. പകയും ദുരയും പ്രണയവും കാമവും ചതിയും ഹിംസയും ഭയവും കനിവും കരുണയും ഒക്കെ കൂടിക്കലരുന്ന സാധാരണ മനുഷ്യർ. അവരെ ഇവിടെ ഭാഷയുടെ തുറുങ്കിലടക്കുകയും വായനക്കാർക്കു മുന്നിൽ തുറന്നിടുകയുമാണ്. അവരെക്കണ്ട് / കേട്ട് സ്തബ്ധരായിപ്പോയതാണ് വായനക്കാരല്ലാതിരുന്ന പുതിയ 'ഹിന്ദു'വായനക്കാർ! അതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ അത് 'മീശ' എന്ന നോവലിലെ കേവലമൊരു സംഭാഷണത്തെ മുൻനിർത്തിയുള്ള പടപ്പുറപ്പാടുമല്ലെന്ന് മനസിലാവും.

ലൈംഗികോർജത്തിന്റെ അകം ലോകങ്ങളിൽ നിന്ന് സ്വതന്ത്രനാകാൻ കഴിയാത്ത ആണിന്റെ തൃഷ്ണയുടെ വലയം ഹരീഷിന്റെ ഓരോ കഥയെയും ചുറ്റി വരിയുന്നുണ്ട്. ലൈംഗികത നമ്മുടെ സമൂഹത്തിന്റെ / സംസ്കാരത്തിന്റെ സിരാ പടലങ്ങളിൽ പറ്റിപ്പിടിച്ചു കിടക്കുന്നതാണ്. എളുപ്പം കുടഞ്ഞു കളയാവുന്നതല്ല അത്. ആദർശങ്ങൾ കൊണ്ടും മൂല്യങ്ങൾ കൊണ്ടും നാം കെട്ടിപ്പൊക്കിയ ഉപരിതലത്തിലേക്ക് സ്വകാര്യമായ പിരിയൻ ഗോവണികളിലൂടെ അവ എപ്പോഴും കയറി വരും. ലൈംഗികതയെ പുറത്താക്കി ചില നിയമങ്ങൾക്ക് വിധേയനാവുന്ന ഒരാൾക്ക് മാത്രമേ പരിഷ്കൃതനാകാൻ കഴിയൂ എന്ന ധാരണയ്ക്ക് ഇവിടെ വലിയ ബലമുണ്ട്. ഇതിനെയാണ് ഹരീഷ് മിക്ക എഴുത്തുകളിലും കളിയാക്കി / കഥയാക്കി വിടുന്നത്!

'ദൈവമേ ഒരു മൃഗമായ് ജനിച്ചിരുന്നുവെങ്കിൽ... കാമാഭ്യർത്ഥന നടത്തിയെന്നു കരുതി ഏതെങ്കിലും എരുമയുടെ ആങ്ങളമാർ പോത്തിനെ കയ്യേറ്റം ചെയ്യുമോ?' എന്ന് നിര്യാതരായി എന്ന കഥയിൽ ഹരീഷ് നീട്ടിയെറിയുന്നുണ്ട്. അത്തരത്തിലൊന്ന് മീശയിലും പ്രത്യക്ഷമായി. മീശയ്ക്കു മുമ്പെ ഹരീഷ് മലയാളത്തിൽ വേണ്ടത്ര വായിക്കപ്പെടാത്തതുകൊണ്ടാണ് ഭൂരിപക്ഷം എഴുത്തിനെയും പോലെ ഹരീഷ് നേരത്തെ എഴുതിയ കഥകളെയും മലയാളികൾ വെറും 'കഥ' മാത്രമായി കണ്ടത്. യഥാർത്ഥത്തിൽ ആധുനികാനന്തര കഥയുടെ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയോർജമുള്ള വായനയിലേക്കെത്താൻ മീശ ഇപ്പോൾ ഒരു കാരണമായി എന്നു പറയാം. അതൊരു ഹിസ്റ്റോറിക്കൽ സിറ്റുവേഷനിൽ നിന്നായി എന്നു മാത്രം. ഹരീഷ് കൊണ്ടുവന്ന ആധുനികപൗരലോകത്തിന്റെ മറുലോകങ്ങളുമായുള്ള വിനിമയം ജീവിതത്തിന്റെ ഭിന്ന പ്രതലങ്ങളെ അഭിസംബോധന ചെയ്യാൻ നമ്മെ പ്രാപ്തമാക്കും. ആ അഭിസംബോധനയാണ് ഉത്തരാധുനികതയുടെ രാഷ്ട്രീയം.

ഹരീഷിന്റെ ഏത് കഥയെടുത്താലും അതിനകത്ത് ഉയർന്ന സാമൂഹ്യ പദവിയുള്ളവരായാലും അധികാര പദവിയുള്ളവരായാലും സാമ്പത്തിക ശേഷിയുള്ളവരായാലും അവരുടെ ജീവിതാനന്ദങ്ങളിലൊന്ന് പരസ്ത്രീഗമനമാണ്. 'ആദ'ത്തിലെ കുറുപ്പ് സോഫയിൽ വെച്ച് പകൽ വെളിച്ചത്തിൽ ചെമ്പൻമുടിക്കാരിയായ പോളിയെ പ്രാപിക്കുമ്പോൾ 'അധോതലക്കുറിപ്പു'കളിൽ മാത്യു വല്യപ്പൻ മർഫി സായ്പിന്റെ ഭാര്യയെ കട്ടിലിൽ ബന്ധിച്ച് ദിവസങ്ങളോളം ബലാൽസംഗം ചെയുകയാണ്. 'നിര്യാതരായി'യിലെ പീറ്റർ സാർ ഇഷ്ടം പോലെ സുന്ദരികളുടെ കൂടെ കിടന്നവൻ! 'മാന്ത്രിക വാലി'ൽ അച്ഛന്റെ ശവത്തിനെ അനുഗമിക്കുന്ന മകളുമായി സുഹൃത്ത്‌ ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. ഇങ്ങനെ ആഴങ്ങളിൽ നിന്ന് ലൈംഗികത കാമത്തിന്റെ രൂപത്തിലും പ്രണയത്തിന്റെ രൂപത്തിലും കഥകളിലെല്ലാം മാറി മാറി വരുന്നുണ്ട്. പരസ്ത്രീ ബന്ധത്തിന് അവസരം കിട്ടാത്ത ദുർബലർ തങ്ങളുടെ ഇച്ഛകളിൽ നിന്ന് സ്വതന്ത്രമാകാൻ കഴിയാതെ ഒടുക്കം പരസ്ത്രീ വിനിമയത്തിന്റെ കഥകൾ പറഞ്ഞ് തങ്ങളുടെ ആത്മത്തിൽ നിന്നും ശരീരത്തിൽ നിന്നും വികാരങ്ങളെ ഒഴുക്കിക്കളയുകയാണ്.

എല്ലാ രുചികളെയും ലൈംഗിക രുചിയിലേക്ക് ചേർത്തുവെക്കുന്നവരാണ് ഹരീഷിന്റെ ചില കഥാപാത്രങ്ങൾ. 'വേട്ടയ്ക്കൊരു മകനിൽ' ഡോ.പ്രസന്നൻ വെടിയിറച്ചി രഹസ്യമായി ഒരു കഷണം രുചിനോക്കിക്കൊണ്ട് പറയുന്നതിങ്ങനെ; സുന്ദരിയായ ഒരു നഴ്സുമായി ബന്ധമുണ്ടാക്കുന്ന പോലാണ്.' അതുപോലെ കഥകളിലെ പുരുഷ ലക്ഷണങ്ങളിൽ പ്രധാനം അവരുടെ ആദിമമായ ലൈംഗികോർജമാണ്. അതുകൊണ്ടാണ് ഇതേ കഥയിൽ 'വാറ്റും വീട്ടുകളിയും വേട്ടയുമാണ്' പുരുഷലക്ഷണം എന്ന് ദിലീപൻ ഉച്ചത്തിൽ പറയുമ്പോൾ ബലാൽസംഗവും എന്ന് ഷാജി ചേർത്തുവെക്കുന്നത്. നിര്യാതരായി എന്ന കഥയിൽ പീറ്റർ സാർ നീയൊക്കെ ജീവിതം കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു ശേഷം 'മുപ്പതു വയസായിട്ടും ഒരു പെണ്ണിന്റെ കൂടെ കിടന്നിട്ടുണ്ടോ' എന്നു ചോദിക്കുന്നു. ഇങ്ങനെ നാട്ടു മനുഷ്യരുടെ ദേശ വഴക്കങ്ങളിൽ ലൈംഗികത പ്രധാനമാവുന്നു. ഉലകിന്റെ ഭിത്തിയിൽ താറടിക്കാൻ വരുന്ന ഉന്മാദികളുടെ പ്രതി ജീവിതങ്ങൾ!

എല്ലാ സംസ്കാരവും മതവും രാഷ്ട്രീയവും ലൈംഗികതയ്ക്കെതിരാണ്. അതു കൊണ്ടു തന്നെ പ്രണയത്തിന്റെ സ്നേഹത്തിന്റെ ആദിമ ചോദനയെ നിഷേധിച്ചു കൊണ്ടുള്ള പരിഷ്കാര നിർമ്മാണത്തെ കഥാകൃത്ത് അവസരം കിട്ടുമ്പോഴെല്ലാം തന്റെ ആഖ്യാനത്തിനിടയിൽ തല കുത്തി നിർത്തുകയാണ്.'ആദം' എന്ന കഥയിൽ ആ പേരു വന്നതുതന്നെ നോക്കൂ. കന്യാസ്ത്രീ മഠത്തിന്റെ പിന്നിലെ വാതിലിൽക്കൂടി ഒരിക്കൽ നഗ്നനായി ഓടിയിറങ്ങി വന്നപ്പോൾ മുതലാണ് ശങ്കരപ്പിള്ള ആദം എന്നറിയപ്പെട്ടത്. ഈ ഉപരിതലത്തിനെതിരെ ഉറവിടങ്ങളിൽ നിന്നുള്ള ആക്രമണമാണ് ആദമെന്ന സമാഹാരത്തിൽ രഹസ്യമായി പങ്കുവെയ്ക്കപ്പെട്ട ജീവിത കഥകളോരോന്നും. പാപഗ്രസ്തമെന്നു വിളിക്കപ്പെട്ട ഈ ലൈംഗികതയെ പാപമായി പരിഗണിക്കുന്ന ദൈവത്തെപ്പോലും പാപികളുടെ കൂട്ടത്തിലിരുത്തി വിചാരണ ചെയ്യുന്നവർ ഹരീഷിന്റെ ഈ കഥകളിലെല്ലാം നിറഞ്ഞാടുന്നുണ്ട്.

മീശയിലെത്തുമ്പോഴും അതു തന്നെയാണ് നാം കേട്ടത്. 'പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്? എന്ന് സുഹൃത്ത് ചോദിക്കുമ്പോൾ പ്രാർത്ഥിക്കാൻ എന്ന് ആഖ്യാതാവ് പറയുമ്പോൾ അല്ല തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ' എന്നാണ് സുഹൃത്ത് പറയുന്നത്. കഥയിലെ ഉത്തമപുരുഷനായ ആഖ്യാതാവ് പ്രഥമപുരുഷനിലൊരാളെ കേൾക്കുകയാണെന്ന് ചുരുക്കം. നോവൽ എന്ന ബൃഹത് വ്യവഹാരത്തിലെ ഒരു വാക്യം മാത്രമാണിത്. ഇങ്ങനെയൊരു കേൾവിക്ക് നോവലിൽ മാത്രമാണോ സാധ്യത. തീർച്ചയായും അല്ല. മീശക്കെതിരെ വന്ന വരെല്ലാം തങ്ങൾക്ക് ചുറ്റിൽ നിന്നും കേൾക്കുന്ന അനേക സ്വകാര്യഭാഷണങ്ങളിൽ ഒന്നു മാത്രമാവാം അത്. നോവലിലെ കഥാപാത്രങ്ങളെക്കൊണ്ടെല്ലാം ഫെമിനിസം സംസാരിപ്പിച്ചാൽ നോവൽ എന്ന മാധ്യമമില്ലെന്ന് ഹരീഷ് ഒരിടത്ത് എഴുതുന്നുണ്ട്. നോവലിൽ പലസ്വരങ്ങൾ കേൾക്കാം. ഈ സ്വരങ്ങളിൽ ആഖ്യാതാവ് ഏതിനോട് ചേർന്നു നിൽക്കുന്നു എന്ന ചോദ്യം പ്രധാനമാണ്. മീശയിൽത്തന്നെ ഈ സംഭാഷണം പറഞ്ഞ വ്യക്തി മരണപ്പെട്ടുന്നതാണ് അടുത്ത സൂചന. നോവലിന്റെ പൂര്‍ണ്ണ വായനയില്‍ മാത്രമേ അതിലെ മനുഷ്യവിനിമയങ്ങളെക്കുറിച്ച് അതിനകത്തെ സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് ആഖ്യാതാവിന്റെ സമീപനത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ. പക്ഷെ എങ്ങനെ നോക്കിയാലും ഹരീഷിന്റെ കഥകളിലെ മനുഷ്യരുടെ അസ്തിത്വത്തിന്റെ തുടർച്ചകളെ തന്നെയാണ് മീശയിലും കൊണ്ടുവന്നതെന്ന് ചുരുക്കം. അങ്ങനെ കണ്ടാൽ ഇപ്പോൾ ഒറ്റനോട്ടത്തിൽ സ്ത്രീ വിരുദ്ധം എന്ന് തോന്നുന്ന ആ വാക്യത്തെയും ഹരീഷിനെയും വെറുതെ വിടാവുന്നതേയുള്ളൂ. മുൻ കഥകളെപ്പോലെ വിപരീതങ്ങൾ തമ്മിലുള്ള വിനിമയങ്ങളാണ് മീശയിലും ആവർത്തിച്ചത്. തമ്മിൽ ഏറ്റുമുട്ടിക്കൊണ്ട് വികസിച്ചു വരുന്ന ഒരു ചരിത്ര വ്യവഹാരമായേ അതിനെയും നമുക്ക് കാണാനാകൂ.

വായന കൂടുതൽ കൂടുതൽ ബഹുസ്വരങ്ങളാകുന്നു എന്നു വിചാരിക്കുന്ന ഉത്തരാധുനിക സന്ദർഭത്തിൽത്തന്നെയാണ് വായന ഇങ്ങനെ ഏകസ്വരമായിത്തിർന്നതെന്നതാണ് മറ്റൊരത്ഭുതം. അതോടൊപ്പം വായനയിൽ വിഷം കലക്കി വലിയ സാമുദായിക പിളർപ്പിനുള്ള ഇടമാണ് മീശയിലൂടെ സംഘപരിവാർ ലക്ഷ്യം വെച്ചത്. നിങ്ങളുടെ ഭാവനയെ തടവിലാക്കുന്ന മതമൗലികവാദികളും മറ്റും നിങ്ങൾക്ക് ചുറ്റും അണിനിരന്നു കഴിഞ്ഞിരിക്കുന്നു.

'ഇന്ത്യയിൽ ഹൈന്ദവ ഫാസിസം ശക്തിപ്പെടുന്നുണ്ട്. കേരളത്തിലത്ര ശക്തമല്ല'. മൂന്ന് വർഷം മുമ്പ് ഒരു അഭിമുഖ സംഭാഷണത്തിൽ ഹരീഷ് പറഞ്ഞതാണിത്. ഇനിയത് അയാൾക്ക് പറയാനാവില്ല. കാരണം ഈ മൂന്നു കൊല്ലം കൊണ്ട് സംഘപരിവാർ മുന്നൂറു സംവത്സരം മുന്നോട്ടു പോയിക്കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പകലുകളിൽക്കൂടി ഒരു രാത്രി വളർന്നു വലുതായത് നമ്മളേ അറിയാതുള്ളൂ! അതിൽനിന്ന് നമ്മുടെ കലയും സാഹിത്യവും മാത്രമായി വിമോചിതമാവില്ല. ചുരുക്കത്തിൽ എഴുതാനുള്ള സ്വാതന്ത്ര്യം മരിക്കാനുള്ള സ്വാതന്ത്ര്യമായിക്കഴിഞ്ഞു!

നോവൽ എന്ന വലിയ ആഖ്യാനത്തിനകത്തുനിന്ന് ചെറിയൊരു വാക്യമെടുത്ത് കൃതി പൂർണ്ണമായും നിരോധിക്കണമെന്ന വാദം കലയുടെയും സാഹിത്യത്തിന്റെയും കാര്യത്തിൽ ഒരു പുതിയ അനുഭവമല്ല. ഇന്ത്യയിൽത്തന്നെ നേരത്തെ എം.എഫ് ഹുസൈനുമായി ബന്ധപ്പെട്ട സംഘപരിവാർ ഇടപെടലുകളുടെ ചരിത്രം നോക്കൂ. ആസൂത്രിതമാണ് കാര്യങ്ങൾ. എഴുപതുകളിൽ എം.എഫ് ഹുസൈൻ മധ്യപ്രദേശിൽ ചെയ്ത വലിയൊരു മ്യൂറൽ പെയിന്റിംഗിൽ നിന്ന് കൂട്ടത്തിൽ ഏറ്റവും ചെറിയ ഒരു വരയെ പ്രത്യേകമായെടുത്ത് ഹിന്ദു ദേവതകളെ, വിശ്വാസത്തെ വ്രണപ്പെടുത്തി എന്നു പറഞ്ഞു കൊണ്ടാണ് ഇൻഡോറിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാഗസിൻ 1996 ൽ കവർ സ്റ്റോറി ചെയ്യുന്നത്. അതോടെയാണ് ഹുസൈൻ തുടർന്നു തനിക്കെതിരായി വന്ന നാൽപ്പത്തെട്ടോളം കേസിൽപ്പെടുന്നത്. ഈ കേസുകളെല്ലാം പിന്നീട് ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റുകയാണുണ്ടായത്. ഈ കേസിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണ കൗൾ ഹുസൈനെ വെറുതെവിട്ടു കൊണ്ടെഴുതിയ വിധി പ്രസ്താവന വായിക്കേണ്ടതാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും ഇടുങ്ങിയ ലോകങ്ങളിൽ നിൽക്കുന്നവരും ആശയ സ്വാതന്ത്ര്യത്തിന്റെയും ഭാവനാ സ്വാതന്ത്ര്യത്തിന്റെയും ലോകത്തുള്ള രണ്ട് ലോകത്ത് നിൽക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലായാണ് കോടതി അതിനെ കണ്ടത്. ആ വിധി വായിച്ചാൽ കോടതിയോട് വലിയ ആദരവ് തോന്നും. തൊണ്ണൂറോളം പേജുള്ള ആ വിധി വാക്യങ്ങളുടെ തുടക്കം വിഖ്യാതനായ ചിത്രകാരൻ പാബ്ലോ പിക്കാസോയെയാണ് സഞ്ജയ് കൃഷ്ണ കൗൾ ഉദ്ധരിക്കുന്നത്. അതിങ്ങനെയാണ് 'Art is never chaste. It ought to be forbidden to ignorant innocents, never allowed into contact with those not sufficiently prepared. Yes, art is dangerous. Where it is chaste, it is not art. അതായത് നിഷ്കളങ്കരെയും അജ്ഞൻമാരെയും കലയിലേക്ക് അതിന്റെ വിനിമയ ലോകത്തേക്ക് അടുപ്പിക്കരുതെന്ന്. കാരണം കല അത്ര അപകടം പിടിച്ച ഒന്നാണ്. തീർച്ചയായും തുടർച്ചയായ അനുശീലനം ആവശ്യമുള്ള ഒരനുഭവമാണ് കല. അല്ലാതെ കേവലമായ വരയോ വാക്കോ അല്ല അത്.പെരുമാൾ മുരുഗന്റെ എഴുത്തിനെതിരെയും ഹിന്ദുത്വ ശക്തികൾ വിലങ്ങുമായി വന്നപ്പോഴും കലയ്ക്കെതിരെയുള്ള കൊലവിളികൾ ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹത്തെ എഴുതാനനുവദിക്കണമെന്ന് വിധി പറഞ്ഞതും ഇതേ എസ്.കെ.കൗൾ തന്നെയായിരുന്നു.

'ഞാനൊരു പാതകിയാണെങ്കിൽ എന്റെ അവസാനത്തെ ഒളിസങ്കേതമാണ് എഴുത്ത്. വേറെ പലയിടത്തും സുരക്ഷയുണ്ടെന്നു കരുതി വഴിതെറ്റി അലഞ്ഞു. അവസാനം തിരികെ ഭൂമിക്കടിയിലെ ഈ ഗുഹയിലെത്തി. ഇവിടെ വെച്ച് പിടിക്കപ്പെട്ടാൽ പണി തീർന്നു' എന്ന് ഹരീഷ് ആദത്തിന്റെ ആമുഖത്തിൽ എഴുതുന്നുണ്ട്. ആധുനികാനന്തര എഴുത്തിന്റെ സൗന്ദര്യ ശിൽപ്പത്തെ നിർണയിച്ച ആ എഴുത്തുകാരൻ നമുക്ക് എളുപ്പം പിടി തരില്ല. പക്ഷെ ഒടുക്കം അതിവായനയുടെ മതാത്മക മണ്ഡലത്തിൽ വെച്ച് ഇങ്ങനെയൊരു പിടിവലി ഹരീഷ് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എഴുത്തുകാരന്റെ സ്വതന്ത്ര പൗരജീവിതം പോലും അസാധ്യമാക്കുന്ന തരത്തിലുള്ള തലതിരിഞ്ഞ വായനാക്കെണികൾക്കിടയിലാണ് 'നോവലി'സ്റ്റ് കുടുങ്ങിയത്. അത് ഒരാൾ മാത്രമല്ല. പിന്നാലെ വരുന്നവരെല്ലാം ഇത്തരം കെണികളിൽ പെട്ടേക്കാം. കാരണം മനുഷ്യരുടെ ജൻമ സഹജമായ ലൈംഗികതയെക്കുറിച്ച് ഒരു വ്യവഹാരവും ഭാഷയ്ക്കകത്ത് ഇനി സാധ്യമല്ലെന്ന് തോന്നിപ്പിക്കുന്ന പുതിയ വായനക്കാരും കാഴ്ചക്കാരും നമ്മുടെ ദേശ (Nation) ത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. മലയാളമെന്ന പ്രാദേശികതയിലെ ഭാഷാ വ്യവഹാരത്തിൽ നിന്നും ഖജുരാഹോ ക്ഷേത്രത്തിനു മുന്നിൽ നിന്ന് ക്ഷേത്രമതിലിന്റെ ശരീരത്തിൽ കൊത്തിയ ശിൽപ്പത്തിന്റെ മിനിയേച്ചർ രൂപങ്ങൾ വിൽക്കുന്ന കലാകാരൻമാരെ വരെ തടയുന്ന അനുഭവം രാജ്യത്ത് ബലപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇതിനെ എളുപ്പം പ്രതിരോധിക്കാൻ കഴിയില്ല. കാരണം പൊതുബോധവും പല നിലയിൽ ഇവർ കൊണ്ടുവരുന്ന പ്രതികരണങ്ങളോടൊപ്പം ചേർന്നു നിൽക്കുന്നുണ്ട്. അതാണ് വലിയ അപകടം.

സാഹിത്യമെന്ന ഭാഷയിലെ സവിശേഷ വ്യവഹാരത്തെ താഴ്ന്ന നിലയിലുള്ള സൗന്ദര്യവബോധം കൊണ്ടോ ചരിത്രാവബോധം കൊണ്ടോ സമീപിച്ചതുകൊണ്ടുണ്ടായ പ്രശ്നമാണ് മീശയ്ക്കെതിരെ ഉണ്ടായതെന്ന് മാത്രം കരുതുക വയ്യ. ക്ഷേത്രവും സ്ത്രീകളും ഭക്തിയും പൂജാരിയും ലൈംഗികതയുമൊന്നുമല്ല സംഘപരിവാരത്തിന്റെ യഥാർത്ഥ പ്രശ്നം. അതാണെങ്കിൽ ഖജുരാഹോ ഉൾപ്പെടെയുള്ള എത്രയോ ചുമരുകളിലെ സ്ത്രീ പുരുഷ സംഭോഗ ദൃശ്യങ്ങളെ അവർ പൊളിച്ചു മാറ്റേണ്ടതല്ലേ. അതിനെതിരെ ക്ഷേത്രങ്ങളിൽ നിന്നു തന്നെ കല്ലെറിഞ്ഞു തുടങ്ങണ്ടേ!

കൊടുങ്ങല്ലൂർ ഭരണിപ്പാട്ടു മുതൽ ലളിതാസഹസ്രനാമങ്ങളെ വരെ നാടുകടത്തേണ്ടതല്ലേ അവർ. കാമസൂത്രയുടെ നാട്ടിൽ നിന്ന് മീശയിലേക്ക് തിരിയുന്നതിൽ സാഹിത്യം മനസിലാകാഞ്ഞിട്ട് മാത്രമല്ല. മറിച്ച് മതം,സംസ്കാരം, ദേശം, ആചാരങ്ങൾ തുടങ്ങിയവയെ വ്രണപ്പെടുത്തി എന്നു പറഞ്ഞു കൊണ്ട് പ്രതിരോധവുമായി വരുന്ന കളിയിൽ വലിയ ജയസാധ്യത അവർ പ്രതീക്ഷിക്കുന്നുണ്ട്‌. അതിപ്പോൾ തുടങ്ങിയതല്ല. അത് സാഹിത്യത്തെ മാത്രം മുൻനിർത്തിയും മാത്രമല്ല. സിനിമയെയും പത്രവാർത്തയെയും ശിൽപ്പത്തെയുമൊക്കെ പ്രതിസ്ഥാനത്താക്കിത്തുടരുന്ന വിഭജനത്തിന്റെ യുക്തി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയം മെല്ലെ വേരെടുത്തു കഴിഞ്ഞു. അതാണ് സംഘപരിവാർ രാഷ്ട്രീയം. മീശയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊടുവിൽ ഇസ്ലാമിനെയും അതിനു നേർക്ക് ഒരു ചോദ്യമുന്നയിക്കാൻ ധൈര്യമുണ്ടോ എന്ന വാക്യം കൂടി ഇവർ ബോധപൂർവ്വം ചേർത്തു വെച്ചിരുന്നു. ഇത് പിളർപ്പിന്റെ രാഷ്ട്രീയം കളിക്കാൻ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ചുരുക്കം. അപരനെ ദേശത്തിനകത്തുനിന്ന് പുറത്താക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയം. അതിൽ സെൻസർഷിപ്പ് സ്ഥാപനങ്ങൾ വരെ അവരോട് ചേർന്നു നിൽക്കുന്നുണ്ട്. സമീപകാലത്ത് അമർത്യസെൻ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ കുശിക് ബസുമായി നടത്തുന്ന സംഭാഷണങ്ങളടങ്ങിയ 'ആർഗ്യുമെന്റീവ് ഓഫ് ഇന്ത്യൻ' എന്ന ഡോക്യുമെന്ററിക്കെതിരെയും വന്നത് ചില വാക്കുകളുടെയും വാക്യങ്ങളുടെയും പേരു പറഞ്ഞുകൊണ്ടാണ്. പശു, ഹിന്ദു ഇന്ത്യ, ഗുജറാത്ത്‌ തുടങ്ങിയ വാക്കുകൾ വെട്ടിമാറ്റിയാലേ ഡോക്യുമെൻററി കാണിക്കാൻ കഴിയൂ എന്നാണ് പറഞ്ഞത്. ഇപ്പോൾ മീശ പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയുടെ എഡിറ്റർ മാപ്പ് പറയണം ഇല്ലെങ്കിൽ ഒഴിവാക്കണം എന്നാണ് സംഘപരിവാറിന്റെ ആവശ്യം. ഇത്തരം വാർത്തകൾ ഇന്ത്യയിൽ എവിടെ നിന്നും കേൾക്കുന്നുണ്ട്. അദാനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിനാണ് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി എഡിറ്റർ പരഞ്ജോയ് ഗുഹയെ സംഘപരിവാർ രാജിവെപ്പിച്ചത്. ഇങ്ങനെ പോയാൽ ജാതി വിമർശനത്തെ, മത വിമർശനത്തെ അധികാര വിമർശനത്തെ അസ്വീകാര്യമാക്കിത്തീർക്കുന്ന പൊതുമണ്ഡലം സെക്കുലർ ഇടത്തെ പൂർണ്ണമായും അസാധ്യമാക്കും.

എന്തായാലും വ്യക്തിസ്വാതന്ത്ര്യത്തിനെതിരെയുള്ള, ഭാവനാ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കയ്യേറ്റ/വാക്കേറ്റത്തിൽ എസ്.ഹരീഷിനെപ്പോലുള്ള ഒരെഴുത്തുകാരൻ കൊണ്ടുവന്ന ഭാവുകത്വ വിച്ഛേത്തെ മലയാളികൾ തിരിച്ചറിയാൻ തുടങ്ങും. കാരണം ഇനി അവർ ഹരീഷിനെ വായിച്ചു തുടങ്ങും. അത് നമ്മുടെ സാഹിത്യ മണ്ഡലത്തിൽ പുതിയ ചർച്ചകൾക്ക് വഴി തുറക്കും. വായനയുടെ പൊതുഇടത്തിൽ ഈ പേരും കഥകളും പരിചിതമാകും. അങ്ങനെ നാളെ കഥയുടെ തച്ചുശാസ്ത്രത്തിൽ ഇത്ര വൈദഗ്ധ്യമുള്ള ഒരെഴുത്തുകാരൻ അവതരിപ്പിച്ച എതിർ ലോകങ്ങളിൽത്തട്ടി മലയാളി വലിയ വെളിച്ചങ്ങളിലേക്കെത്തും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-criticism-against-shareesh-novel-meesha-analysis-dhanyasree-writes/

https://www.azhimukham.com/literature-the-introduction-to-the-novel-meesha-by-shareesh/


Next Story

Related Stories